നാട്ടു തനിമയും മിത്തും ചരിത്രവുമെല്ലാം കൂടിക്കലര്‍ന്നു കിടക്കുന്ന തനി നാടന്‍ പ്രദേശങ്ങളുണ്ട് ഓരോ നാട്ടിലും. അത്തരമൊരു പ്രദേശമാണ് കോട്ടയത്തെ അയ്യംപാറ. നിരനിരയായി കിടക്കുന്ന പാറകളും മേഘങ്ങളും പച്ചപ്പു നിറഞ്ഞ വിദൂര ദൃശ്യങ്ങളുമെല്ലാം ചേര്‍ന്ന് അയ്യംപാറയെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റുന്നുണ്ട്.
ഈരാറ്റുപേട്ട- മുട്ടം റോഡില്‍ കോട്ടയത്തു നിന്നും 48 കിലോമീറ്റര്‍ ദൂരെയാണ് അയ്യംപാറ സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പില്‍ നിന്നും രണ്ടായിരം അടി മുകളില്‍ 20 ഏക്കറോളം വിസ്തൃതിയില്‍ പരന്നു കിടക്കുന്നു ഈ പാറക്കൂട്ടം. മഹാഭാരതത്തിലെ പാണ്ഡവരുമായി ബന്ധപ്പെട്ടുള്ളതാണ് അയ്യംപാറയുടെ ഒരു കഥ. വനവാസക്കാലത്ത് പാണ്ഡവര്‍ അഞ്ചുപേരും ഇവിടെ കഴിഞ്ഞിരുന്നുവെന്നും 'അഞ്ചു പാറ' എന്ന എന്ന പേരില്‍ നിന്നാണ് അയ്യംപാറക്ക് ഈ പേര് ലഭിച്ചതെന്നുമാണ് ഒരു കഥ.
അതേസമയം പ്രദേശത്തെ അയ്യപാറ ക്ഷേത്രത്തില്‍ നിന്നാണ് ഈ പാറക്ക് ഇങ്ങനെയൊരു പേരു ലഭിച്ചതെന്നും വ്യഖ്യാനമുണ്ട്. അയ്യപാറ ക്ഷേത്രത്തിന്റെ നാലു തൂണുകള്‍ ഒരു പരന്ന പാറയെ താങ്ങി നിര്‍ത്തിയാണ് മേല്‍ക്കൂരയായിരിക്കുന്നത്. അയ്യംപാറയുടെ ഒരു ഭാഗത്ത് പതിനഞ്ചോളം പേരെ ഉള്‍ക്കൊള്ളാന്‍ തക്ക വലുപ്പമുള്ള ഒരു ഗുഹയുമുണ്ട്.
സൂര്യാസ്തമയ കാഴ്ചയാണ് മനോഹരം
അയ്യംപാറയിലെ സൂര്യാസ്തമയ കാഴ്ചയാണ് ഏറ്റവും മനോഹരം. ഇതു കാണാന്‍ വേണ്ടിയാണ് സഞ്ചാരികളില്‍ കൂടുതല്‍ പേരും ഇവിടേക്കെത്തുന്നതും. കുളിര്‍കാറ്റേറ്റുകൊണ്ട് നേരിയ ചൂടുള്ള പാറമേല്‍ ഇരുന്നുകൊണ്ട് അങ്ങകലെ കടലില്‍ സൂര്യന്‍ അസ്തമിക്കുന്നത് മനസിനും ശരീരത്തിനും ഉണര്‍വേകുന്ന ഒരു അനുഭവമായിരിക്കും. അയ്യംപാറക്ക് മുകളിലെത്തിയാല്‍ ഈരാറ്റുപേട്ട, പാല തുടങ്ങിയ സമീപ പട്ടണങ്ങളുടെ ഭാഗങ്ങളും വളഞ്ഞുപുളഞ്ഞൊഴുകുന്ന മീനച്ചിലാറും കാണാനാകും.
ഭൂമിക്ക് 'അരപ്പട്ട' കെട്ടിയതുപോലുള്ള ഈ പാറക്കൂട്ടം സാഹസിക യാത്രികരുടെ പ്രിയ കേന്ദ്രങ്ങളിലൊന്നാണ്. മേഖലയിലെ ട്രെക്കിങ് സാധ്യതകളാണ് സാഹസികരെ ആകര്‍ഷിക്കുന്നത്. പല തരത്തിലുള്ള ട്രക്കിംങുകള്‍ ഇവിടെയുണ്ട്. പാറക്കൂട്ടമായതിനാല്‍ തന്നെ നട്ടുച്ചക്കുള്ള യാത്രയും ചൂടുകൂടുതലുള്ള സമയത്തെ യാത്രയും ഒഴിവാക്കുന്നതാണ് നല്ലത്. ആവശ്യത്തിന് ഭക്ഷണവും വെള്ളവും കൂടെ കരുതുന്നതും അയ്യംപാറ യാത്രയുടെ ക്ഷീണമകറ്റാന്‍ സഹായിക്കും.
ഈരാറ്റുപേട്ടയില്‍ നിന്നും കെ.എസ്.ആര്‍.ടി.സിയില്‍ അയ്യംപാറയിലേക്കെത്താം. ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ 48 കിലോമീറ്റര്‍ അകലെയുള്ള കോട്ടയം റെയില്‍വേ സ്‌റ്റേഷനാണ്. 88 കിലോമീറ്റര്‍ അകലെയുള്ള നെടുമ്പാശേരിയാണ് അടുത്തുള്ള വിമാനത്താവളം.
English Summary: Ayyampara Hills in Kottayam