ADVERTISEMENT

പ്രകൃതിഭംഗിയാലും ഭൂരൂപങ്ങളുടെ വൈവിധ്യത്താലും സമ്പന്നമാണ് കേരളം. കടല്‍ത്തീരങ്ങളും മലമ്പ്രദേശങ്ങളും നദികളും പാറക്കെട്ടുകളും വനങ്ങളുമെല്ലാം സമൃദ്ധമായുള്ള കേരളം ലോകമെങ്ങുമുള്ള വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. പലതരത്തിലുള്ള ട്രെക്കിങ് യാത്രകള്‍ നടത്താന്‍ ഏറെ അനുയോജ്യമായ ഒട്ടേറെ മലനിരകള്‍ കേരളത്തിലുണ്ട്. അല്‍പം ബുദ്ധിമുട്ടേറിയ ട്രെക്കുകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി കേരളത്തിലെ അത്ര എളുപ്പമല്ലാത്ത ചില ട്രെക്കിങ് റൂട്ടുകള്‍ പരിചയപ്പെടാം. 

1. പെരിയാര്‍ ടൈഗര്‍ ട്രയൽ, തേക്കടി

കടുവകള്‍ നിറഞ്ഞ പെരിയാര്‍ റിസര്‍വ് വനത്തിനുള്ളിലൂടെ ഒരു ട്രെക്കിങ്, അതും രണ്ടു രാത്രിയും മൂന്നു പകലും. വഴിയില്‍ ഇടയ്ക്കിടെ ആനകളും കടുവകളുമൊക്കെ പ്രത്യക്ഷപ്പെടാം. നല്ല ചങ്കുറപ്പുണ്ടെങ്കില്‍ മാത്രമേ വന്യമൃഗങ്ങള്‍ നിറഞ്ഞ കാട്ടിലൂടെയുള്ള ഈ യാത്ര നടത്താനാവൂ. പരമാവധി ആറു പേര്‍ അടങ്ങുന്ന സന്ദര്‍ശക ഗ്രൂപ്പുകള്‍ക്കൊപ്പം 5 ഗൈഡുകളും ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥനുമുണ്ടാവും. 

രാത്രി താമസത്തിനുള്ള ക്രമീകരണങ്ങള്‍ കാട്ടിനുള്ളില്‍ത്തന്നെ മുന്‍കൂട്ടി നടത്തിയിട്ടുണ്ട്. ഇതിനായി രണ്ട്പേര്‍ക്ക് വീതം താമസിക്കാവുന്ന ടെന്റുകള്‍ ഒരുക്കിയിട്ടുണ്ട്. പെരിയാർ ഫൗണ്ടേഷന്‍ ഒരുക്കുന്ന ഈ ട്രെക്കിംഗ് പാക്കേജ് സാഹസിക സഞ്ചാരികള്‍ക്കിടയില്‍ ഏറെ ജനപ്രിയമാണ്.

2. ബ്രഹ്മഗിരി

വയനാട് ജില്ലയുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന മലനിരകളാണ് ബ്രഹ്മഗിരി മലനിരകൾ. കേരളത്തിലെ പ്രധാന വിനോദ സഞ്ചാര ആകർഷണങ്ങളില്‍ ഒന്നായ ബ്രഹ്മഗിരി, സമുദ്രനിരപ്പില്‍ നിന്നും 1608 മീറ്റർ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. ധാരാളം വന്യമൃഗങ്ങളുമുള്ള മേഖലയാണിത്. ദക്ഷിണ കാശി എന്നറിയപ്പെടുന്ന തിരുനെല്ലി അമ്പലം ബ്രഹ്മഗിരിയിലാണ് സ്ഥിതിചെയ്യുന്നത്. കൂടാതെ ലക്ഷ്മണതീര്‍ത്ഥ നദിയിലെ ഇരുപ്പു വെള്ളച്ചാട്ടവും ധാരാളം സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

agasthyarkoodam-trekking5
Agasthya Hills-M J Amal/Shutterstock

വനംവകുപ്പിന്‍റെ അനുമതിയോടു കൂടിമാത്രമേ ബ്രഹ്മഗിരി ട്രെക്കിങ് നടത്താനാവൂ. മാനന്തവാടിയിൽ നിന്ന് 29 കി.മീ. ദൂരത്തിലാണ് ബ്രഹ്മഗിരി സ്ഥിതി ചെയ്യുന്നത്. ഇരുപ്പു വെള്ളച്ചാട്ടത്തിനടുത്ത് നിന്നും 9 കിലോമീറ്ററും, മുനിക്കൽ ഗുഹ പ്രദേശത്തു നിന്ന് 7 കിലോമീറ്ററൂം ദൂരം മലകയറി ബ്രഹ്മഗിരിയിലെത്താം. തിരുനെല്ലിയിൽ നിന്ന് 11 കിലോമീറ്റര്‍ ആണ് ഇവിടേക്കുള്ള ദൂരം.

 3. അഗസ്ത്യാര്‍കൂടം

കേരളത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ട്രെക്കുകളില്‍ ഒന്നാണ് അഗസ്ത്യാർകൂടം. പശ്ചിമഘട്ടത്തിന്‍റെ ഭാഗമായ ഈ മലനിരകള്‍ക്ക്, 1868 മീറ്റർ ഉയരമുണ്ട്. തമിഴ്‌നാട്ടിലെ തിരുനെൽവേലി, കന്യാകുമാരി എന്നീ ജില്ലകളിലും, കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലുമായി സ്ഥിതിചെയ്യുന്ന അഗസ്ത്യാര്‍കൂടം, സപ്തര്‍ഷികളില്‍ ഒരാളായ അഗസ്ത്യമുനി തപസ്സുചെയ്ത ഇടമാണെന്ന് വിശ്വസിക്കപ്പെടുന്നു. അതുകൊണ്ടുതനെ ഇവിടെ ഒരു രു തീർത്ഥാടനകേന്ദ്രം കൂടിയാണ്. മലയുടെ മുകളിൽ അഗസ്ത്യമുനിയുടെ ഒരു പൂർണ്ണകായപ്രതിമയുണ്ട്. ഇവിടെ ഭക്തർ പൂജകളും മറ്റും നടത്താറുണ്ട്.

അപൂര്‍വസസ്യങ്ങളും ജന്തുജാലങ്ങളും നിറഞ്ഞ അഗസ്ത്യാര്‍കൂടം വനത്തിനുള്ളില്‍ ട്രെക്കിങ് നടത്താന്‍ വനംവകുപ്പിന്‍റെ അനുമതി വേണം. എല്ലാവർഷവും ജനുവരി/ഫെബ്രുവരി മാസങ്ങളില്‍ മാത്രമേ മലകയറ്റം അനുവദിക്കാറുള്ളൂ, മാത്രമല്ല, ഒരു ദിവസം നൂറോളം പേര്‍ക്ക് മാത്രമേ പ്രവേശനമുള്ളു. 2014 മുതൽ ഓൺലൈൻ രജിസ്ട്രേഷൻ വഴി ട്രെക്കിങ് ബുക്ക് ചെയ്യാനാവും. ഒരാള്‍ക്ക് 1000 രൂപ ഫീസുമുണ്ട്. 

4. മീശപ്പുലിമല

‘മീശപ്പുലിമലയില്‍ മഞ്ഞു വീഴുന്നത് കണ്ടിട്ടുണ്ടോ’ എന്നു ചോദിക്കാനൊക്കെ എളുപ്പമാണ്. എന്നാല്‍, അവിടെ വരെ കയറിച്ചെല്ലാന്‍ അല്‍പ്പം പാടുപെടും! ഇടുക്കി ജില്ലയിലെ മൂന്നാറിൽ സ്ഥിതി ചെയ്യുന്ന മീശപ്പുലിമല, ആനമുടി കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടിയാണ്, 2,640 മീറ്റർ ആണ് ഇതിന്‍റെ ഉയരം.

trekking
Sreeraj R/Istock

കേരള വനം വികസന കോർപ്പറേഷനാണ് മീശപ്പുലിമലയിലേക്കുള്ള ട്രെക്കിങ് നടത്തുന്നത്. മൂന്നാറിൽ നിന്നും മാട്ടുപ്പെട്ടി വഴി അരുവിക്കാട് എസ്റ്റേറ്റ് കടന്നാൽ മീശപ്പുലിമലയിലേക്കുള്ള ബേസ്‌ക്യാമ്പിൽ എത്താം. ഉത്തരേന്ത്യയിലെ പല പ്രദേശങ്ങളിലും ധാരാളം കാണുന്ന റോഡോഡെൻട്രോൺ പൂക്കള്‍ മീശപ്പുലിമലയിൽ ധാരാളമായി കാണപ്പെടുന്നു. ഇവിടുത്തെ ഒരു താഴ്‌വരക്ക് റോഡോഡെൻട്രോൺ വാലി എന്നാണ് പേരുനൽകിയിരിക്കുന്നത്. ബേസ്‌ക്യാമ്പിൽ നിന്നും അഞ്ചുകിലോമീറ്റർ അകലെയാണ് ഈ താഴ്‍‍‍വര. ഇവിടെയും ബേസ്ക്യാംപിലും സഞ്ചാരികള്‍ക്ക് താമസസൗകര്യം ലഭ്യമാണ്.

5. പക്ഷിപാതാളം

ബ്രഹ്മഗിരി മലനിരകളിലെ മറ്റൊരു മനോഹര അനുഭവമാണ് പക്ഷിപാതാളം. വയനാട്ടിലെ ആദ്യത്തെ ഇക്കോ ടൂറിസം കേന്ദ്രമാണിത്. സമുദ്രനിരപ്പില്‍ നിന്നും 1740 മീറ്റർ ഉയരത്തില്‍, ചെങ്കുത്തായ മലകളും കന്യാവനങ്ങളും കാട്ടുചോലകളുമെല്ലാം നിറഞ്ഞ ഈ സ്ഥലം, കർണ്ണാടക അതിർത്തിയോട് തൊട്ടടുത്താണ് സ്ഥിതിചെയ്യുന്നത്. ബ്രഹ്മഗിരിയുടെ വടക്കേ അറ്റത്ത് മലമുകളിലുള്ള ഗുഹകള്‍ക്കുള്ളില്‍ ധാരാളം പക്ഷികളും വന്യമൃഗങ്ങളും വസിക്കുന്നു. ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ ഗുഹകളിലൂടെ താഴേക്ക് ഇറങ്ങിച്ചെല്ലാം. താഴെഭാഗത്ത് വവ്വാലുകൾ കൂട്ടം കൂട്ടമായി തൂങ്ങിക്കിടക്കുന്ന ഒരു ഗുഹയും, വിവിധയിനം ദേശാടനപക്ഷികൾ കൂടുകൂട്ടുന്ന മറ്റ് ഗുഹകളും പണ്ടുകാലത്ത് സന്യാസിമാർ തപസ്സിന് ഉപയോഗിച്ചിരുന്നു എന്നു കരുതുന്ന ഒരു പുരാതന ഗുഹയുമുണ്ട്. 

കൽപറ്റ ജില്ലാ ആസ്ഥാനത്ത് നിന്ന് 32 കിലോമീറ്റർ അകലെയാണ് പക്ഷിപാതാളം. വനം വകുപ്പിൽ നിന്ന് അനുമതി വാങ്ങി മാത്രമേ ഇവിടേക്ക് എത്താനാവൂ. നോർത്ത് വയനാട് ഡി എഫ് ഒയുടെ ഓഫീസിൽ നിന്ന് പക്ഷിപാതാളം സന്ദർശിക്കാനുള്ള അനുമതി ലഭിക്കും. കാട്ടിലൂടെ 7 കിലോമീറ്റർ സഞ്ചരിച്ചു വേണം എത്താന്‍. വന്യമൃഗങ്ങള്‍ ഉള്ളതിനാല്‍ വനംവകുപ്പ് ഏര്‍പ്പാടാക്കിയ ഗൈഡുകള്‍ക്കൊപ്പമേ യാത്ര ചെയ്യാനാവൂ. 

ട്രെക്കിങ്ങിന് എത്തുന്ന സഞ്ചാരികൾക്ക് താമസ സൗകര്യവും വനംവകുപ്പ് ഒരുക്കിയിട്ടുണ്ട്. തിരുനെല്ലിയിലാണ് വനംവകുപ്പിന്‍റെ ഈ ഡോർമിറ്ററിയുള്ളത്.

English Summary Scenic Hiking and Trekking Trails in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com