നാടൻ കറികളും മീൻപൊള്ളിച്ചതും കപ്പയുമടക്കമുള്ള വിഭവങ്ങൾ കഴിക്കണമെങ്കിൽ കള്ളുഷാപ്പുകളിൽ തന്നെ പോകണം. വരാലും കാരിയും കൂരിയും തുടങ്ങി കുഞ്ഞൻ കൊഴുവ വറുത്തത് വരെയുണ്ട്, കൂടാതെ പോത്തും പന്നിയും കോഴിയും താറാവും ലിവർ ഫ്രൈയും പോലുള്ള മാംസാഹാരങ്ങൾ. കൊഞ്ചും ചെമ്മീനും ഞണ്ട് റോസ്റ്റും പോലുള്ള അസാധ്യ രുചി നിറയ്ക്കുന്ന വേറെയും വിഭവങ്ങൾ. ഇവയെല്ലാം ഒരു കുടക്കീഴിൽ കിട്ടണമെന്നും കഴിക്കണമെന്നുമുള്ളവർക്കു നേരെ ആറ്റുമുഖം ഷാപ്പിലേക്ക് പോകാം. പല തരത്തിൽ, പല രുചിയിൽ മേശപ്പുറത്തു നിരത്തി വച്ചിരിക്കുന്ന സ്വാദിന്റെ സ്വർഗം. കണ്ട് ഇഷ്ടപ്പെടുന്നവ, കഴിച്ചു നോക്കാനായി ചോദിച്ചു വാങ്ങാം.

പുഴുക്കുകളും നാവിൽ കപ്പലോടിക്കുന്ന വിഭവങ്ങളും അതിഥികൾക്ക് വച്ച് വിളമ്പുന്ന ആറ്റുമുഖം ഷാപ്പ് എവിടെയെന്നറിയേണ്ടേ? ആലപ്പുഴ ജില്ലയിലെ തെക്കൻ കൈനകരിയിലെ പൊങ്ങ എന്നു പേരുള്ള കുട്ടനാടൻ ഗ്രാമത്തിൽ. കഴിക്കാൻ പോകുന്ന വിഭവങ്ങളെ മനസ്സിലോർത്തു,വായിൽ വെള്ളം നിറച്ച്, വണ്ടിയിലിരിക്കുമ്പോൾ ചുറ്റിലുമൊന്നു കണ്ണോടിക്കണം. കേരളത്തിന്റെ നെല്ലറ എന്ന പേരിനെ അർത്ഥവത്താക്കാക്കുന്ന കുട്ടനാടൻ കാഴ്ചകളാണ് പാതയുടെ ഇരുഭാഗത്തും. സ്വർണനിറത്തിലുള്ള നെൽക്കതിരുകൾ തല കുനിച്ചാണ് അതിഥികൾക്ക് സ്വാഗതമരുളുന്നത്. ആ യാത്ര ചെന്നവസാനിക്കുന്നത് നമ്മുടെ ലക്ഷ്യത്തിലേക്കാണ്...ആറ്റുമുഖം ഷാപ്പ്.

ഒരു കാലത്തു സ്ത്രീകൾക്കും കുടുംബങ്ങൾക്കും പ്രവേശനമില്ലാതിരുന്ന കള്ളുഷാപ്പുകളെല്ലാം ഇന്നാകെ മാറിയിരിക്കുന്നു. അതിന്റെ നേർക്കാഴ്ചയാണ് ആറ്റുമുഖം ഷാപ്പ്. ഒരു കുടുംബവുമായി കയറി ചെന്നാൽ സ്വസ്ഥമായി ഇരിക്കാനും വിഭവങ്ങൾ ആസ്വദിക്കാനുമുള്ള സൗകര്യങ്ങളെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. സ്വകാര്യത വേണ്ടവർക്കായി ധാരാളം ഹട്ടുകളുണ്ട്. കൂടാതെ, കാറ്റും ചെറുവെയിലും കൊണ്ട് ഭക്ഷണം ആസ്വദിക്കണമെന്നുള്ളവർക്കു പുറത്തിരുന്നു കഴിക്കാം. ഇനി ഇതുരണ്ടുമല്ലാതെ വള്ളത്തിൽ ഇരുന്നു ഭക്ഷണം കഴിക്കണമെന്നുള്ളവർക്കു അതിനുള്ള സൗകര്യങ്ങളുമുണ്ട്.

കഴിക്കാൻ എന്ത് തിരഞ്ഞെടുക്കും എന്ന ആശയകുഴപ്പത്തിലാകും അകത്തു കയറുന്നവർ, അത്രയ്ക്കുണ്ട് വിഭവ വൈവിധ്യം. ഇവയൊന്നുമല്ല വേണ്ടത്, നല്ല പെടയ്ക്ക്ണ മീൻ കറിവെച്ചോ വറുത്തോ കൂട്ടണമെന്നു ആഗ്രഹമുണ്ടോ? അതിനും വഴിയുണ്ട്. ഷാപ്പിനു മുമ്പിലുള്ള തോട്ടിൽ ഒരു വള്ളമുണ്ട്. ആ വള്ളത്തിൽ കാരിയും വരാലുമടക്കമുള്ള മീനുകൾ ജീവനോടെ ഓടിക്കളിക്കുന്നുണ്ട്. കൂടെ നല്ല വലിയ കൊഞ്ചും. ഏതു വേണമെന്ന് പറഞ്ഞാൽ മതി. അപ്പോൾ തന്നെ പിടിച്ചു, കറിയായോ വറുത്തോ മേശ മുകളിലെത്തും. ഇതല്ലാതെയും ധാരാളം മീനുകൾ അവിടെ കാണാവുന്നതാണ്. അവ വേണമെന്നു പറഞ്ഞാലും അപ്പോൾ തന്നെ തയാറാക്കി തരും.

മൽസ്യ വിഭവങ്ങൾ മാത്രമല്ല, ഷാപ്പിലുള്ളത്. കുട്ടനാട്ടിന്റെ സ്വന്തം താറാവ് മപ്പാസ്, ഞണ്ടുകളിൽ തന്നെയുണ്ട് രണ്ട് കറികൾ, ഒന്ന് തയാറാക്കുന്നത് കടൽ ഞണ്ടുകൊണ്ടും മറ്റൊന്ന് കായൽ ഞണ്ടുകൊണ്ടുമാണ്. ബീഫ് റോസ്റ്റ്, ചെമ്മീൻ റോസ്റ്റ്, ചിക്കൻ ഉലർത്ത്, പോർക്ക്, കൂന്തൽ, മുയൽ, കക്കായിറച്ചി, ലിവർ ഫ്രൈ, ബീഫ് കറി, പൊടിമീൻ വറുത്തത്, പിന്നെയുമുണ്ട് പലതരം മീൻ കറികൾ. ഇതൊന്നുമല്ലാതെ ഒരു സ്പെഷ്യൽ വിഭവം കൂടി ആറ്റുമുഖം ഷാപ്പിൽ ലഭിക്കും അതൊരു പുഴുക്കാണ്. ചേമ്പും കാച്ചിലും വൻപയറുമൊക്കെയാണ് പുഴുക്കിൽ ഒരുമിച്ചു ചേരുന്നത്. നല്ല വരാൽ കറിയുടെ കുറുകിയ ചാറും കൂടെ ചേർത്ത് ആ പുഴുക്ക് ഒരു പിടി പിടിക്കണം. ''സ്വർഗം താണിറങ്ങി വന്നതോ..'' എന്ന ഗാനത്തിന്റെ ഈരടികൾ അപ്പോൾ പിന്നണിയിൽ കേൾക്കും. അത്രയ്ക്കുണ്ട് സ്വാദ്. ഇത് കൂടാതെ, കാച്ചിലും ചേമ്പുമൊക്കെ പുഴുങ്ങിയതും ഷാപ്പിൽ ലഭ്യമാണ്. വിവിധ കറികൾ കൂട്ടി ഇവയെല്ലാം കഴിക്കാം.
സുന്ദരമായ പ്രകൃതി, കായലിൽ നിന്നും വീശുന്ന തണുത്ത കാറ്റ്, പരന്നു കിടക്കുന്ന വയലേലകൾ, കയ്യിലാണേലോ നല്ല മുന്തിരിക്കള്ളും തൊട്ട് നാവിൽ വയ്ക്കാൻ രുചിയുടെ പെരുമ്പറ മുഴക്കുന്ന വിഭവങ്ങളും.
English Summary: Aatumukham Restaurant and Toddy Shop Kainakary