ADVERTISEMENT

ഏകദേശം മൂന്നു പതിറ്റാണ്ടുകള്‍ക്ക് മുന്‍പാണ് ‘കിരീടം’ എന്ന സിനിമയുണ്ടായത്. അന്ന്, മോഹന്‍ലാല്‍ എന്ന നടന്‍ വെള്ളിത്തിരയ്ക്ക് സമ്മാനിച്ച മാന്ത്രികമുഹൂര്‍ത്തങ്ങള്‍ ഓരോ സിനിമാപ്രേമിയെയും ഇന്നും പുളകം കൊള്ളിച്ചുകൊണ്ടിരിക്കുന്നു. അതോടൊപ്പം തന്നെ പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലേക്ക് ഉയര്‍ന്ന മനോഹരമായൊരു കൊച്ചുപാലമുണ്ട് തിരുവനന്തപുരം ജില്ലയില്‍. സര്‍വോദയം പാലം എന്നാണ് പേരെങ്കിലും, കിരീടം പാലം എന്നാണ് ഇത് ഇപ്പോള്‍ അറിയപ്പെടുന്നത്. സിനിമയില്‍ മോഹന്‍ലാല്‍ ഇരുന്ന ഈ പാലം കാണാന്‍ ഒട്ടേറെ വിനോദസഞ്ചാരികള്‍ ഇന്നും എത്തുന്നു. കിരീടം പാലം പോലെ അതിശയകരമായ ഒട്ടേറെ കാഴ്ചകള്‍ ചുറ്റിനും കാത്തുവച്ചിരിക്കുന്ന ഇടമാണ് തിരുവനന്തപുരം ജില്ലയിലെ വെള്ളായണി കായൽ.

വെള്ളായണി കായലിന്‍റെ ഉത്ഭവത്തെക്കുറിച്ച് ഒരു ഐതിഹ്യമുണ്ട്. ഒരിക്കല്‍ ഒരു ഭിക്ഷക്കാരന്‍ ദാഹിച്ചുവലഞ്ഞു നടക്കുകയായിരുന്നു. അപ്പോള്‍ ധ്യാനിച്ചുകൊണ്ടിരിക്കുന്ന ഒരു സന്യാസിയെ അയാള്‍ കണ്ടു. ഭിക്ഷക്കാരന്‍ സന്യാസിക്കടുത്ത് ചെന്ന്, തനിക്കല്‍പ്പം വെള്ളം തരാന്‍ അപേക്ഷിച്ചു. സന്യാസി നോക്കുമ്പോള്‍ തന്‍റെ കമണ്ഡലുവില്‍ ഏതാനും തുള്ളി വെള്ളം മാത്രമേയുള്ളൂ. അദ്ദേഹം ഉടന്‍ തന്നെ ആ വെള്ളത്തുള്ളികള്‍ കയ്യിലെടുത്ത ശേഷം, ഒരു മന്ത്രം ജപിച്ച് അത് ഭൂമിയിലേക്ക് വീഴ്ത്തി. ഉടനെ അവിടെയൊരു തടാകം ഉണ്ടായിവരികയും അതാണ്‌ വെള്ളായണി കായല്‍ എന്നും ഐതിഹ്യം പറയുന്നു. അതെന്തായാലും, ഇന്നും ചുറ്റുമുള്ള പ്രദേശങ്ങളിലേക്കും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലേക്കുമെല്ലാമുള്ള കുടിവെള്ളം തടാകത്തില്‍ നിന്നാണ് എടുക്കുന്നത്. 

കോവളത്തിനു സമീപം കല്ലിയൂർ, വെങ്ങാനൂർ പഞ്ചായത്തുകളിലായാണ് വെള്ളായണി കായൽ വ്യാപിച്ചുകിടക്കുന്നത്. കേരളത്തിലെ രണ്ടാമത്തെ വലിയ ശുദ്ധജലതടാകമാണിത്. തമ്പാനൂരിലെ തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിൽ നിന്ന് ഏകദേശം 9 കിലോമീറ്റർ സഞ്ചരിച്ചാല്‍ കായലില്‍ എത്താം. കിഴക്കേക്കോട്ടയിലെ സിറ്റി ഡിപ്പോയിൽ നിന്നും ഇവിടേക്ക് ധാരാളം ബസുകൾ സർവീസ് നടത്തുന്നു. കോവളത്ത് നിന്ന് പൂങ്കുളം ജങ്ഷൻ വഴി ഇവിടേക്ക് ഏഴ് കിലോമീറ്റർ ദൂരമുണ്ട്. തടാകത്തിൽ എത്താൻ കോവളം ബീച്ചിൽ നിന്ന് ബോട്ട് സർവീസുമുണ്ട്.

തെങ്ങിന്‍തോപ്പുകളും സമൃദ്ധമായ സസ്യജാലങ്ങളുമെല്ലാം നിറഞ്ഞ പരിസരമാണ് കായലിന്‍റെ ഹൈലൈറ്റ്. നിലാവുള്ള രാത്രികളില്‍ സ്ഫടികം പോലെ തെളിഞ്ഞ വെള്ളത്തിന്‍റെ അടിത്തട്ടു കാണുന്നത് ഉന്മാദം പകരുന്ന കാഴ്ചയാണ്. തടാകത്തിന്‍റെ ഒരു വശം ‘കൊച്ചു കോവളം’ എന്നാണ് അറിയപ്പെടുന്നത്.

അവധിദിനങ്ങളില്‍ പിക്നിക്കിനായി ഒട്ടേറെ സഞ്ചാരികള്‍ ഇവിടെ എത്താറുണ്ട്. അസ്തമയസമയത്ത് തടാകം കൂടുതല്‍ സുന്ദരമാകും. തടാകത്തിന്‍റെ പലഭാഗങ്ങളിലും കണ്ണുകള്‍ക്ക് വിരുന്നൊരുക്കി താമരപ്പൂക്കള്‍ വിരിഞ്ഞുനില്‍ക്കുന്ന കാഴ്ചയും കാണാം. ഓണക്കാലത്ത് കായലില്‍ നടത്തുന്ന വള്ളംകളി വളരെ പ്രസിദ്ധമാണ്. 

കൂടാതെ ബോട്ടിങ്ങിനും പക്ഷി നിരീക്ഷണത്തിനുമെല്ലാം ഇവിടെ അവസരമുണ്ട്. സിട്രൈൻ വാഗ്‌ടെയിൽ, അമുർ ഫാൽക്കൺ, സ്‌പോട്ട് ബെല്ലിഡ് പെലിക്കൻ, യുറേഷ്യ കുക്കൂ, ഗ്രേഹെഡ്ഡ് ലാപ്‌വിങ് തുടങ്ങി നിരവധി അപൂർവ പക്ഷികളെ സീസണുകളിൽ ഇവിടെ കാണാൻ കഴിയും. വെള്ളായണി കാർഷിക കോളേജും കായലിനടുത്തായാണ്‌ സ്ഥിതി ചെയ്യുന്നത്.

English Summary: Vellayani Lakes in Thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com