ADVERTISEMENT

കുടംപുളിയുടെ മണവും രുചിയും മുന്നിട്ടു നിൽക്കുന്ന, ചുവന്നു കുറുകിയ, എരിവിനാൽ നാവിൽ വിസ്ഫോടനം നടത്തുന്ന മീൻ കറി. വരാലും കാരിയും കൂരിയും പോലുള്ള നാടൻ മീനുകളാണ് മുളക് ചാറിൽ മുങ്ങി നിവർന്നു വരുന്നത്. ആദ്യ കാഴ്ചയിൽ തന്നെ വായിൽ കപ്പലോടിക്കാനുള്ള വെള്ളം നിറയും. അതുമാത്രമല്ല, കുരുമുളകിന്റെ സ്വാദ് മുന്നിട്ടു നിൽക്കുന്ന ചെമ്മീൻ, നെയ്യിൽ മുങ്ങി കിടക്കുന്ന പോർക്ക്, തേങ്ങാക്കൊത്തിന്റെയും ഉള്ളിയുടെയും കൂട്ടിൽ വെന്തു പാകമായ ബീഫ്, പിന്നെ മുയലും താറാവും കക്കയും കരിമീനും തുടങ്ങി വിഭവങ്ങളുടെ നീണ്ട നിര. കേൾക്കുന്നവരിലും കാണുന്നവരിലും കൊതി നിറയ്ക്കുന്ന ഈ രുചിയിടം വേറേതുമല്ല, കടമക്കുടി ഷാപ്പ്. 

2059344896
Vneeth K Vasavan | Shutterstock

 

1764817823
febin_jose | Shutterstock

'എറണാകുളം ജില്ലയുടെ കുട്ടനാട്' എന്നറിയപ്പെടുന്ന കടമക്കുടി വില്ലേജിലാണ് ഷാപ്പ് സ്ഥിതി ചെയ്യുന്നത്.. പാടങ്ങളുടെ നടുവിൽ, അതിമനോഹരമായ പ്രകൃതിയാൽ അനുഗ്രഹീതമായ കടമക്കുടി. ഫെറി കയറി വേണം ഷാപ്പിലേക്കെത്തുവാൻ. പലതരം മസാലകൾ ചേർന്ന വിഭവങ്ങളുടെ മണമാണ് വഴിനീളെ കൂട്ടുവരുക. ഭൂരിപക്ഷം ഷാപ്പുകളിലെയും വിശേഷപ്പെട്ടതും എടുത്തു പറയേണ്ടതുമായ ഒരു വിഭവമായിരിക്കും മീൻ തലക്കറി. കടമക്കുടിയിലേയും പ്രധാനി മീൻ തലക്കറി തന്നെയാണ്. നല്ല എരിവിലും പുളിയിലും തയാറാക്കുന്ന ഈ വിഭവത്തിന്റെ രുചി ഒരിക്കലറിഞ്ഞവർ പിന്നീടും അത് തേടി എത്തുമെന്നു ജീവനക്കാരുടെയും സ്ഥിരം സന്ദർശകരുടെയും സാക്ഷ്യം. തലക്കറിയും വേവിച്ച കപ്പയും, ഹാ! ഇത്രയേറെ ഇണങ്ങി ചേരുന്ന വേറൊരു കോംബോയുണ്ടോ എന്ന് രുചിയറിഞ്ഞവർ ചോദിക്കുന്നു. മീൻതലക്കറി വേണ്ടെന്നുള്ളവർക്കു ബീഫ് ഫ്രൈയും പോർക്കുമൊക്കെ കൂട്ടി കപ്പ കഴിക്കാം. 

 

പുഴമീൻ പ്രിയരാണ് നിങ്ങളെങ്കിൽ കറി വെച്ചും വറുത്തും കിട്ടുന്ന ആ മീനുകളുടെ രുചി ഇവിടെ നിന്നും അറിയുക തന്നെ വേണം. ലഭ്യതയനുസരിച്ചു പുഴകൂരിയും കരിമീനും ഞണ്ടുമൊക്കെ മേശപ്പുറത്തു സർവ്വാഭരണ വിഭൂഷിതരായി എത്തും. ഇടയ്‌ക്കൊന്നെടുത്തു കൊറിക്കാൻ വറുത്ത പൊടിമീനുമുണ്ട്. ഞണ്ടുകറി ഉണ്ടെങ്കിൽ രണ്ടു കറി വേണ്ട എന്ന ചൊല്ലിനെ അർത്ഥവത്താക്കുന്നതാണ് കടമക്കുടി ഷാപ്പിൽ നിന്നും ലഭിക്കുന്ന ഞണ്ടിന്റെ രുചി. കറികൾ കൂട്ടി കഴിക്കാൻ കപ്പ മാത്രമല്ല, അപ്പവുമുണ്ട്. അപ്പത്തിനൊപ്പം മുയലിറച്ചി കൂടെ ചേരുമ്പോൾ സ്വാദിന്റെ സ്വർഗം താണിറങ്ങി വന്നെന്നു തോന്നിപോകും. മീൻ വിഭവങ്ങളല്ലാതെ നാടൻ ചേരുവകകളുടെ കൂട്ടിൽ വെന്തു പാകമായ ബീഫിന്റെയും പോർക്കിന്റെയുമൊക്കെ രുചിയും അതിവിശേഷമാണ്. 

 

നോർത്ത് ഇന്ത്യനും ചൈനീസും അറേബ്യനും ഒന്നുമല്ലാതെ, നമ്മുടെ തനതുരുചികൾ അറിയണമെന്നുള്ളവർക്കു മടിക്കാതെ ചെന്നുകയറാവുന്ന ഒരിടമാണ് കടമക്കുടി ഷാപ്പ്. കാലത്തു 8 മണി മുതൽ രാത്രി 8.15 വരെ ഷാപ്പ് തുറന്നു പ്രവർത്തിക്കും.

 

English Summary: Kadamakudy Toddyy Parlour Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com