ഇടുക്കി ഒളിപ്പിച്ചുവച്ച മനോഹര കാഴ്ച; ആനയടിക്കുത്ത് വെള്ളച്ചാട്ടം!

anayadikuthu-waterfalls
Image source: Youtube
SHARE

എത്ര കണ്ടാലും തീരാത്ത ഒട്ടേറെ കാഴ്ചകള്‍ നിറഞ്ഞ ഇടമാണ് ഇടുക്കി. മൂന്നാറും മീശപ്പുലിമലയും നീലക്കുറിഞ്ഞി പൂക്കുന്ന മലനിരകളും മാത്രമല്ല, അധികമാര്‍ക്കും അറിയാത്ത ഒട്ടേറെ സുന്ദരമായ ഇടങ്ങള്‍ ഇടുക്കിയിലുണ്ട്. അങ്ങനെയുള്ള അതിമനോഹരമായ കാഴ്ചകളില്‍ ഒന്നാണ് ആനയടിക്കുത്ത് വെള്ളച്ചാട്ടം.

തൊടുപുഴയിൽ നിന്നും ഏകദേശം 20 കിലോമീറ്റർ അകലെയാണ് ആനയടിക്കുത്ത്. പ്രശസ്തമായ തൊമ്മൻകുത്ത് ഇക്കോടൂറിസം പോയിന്‍റിലേക്ക് പോകുന്ന വഴിയാണ് ഇതുള്ളത്. വഴിയില്‍ സൈന്‍ ബോര്‍ഡുകള്‍ ഒന്നും ഇല്ലാത്തതിനാല്‍ ഇവിടേക്ക് എത്താന്‍ കുറച്ച് കഷ്ടപ്പാടുണ്ട്. പ്രദേശവാസികളോട് വഴി ചോദിച്ചുചോദിച്ചു വേണം പോകാന്‍. 

തൊമ്മൻകുത്ത് ഇക്കോടൂറിസം പോയിന്റിലേക്ക് എത്തുന്നതിന് ഏതാനും കിലോമീറ്റർ മുമ്പ്, ഇടത്തോട്ട് തിരിഞ്ഞ് ഒരു ഓഫ് റോഡ് വഴി ചെങ്കുത്തായ കയറ്റം കേറി ചെന്ന് വേണം പാർക്കിങ് ഏരിയയിലേക്ക് എത്താൻ. പാർക്കിങ് ഫീസ്‌ നല്‍കി ഇവിടെ വാഹനം പാര്‍ക്ക് ചെയ്യാം. ഇവിടെനിന്നും ചെങ്കുത്തായ ഇറക്കമിറങ്ങി മുന്നോട്ടു നടക്കുമ്പോൾ ആനയടിക്കുത്ത് വെള്ളച്ചാട്ടം കാണാം. 

പേരു വന്നതിനു പിന്നില്‍

ആനയടിക്കുത്ത് വെള്ളച്ചാട്ടത്തിന് ഈ പേരു വന്നതിനു പിന്നില്‍ രസകരമായ ഒരു കഥയുണ്ട്. ഒരിക്കല്‍ രണ്ട് ആനകള്‍ തമ്മില്‍ അടിപിടി കൂടുകയായിരുന്നു. അതിനിടെ  ഒരാന കാല്‍വഴുതി ഇവിടെ വീണു ചെരിഞ്ഞുവത്രെ. ആന ചാടിയ സ്ഥലമായതിനാല്‍ ഈ വെള്ളച്ചാട്ടത്തെ അടുത്തുള്ള ആളുകള്‍ ആനച്ചാടികുത്ത് എന്നു വിളിച്ചു. പിന്നീട്, ആനയടിക്കുത്ത് എന്നും ഈ വെള്ളച്ചാട്ടത്തിന് പേരുവന്നു. മഴക്കാലത്താണ് വെള്ളച്ചാട്ടം ഏറ്റവും മനോഹരമാകുന്നത്. പേരില്‍ അല്‍പ്പം ഭീകരതയൊക്കെ ഉണ്ടെങ്കിലും പൊതുവേ സുരക്ഷിതമായ ഒരു വെള്ളച്ചാട്ടമാണിത്. വേണമെങ്കില്‍ സന്ദര്‍ശകര്‍ക്ക് ഇവിടെ ഇറങ്ങി കുളിക്കാം.

എത്തിച്ചേരാന്‍ 

ഇടുക്കി ജില്ലയിലെ പ്രധാനപ്പെട്ട ടൗണുകളില്‍ ഒന്നാണ് തൊടുപുഴ. തൊടുപുഴയില്‍ നിന്നും കരിമണ്ണൂര്‍ വഴി, തൊമ്മന്‍കുത്ത് ടൗണിലൂടെയാണ് ആനക്കുത്തിചാടി വെള്ളച്ചാട്ടത്തിലേക്കുള്ള വഴി. തൊമ്മന്‍കുത്ത് ടൗണില്‍ നിന്നും വണ്ണപ്പുറം റൂട്ടില്‍ ഒരുകിലോമീറ്റര്‍ അകലെയാണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.

English Summary: Anayadikuthu Waterfalls in Idukki 

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS