ADVERTISEMENT

പുലർ വെട്ടം പരന്നിറങ്ങുന്നതേയുള്ളു. വാച്ചിൽ 5.45 കാണിച്ചപ്പോൾ ഡബിൾ ബെൽ മുഴങ്ങി. അതുവരെ ശാന്തവും നിശ്ചലവുമായിരുന്ന കൊടൂരാറ്റിൽ അലകളിളക്കി എൻജിൻ മുരണ്ടു. കോട്ടയം-ആലപ്പുഴ പാസഞ്ചർ സർവീസ് പുറപ്പെടുകയാണ്. എംസി റോഡിലെ കോടിമത പാലത്തിനുമപ്പുറം വെള്ള കീറുന്ന ആകാശത്തെ പിൻതള്ളി സംസ്ഥാന ജലഗതാഗത വകുപ്പിന്റെ 58ാം നമ്പർ ബോട്ട് ജലപ്പരപ്പിലൂടെ സാവധാനം നീങ്ങിത്തുടങ്ങി.

boating

പഴയ പാതയിലൂടെ

പുത്തൻതോട്, കാഞ്ഞിരം ജെട്ടി വഴിയുള്ള സ്ഥിരം ജലപാതയ്ക്കു കുറുകെ പാലങ്ങളുടെ നിർമാണം നടക്കുകയായിരുന്നതിനാൽ റൂട്ട് മാറിയാണ് അന്ന് ബോട്ട് ഓടിയത്. ഇപ്പോൾ വീണ്ടും കാഞ്ഞിരം വഴിയുള്ള ജലപാത തന്നെ ഉപയോഗിക്കുന്നു. ടിക്കറ്റ് മെഷിനുമായി സമീപത്തെത്തിയ കണ്ടക്ടറോട് ‘രണ്ട് ആലപ്പുഴ’ എന്നു പറഞ്ഞു തീരും മുൻപ് കേട്ടു, 58 രൂപ. അതയാത്, ഒരാൾക്ക് 29 രൂപ! ഇത്ര കുറവാണോ ബോട്ട് ടിക്കറ്റ്! കൊടൂരാറ്റിലൂടെ തന്നെ അൽപം തെക്കോട്ടു സഞ്ചരിച്ച് പള്ളം, കോട്ടയം പോർട്ട് ടെർമിനലിനു സമീപത്തുകൂടി പടിഞ്ഞാറോട്ട് സഞ്ചരിക്കവേ കിഴക്കൻ ചക്രവാളത്തെ ചെമ്പട്ട് പുതപ്പിച്ച് സൂര്യൻ തന്റെ വരവ് അറിയിച്ചു. തുടർന്നു സഞ്ചരിക്കുമ്പോൾ ബോട്ടിന് ഇടതു വശത്ത് കൃഷി ഇടങ്ങൾ കാണാം. ഈ ഭാഗമാണ് പഴുക്കാനില. ഇവിടെ കോട്ടയം നഗരത്തിന് വടക്കു വശത്തുകൂടെ ഒഴുകുന്ന മീനച്ചിലാറിന്റെ ഒരു കൈവഴി നഗരത്തിന്റെ തെക്കേ അതിരു തൊട്ടെത്തിയ കൊടൂരാറിലേക്ക് ചേരുന്നു. ഇവ ഒരുമിച്ച് വേമ്പനാട്കായലിലേക്കു പതിക്കുന്നു. ഇവിടെ വേമ്പനാട് കായൽ പഴുക്കാനില കായൽ എന്നാണ് അറിയപ്പെടുന്നത്.

boating1

1886 ൽ കോടിമതയിൽ നിന്ന് പുത്തൻതോട് വെട്ടി കോട്ടയം ജലപാതയെ കുമരകവുമായി ബന്ധിപ്പിക്കുന്നതിനു മുൻപ് ഏറെ സജീവമായിരുന്നു ഈ ജലമാർഗം. അതിന്റെ ശേഷിപ്പായി 200 വർഷത്തിലേറെ പഴക്കമുള്ള വിളക്കുമരം ബോട്ട് യാത്രയിൽ കാണാം. തിരുവിതാംകൂർ ദിവാനായിരുന്ന കേണൽ മൺറോ 1815ൽ സ്ഥാപിച്ച ലൈറ്റ് ഹൗസ് മൺറോ വിളക്ക് എന്നും അറിയപ്പെട്ടിരുന്നു. വർഷങ്ങളോളം പ്രവർത്തനം നിലച്ചിരുന്ന ഇത് അടുത്തകാലത്ത് വൈദ്യുതീകരിച്ച് പ്രവർത്തനം പുനരാരംഭിച്ചത് വാർത്തകളിൽ നിറഞ്ഞിരുന്നു.

ദിവസത്തിന്റെ തുടക്കം

പുല്ല് വളർന്ന തുരുത്തുകൾക്കിടയിലൂടെ ബോട്ട് നീങ്ങി. നദികളിലൂടെ ഒഴുകിയെത്തുന്ന എക്കൽമണ്ണടിഞ്ഞ് രൂപപ്പെട്ടതാണ് ഈ തുരുത്തുകൾ. കായലരികിലുള്ള വീടുകൾക്കെല്ലാം കടവുകളുണ്ട്. മിക്കവാറും കടവു ചേർന്ന് കെട്ടിയിട്ടിരിക്കുന്ന തോണികൾ. 

boating3

വെയിൽ പരക്കുന്നതിനു മുൻപ് മീൻ പിടിക്കാൻ പോകുന്നവർ വള്ളത്തിൽ വലയുമായി ഇറങ്ങിക്കഴിഞ്ഞു. കായലിൽ ചേരക്കോഴിയും നീലക്കോഴിയും സജീവമായിത്തുടങ്ങി. പോളകളിലും ജലപ്പരപ്പിനു മുകളിലേക്കു നിൽക്കുന്ന കുറ്റികളിലും ധ്യാനത്തിൽ മുഴുകി ഇരിക്കുന്ന കൊക്കുകൾ. തീരം ചേർന്നു പറന്നിറങ്ങാൻ തുടങ്ങുന്ന കുരുവിക്കൂട്ടങ്ങൾ... ജലപ്പരപ്പിലെ പ്രഭാതം മനോഹരമായ കാഴ്ചയാണ്. പുലർവെട്ടം വീഴുന്നതിനൊപ്പം സജീവമാകുന്ന ജീവിതക്കാഴ്ചകൾ. മനുഷ്യർമാത്രമല്ല, നീർപ്പക്ഷികളും പ്രതീക്ഷയുടെ ചിറകു കുടഞ്ഞ് ഉണരുന്നു.

പൂർണരൂപം വായിക്കാം 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com