തലക്കറിയും ഞണ്ടും കക്കയും ചെമ്മീനും, മീൻ കറി ഉൗണിന് 55 രൂപ; രുചിനിറയ്ക്കും ഇൗ ഷാപ്പ്

Mattathaam-Kadav-Toddy-Shop
Image Source: Mattatham Kadav Facebook Page
SHARE

ചുവപ്പൻ മുളക് ചാറിൽ മുങ്ങി കിടക്കുന്ന മീൻ തല, അടുപ്പിലെ ചൂടിലിരുന്നു വെന്തു പാകമായ പോത്തിറച്ചി, നാടൻ താറാവ് കറി ഇതൊന്നും പോരാതെ പരിവാരങ്ങളായി ഞണ്ടും കക്കയും മുയലിറച്ചിയും ചെമ്മീനും ചിക്കനും പോട്ടിയും തുടങ്ങി വായിൽ വെള്ളം നിറയ്ക്കുന്ന വിഭവങ്ങളുടെ നീണ്ടനിര. പറഞ്ഞുവരുന്നത് തനിനാടൻ വിഭവങ്ങൾ വിളമ്പുന്ന ഒരു കള്ളുഷാപ്പിനെ കുറിച്ചാണ്, മറ്റത്താങ്കടവ് ഷാപ്പ്. 

Mattathaam-Kadav-Toddy-Shop3
Image Source: Mattatham Kadav Facebook Page

എറണാകുളം ജില്ലയിലെ തെക്കൻ പറവൂരിലാണ് മറ്റത്താങ്കടവ് ഷാപ്പ്. ഉച്ചനേരങ്ങളിൽ ഇവിടുത്തെ അടുക്കളയിൽ നിന്നുമുയരുന്ന വിഭവങ്ങളുടെ ത്രസിപ്പിക്കുന്ന മണം, ഇതിലൂടെ പോകുന്ന വണ്ടികളുടെയും വഴിയാത്രക്കാരുടെയും ലക്ഷ്യങ്ങളെ ഒരല്പ നേരത്തേയ്ക്ക് എങ്കിലും ഗതി തിരിച്ചുവിടും. ഷാപ്പിൽ കയറാൻ സമയമില്ലാത്ത സ്ഥിരം യാത്രികർ, അതിപ്പോൾ സ്വകാര്യ ബസ് ജീവനക്കാരാകട്ടെ  കെ എസ് ആർ ടി സി ജീവനക്കാരാകട്ടെ  ഇവിടെ നിന്നും ഊണ് പൊതിഞ്ഞു വാങ്ങി കൊണ്ട് പോകും. മുറുകി വരുന്ന മേളത്തിന് സമമാണ് ഇവിടുത്തെ വിഭവങ്ങളുടെ രുചി, തൊട്ടു നാക്കിൽ വെച്ചാൽ  പഞ്ചാരിമേളം പോലെ അയഞ്ഞും മുറുകിയും കോരിത്തരിപ്പിച്ചു കൊണ്ടിരിക്കും. 

Mattathaam-Kadav-Toddy-Shop1
Image Source: Mattatham Kadav Facebook Page

ഊണും മീൻ കറിയും കൂട്ടിയുള്ള പാർസലിന് 55 രൂപയാണ് വില വരുന്നത്. തൊടുകറികളും അച്ചാറുമൊക്കെയുള്ള ആ ഒരു പൊതി മതി വയറുനിറയ്ക്കാൻ. എങ്കിലും ഷാപ്പിലെ കറികളുടെ സ്വാദ് കൂടുതലായി അറിയണമെന്നുള്ളവർക്കു ബീഫ് ഫ്രൈയും ചിക്കൻ റോസ്റ്റും താറാവ് കറിയും കൂട്ടിയുള്ള 130 രൂപയുടെ ഒരു നോൺ-വെജ് ഊണുണ്ട്. ഇനിയിപ്പോൾ ഊണ് വേണ്ടെന്നുള്ളവർക്ക് പുട്ടോ അപ്പമോ കപ്പയോ ഇടിയപ്പമോ കഴിക്കാം. അതിനു കൂട്ടായി ഇഷ്ടമുള്ള വിഭവങ്ങൾ തെരഞ്ഞെടുക്കാം. മീൻ തലക്കറി, ബീഫ് കറി, ചിക്കൻ കറി, ബീഫ് പോട്ടി, ലിവർ ഫ്രൈ, മുയൽ റോസ്‌റ്റ്, ചെമ്മീൻ റോസ്റ്റ് തുടങ്ങി പല തരം വിഭവങ്ങൾ ഓർഡർ അനുസരിച്ചു മേശമുകളിലെത്തും. മീനിന്റെ ലഭ്യത അനുസരിച്ചാണ് കറികൾ തയാറാക്കുന്നത്. വരാലും കേരയുമൊക്കെ ഷാപ്പിലെ സ്ഥിരം സാന്നിധ്യങ്ങളാണ്. 

 എരിവ് കൂടുതലുള്ള കുടംപുളിയുടെ മണവും രുചിയും മുമ്പിട്ടു നിൽക്കുന്ന മീൻ കറികളാണ് കള്ളുഷാപ്പിലെ കറികളെ  കുറിച്ചോർക്കുമ്പോൾ ആദ്യം മുന്നിലേക്കെത്തുക. എന്നാലിപ്പോൾ പലതരം വിഭവങ്ങൾ കൊണ്ടു സമ്പന്നമാണ് ഓരോ ഷാപ്പും. കള്ളിനു മാത്രമല്ലാതെ, രുചികൾ തേടി മലയാളികൾ ഷാപ്പുകളിലെത്തുമ്പോൾ വിഭവസമൃദ്ധമായി ഒരുങ്ങി തന്നെ നിൽക്കുകയാണ് നാട്ടിൻപുറത്തെ ഈ രുചിശാലകൾ. അതുകൊണ്ടു തന്നെ നാടൻ രുചികളുടെ സ്വാദ് അറിയണമെന്നുള്ളവർക്കു മടിക്കാതെ കയറി ചെല്ലാം മറ്റത്താങ്കടവ് ഷാപ്പ് പോലുള്ള  രുചിയിടങ്ങളിലേക്ക്.

English Summary: Eatouts, Mattathaam Kadav Toddy Shop 

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്ഥിരം പരിപാടികൾ അല്ല ഇനി! - Mathew Thomas | Christy Movie | Latest Chat

MORE VIDEOS