മലയാളികളല്ല, ഇവിടെ എത്തുന്നവരിൽ കൂടുതലും മറ്റു സംസ്ഥാനക്കാർ; അതിമനോഹരയിടം

kanwatheertha-beach
Image Source: Kerala Tourism official site
SHARE

കേരളത്തിലെ പല മനോഹര ബീച്ചുകളും വടക്കന്‍ കേരളത്തിലുണ്ട്. ഇതിലൊന്നാണ് കാസര്‍കോടുള്ള കന്‍വതീര്‍ഥ ബീച്ച്. കിലോമീറ്ററുകള്‍ നീണ്ട കടപ്പുറവും വിശാലമായി കടലില്‍ കുളിക്കാനും നീന്താനുമുള്ള സൗകര്യവുമെല്ലാം കുടുംബങ്ങളെ വലിയ തോതില്‍ ഇവിടേക്ക് ആകര്‍ഷിക്കുന്നു. കേരള-കര്‍ണാടക അതിര്‍ത്തിയോടു ചേര്‍ന്നുള്ള ഈ മനോഹര കടപ്പുറത്തേക്ക് മലയാളികളേക്കാള്‍ കര്‍ണാടകയില്‍ നിന്നുള്ളവരാണ് എത്തുന്നത്. 

കടലിന് നടുവില്‍ വിശാലമായ തിരകളൊഴിഞ്ഞ ഒരു വലിയ കുളം പോലെയാണെന്നതാണ് കന്‍വതീര്‍ഥയുടെ പ്രധാന പ്രത്യേകത. ഈ മേഖലയില്‍ കടലിലുള്ള പവിഴപ്പുറ്റുകളാണ് ഇങ്ങനെയൊരു ശാന്തമായ കടലിനെ സമ്മാനിച്ചിരിക്കുന്നത്. കടല്‍ ശാന്തമാണെന്നതുകൊണ്ടുതന്നെ വലിയ അപകട സാധ്യതകളൊന്നുമില്ലാതെ വിശാലമായി കുളിക്കാനും ഇവിടെ സാധിക്കും. ബീച്ചിന്റേയും കടലിന്റേയും മനോഹാരിതയും കാറ്റാടി കാടുകളുമെല്ലാം ചേര്‍ന്ന് ഇവിടുത്ത സായാഹ്നങ്ങളെ അതീവസുന്ദരമാക്കുന്നു. 

മഞ്ചേശ്വരത്തു നിന്നും നാലു കിലോമീറ്ററില്‍ താഴെ മാത്രം ദൂരമേയുള്ളൂ കന്‍വതീര്‍ഥ ബീച്ചിലേക്ക്. കേരളത്തിലെ അടുത്തുള്ള വിമാനത്താവളം കരിപ്പൂരാണ്. ഇവിടേക്ക് 234 കിലോമീറ്ററുണ്ട്. എന്നാല്‍ അയല്‍ സംസ്ഥാനമായ കര്‍ണാടകയിലെ മംഗളൂരു വിമാനത്താവളം 27 കിലോമീറ്റര്‍ മാത്രം അകലെയാണ്. മുപ്പത് കിലോമീറ്റര്‍ ദൂരത്തുള്ള കാസര്‍കോട് റെയില്‍വേസ്‌റ്റേഷനാണ് ഏറ്റവും അടുത്തുള്ളത്. 

പൊതുവേ സമ ശീതോഷ്ണ കാലാവസ്ഥയാണെങ്കിലും മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള വേനലില്‍ ചൂട് 36 ഡിഗ്രി വരെയൊക്കെ എത്താറുണ്ട്. എങ്കിലും വേനലവധിക്കാലത്ത് വൈകുന്നേരങ്ങളിലാണ് കന്‍വതീര്‍ഥയിലേക്ക് തിരക്ക് കൂടാറ്. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള മണ്‍സൂണ്‍ കാലത്ത് വലിയ തോതില്‍ മഴ ലഭിക്കാറുണ്ട്. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ നീളുന്നതാണ് മഞ്ഞുകാലം. ഈ സമയത്ത് 20 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില താഴാറുണ്ട്. ഈ ബീച്ച് സന്ദര്‍ശിക്കാന്‍ കാലാവസ്ഥയുടെ കാര്യത്തില്‍ ഏറ്റവും അനുയോജ്യമായ മാസങ്ങള്‍ ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയാണ്. 

വേനല്‍കാലത്താണ് കന്‍വതീര്‍ഥ ബീച്ചിലേക്ക് യാത്ര തിരിക്കുന്നതെങ്കില്‍ ഒരു കാര്യം മനസില്‍ വേണം. തെയ്യത്തിന്റെ നാടു കൂടിയാണ് കേരളത്തിന്റെ വടക്കേയറ്റത്തെ ഈ പ്രദേശങ്ങള്‍. അതുകൊണ്ടുതന്നെ ഏതെങ്കിലും തെയ്യം പ്രദേശത്ത് നടക്കുന്നുണ്ടോ എന്ന് അന്വേഷിച്ചറിയാന്‍ ശ്രമിക്കുക. പ്രസിദ്ധമായ വിനോദസഞ്ചാര കേന്ദ്രമായ ബേക്കല്‍ കോട്ട ഇവിടെ നിന്നും 16 കിലോമീറ്റര്‍ മാത്രം ദൂരെയാണ്. തെയ്യവും ബേക്കല്‍ കോട്ടയുമെല്ലാം കന്‍വതീര്‍ഥ ബീച്ചിലേക്കുള്ള യാത്രയിലെ അധിക സാധ്യതകളാണ്.

English Summary: Kanwatheertha Beach near Manjeswaram in Kasaragod

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS