ഇവിടുത്തെ കാറ്റാണ് കാറ്റ്, മഞ്ഞ് കണ്ട് ഒരു വേക്കേഷൻ ട്രിപ്പ്

Mail This Article
മഞ്ഞ് കണ്ട് ഒരു വേക്കേഷൻ ട്രിപ്പ്, ഇക്കൂറി കാൽവരി മൗണ്ടിലേക്കാകാം യാത്ര. ഇവിടുത്തെ കാറ്റാണ് കാറ്റ്.... എന്ന് അറിയാതെ മൂളിപ്പോകും കാല്‍വരി മൗണ്ടിലെത്തുന്നവരെല്ലാം. കൊതിപ്പിക്കുന്ന മഞ്ഞും തണുപ്പും ഇടക്കൊക്കെ ചെറുതായി ചിന്നിച്ചിതറി മുഖത്തേക്ക് പാറി വീഴുന്ന കുഞ്ഞന്‍ മഴത്തുള്ളികളും. ഇതാണ് ഇവിടുത്തെ ഹൈലൈറ്റ്.
ഇടുക്കിയുടെ ആരെയും മയക്കുന്ന മനോഹാരിത മുഴുവന്‍ ഒളിപ്പിച്ചു വച്ച ഖനിയാണ് കാല്‍വരിക്കുന്നുകള്‍. ഇത് കേരളം തന്നെയാണോ എന്ന് വരെ തോന്നിപ്പോകും. ഇവിടത്തെ ഉദയാസ്തമയങ്ങള്‍ പറഞ്ഞറിയിക്കാനാവാത്തത്ര സുന്ദരമാണ്.

കട്ടപ്പന–ചെറുതോണി റൂട്ടിലൂടെ 16 കിലോമീറ്റർ സഞ്ചരിച്ചാല്‍ കാൽവരി മൗണ്ടിലെത്താം. തൊടുപുഴയില്‍ നിന്നും പന്ത്രണ്ടു ഹെയര്‍പിന്‍ വളവുകളുണ്ട് ഇവിടേയ്ക്ക്. പോകുന്ന വഴിക്ക് നാടുകാണി വ്യൂ പോയിന്‍റ്, കുളമാവ് ഡാം എന്നിവയും കാണാം.തുടക്കത്തില്‍ നിന്നും ഒന്നര കിലോമീറ്റർ യാത്ര ചെയ്യണം മലയ്ക്കു മുകളിലെത്താൻ. ഇവിടെ നിന്നും നോക്കിയാല്‍ കാണുന്ന കാഴ്ച വിവരിക്കാന്‍ വാക്കുകള്‍ പോരെന്നു തോന്നും!
ചുറ്റും അതിരിടുന്ന മലകള്‍. താഴെ പച്ചവിരിച്ച കാട്, ഇടയ്ക്ക് കാണുന്ന ഇടുക്കി റിസര്‍വോയറിന്‍റെ കാഴ്ച. ദൂരെ കാണുന്ന ഇടുക്കി ആര്‍ച്ച് ഡാം. കാമാക്ഷി,മരിയപുരം ഗ്രാമങ്ങളുടെ വിദൂര ദൃശ്യങ്ങള്‍... പ്രകൃതി തന്‍റെ ക്യാന്‍വാസില്‍ വരച്ചു വച്ച ഏറ്റവും മികച്ച ചിത്രമാണ് ഇവിടെ നിന്നും കാണാനാവുക.
കേരളത്തിലെ ഒരു മലയ്ക്ക് കാല്‍വരി മല എന്ന് പേരിടുന്നത് എങ്ങനെയാണ് എന്നാണോ ചിന്തിക്കുന്നത്? യേശു ക്രൂശിക്കപ്പെട്ട കാല്‍വരിക്കുന്നുകളുടെ ഓര്‍മ്മയ്ക്കായാണ് ഈ മലയുടെ പേരിട്ടിരിക്കുന്നത്. അതിനാല്‍ തന്നെ ഏറെ പ്രശസ്തമായ ഒരു ക്രിസ്തീയ തീര്‍ഥാടന കേന്ദ്രം കൂടിയാണ് ഇവിടം.
റൂട്ട്
ചെറുതോണി- കട്ടപ്പന റൂട്ടിൽ ആണ് കാൽവരി മൗണ്ടിന്‍റെ എന്‍ട്രന്‍സ് ഗേറ്റ്
English Summerry: Kalvari Mount Travel Experience