ADVERTISEMENT

കോഴിക്കോട് എന്നു കേൾക്കുമ്പോൾ മനസ്സിൽ നിറയുന്നത് രുചി വൈവിധ്യങ്ങൾ തീർക്കുന്ന വിഭവങ്ങളാണ്. നാവിനെ ത്രസിപ്പിക്കുന്ന ഭക്ഷണങ്ങവ്‍ മാത്രമല്ല കണ്ണിനു കുളിരേകുന്ന കാഴ്ചകളും ഇൗ നാടിന് ‌സ്വന്തമാണ്. കോഴിക്കോടിന്റ കൗതുക കാഴ്ചകളില്‍ തീർച്ചയായും കണ്ടിരിേക്കണ്ട സ്ഥലങ്ങളുണ്ട്. വയലട,തുഷാരഗിരി വെള്ളച്ചാട്ടം,കോഴിപ്പാറ വെള്ളച്ചാട്ടം അങ്ങനെ നിരവധിയിടങ്ങളുണ്ട്. 

 

1857474955
Kakkayam Sids/shutterstock

പ്രകൃതിയുടെ സൗന്ദര്യം ആവേളം ആസ്വദിച്ച് ഒറ്റ ദിവസത്തെ യാത്രക്ക് പറ്റിയ ഇടം കോഴിക്കോട് ഉണ്ട്. കൊടും ചൂടിലും തണുപ്പാസ്വദിക്കാവുന്ന ഏലക്കാനം. പച്ചപ്പ് നിറഞ്ഞ മലഞ്ചെരിവിൽ, ഗുഹയുടെ തണുപ്പും തെളിനീരിന്റെ കാഴ്ചയുമൊരുക്കുന്ന ബാലുശ്ശേരി തലയാടിനടുത്തെ ഏലക്കാനവും ഒരു പകൽ ചെലവഴിക്കാൻ പറ്റിയ ഇടമാണ്. പണ്ടെങ്ങോ ഉരുള്‍പൊട്ടലിൽ ഒലിച്ചെത്തിയ ഭീമാകാരമായ പാറ ഒരു ഗുഹയായി രൂപാന്തരപ്പെട്ടു അതിനു ചുവടെ ഇരിപ്പിടങ്ങൾ പോലെ ചെറുപാറക്കൂട്ടങ്ങള്‍. അതിനോട് ചേർന്ന് കണ്ണാടി പോലെ തെളിഞ്ഞു നിൽക്കുന്ന ഒരു കുളം. മുകളിൽ നിന്ന് ഇടമുറിയാതെ ഒഴുകിയെത്തുന്ന കുളിർ ജലം അതാണ് ഏലക്കാനം. കൊടും ചൂടിലും ഇവിടെ തണുപ്പാണ്. 

 

ബാലുശ്ശേരിയിൽ തലയാട് ഗ്രാമത്തിലാണ് ഏലക്കാനം. കോഴിക്കോട് നഗരത്തിൽ നിന്നും കക്കോടി–ചേളന്നൂർ– ബാലുശ്ശേരി വഴി 40 കിലോമീറ്റർ സഞ്ചരിച്ചാൽ തലയാടെത്താം. അവിടെ നിന്ന് വലത്തോട്ട് തിരിഞ്ഞ് ചീടിക്കു ഴി റോഡിലൂടെ രണ്ടു കിലോമീറ്റർ ചെന്നാൽ ഏലക്കാനെത്തേക്കുള്ള റോഡ് കാണാം. ഫോർവീൽ ജീപ്പുകൾ പോകുന്ന വഴിയാണ്. കുറച്ചു ദൂരം ചെന്നാൽ പിന്നെ നടന്നു കയറണം. ട്രെക്കിങ്ങിനു വേണ്ട മുൻകരുതലെടുക്കണം.

 

കക്കയം

 

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിലാണ് കക്കയം. നീലഗിരി ബയോസ്ഫിയറിന്റെ പരിധിയിൽ വരുന്ന മലബാർ വന്യജീവിസങ്കേതം 74 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ളതാണ്. കക്കയത്തെ ചക്കിട്ടപ്പാറയിലും കൂരാച്ചുണ്ട് വില്ലേജുകളിലായി പരന്നു കിടക്കുന്ന സങ്കേതം  നാടിനു ഭംഗിയേറ്റിയില്ലെങ്കിലേ അദ്ഭുതമുള്ളൂ. കുറ്റ്യാടി പുഴയുടെ ജീവനാഡികൾ കക്കയത്താണ്. രണ്ടു സുന്ദരമായ ഡാമുകൾ സഞ്ചാരികളെ വരവേൽക്കും. ഒന്ന് കക്കയം തന്നെ. രണ്ട് പെരുവണ്ണാമൂഴിയും. ഈ ജലാശയങ്ങൾ തീർക്കുന്ന മനോഹര ദൃശ്യങ്ങളാണ് കക്കയത്തെ സഞ്ചാരികളുടെ പ്രിയങ്കരിയാക്കുന്നത്. 

 

പ്രകൃതി എഴുതിയ മനോഹരമായ ഒരു കവിത പോലെയാണ് കക്കയം. ഒഴുകുന്ന പുഴയും ഇരുണ്ട കാടുകളും മലയിറങ്ങിയ കോടയും പുണർന്നു പോകുന്ന ചാറ്റൽമഴയും വലിയ വശ്യത സമ്മാനിക്കുന്നുണ്ട് കക്കയത്തിന്. മഞ്ഞുമേലങ്കി അണിഞ്ഞ പ്രഭാതങ്ങളും വീശിയടിക്കുന്ന തണുത്ത കാറ്റുള്ള നട്ടുച്ചകളും കുളിരുന്ന രാത്രികളുമാണ് ഈ സുന്ദരമായ ഭൂമിയുടെ ആകർഷണം.

English Summary: Kozhikode Kakkayam Travel Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com