മഞ്ഞണിഞ്ഞ കൊടികുത്തിമല, മലപ്പുറത്തിന്റെ ഊട്ടി; പേരിന് പിന്നിലെ കഥ

kodikuthimala
Kodikuthimala
SHARE

'കൊടി'കുത്തിമല, പേരിനു പിന്നിലെ കൗതുകം മാത്രമല്ല കാഴ്ചകളും നിരവധിയുണ്ട് ഇവിടെയും ഇതിനു ചുറ്റുമുള്ള പ്രദേശങ്ങളിലും. എങ്ങനെ ഈ പേര് കിട്ടി എന്ന് തിരഞ്ഞു ചെന്നാൽ 1947 നു മുമ്പുള്ള ഒരു കഥയുണ്ട് പറയാൻ. സ്വാതന്ത്ര്യം ലഭിക്കുന്നതിനും ഏറെ മുൻപ് ഭൂമിശാസ്ത്ര സർവേ നടത്തിയ ഉദ്യോഗസ്ഥർ സമീപത്തെ ഏറ്റവും ഉയർന്ന സ്ഥലമായി ഇവിടം അടയാളപ്പെടുത്തുകയും ഒരു പതാക സ്ഥാപിക്കുകയും ചെയ്തു. അങ്ങനെ പതാക/ കൊടി ഉയർത്തിയ സ്ഥലം, കൊടികുത്തിമലയായി പിന്നീട് അറിയപ്പെട്ടു. ചരിത്രം പറയുന്നത് ഇത്രയുമാണെന്നിരിക്കെ, കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടത്തിൽ കൊടികുത്തിമല അടയാളപ്പെടുത്തി തുടങ്ങുന്നത് 1990 കൾ മുതലാണ്.

മലപ്പുറം ജില്ലയിയിലെ പ്രശസ്തമായ ഹിൽ സ്റ്റേഷനുകളിൽ ഒന്നാണ് കൊടികുത്തിമല. വെട്ടത്തൂർ, താഴേക്കോട് ഗ്രാമങ്ങളിലായാണ് സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പിൽ നിന്നു 522 മീറ്റർ ഉയരത്തിലാണ് മലയുടെ സ്ഥാനം. അതുകൊണ്ടുതന്നെ കടുത്ത വേനലിൽ പോലും തണുപ്പുള്ള പ്രദേശമാണിത്. സമീപ ജില്ലയായ പാലക്കാട് നിന്നും ഇവിടേയ്ക്ക് ഏറെ ദൂരമില്ല. ചെറു അരുവികളും വനവും പുൽമേടുകളുമൊക്കെ അതിരിടുന്ന ഈ മലമുകളിൽ നിന്നുള്ള സൂര്യാസ്തമയം  സന്ദർശകരുടെ ഹൃദയം കവരുന്ന കാഴ്ചകളിലൊന്നാണ്.

പശ്ചിമഘട്ടത്തിലെ  അമ്മിണിക്കാടൻ മലനിരകളിൽ  ഏറ്റവും ഉയർന്ന ഭൂപ്രദേശമാണ് കൊടികുത്തിമല. വീശിയടിക്കുന്ന കാറ്റും തണുപ്പുമാണ് പ്രധാനാകർഷണം. അടിവാരം വരെ മാത്രമേ കാറിൽ യാത്ര ചെയ്യാൻ കഴിയുകയുള്ളൂ. താഴെ നിന്നും മുകളിലേയ്ക്കു നടന്നു കയറണം. പാത അത്ര ദുഷ്കരമല്ലാത്തതു കൊണ്ട് തന്നെ മലമുകളിലേയ്ക്കു എത്തുന്നത്  വലിയ പ്രയാസമില്ലാത്ത കാര്യമാണ്. ഒരു മണിക്കൂറോളം നടന്നാൽ മാത്രമേ മുകളിലേയ്ക്കു എത്താൻ കഴിയുകയുള്ളൂ. 

സമീപത്തായി സ്ഥിതി ചെയ്യുന്ന മലനിരകളും പെരിന്തൽമണ്ണ നഗരവും മല മുകളിൽ നിന്നാൽ വ്യക്തമായി കാണാൻ കഴിയും. കൂടാതെ, മലപ്പുറം ജില്ലയിലെ കുറച്ചു പ്രദേശങ്ങളും പാലക്കാട് ജില്ലയുടെ ചില ഭാഗങ്ങളും സന്ദർശകർക്കു കാണാവുന്നതാണ്. മുകളിലേയ്ക്കു കയറുമ്പോൾ വീശുന്ന തണുത്ത കാറ്റും നീരുറവകളും ചെറിയ വെള്ളച്ചാട്ടങ്ങളുമൊക്കെ കൊടികുത്തിമലയിലേക്കുള്ള  യാത്രയെ കൂടുതൽ ആസ്വാദ്യകരമാക്കും. 

70 ഏക്കറുകളായി വ്യാപിച്ചു കിടക്കുന്ന ഇവിടെ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനായി ധാരാളം പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നുവെങ്കിലും യാതൊന്നും  നടപ്പിലാക്കപ്പെട്ടിട്ടില്ല. മനുഷ്യനിർമിതമായ ഒരു വാച്ച് ടവർ ഇവിടെയുണ്ട്. അതിനു മുകളിൽ നിന്നാൽ അതിസുന്ദരമായ പ്രകൃതിയുടെ കാഴ്ചകൾ കണ്ണിമവെട്ടാതെ കണ്ടു നിൽക്കാം.

സെപ്തംബർ മുതൽ മെയ് വരെയുള്ള മാസങ്ങളിൽ  കൊടികുത്തിമല സന്ദർശിക്കാം. അതിൽ തന്നെ ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള സമയമാണ് ഏറ്റവും അനുയോജ്യം. വളർന്നു നിൽക്കുന്ന പുൽച്ചെടികൾ മലമുകളിൽ പച്ചയുടെ പൊൻപട്ട് വിരിച്ചിട്ടിരിക്കുന്ന ഹൃദ്യമായ കാഴ്ചയ്ക്കു അപ്പോൾ സാക്ഷികളാകാം. 

വെയിലിന്റെ കാഠിന്യം കുറയുന്ന, ഉച്ചയ്ക്ക് ശേഷമുള്ള സമയത്തു മലമുകളിലേക്ക് കയറാം. വൈകുന്നേരത്തോടെ മുകളിലെത്തിയാൽ അസ്തമയ കാഴ്ചകൾ കണ്ട് മനം നിറച്ചു കൊണ്ട് താഴേയ്ക്കിറങ്ങാം. മാത്രമല്ല, അവധി ദിനങ്ങളിൽ തിരക്കേറുമെന്നതു കൊണ്ടുതന്നെ മറ്റുള്ള ദിവസങ്ങൾ യാത്രയ്ക്ക് തെരഞ്ഞെടുക്കുന്നതാണ് ഉചിതം. സൈലന്റ് വാലി ദേശീയോദ്യാനം, കേരളം കുണ്ഡ് വെള്ളച്ചാട്ടം, കോട്ടക്കുന്ന്, അരിമ്പ്ര മലനിരകൾ തുടങ്ങിയവയെല്ലാം കൊടികുത്തി മലയിൽ നിന്നും അധികം ദൂരയല്ലാതെ സ്ഥിതി ചെയ്യുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്. 

ഏകദേശ താപനില 14 ഡിഗ്രി സെലഷ്യസ് ആയതുകൊണ്ടുതന്നെ മലപ്പുറത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന സ്ഥലമാണ് കൊടികുത്തിമല. പെരിന്തൽമണ്ണയിൽ നിന്നും പത്തുകിലോമീറ്റർ മാത്രമാണ് മലയിലേക്കുള്ള ദൂരം. മുതിർന്നവർക്ക് 40 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് പ്രവേശനത്തിനായി ഈടാക്കുന്ന തുക. ചിത്രങ്ങൾ പകർത്താനായി കാമറ കൂടി കയ്യിൽ കരുതുന്നുണ്ടെങ്കിൽ 150 രൂപയാണ് ഫീ. കാലത്തു 8 മണി മുതൽ വൈകുന്നേരം 4 വരെ  മാത്രമാണ് പ്രവേശന സമയം.

English Summary: Kodikuthimala Ooty Of Malappuram

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മോദി മോടി പിടിപ്പിച്ച പുതിയ പാർലമെന്റിൽ

MORE VIDEOS
FROM ONMANORAMA