ADVERTISEMENT

മീന്‍പിടിപ്പാറ എന്നു കേട്ടാല്‍ മീന്‍ പിടിക്കാനോ മറ്റോ ഉള്ള സ്ഥലമാണെന്നാണ് കേള്‍ക്കുമ്പോള്‍ ആദ്യം തോന്നുക. എന്നാല്‍ ഒഴിവുസമയങ്ങള്‍ ചിലവിടാന്‍ പറ്റിയ മനോഹരമായൊരു പാര്‍ക്കാണിത്. കൊല്ലം ചെങ്കോട്ടായി റോഡിൽ, കൊട്ടാരക്കര പുലമൺ ജംക്‌ഷനിലാണ് മീൻപിടിപ്പാറ. ടൂറിസം വകുപ്പിന്‍റെ കീഴിലുള്ള ഈ സ്ഥലത്ത് രാവിലെയും വൈകുന്നേരത്തുമെല്ലാം ഒട്ടേറെ സഞ്ചാരികള്‍ എത്തുന്നു.

മീന്‍പിടിപ്പാറയിലെ പാറക്കെട്ടുകൾ നിറഞ്ഞ അരുവിയിലൂടെ ശാന്തമായി ഒഴുകുന്ന വെള്ളവും ചുറ്റും നിറയുന്ന പച്ചപ്പുമെല്ലാം ആരെയും ആകര്‍ഷിക്കും. സഞ്ചാരികള്‍ക്ക് വേണമെങ്കില്‍ വെള്ളത്തില്‍ ഇറങ്ങി കുളിക്കാം. അരികിലായി ചൂണ്ടയിൽ കൊരുത്ത വലിയ മത്സ്യത്തിന്‍റെ പ്രതിമ കാണാം. പുലമൺ തോടിനു കുറുകെയായി മറുകരയിലേക്ക്‌ ചെറിയ ഒരു പാലവും ഉണ്ട്. കൂടാതെ, കുട്ടികള്‍ക്ക് കളിക്കാനുള്ള പാർക്കും പൂന്തോട്ടവും ഇരിപ്പിടങ്ങളും അരക്കിലോമീറ്ററിലധികം നീളുന്ന മനോഹരമായ നടപ്പാതയുമെല്ലാം ഇവിടെയുണ്ട്.

മീൻപിടിപ്പാറയിലെ വെള്ളത്തിന് രോഗശാന്തി ഗുണങ്ങളുണ്ടെന്നും വിശ്വസിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ, അന്യജില്ലകളിൽ നിന്നുപോലും നിരവധി ആളുകൾ ഇവിടെ സ്ഥിരമായി എത്താറുണ്ട്. ഇവിടുത്തെ വെള്ളം ഔഷധ സ്നാനത്തിന് വളരെ നല്ലതാണെന്ന് ചില പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു. ചെങ്ങമനാട് കിഴക്കെത്തെരുവിലെ ഔഷധസസ്യങ്ങൾ നിറഞ്ഞ പ്രദേശങ്ങളിലൂടെ ഒഴുകിയ ശേഷമാണ് വെള്ളം ഇവിടെയെത്തുന്നത് എന്നതാണ് അവര്‍ ഇതിനു വിശദീകരണമായി പറയുന്നത്. 

ലഘുഭക്ഷണശാലയും വൃത്തിയുള്ള ടോയ്‌ലറ്റ് സൗകര്യവും ഇവിടെയുണ്ട്, എന്നാൽ ഇടുങ്ങിയ റോഡും പരിമിതമായ പാർക്കിംഗ് സ്ഥലവും യാത്രക്കാർക്ക് അല്‍പ്പം ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. അതിനാൽ കാറിലും മറ്റ് വലിയ വാഹനങ്ങളിലും വരുന്നവർക്ക് അരകിലോമീറ്റർ മുമ്പ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വാഹനം പാർക്ക് ചെയ്യുന്നത് കൂടുതൽ സൗകര്യപ്രദമാകും. 

രാവിലെ പത്തുമുതൽ വൈകിട്ട് ആറുവരെയാണ് പ്രവർത്തനസമയം. സെന്‍റ് ഗ്രിഗോറിയോസ് കോളേജിനു പിന്നിലാണ്‌ പാര്‍ക്ക്‌. കൊട്ടാരക്കരയിലെ ടൂറിസം മേഖലയ്‌ക്ക്‌ മീൻപിടിപ്പാറ വലിയ സാധ്യതകളാണ് നൽകുന്നത്. അഷ്ടമുടിക്കായൽ, മൺറോതുരുത്ത്, മുട്ടറ മരുതിമല, ജടായുപാറ, തെന്മല, അച്ചൻകോവിൽ എന്നിവയ്ക്കൊപ്പം മീൻപിടിപ്പാറയെ ബന്ധിപ്പിച്ച് ബയോ ഡൈവേഴ്സിറ്റി ടൂറിസം സർക്യൂട്ടും നിലവിലുണ്ട്.

English Summary: Meenpidi Paara Eco tourism in Kollam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com