ADVERTISEMENT

കണ്ണുകാണാത്ത മഴയാണ്. തട്ടിയും തടഞ്ഞും പതുക്കെ മാത്രമേ മുന്നോട്ട് പോകാനാകൂ. പകലിന് പ്രായം കൂടി വരുന്നേയുള്ളൂ. എങ്കിലും റോഡിൽ നല്ല തിരക്ക്. അമ്മൂമ്മക്കഥകളിലേതു പോലെ രണ്ടു വരിയാണ് ആദ്യം കേട്ടത്, ആയിരക്കണക്കിന് മരങ്ങൾ കാവൽ നി ൽക്കുന്ന ക്ഷേത്രം. അവിടെ നാടിനു കാവലായി ഭഗ വതി. ഈ യാത്ര ആ കാടിന്റെ മനസ്സിലേക്കാണ്. അവിടെ കുടികൊള്ളുന്ന ദേവിക്കു മുന്നിലേക്ക്. അമ്മേ നാരായണ മന്ത്രം തിരിതെളിഞ്ഞു.

അപ്പോഴും മനസ്സിൽ സംശയമേഘങ്ങൾ പെയ്യാതെ നിന്നു. പെരുമ്പാവൂർ നഗരപരിധിയില്‍ തന്നെ ഇങ്ങനെയൊരു കാടുണ്ടാകുമോ? ഈ മഴയിൽ ആരോടാണ് വഴി ചോദിക്കുക? ദേവി വഴി തെളിയിക്കാതിരിക്കില്ല. ആശ്രയമാവുന്നവർക്ക് അഭയത്തണൽ വിരിക്കുന്ന അമ്മയല്ലേ... മനസ്സിലെ തിരി ഒന്നുകൂടി നീട്ടിവച്ചു. മഴ കനത്തിൽ പെയ്യുന്നുണ്ട്. പെരുമ്പാവുർ കീഴില്ലത്തു നിന്ന് ഇരിങ്ങോൽക്കാവിലേക്കുള്ള വഴി തുടങ്ങുന്നു. ഇനി നാലു കിലോമീറ്ററേയുള്ളൂ ക്ഷേത്രത്തിലേക്ക്. കഥയുെട പേജു മറിഞ്ഞതു പോലെ കാഴ്ചകള്‍ മാറിയത് എത്ര വേഗത്തിലാണ്. ഹോണടി, അലർച്ചകൾ, തിരക്കിലമർന്ന നരച്ച മുഖങ്ങൾ എല്ലാം മാഞ്ഞു. കനാലരികിൽ കൂടി റോഡ്. കൃഷിയിടങ്ങളും പച്ചപ്പും െതളിഞ്ഞു. മുന്നിൽ കാടിന്റെ കറുപ്പുള്ള പച്ച നിറം. പെട്ടെന്ന് മഴ മാറി വെയിൽ തെളിഞ്ഞു. അമ്മയുടെ അനുഗ്രഹമാകാം. വരൂ, മരം പെയ്യുന്ന മൺവഴിയിലൂടെ മുന്നോട്ടു നടക്കാം.

പ്രാർഥന പെയ്യുന്ന വഴിയിലൂടെ

റോഡിൽ നിന്നു കാലെടുത്തു വച്ചത് കാട്ടിലേക്കാണ്. നെറുകയിൽ കാട് തീർഥം തളിച്ചു. മഴയിൽ മൺവഴി നനഞ്ഞു കിടക്കുന്നു. കാടിനെ അറിഞ്ഞു വേണം അമ്പലമുറ്റത്തെത്താൻ. ഇനി ചെരുപ്പിടാതെ നടക്കാം. ആദ്യ ചുവടിലേ പാദത്തിനടിയിൽ‌ നിന്ന് തണുപ്പ് ശിരസിലേക്കുള്ള യാത്ര തുടങ്ങി.

iringole-kavu-forest-temple3

നടയടച്ചിട്ടുണ്ടാകുമോ? തിരക്കുണ്ടാകുമോ? ഉത്തരങ്ങളുമായി ക്ഷേത്ര ഉപേദേശക സമിതി അംഗം അഭിലാഷ് മുന്നിൽ വന്നു.‘‘ആദ്യം ഈ കാവിനെക്കുറിച്ചു പറയാം.’’ ക്ഷേത്രത്തിലേക്കു നടക്കുമ്പോൾ അഭിലാഷ് പറഞ്ഞു തുടങ്ങി. ‘‘കാടിനുള്ളിലേക്ക് കടക്കുമ്പോള്‍ മുതൽ ഇത് ക്ഷേത്രമാണെന്നുള്ളത് വിശ്വാസമാണ്. വാലായ്മയുണ്ടെങ്കിൽ നാട്ടുകാർ ഗേറ്റിനകത്തേക്കു കടക്കില്ല. അത്ര പരിപാവനമായാണ് മരങ്ങളെ കാണുന്നത്. കാരണവുമുണ്ട്.

കൃഷ്ണസോദരിയാണ് ഇവിടത്തെ ദേവി എന്നാണ് സങ്കൽപം. ദേവകിയുടെ എട്ടാമത്തെ സന്താനം കംസനെ വധിക്കും എന്ന് അശരീരിയുണ്ടായതോടെ വസുദേവരെയും ദേവകിയെയും കംസന്‍ തടവിലാക്കി. അവർക്കുണ്ടായ കുഞ്ഞുങ്ങളെ നിഷ്കരുണം വധിച്ചു കൊണ്ടിരുന്നു. ഒടുവില്‍ അലറി പെയ്യുന്ന പേമാരിക്കും കൊടുങ്കാറ്റിനും ഇടയിൽ രോഹിണി നാളിൽ എട്ടാമനായി സാക്ഷാൽ ശ്രീകൃഷ്ണന്‍ ജനിച്ചു. ദേവഹിതമനുസരിച്ച് വസുദേവർ അമ്പാടിയിലുള്ള നന്ദഗോപരുടെയും യശോദയുടെയും അടുത്ത് കുഞ്ഞിനെ ഏൽപ്പിച്ചു. അവർക്കു പിറന്ന പെൺകുഞ്ഞുമായി തിരികെയെത്തി.

പിറ്റേ ദിവസം ‘എട്ടാമത്തെ കുഞ്ഞിനെ’ വധിക്കാൻ കംസനെത്തി. െപണ്‍കുഞ്ഞാണെന്നുള്ളതൊന്നും കംസനെ പിന്തിരിപ്പിച്ചില്ല. കാലില്‍ പിടിച്ച് ഉയർത്തി നിലത്തടിച്ചു കുഞ്ഞിനെ െകാല്ലാന്‍ ശ്രമിച്ചപ്പോള്‍, കുഞ്ഞ് കംസന്‍റെ കയ്യില്‍ നിന്നു തെന്നിമാറി ആകാശത്തേക്കുയര്‍ന്നു. േദവീെെചതന്യം ഒരു നക്ഷത്രം പോെല തിളങ്ങി. ആ വെളിച്ചം വീണ സ്ഥലത്ത് േദവി വസിക്കാന്‍ വന്നു എന്നാണ് വിശ്വാസം. ആ സമയത്ത് ആകാശത്തു നിന്ന് പുഷ്പവൃഷ്ടിയുണ്ടായി. അതില്‍ നിന്ന് ഈ കാണുന്ന മരങ്ങളെല്ലാം മുളപൊട്ടി വന്‍കാവായി രൂപപ്പെട്ടത്രേ. ദേവി വന്നിരുന്ന കാവ് ‘ഇരുന്നോൾ’ കാവായും പിന്നെ, ഇരിങ്ങോൽകാവായും മാറി.

iringole-kavu-forest-temple1

മിക്ക ക്ഷേത്രങ്ങളിലും ഉപദൈവങ്ങൾ ഉണ്ടാകും. ഇവിടെ ഉപദേവതമാരില്ല. ഗണപതിയുടെ പ്രതിഷ്ഠയില്ലാത്തതു കൊണ്ട് എല്ലാ ക്ഷേത്രങ്ങളിലുമുണ്ടാകാറുള്ള ഗണപതിപൂജപോലും ഇവിടെയില്ല. ക്ഷേത്രത്തിനു ചുറ്റുമുള്ള മരങ്ങളാണ് ഭഗവതിയുടെ കാവലാൾ. മരങ്ങൾ മുറിക്കുയോ മറ്റേതെങ്കിലും രീതിയിൽ പരുക്കേൽപ്പിക്കുകയോ ചെയ്യില്ല. ആയുസ്സു കഴിഞ്ഞാൽ മരത്തിന് സ്വാഭാവികമായ ‘മരണം’ സംഭവിക്കും. നിലത്തു വീണ കൊമ്പോ മരമോ ആരും കൊണ്ടുപോകില്ല. ക്ഷേത്ര കാര്യങ്ങൾക്കു പോലും ഉപയോഗിക്കില്ല. ഒടുവിൽ മരം മണ്ണോടു ചേരുകയാണ് പതിവ്.’’

വലുപ്പത്തിൽ കേരളത്തിൽ മൂന്നാമതാണെങ്കിലും നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ കാവാണ് ഇരിങ്ങോൽക്കാവ്. പെരുമ്പാവൂർ മുനിസിപ്പല്‍ അതിര്‍ത്തിയില്‍ തന്നെയാണ് ക്ഷേത്രവും കാവും.

കാടിനു നടുവിലെത്തിയപ്പോൾ കണ്ണടച്ചു നിൽക്കണം. മനസ്സിലേക്ക് ‘ശബ്ദമായി’ കാട് വളരുന്നതിന്റെ ഭംഗി അ പ്പോഴേ അറിയാനാകൂ. കാറ്റിന്റെ ശബ്ദം കാതിലേക്ക് കയറി വന്നു. ഏതൊക്കെയോ മരങ്ങൾ ഉലയുന്നുണ്ട്. കൂട്ടിയുരുമ്മുന്നുണ്ട്. പല തരം കിളിയൊച്ചകൾ പാറുന്നുണ്ട്. ഇതിനൊക്കെ പുറമേ ചീവിടുകളുടെ സംഘനാദം. ‘‘അടുത്ത മഴ വീഴും മുന്നേ മുന്നോട്ടു നടക്കാം,’’ കാടിന്റെ സംസാരത്തിലേക്ക് അഭിലാഷിന്റെ ശബ്ദം കടന്നു വന്നു.

മനസ്സിലുണരുന്ന മന്ത്രം

കാടിനു നടുവിലൂടെയുള്ള വഴി കടന്ന് അമ്പലമുറ്റത്തേക്ക് കയറി. മണൽ വിരിച്ച മുറ്റം. അവിടെ വർഷങ്ങളുടെ കാറ്റും മഴയും തഴുകിയ കല്‍വിളക്ക്. എത്ര കണ്ണീർ പ്രാർഥനകൾ കണ്ടിട്ടുണ്ടാകും,കേട്ടിട്ടുണ്ടാകും ഈ കൽവിളക്ക്.

കൽപ്പടവിനു വലതു വശത്തു കൂടി അകത്തേക്ക് കടന്നു. പഴമ വിളിച്ചു പറയുന്ന വട്ടശ്രീകോവിൽ. നിലവിളക്കിലെ നാളം പോലെ ജ്വലിച്ച് ദേവി. മനസ്സിൽ ഭക്തിയുടെ ത ണൽ തണുപ്പ് പരക്കുന്നു. പ്രദക്ഷിണ വഴിയിൽ കൽപ്പാളികൾ പാകിയിട്ടുണ്ട്. പ്രദക്ഷിണം കഴിഞ്ഞ് ശ്രീകോവിലിനു മുന്നിലെത്തി. ഉള്ളില്‍ തിരിനാളങ്ങളുെട േശാഭയില്‍ സര്‍വമംഗള മംഗല്യയും സര്‍വാർഥസാധികയുമായ ദേവി.

കൃഷ്ണൻ പോറ്റി കയ്യിലേക്ക് തീർഥം പകർന്നു. കാടിന്റെ തണുപ്പ് നെറുകയിൽ, തുളസിയുടെ ഗന്ധം ഉള്ളിൽ. പ ഴമയുടെ ചിത്രങ്ങൾ തെളിഞ്ഞു നിൽക്കുന്നുണ്ട്. അകത്ത് ഒരുപാടു പ്രാർഥനകൾ പ്രദക്ഷിണം വയ്ക്കുന്നുണ്ട്. തിരക്കു കഴിയുമ്പോൾ ദേവിയുടെ മാഹാത്മ്യ കഥകൾ പറയാമെന്ന് പൂജാരിമാരായ മധുസൂദനൻ പോറ്റിയും കൃഷ്ണൻ പോറ്റിയും പറഞ്ഞിട്ടുണ്ട്. കാത്തിരിക്കാം.

അഭയമരുളുക അമ്മേ...

‘‘തിരുവിതാംകൂർ ദേവസ്വത്തിനു കീഴിലാണ് ക്ഷേത്രം. ചടങ്ങുകളെല്ലാം പഴമയോടും ശുദ്ധിയോടുമാണ് തുടർന്നു വ രുന്നത്. മറ്റിടങ്ങളിൽ‌ കാണാത്ത ചില പ്രത്യേകതകളും ഇ വിടെയുണ്ട്’’ മധുസൂദനൻ പോറ്റി പറഞ്ഞു തുടങ്ങി.

‘‘ഭഗവതിക്ക് ഗന്ധം ഇഷ്ടമല്ല. അതുകൊണ്ട്, ഗന്ധമുള്ള പുഷ്പമോ പൂജാവസ്തുക്കളോ ഉപയോഗിക്കാറില്ല. ചെത്തി, തുളസി, താമര എന്നീ പുഷ്പങ്ങളല്ലാതെ മറ്റൊരു പൂവും പൂജയ്ക്കെടുക്കില്ല. സാമ്പ്രാണിത്തിരി പോലും ഇവിടെ കത്തിക്കില്ല. ഒന്നോ രണ്ടോ കർപ്പൂരം മാത്രം ദീപാരാധന സമയത്ത് ഉപയോഗിക്കും. അഭിഷേകത്തിന് ജലമല്ലാതെ മറ്റൊന്നും പാടില്ല എന്നാണ് ആചാരം. അതുകൊണ്ടു ക്ഷേത്രത്തിലേക്ക് മുല്ലപ്പൂ ചൂടി ആരെങ്കിലും വന്നാൽ അവരെ കാര്യം പറഞ്ഞു മനസ്സിലാക്കി പൂവ് മാറ്റിയിട്ടേ ദർശനത്തിനായി പ്രവേശിപ്പിക്കൂ. ഇവിടെ വിവാഹവും നടത്തില്ല. ദേവിയെ ബാലികയായി സങ്കൽപിച്ചിരിക്കുന്നതു കൊണ്ടാണിത്.

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com