ADVERTISEMENT

മഞ്ഞുകാലവും തണുപ്പുമെല്ലാം കഴിഞ്ഞു. മണ്‍സൂണ്‍ എത്തും വരെ പൊള്ളിവിയര്‍ക്കുന്ന പകലുകളുടെ കാലമാണ് ഇനി. എന്നാല്‍ കേരളത്തില്‍ ഉള്ളവര്‍ക്ക് എല്ലാക്കാലത്തും കോടമഞ്ഞും കുളിരുമെല്ലാം ആസ്വദിക്കാന്‍ പോകാവുന്ന ഒരിടമുണ്ട്, കാടും കഥകളും ആകാശംമുട്ടുന്ന മലനിരകളുമെല്ലാം കഥപറയുന്ന വയനാട്. ഇക്കുറി വയനാട്ടിലേക്ക് യാത്ര പോകുമ്പോള്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ചില ഇടങ്ങള്‍... 

സൂചിപ്പാറ വെള്ളച്ചാട്ടം

വയനാട്ടിലെ വെള്ളരിമലയിലാണ് സൂചിപ്പാറ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. സെന്‍റിനല്‍ റോക്ക് എന്നും ഇതിനെ വിളിക്കാറുണ്ട്. മൂന്നു തട്ടുള്ള മനോഹരമായ വെള്ളച്ചാട്ടത്തിനു ചുറ്റും ഇടതൂര്‍ന്ന ഇലപൊഴിയും നിത്യഹരിത വനങ്ങളാണ്. മേപ്പാടിയിൽ നിന്ന് വെള്ളച്ചാട്ടത്തിലേക്ക് ഡ്രൈവ് ചെയ്തു പോകുമ്പോള്‍ വയനാട്ടിലെ തേയിലത്തോട്ടങ്ങളുടെ മനോഹരമായ കാഴ്ചകൾ ആസ്വദിക്കാം. 200 മീറ്റർ ഉയരമുള്ള വെള്ളച്ചാട്ടത്തിനരികില്‍ കുളിക്കാനും നീന്താനുമെല്ലാം പറ്റും. അരികിലായി ഒട്ടേറെ പാറക്കെട്ടുകളും  കാണാം.

695058580
Soochipara Waterfalls-Gibson Thomas/shutterstock

കാന്തന്‍പാറ വെള്ളച്ചാട്ടം

വയനാട്ടില്‍ അധികം ബഹളമൊന്നും ഇല്ലാത്ത ഒരിടത്ത് പോയി, പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ട് അല്‍പ്പനേരം കാട്ടിനുള്ളില്‍ ഇരിക്കണം എന്ന് എപ്പോഴെങ്കിലും ആഗ്രഹം ഉണ്ടായിട്ടുണ്ടോ? എങ്കില്‍ തീര്‍ച്ചയായും പോകേണ്ട ഒരിടമാണ് കാന്തന്‍പാറ വെള്ളച്ചാട്ടം. കല്‍പ്പറ്റയിലാണ് ഈ കാഴ്ച ഉള്ളത്. സൂചിപ്പാറ വെള്ളച്ചാട്ടത്തിൽ നിന്നും നോക്കിയാൽ, ദൂരെ ഒരു വെള്ളിനൂലുപോലെ കാന്തപ്പാറ വെള്ളച്ചാട്ടം കാണാം. ഇടതൂര്‍ന്ന പച്ചപ്പിനുള്ളില്‍ നിന്നും തുള്ളിത്തെറിച്ച് പാല്‍നുര പോലെ ഒഴുകിവരുന്ന ജലപാതം നയനമനോഹരമായ കാഴ്ചയാണ്.  രാവിലെ ഒന്‍പതു മുതല്‍ വൈകീട്ട് അഞ്ചുമണി വരെ ഇവിടേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനമുണ്ട്.

തിരുനെല്ലി ക്ഷേത്രം

തിരുനെല്ലി ക്ഷേത്രത്തെക്കുറിച്ച് കേള്‍ക്കാത്ത മലയാളികള്‍ ഉണ്ടാവില്ല. ബലിയിടാനായി മിക്കവാറും ആളുകള്‍ പോകുന്ന ഈ വിഷ്ണുക്ഷേത്രം വളരെയധികം പ്രശസ്തമാണ്. കർണാടക അതിർത്തിയിൽ, ബ്രഹ്മഗിരി മലനിരകളിലെ കമ്പമല, കരിമല, വരഡിഗ മലകൾ എന്നിവയാൽ ചുറ്റപ്പെട്ട് കിടക്കുന്ന ക്ഷേത്രത്തില്‍, ഒട്ടേറെ വിനോദസഞ്ചാരികളും എത്താറുണ്ട്. 30 കരിങ്കൽ തൂണുകളാൽ താങ്ങി നിറുത്തിയിരിക്കുന്ന തിരുനെല്ലി ക്ഷേത്രം ഒരു വാസ്തുവിദ്യാ വിസ്മയമാണ്. ക്ഷേത്രത്തിനരികിലെ പാപനാശിനി നദിയില്‍ മുങ്ങി നിവര്‍ന്നാല്‍ പാപങ്ങള്‍ തീരും എന്നൊരു വിശ്വാസമുണ്ട്‌. 

വയനാട് വന്യജീവി സംരക്ഷണ കേന്ദ്രത്തിനു നടുക്കാണ് തിരുനെല്ലി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇതിന് വടക്കുകിഴക്കായി കർണാടകത്തിലെ നാഗർഹോളെ, ബന്ദിപ്പൂർ എന്നീ വന്യജീവി സംരക്ഷണ കേന്ദ്രങ്ങളും തെക്കു കിഴക്കായി തമിഴ്‌നാട്ടിലെ മുതുമലയും സ്ഥിതിചെയ്യുന്നു. വളരെ ജൈവ വൈവിധ്യം ഉള്ള ഈ വന്യജീവി സംരക്ഷണ കേന്ദ്രം നീലഗിരി ബയോ റിസർവിന്‍റെ ഒരു പ്രധാന ഭാ‍ഗം ആണ്. സാഹസിക മലകയറ്റക്കാർക്ക് പ്രിയങ്കരമായ പക്ഷിപാതാളം ഇവിടെ നിന്നും 7 കിലോമീറ്റർ അകലെയാണ്.

1428740435
Ajinkya Kolhe/shutterstock

നീലിമല വ്യൂപോയിന്‍റ്

വയനാട്ടിലെ ഉയർന്ന പ്രദേശമായ തെക്കന്‍ മേഖലയിലാണ് നീലിമല. ഇരുവശത്തുമായി പൂത്തുലഞ്ഞ കാപ്പിത്തോട്ടങ്ങളുടെ മനംമയക്കുന്ന സുഗന്ധവും പശ്ചിമ ഘട്ടമലനിരകളുടെ ഭംഗിയും മൂടല്‍ മഞ്ഞ് പൊതിയുന്ന പാറക്കെട്ടുകളുടെ കാഴ്ചയുമെല്ലാം ആസ്വദിച്ച് കയറിപ്പോയാല്‍ നീലിമല വ്യൂപോയിന്‍റിലെത്തും. മീൻമുട്ടി വെള്ളച്ചാട്ടത്തിന്‍റെ അതിശയകരമായ കാഴ്ചയാണ് നീലിമല വ്യൂപോയിന്‍റിന്‍റെ ഹൈലൈറ്റ്. ചുറ്റുമുള്ള തണുത്ത കാടും ശാന്തമായ അന്തരീക്ഷവും, മര്‍മ്മരംകൊള്ളുന്ന ഇലച്ചാര്‍ത്തുകള്‍ക്കിടയിൽ നിന്നും ഉയരുന്ന പക്ഷികളുടെ ശബ്ദവുമെല്ലാം ചേര്‍ന്ന് സ്വര്‍ഗ്ഗീയമായ അനുഭവമാണ് ഈയിടം സഞ്ചാരികള്‍ക്ക് നല്‍കുന്നത്. നീലിമലയ്ക്ക് ചുറ്റുമുള്ള കോടമഞ്ഞു പുതച്ച കാട്ടുപാതകളിലൂടെ ട്രെക്കിംഗ് നടത്തുന്നത് ഇവിടുത്തെ ജനപ്രിയമാണ്.

 പുളിയാർമല ജൈനക്ഷേത്രം

തീർത്ഥങ്കരനായിരുന്ന അനന്തനാഥ സ്വാമിക്ക് സമർപ്പിക്കപ്പെട്ടതാണ് പുളിയാർമല ജൈനക്ഷേത്രം. ഈ ക്ഷേത്രം അനന്തനാഥ് സ്വാമി ക്ഷേത്രം എന്നും അറിയപ്പെടുന്നു. കൽപ്പറ്റയിൽ നിന്ന് 6 കിലോമീറ്റർ ആണ് പുളിയാർമല ജൈന ക്ഷേത്രത്തിലേക്കുള്ള ദൂരം.

പതിമൂന്നാം നൂറ്റാണ്ടിലെ ജൈന വാസ്തുവിദ്യയുടെ വൈദഗ്ധ്യം വിളിച്ചോതുന്ന കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണിത്. ടിപ്പു സുൽത്താൻ പണ്ടുകാലത്ത് ഇവിടെ വെടിമരുന്ന് സൂക്ഷിച്ചിരുന്നത്രേ, അതിനാല്‍ ഇത് "ടിപ്പു കോട്ട" എന്നും അറിയപ്പെടുന്നു. ദ്രാവിഡ ശൈലിയിലുള്ള ചിത്രകലയുടെ സ്വാധീനം ക്ഷേത്രത്തിലാകെ കാണാം. ക്ഷേത്രത്തിന്‍റെ വാതിലുകളിലും സ്തൂപങ്ങളിലും മനോഹരമായ കൊത്തുപണികളും കാണാം. 

1726169647
explorewithinfo/shutterstock

വൈത്തിരി

നീലഗിരി മലനിരകളുടെ കുളിരില്‍ മുങ്ങി, ഇടതൂർന്ന മഴക്കാടുകൾക്കിടയില്‍ സ്ഥിതിചെയ്യുന്ന ഒരു കൊച്ചു പട്ടണവും ഹില്‍സ്റ്റേഷനുമാണ് വൈത്തിരി. വയനാടിന്‍റെ കവാടമെന്നും വൈത്തിരിയെ വിളിക്കാറുണ്ട്. വര്‍ഷം മുഴുവനുമുള്ള മനോഹരമായ കാലാവസ്ഥയും ഹരിതാഭമായ ഭൂപ്രദേശവും വൈത്തിരിയെ സഞ്ചാരികളുടെ പ്രിയപ്പെറ്റ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നു. 

പ്രശസ്തമായ ചങ്ങലമരം വൈത്തിരി താലൂക്കിലെ ലക്കിടിയിലാണ് സ്ഥിതി ചെയ്യുന്നത്. വൈത്തിരിയില്‍ നിന്ന് 8 കി. മീ. അകലെയാണ് കര്‍ലാട് തടാകം. ബോട്ടിങ്ങിനും ചൂണ്ടയിടലിനും ഹൈക്കിങ്ങിനുമെല്ലാം ഇവിടെ സൗകര്യമുണ്ട്. വൈത്തിരിയില്‍ നിന്നു മൂന്നു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പ്രശസ്തമായ പൂക്കോട് തടാകത്തില്‍ എത്താം. കയാക്കിങ്, വഞ്ചി തുഴയല്‍, പെഡല്‍ ബോട്ടിംഗ്, ശുദ്ധജല അക്വേറിയം, കുട്ടികളുടെ പാര്‍ക്ക് തുടങ്ങി ഒട്ടേറെ വിനോദാനുഭവങ്ങള്‍  ഇവിടെയുമുണ്ട്.

369456119
Rajesh Narayanan/shutterstock

എടക്കൽ ഗുഹകൾ

ബിസി 5000 മുതലുള്ള കൊത്തുപണികൾ പ്രദർശിപ്പിച്ച എടക്കൽ ഗുഹകൾ, വയനാട്ടിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ്. സമുദ്രനിരപ്പിൽ നിന്നും ഏതാണ്ട് 4000 അടി ഉയരത്തിലുള്ള അമ്പുകുത്തിമലയുടെ മുകളിലാണ് ഗുഹ. കേരളത്തിൽ ലഭിച്ചിട്ടുള്ള ഏറ്റവും പഴക്കം ചെന്ന ലിഖിതങ്ങൾ ഇവിടെയാണ്‌ ഉള്ളത്. വയനാട്ടിലേക്ക് യാത്ര പോകുന്ന ഒരു വിനോദസഞ്ചാരിയും ഒരിക്കലും വിട്ടുപോകരുതാത്ത ഇടമാണ് ഇത്.

വന്യത തുളുമ്പി മുത്തങ്ങ

സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് മൈസൂരിലേക്ക് പോകുന്ന വഴിയിലാണ് കേരളത്തിലെ രണ്ടാമത്തെ വലിയ വന്യജീവി സംരക്ഷണകേന്ദ്രമായ മുത്തങ്ങ സ്ഥിതിചെയ്യുന്നത്. ഇലപൊഴിയും മരങ്ങളും നിത്യഹരിത വനമേഖലയും ഉള്‍പ്പെടുന്ന ഈ പ്രദേശം പശ്ചിമഘട്ടത്തിന്‍റെ ജൈവസമൃദ്ധിയുടെ മകുടോദാഹരണമാണ്. കര്‍ണ്ണാടകയിലെ നാഗര്‍ഹോളെ, ബന്ദിപ്പൂര്‍ തുടങ്ങിയ ദേശീയോദ്യാനങ്ങളെ തമിഴ്നാട്ടിലെ മുതുമലൈ ദേശീയോദ്യാനവുമായി ബന്ധിപ്പിക്കുന്നത് മുത്തങ്ങയാണ്. ഒരു ദിവസത്തെ യാത്ര പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ ഇടമാണ് മുത്തങ്ങ വനം. സഞ്ചാരികൾക്ക് ജീപ്പ് സഫാരിയും ഒറുക്കിട്ടുണ്ട്. വനംവകുപ്പിന്‍റെ നേതൃത്വത്തിലാണ് ഇവിടെ ജീപ്പ് സഫാരി കൂടെ ഗൈഡും കാണും. രാവിലെയും വൈകീട്ടുമാണ് സഞ്ചാരികള്‍ക്ക് കാട്ടിലൂടെ ജീപ്പ് സഫാരി നടത്താനാവുക.

ചെമ്പ്രപീക്ക്

ഹൃദയഹാരിയായ ചെമ്പ്രമുടി ഒറ്റനോട്ടത്തിൽ ആരെയും ആകർഷണവലയത്തിലാക്കും. കൽപ്പറ്റയിലെ മേൽപ്പാടിയിൽ നിന്ന് ഇവിടേ‌ക്ക് ‌വളരെ എളുപ്പത്തിൽ എത്തിച്ചേരാം. പച്ചപുതച്ച പുൽമേടുകളും ജലസമൃദ്ധമായ ഹൃദയതടാകവും തേടി സഞ്ചാരികളുടെ ഒഴുക്കാണ് ഇവിടേക്ക്. വയനാടന്‍ സൗന്ദര്യത്തിന്റെ മുഖ്യആകര്‍ഷകങ്ങളിലൊന്നാണ് ചെമ്പ്രപീക്ക്. ചെറുസസ്യങ്ങളും കാട്ടുപൂക്കളും അടങ്ങുന്ന സംരക്ഷിത ജൈവമേഖലയാണ് സമദ്രനിരപ്പില്‍ നിന്നും 6900 അടി ഉയരത്തിലുള്ള ചെമ്പ്ര. മഴക്കാലത്താണ് ഇവിടെ കൂടുതല്‍ മനോഹരമാകുന്നത്.

chembra-peak

ബാണാസുര സാഗർ മല

ചെമ്പ്ര കഴിഞ്ഞാൽ കേരളത്തിലെ വയനാട് ജില്ലയിലെ ഏറ്റവും വലിയ രണ്ടാമത്തെ പർവതമാണ് ബാണാസുരമല. സമുദ്ര നിരപ്പിൽ നിന്ന് 6732 അടി ഉയരം. ചെങ്കുത്തായ മലനിരകളാണ് ഇവിടുത്തെ ആകർഷണം. ബാണാസുരമല കാവൽ നിൽക്കുന്ന അണക്കെട്ടിലൂടെയുള്ള  യാത്ര എപ്പോൾ നടത്തിയാലും  പുതുമ നിറഞ്ഞതുമാണ്. കൽപറ്റയിൽനിന്ന് 20 കിലോമീറ്റർ സ‍ഞ്ചാരിച്ചാൽ പടിഞ്ഞാറത്തറയെത്തും അവിടെ നിന്ന് അൽപദൂരം പോയാൽ ഡാമായി. ഇൗ സുന്ദരകാഴ്ച തേടി നിരവധി സഞ്ചാരികള്‍ എത്തിച്ചേരാറുണ്ട്.

കുറുവ ദ്വീപ്

വയനാട്ടില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്ന ഇടമാണ് കബനിയുടെ മാറില്‍ ചിതറിക്കിടക്കുന്ന കുറുവ ദ്വീപ്. മാനന്തവാടി നിന്നും മൈസൂര്‍ പോകുന്ന വഴിയിലാണ് സഹ്യന്‍റെ ചുവട്ടിലായി ഈ പച്ച പുതച്ച ദ്വീപ്‌. 950 എക്കറോളം വിസ്തൃതിയില്‍ കബനി നദിയില്‍ ചിതറിക്കിടക്കുന്ന നൂറ്റിയമ്പതോളം ചെറു ദ്വീപുകള്‍ ആണ് കുറുവ ദ്വീപുകള്‍ എന്നറിയപ്പെടുന്നത്. കല്പറ്റയില്‍ നിന്ന് 40 കിലോ മീറ്ററും ബത്തേരിയില്‍ നിന്ന് 34 കിലോമീറ്ററും മാനന്തവാടിയില്‍ നിന്ന് 17 കിലോമീറ്ററുമാണ് ഇങ്ങോട്ടേക്കുള്ള ദൂരം. 

English Summary: Best Places to Visit in Wayanad 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com