ADVERTISEMENT

ഒരുപാട് ബലഹീനതകൾ ഉള്ള ആളുകളാണ് മനുഷ്യർ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. എന്റെ ബലഹീനതകൾ തിരിച്ചറിയപ്പെടുമ്പോൾ, മനസ്സ് കൂടുതൽ സംഘർഷമാവുമ്പോൾ എന്നെ തിരിച്ചുകൊണ്ടു വരാനുള്ള ഒറ്റമൂലി യാത്രകളാണ്. വല്ലാതെ വീർപ്പുമുട്ടുമ്പോഴാണ് പൊതുവെ ബാഗ് തൂക്കി ഇറങ്ങാറ്. ഇത്തവണയും യാത്ര വയനാട്ടിലേക്കായിരുന്നു. വയനാട് പൊതുവെ സമാധാനം തരുന്ന സ്ഥലമായി അനുഭവപ്പെട്ടിട്ടുണ്ട്.

wayanad-travel7
ചിത്രങ്ങൾ: ഷാരോൺ ഷാജി

 

wayanad-travel1
ചിത്രങ്ങൾ: ഷാരോൺ ഷാജി

ഒരു ഫോട്ടോഗ്രാഫർ എന്ന നിലയിൽ പല അംഗീകാരങ്ങളും കിട്ടിയ വർഷമായിരുന്നു ഇത്. എന്നാൽ പലതും കൊണ്ടും 'സ്റ്റക്കായി' പോയ വർഷവും. കൊച്ചിയിൽ നിന്നും രാത്രി 9  മണിക്ക് കോഴിക്കോട്ടേക്ക് ട്രെയിൻ കയറി. അവിടുന്ന് ബത്തേരി ബസ്സിൽ അമ്പലവയലിലേക്ക്. സുഹൃത്തായ മനുവിന്റെ വീടാണ് വയനാട് പോകുമ്പോഴെല്ലാം താമസസ്ഥലം.

wayanad-travel8
ചിത്രങ്ങൾ: ഷാരോൺ ഷാജി

 

എല്ലാ സംഘർഷങ്ങളും ഇറക്കിവച്ച് കുറച്ചധികം ചിത്രങ്ങൾ എടുക്കണം എന്ന് മനസ്സിലുറപ്പിച്ചാണ് ചുരം കയറിയത്. നല്ല മഴയുണ്ടായിരുന്നു. ചുരം കയറുംതോറും തണുപ്പ് കൂടിക്കൂടിവന്നു. മുന്നിൽ വണ്ടികളുടെ വെളിച്ചം മാത്രം. പുലർച്ചെ ബത്തേരിയിൽ ബസ്സിറങ്ങി. മനുവിന്റെ വീട്ടിലേക്കുള്ള ബസ്സ്‌ പിടിച്ചു. യാത്രയിലുടനീളം ആലോചിച്ചത് കാടും മലയും കയറിയുള്ള നടത്തങ്ങളെ കുറിച്ചും മനോഹരമായ ഫ്രെയിമുകളെ കുറിച്ചുമൊക്കെയാണ്.

wayanad-travel11
ചിത്രങ്ങൾ: ഷാരോൺ ഷാജി

 

wayanad-travel4
ചിത്രങ്ങൾ: ഷാരോൺ ഷാജി

മനുവിന്റെ വീട് ഒരു കുന്നിന്റെ മുകളിലാണ്. ചുറ്റിലും കാട്. അവിടെ നിന്നും നോക്കിയാൽ ആകാശവും നക്ഷത്രങ്ങളും വളരെ അടുത്തായി തോന്നും. ഒരു കട്ടൻ ചായയും കുടിച്ച് ക്യാമറ എടുത്ത് നേരെ കാടുകയറി. എനിക്ക് കടലിന്റെ ഓരോ സ്വഭാവവും ചലനങ്ങളും അറിയുന്നത് പോലെ കാടിന്റെ ഓരോ അനക്കങ്ങളും സ്വഭാവവും അറിയുന്ന ആളാണ്‌ കൂടെയുള്ളത്. തദ്ദേശീയ ജനതയായ ഞങ്ങൾക്ക് അങ്ങനെ ഒരു കണക്ഷൻ കൂടിയുണ്ട്.

wayanad-travel10
ചിത്രങ്ങൾ: ഷാരോൺ ഷാജി

 

wayanad-travel5
ചിത്രങ്ങൾ: ഷാരോൺ ഷാജി

തലേന്നത്തെ മഴയിൽ കാട് തണുത്ത് മരവിച്ച് കിടക്കാണ്. ഉള്ളിലേക്ക് കയറുംതോറും ഞാനും തണുത്ത് തുടങ്ങി. കുറെയൊക്കെ ഫ്രീ ആയി തുടങ്ങി. മാൻ, പല നിറത്തിലുള്ള ചിലന്തികൾ, പല തരത്തിലുള്ള പക്ഷികൾ, കാട്ടിലെ പ്രാവ് ഇവയൊക്കെയായിരുന്നു ആദ്യ ദിവസം ക്യാമറയിൽ കുടുങ്ങിയത്. കാട്ടുവഴികളിൽ അട്ടകൾ പതുങ്ങിയിരിപ്പുണ്ട്. അവറ്റകൾക്ക് ഉത്സവമായിരുന്നു. കാടിറങ്ങി ഒരു നെടുവീർപ്പിട്ട് നോക്കുമ്പോഴാതാ കാലു നിറയെ ചോര. പിന്നെ അരമണിക്കൂർ നേരം അവറ്റകളെ കളയുന്ന ജോലിയായിരുന്നു.

wayanad-travel3
ചിത്രങ്ങൾ: ഷാരോൺ ഷാജി

 

wayanad-travel
ചിത്രങ്ങൾ: ഷാരോൺ ഷാജി

കാട്ടുപോത്തും ആനയും അതിക്രമിച്ചു കയറാതിരിക്കാൻ ജനവാസ കേന്ദ്രങ്ങളിൽ വൈദ്യുതവേലി കിട്ടിയിട്ടുണ്ട്. ആ വേലിക്കപ്പുറം കാട്ടുപച്ചയും. ഈ പച്ച നൽകുന്ന സമാധാനം ഒന്ന് വേറെ തന്നെയാണ്. ഞങ്ങൾക്ക് അന്നം തരുന്ന കടലിനും നീല കലർന്ന പച്ചയാണ്.

wayanad-travel6

 

ഭൂമിയിൽ അധ്വാനിക്കുന്നവരാണ് അവിടുത്തുകാർ. വയ്ക്കാനും വിളമ്പാനും ഉള്ളത് അവർ അധ്വാനിച്ചുണ്ടാക്കുന്നു. മറ്റു ആവശ്യങ്ങൾക്കുള്ള പണം കണ്ടെത്താൻ മാത്രമാണ് പുറമെ ജോലിക്ക് പോകുന്നത്. അല്ലെങ്കിലും അടിസ്ഥാന ജനതയുടെ നിലനിൽപ്പ് തന്നെ ഭൂമിയിൽ ആണല്ലോ. ഭൂമിക്കു വേണ്ടി സമരം നയിച്ച മുത്തങ്ങയിലെ ജനതയുടെ പിന്തുടർച്ചക്കാരാണവർ.  അവരുടെ അതിജീവനം തന്നെ ഭൂമിയിലാണ്. മുത്തങ്ങയും ബന്തിപ്പൂരും മൈസൂർ ദസറയും എല്ലാം കാണാൻ പോകണം എന്നുണ്ടായിരുന്നു. എന്നാൽ നെല്ലാറച്ചാലും അതിന്റെ പരിസരവും എന്നെ എവിടെയും പോകാൻ അനുവദിച്ചില്ല.

 

തലപൊട്ടിപൊളിക്കുന്ന തണുപ്പാണ്. ചൂട് കാഞ്ഞും കമ്പിളി മൂടിയും തണുപ്പിനെ അകറ്റാൻ ശ്രമിച്ച് ഉറങ്ങാൻ കിടന്നു. പുലർച്ചത്തെ സൂര്യോദയം എന്റേതായിരുന്നു. അഞ്ചു കിലോമീറ്ററോളം നടന്നാണ് 'സൺ റൈസ്' വാലിയിൽ എത്തിയത്. ഇരുട്ട്മാറി ആകാശം ചുവന്നുതുടുത്തിരുന്നു. അങ്ങ് ദൂരെ വെള്ളച്ചാട്ടങ്ങളെ ഒതുക്കിപ്പിടിച്ച മലകൾ തെളിഞ്ഞ് കാണാൻ തുടങ്ങിയിരിക്കുന്നു. മഞ്ഞു നിറഞ്ഞു പുകപിടിച്ച മലകൾ ദൃശ്യമായി തുടങ്ങിയത് വല്ലാത്ത കാഴ്ച തന്നെയായിരുന്നു. അങ്ങിങ്ങായി വേഴാമ്പൽ കരയുന്ന ശബ്ദം കേൾക്കാം.  എന്റെ കണ്ണിന്റെ മനോഹാരിതയിൽ, എന്റെ കാഴ്ചയിൽ കണ്ട എല്ലാ ഫ്രയിമുകളും ആവേശത്തോടെ ഒപ്പിയെടുത്തു.

 

വൈകുന്നേരം നെല്ലാറച്ചാലിൽ സൂര്യാസ്തമയം. അക്ഷരാർത്ഥത്തിൽ 'ഗോൾഡൻ അവേഴ്സ്' തന്നെയായിരുന്നു. അവിടെ നിന്നും നോക്കിയാൽ ചെമ്പ്ര പീക്കിന്റെ തലയെടുപ്പ് കാണാം. ആ ഗോൾഡൻ മണിക്കൂറുകൾ എന്റെ ക്യാമറയിലും സ്വർണം വിതറി. എന്തൊരു മനോഹരമായ ഫ്രെയിമുകളാണ് ഈ പ്രകൃതിയിൽ. പച്ചയും മഞ്ഞയും ചുവപ്പും കറുപ്പും വെളുപ്പും വാരിവിതറിയ അനുഭൂതികൾ. മനസ്സ് ശാന്തമാവാൻ എനിക്ക് അത്ര മതിയായിരുന്നു.

 

അമ്പുകുത്തി മലയുടെ ദൃശ്യഭംഗി കാണാൻ മഞ്ഞപ്പാറയിൽ തന്നെ പോകണം. നാലു കിലോമീറ്റർ നടന്ന് രാവിലെ ആറു മണിയോടെ മഞ്ഞപ്പാറയിലെത്തി. വെള്ള പഞ്ഞികെട്ടുകൾ വിരിച്ച മെത്തപോലെയുള്ള മേഘങ്ങൾ മലക്ക് ചുറ്റും പൊതിഞ്ഞിട്ടുണ്ട്. ഫ്ലാസ്കിൽ കൂടെ കൊണ്ട് പോയ കട്ടൻ ചായയും കുടിച്ച് ഇങ്ങനെ നോക്കി ഇരിക്കണം. അതൊരു ലഹരിയാണ്. കാൽ നഖം മുതൽ മുടി നാര് വരെ പതഞ്ഞു പൊങ്ങുന്ന ഒരു ലഹരി. ആത്മാവിനെയും ശരീരത്തെയും സ്വതന്ത്രമാക്കി ആ പഞ്ഞിക്കെട്ടുകൾ പുതച്ച് ഒരു ദീർഘമായ ഉറക്കം തന്നെ ആയാലെന്താ എന്ന് തോന്നിപ്പോയി. അത്രയ്ക്കും എന്നെ ശാന്തമാക്കിയ ഒരു കാഴ്ച തന്നെയായിരുന്നു.

 

ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതിന്റെ സ്വാതന്ത്രം ആവോളം അനുഭവിച്ച ഒരാളാണ് ഞാൻ. മനുവും മറ്റൊരു സുഹൃത്തായ ഉണ്ണിയും കൂടെ ഉണ്ടായിട്ടും ആ സ്വാതന്ത്രം എനിക്കു അതേപോലെ ആസ്വദിക്കാൻ പറ്റി എന്നുള്ളതാണ് ഇത്തവണ വയനാട് എനിക്ക് തന്ന മറ്റൊരു സന്തോഷം. അവിടെ അങ്ങ് ജീവിച്ചാൽ എന്താ എന്ന് വരെ ആഗ്രഹിച്ചുപോയിട്ടുണ്ട്. നഗര ജീവിതത്തിൽ നിന്നും വ്യത്യസ്തമായി വളരെ സ്വതന്ത്രരായാണ് ഇവിടുത്തെ മനുഷ്യർ ജീവിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്. ഇവിടെ മറ്റ് ജൻഡർ പ്രശ്നങ്ങളോ അധികാര പ്രശ്നങ്ങളോ ഇല്ല. ഗ്രോത്രങ്ങളുടെ അടിസ്ഥാനമായ തുല്യത പാലിക്കുന്നവരാണിവർ.

 

ഇവിടുത്തുകാരുടെ വ്യത്യസ്തകളും കാഴ്ചകളും എത്തിപ്പെടലുകളുമൊക്കെ എന്നെ അടിമുടി സമാധാനത്തിൽ കൊണ്ടെത്തിച്ചു എന്ന എന്റെ തന്നെ ഉറപ്പിലാണ് ചുരം ഇറങ്ങിയത്. വീണ്ടും വരാം എന്ന വാക്കും കൊടുത്ത്.

English Summary: Places to Visit in Wayanad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com