കേരളത്തിലെ ഏറ്റവും വലിയ ഗുഹയും മഞ്ഞണിഞ്ഞ പച്ചപ്പുല്‍മേടും; മുഖം മിനുക്കാന്‍ ചേര്‍മല

Chermala-Tourism
Image Source: chermalatourism- facebook page
SHARE

പേരാമ്പ്രയിലെ സര്‍ക്കാര്‍ സ്കൂളില്‍ പഠിച്ച എല്ലാവര്‍ക്കും ഒരു നൊസ്റ്റാള്‍ജിയ ഉറപ്പായും കാണും, അതിന്‍റെ പേരാണ് ചേര്‍മല. സ്കൂളിന് പിന്നിലായി ഉയര്‍ന്നുനില്‍ക്കുന്ന ഈ മലയിലേക്ക്, ടീച്ചര്‍മാര്‍ കാണാതെ ഒളിച്ചുപോയിരുന്ന യാത്രകളെക്കുറിച്ച് പണ്ട് ഇവിടെ പഠിച്ചിരുന്നവര്‍ വാചാലമായി സംസാരിക്കും. അന്ന് ഇവിടം കനത്ത കാടായിരുന്നു. ഇന്നാകട്ടെ, ഒഴിവുസമയങ്ങള്‍ ചിലവിടാനും റിലാക്സ് ചെയ്യാനുമായി ഒട്ടേറെ ആളുകള്‍ എത്തുന്ന ഒരു വിനോദസഞ്ചാര കേന്ദ്രമാണ് ഇവിടം.

കോഴിക്കോടിന്‍റെ ഹൃദയത്തില്‍ അധികമാരും കാണാതെ ഒളിഞ്ഞിരിക്കുന്ന മനോഹര ഇടങ്ങളില്‍ ഒന്നാണ് ചേര്‍മല. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ചേർമല, ഈ പ്രദേശത്തെ ഏറ്റവും ഉയരമേറിയ സ്ഥലമാണ്. പേരാമ്പ്ര പട്ടണത്തിന്റെ ഏറ്റവും മനോഹരമായ ആകാശക്കാഴ്ച ഇവിടെ നിന്നും കാണാം.

സായാഹ്നങ്ങളാണ് ചേര്‍മലയുടെ ഹൈലൈറ്റ്. ദൂരെ ചെന്തളിക പോലെ സൂര്യന്‍ മറയുന്നതും നോക്കി, പ്രിയപ്പെട്ടവര്‍ക്കൊപ്പം സല്ലപിച്ചിരിക്കാന്‍ ഒട്ടേറെപ്പേര്‍ ഇവിടെയെത്തുന്നു. കുന്നിൻ മുകളിലെ വിശാലമായ പുൽമൈതാനവും കാഴ്ചക്കാരുടെ മനം മയക്കും. പുലര്‍കാലങ്ങളില്‍ എത്തിയാല്‍ മഞ്ഞുപുതച്ചു കിടക്കുന്ന മലനിരകളുടെ കാഴ്ചയും കാണാം.

ശിലായുഗ അവശിഷ്ടങ്ങൾ കണ്ടെത്തിയ നരിമഞ്ചയെന്ന ചെങ്കൽ ഗുഹയും പ്രദേശത്തിന്റെ മാറ്റ് കൂട്ടുന്നു. കേരളത്തില്‍ തന്നെ ഏറ്റവും വലുപ്പമുള്ള പ്രകൃതിദത്ത ഗുഹകളില്‍  ഒന്നാണിത്. സൂര്യഗ്രഹണമുള്‍പ്പെടെ കാണാന്‍ സൗകര്യമുള്ള പ്രദേശമെന്ന നിലയില്‍ ആകാശനിരീക്ഷണത്തിനും ഒട്ടേറെപ്പേര്‍ എത്താറുണ്ട്. എന്നാല്‍ നിലവില്‍ ഇവിടെ സഞ്ചാരികള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒന്നുംതന്നെയില്ല.

പേരാമ്പ്രയില്‍ നിന്നും ഏകദേശം രണ്ടു കിലോമീറ്റര്‍ അകലെയാണ് ചേര്‍മല. കുന്നിന്‍മുകളിലേക്ക് കുറച്ചുദൂരം കാറില്‍ പോകാനാവും. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനായി വിശാലമായ ഇടമുണ്ട്. ഇതിനരികില്‍ ഒരു അമ്പലം കാണാം. പാര്‍ക്ക് ചെയ്യുന്നിടത്ത് നിന്നും ഇടത്തോട്ടു തിരിഞ്ഞു പോയാല്‍ നരിമഞ്ച ഗുഹയിലേക്കുള്ള വഴിയാണ്.

ചേര്‍മലയിലെ വിനോദസഞ്ചാരവികസനത്തിനായി  ടൂറിസം വകുപ്പിന്‍റെ ഫണ്ടുപയോഗിച്ച് നടപ്പാക്കുന്ന വിനോദസഞ്ചാര വികസനപ്രവൃത്തികള്‍ക്ക് തുടക്കമായി. ആദ്യഘട്ടമായി 3.72 കോടി രൂപ ചെലവഴിച്ച് നടപ്പാത, ഇരിപ്പിടങ്ങള്‍, ഓപ്പണ്‍ എയര്‍ തിയേറ്റര്‍ മുതലായവ ഒരുക്കും. പ്രധാനമായും ഗുഹയെ കേന്ദ്രീകരിച്ചായിരിക്കും ടൂറിസം പരിപാടികള്‍ നടപ്പിലാക്കുക. 2021 ഒക്ടോബറില്‍ത്തന്നെ പദ്ധതി നടപ്പാക്കാന്‍ 3.59 കോടി രൂപയുടെ ഭരണാനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായിരുന്നെങ്കിലും ഇപ്പോഴാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

പേരാമ്പ്രനഗരത്തില്‍ ഒഴിവുസമയം ചിലവിടാനായി മറ്റു പാര്‍ക്കുകളൊന്നും നിലവിലില്ല. ഈ സാഹചര്യത്തിലാണ് ചേര്‍മലയില്‍ ടൂറിസം പദ്ധതി നടപ്പാക്കാന്‍ ആലോചന തുടങ്ങിയത്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുക. ടൂറിസം കേന്ദ്രത്തില്‍ സമീപത്തെ സാംബവകോളനിയിലുള്ളവരുടെ പരമ്പരാഗത ഉല്‍പ്പന്നങ്ങള്‍ക്കായി വിപണനകേന്ദ്രമൊരുക്കാന്‍ ആലോചനയുണ്ട്. കൂടാതെ നാടന്‍ കലാപരിപാടികള്‍ അവതരിപ്പിച്ച് ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന കാര്യവും പരിഗണനയിലുണ്ട്.

English Summary: Chermala Village Tourism

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS