മികച്ച സ്ഥലം ഏത്? ടെൻഷന്‍ വേണ്ട; പുതുവർഷം നിങ്ങളെ കാത്തിരിക്കുന്നു, കേരളത്തിന്റെ മനോഹരതീരങ്ങൾ

Mail This Article
പുത്തൻ പ്രതീക്ഷകൾക്കും സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും ചിറകുമുളയ്ക്കുന്ന കാലമാണ് പുതുവർഷം. മാനസിക പിരിമുറുക്കങ്ങളും അമിത ജോലിയുടെ ഭാരവുമെല്ലാം മറന്ന് ആഘോഷിക്കാൻ ഇഷ്ടമില്ലാത്തവർ ആരെങ്കിലുമുണ്ടാകുമോ? പാട്ടും നൃത്തവും ഭക്ഷണവുമെല്ലാം ഉൾപ്പെടുത്തിയുള്ള പാർട്ടികൾ പല നഗരങ്ങളിലും പുതുവർഷത്തെ വരവേൽക്കാനായി സജ്ജമായി കഴിഞ്ഞു. എന്നാൽ പലർക്കും മുൻപിലുള്ള വെല്ലുവിളി പുത്തൻ വർഷത്തെ വരവേൽക്കാൻ ഏറ്റവും മികച്ചൊരു സ്ഥലം തിരഞ്ഞെടുക്കുക എന്നതായിരിക്കും. ആ ആശയകുഴപ്പത്തെ അകറ്റി നിർത്താനും, പുതുവർഷാഘോഷങ്ങൾ അതിഗംഭീരമാക്കാനും ചില മനോഹരയിടങ്ങൾ നമ്മുടെ നാട്ടിൽ തന്നെയുണ്ട്. ബീച്ചുകളും ഹൗസ് ബോട്ടുകളും ഹിൽസ്റ്റേഷനുകളും എന്നുവേണ്ട കേരളത്തിന്റെ മുക്കും മൂലയും വരെ 2023 നെ വരവേൽക്കാനായി ഒരുങ്ങി നിൽക്കുകയാണ്. ഇത്തവണത്തെ ആഘോഷങ്ങൾക്കു തിരഞ്ഞെടുക്കാനിതാ കേരളത്തിലെ അതിസുന്ദരമായ കുറച്ചു സ്ഥലങ്ങൾ.
കൊച്ചി

ദക്ഷിണേന്ത്യയിലെ ഏറ്റവും വലുതും ഏറ്റവും കൂടുതൽപേർ എത്തിച്ചേരുന്നതുമായ ഒരു ഇടമാണ് കൊച്ചിൻ കാർണിവൽ. എല്ലാ വർഷവും ക്രിസ്മസും പുതുവർഷവും വളരെ കേമമായി തന്നെ ആഘോഷിക്കുന്ന ഒരു ശീലമുണ്ട് ഫോർട്ട് കൊച്ചിയ്ക്ക്. വിവിധ സംസ്കാരങ്ങളുടെ ഒരു സംഗമ സ്ഥലം എന്ന് മാത്രമല്ല, ചരിത്രപരമായ പ്രത്യേകതകളും വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ധാരാളം കേന്ദ്രങ്ങളും ഈ നഗരത്തിൽ കാണാൻ കഴിയും. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലാണ് എല്ലാ വർഷവും കൊച്ചിൻ കാർണിവൽ സംഘടിപ്പിക്കുന്നത്. വിദേശികളും സ്വദേശികളുമടക്കം രണ്ടുലക്ഷത്തോളം പേർ കാണികളായി വർഷാവർഷം ഇവിടെ എത്തിച്ചേരാറുണ്ട്. വളരെ വലുപ്പമുള്ള ഒരു സാന്റാക്ലോസിന്റെ പ്രതീകാത്മക രൂപത്തിന് തീകൊളുത്തി കൊണ്ട് പുതുവർഷത്തെ വരവേൽക്കുക എന്നതാണ് ഇവിടെ നടക്കുന്ന പ്രധാന ആഘോഷരീതി. ഇതുകൂടാതെ അതിഥികൾക്ക് പങ്കെടുക്കാൻ കഴിയുന്ന തരത്തിലുള്ള ബീച്ച് ബൈക്ക് റേസ്, ഫുട്ബോൾ, കയാക്കിങ്, റെസ്ലിങ് തുടങ്ങിയ വിനോദങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ആലപ്പുഴ

കായലുകൾ കൊണ്ട് സമ്പന്നമായ നാടാണ് ആലപ്പുഴ. അതിമനോഹരവും ശാന്തവുമായ പ്രകൃതിയും ഗ്രാമീണ കാഴ്ചകളും ആസ്വദിക്കാൻ താല്പര്യമുള്ളവർക്ക് ആലപ്പുഴ മികച്ചൊരു ഓപ്ഷൻ ആയിരിക്കും. വലിയ ആൾക്കൂട്ടവും ആഘോഷങ്ങളും ഒന്നുമില്ലാതെ സമാധാനപൂർവം പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങുന്നവർക്കു ഹൗസ്ബോട്ടുകൾ അതിനായി തെരഞ്ഞെടുക്കാം. കായൽപ്പരപ്പിലൂടെ ഒഴുകി നീങ്ങുന്ന ബോട്ടിൽ...നിശബ്ദമായ പ്രകൃതിയെ കണ്ടുകൊണ്ട് പുതുവർഷത്തെ മനസു നിറഞ്ഞു സ്വീകരിക്കാം. മാത്രമല്ല, നാടൻ രുചികൾ നിറച്ച മൽസ്യ വിഭവങ്ങൾ ആസ്വദിക്കുകയും ചെയ്യാം.
വർക്കല

വർക്കല അല്ലെങ്കിൽ പാപനാശം തെക്കൻ കേരളത്തിൽ ബീച്ചിനോട് ചേർന്ന് പാറക്കെട്ടുകൾ കാണുന്ന കടൽത്തീരം. കേരളത്തിൽ മാത്രമല്ല, ഇന്ത്യയിലെ പലയിടങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും ധാരാളം പേർ ഈ ബീച്ചിന്റെ സൗന്ദര്യത്തിലലിഞ്ഞു പുതുവർഷത്തെ വരവേൽക്കാനായി ഇവിടെ എത്താറുണ്ട്. അതിഥികൾക്ക് സൺബാത്തിങ്, ബോട്ട് യാത്ര, ആയുർവേദ മസാജിങ് തുടങ്ങിയവ തിരഞ്ഞെടുക്കുകയും ആസ്വദിക്കുകയും ചെയ്യുന്നതിനുള്ള സൗകര്യങ്ങളുണ്ട്. വർക്കലയിലെ ആയുർവേദ മസാജിങ് ഏറെ പേരുകേട്ടതാണ്. ശരീരത്തിനും മനസിനും പുത്തനുണർവ് നല്കാൻ മസാജിങ്ങിലൂടെ കഴിയും.
കോവളം

ഇന്ത്യയ്ക്കു പുറത്തുനിന്നും ധാരാളം സന്ദർശകരെത്തുന്ന ബീച്ചെതെന്നു ചോദിച്ചാൽ അതിനുത്തരം കോവളം എന്നായിരിക്കും. പുതിയവർഷത്തിന്റെ വരവ് ആസ്വദിക്കാൻ കടൽത്തീരം തേടുന്നവർക്ക് മികച്ചൊരു ഓപ്ഷൻ ആണ് തലസ്ഥാന നഗരിയിൽ നിന്നും അധികം ദൂരയല്ലാതെ സ്ഥിതി ചെയ്യുന്ന കോവളം. ഡിസംബർ-ജനുവരി മാസങ്ങളിലാണ് ഇവിടെ ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്നത്. ബീച്ചിനോട് ചേർന്നുള്ള ഹോട്ടലുകളെല്ലാം തന്നെ അതിഥികൾക്കായി പുതുവർഷത്തിന്റെ തലേദിവസം സംഗീത, നൃത്ത നിശകളും വെടിക്കെട്ടുമെല്ലാം സജ്ജമാക്കിയിട്ടുണ്ട്.
കുമരകം

കോട്ടയം ജില്ലയിലെ അതിപ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് കുമരകം. ഇവിടുത്തെ പ്രധാനാകർഷണം വേമ്പനാട്ട് കായലാണ്. മനോഹരമായ പ്രകൃതിയും കായലോളങ്ങളും ധാരാളം വിനോദ സഞ്ചാരികളെ ഇങ്ങോട്ടെത്തിക്കുന്നു. പുതുവർഷത്തിലും ധാരാളം അതിഥികളെത്തുന്ന നാടാണിത്. ശാന്തവും സമാധാനവുമായ അന്തരീക്ഷവും ഹൗസ് ബോട്ടിലെ താമസവുമൊക്കെ ഏതൊരു അതിഥിയെയും മോഹിപ്പിക്കും. ദേശാടന പക്ഷികൾ ധാരാളമായി എത്തിച്ചേരുന്ന പക്ഷി സങ്കേതവും കുമരകത്തെ പ്രധാനകാഴ്ചകളിലൊന്നാണ്. പതിനാല് ഏക്കർ സ്ഥലത്താണ് ഈ പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്.
English Summary: Great Places in Kerala to Celebrate New Year