കെട്ടുവള്ളത്തിനും കായലിനും പേരുകേട്ട കുമരകത്ത് നടക്കുന്ന ജി 20 സമ്മേളനത്തിന്റെ ഭാഗമായുള്ള രണ്ടാമത് ഷെര്‍പ ടോക് നടക്കുന്നത് ആഡംബര ഹൗസ് ബോട്ടില്‍. സ്‌പൈസ് റൂട്ട്‌സിന്റെ ടാമറിന്‍ഡ് എന്ന ഹൗസ് ബോട്ടാണ് ജി 20 പ്രതിനിധികളുടെ ചര്‍ച്ചകള്‍ക്ക് വേദിയാവുന്നത്. രണ്ട് മണിക്കൂറോളം ഹൗസ് ബോട്ടിൽ വേമ്പനാട്ടു കായലില്‍ യാത്ര ചെയ്തുകൊണ്ട് ഏറെ പ്രസിദ്ധമായ കുമരകത്തെ അസ്തമയ കാഴ്ചകള്‍ ആസ്വദിച്ചാകും ഷെര്‍പ ടോക്ക് നടക്കുക.

പൂര്‍ണമായും ശീതീകരിച്ച അഞ്ച് ബെഡ് റൂമുകളാണ് ടാമറിന്‍ഡിലുള്ളത്. ഈ ബെഡ് റൂമുകളില്‍ ജി 20യിലെ രാജ്യങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ക്കുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഓരോ ബെഡ്‌റൂമിലും ആറ് - ഏഴ് പേര്‍ക്ക് ഇരുന്നു ചര്‍ച്ചകള്‍ നടത്താം. വൈകീട്ട് നാല് മുതല്‍ ആറര വരെയാണ് വേമ്പനാട്ടു കായലില്‍ ജി 20 പ്രതിനിധികളുമായി കായല്‍ യാത്ര നടക്കുക. കുമരകത്തെ കായല്‍ കാഴ്ചകളും അസ്തമയവും ആസ്വദിച്ചുകൊണ്ട് മുപ്പതോളം പേര്‍ക്ക് ഇരുന്ന് ചര്‍ച്ച ചെയ്യാനുള്ള സൗകര്യമാണ് ടാമറിന്‍ഡിന്റെ മുകള്‍ നിലയിലുള്ളത്.

ജി 20 ഷെര്‍പകളുടെ രണ്ടാം സമ്മേളനമാണ് കുമരകത്ത് നടക്കുന്നത്. ജി 20യിലെ അംഗങ്ങളുടെ രാഷ്ട്രതലവന്മാരുടെ പ്രതിനിധിയായി ഉന്നത സംഘത്തെ നയിക്കുന്നയാളെയാണ് ഷെര്‍പയെന്ന് വിശേഷിപ്പിക്കുന്നത്. ഇന്ത്യയുടെ ജി 20 ഷെര്‍പയായ അമിതാഭ് കാന്താണ് കുമരകത്തെ സമ്മേളനത്തിന്റെ അധ്യക്ഷന്‍. ജി 20 അംഗരാജ്യങ്ങള്‍ക്ക് പുറമേ പ്രത്യേക രാജ്യങ്ങള്‍, യു.എന്‍ ഉള്‍പ്പെടെ രാജ്യാന്തര സംഘടനകള്‍ എന്നിവയില്‍ നിന്നായി 120 പ്രതിനിധികളാണ് ഏപ്രില്‍ രണ്ട് വരെയുള്ള സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. കെ.ടി.ഡി.സിയുടെ ഉടമസ്ഥതയിലുള്ള കുമരകം വാട്ടര്‍ സ്‌കേപ് റിസോര്‍ട്ടാണ് മുഖ്യ വേദി. റിസോര്‍ട്ടുകളില്‍ നിന്നും അതിഥികള്‍ക്കുവേണ്ടി ജി 20 സമ്മേളന വേദികളിലേക്കെത്താനായി ഹൗസ് ബോട്ടുകളടക്കം ഏഴോളം ബോട്ടുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.

ഹൗസ് ബോട്ടുകളുടെ സുരക്ഷാ പരിശോധന പൊലീസും മറ്റു സുരക്ഷാ ഉദ്യോഗസ്ഥരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നും സ്‌പൈസ് റൂട്ട്‌സ് മാനേജിംങ് പാട്‌നര്‍ ജോബിന്‍ മനോരമ ഓണ്‍ലൈനോട് പറഞ്ഞു. ജി 20 പ്രതിനിധികള്‍ക്ക് ഹൗസ് ബോട്ടുകളില്‍ കേരള തനിമയുള്ള തനി നാടന്‍ ലഘുഭക്ഷണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കോവിഡിന് ശേഷം കുമരകത്തിന് രാജ്യാന്തര തലത്തില്‍ തന്നെ ശ്രദ്ധ ലഭിക്കാന്‍ ജി 20 സമ്മേളനം സഹായിക്കുമെന്ന പ്രതീക്ഷയും ജോബിന്‍ പങ്കുവച്ചു.

കഴിഞ്ഞ വര്‍ഷം 1.88 കോടി ആഭ്യന്തര സഞ്ചാരികള്‍ കുമരകം സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ രാജ്യാന്തര യാത്രക്കാരുടെ കാര്യത്തില്‍ റെക്കോഡ് 2019ലായിരുന്നു. അക്കൊല്ലം 11 ലക്ഷം വിദേശ സഞ്ചാരികളാണ് കുമരകത്ത് എത്തിയത്. കോവിഡിന് ശേഷം ഉണര്‍ന്നു വരുന്ന കുമരകത്തെ വിനോദ സഞ്ചാര മേഖലക്ക് പുത്തനുണര്‍വായിരിക്കും ജി 20യെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കുമരകത്തെ പോലെ വര്‍ക്കല, ബേപ്പൂര്‍, മുഴുപ്പിലങ്ങാട്, കാസര്‍കോട്, മൂന്നാര്‍ എന്നിങ്ങനെ കേരളത്തിലെ പല സ്ഥലങ്ങളേയും വളര്‍ത്താന്‍ പദ്ധതിയുണ്ടെന്ന് കേരള ടൂറിസം ഡയറക്ടര്‍ പി.ബി നൂഹ് പറഞ്ഞിരുന്നു.

കോട്ടയം പട്ടണത്തില്‍ നിന്നും പതിനാല് കിലോമീറ്റര്‍ ദൂരെയുള്ള ചെറു ഗ്രാമമായ കുമരകത്തിന്റെ പ്രസിദ്ധി പ്രധാനമന്ത്രിയായിരുന്ന വാജ്‌പേയി 2000 ഡിസംബര്‍ 26ന് സന്ദര്‍ശിച്ചതോടെയാണ് കുത്തനെ ഉയരുന്നത്. ആദ്യകാലത്ത് പത്തില്‍ താഴെ വഞ്ചിവീടുകളായിരുന്നു കുമരകത്ത് ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് 110ലേറെ വഞ്ചിവീടുകള്‍ ഇവിടെയുണ്ട്. ഇപ്പോള്‍ നടക്കുന്ന ജി 20 സമ്മേളനവും കുമരകത്തിന്റെ വിനോദ സഞ്ചാര മേഖലക്കുള്ള പുത്തന്‍ ഉണര്‍വാകും.
പ്രശസ്തര്‍ക്ക് പ്രിയപ്പെട്ട സ്‌പൈസ് റൂട്ട്‌സ്
പഞ്ച നക്ഷത്ര സൗകര്യങ്ങളോടെയുള്ള ഹൗസ് ബോട്ടുമായി 2008ലാണ് സ്‌പൈസ് റൂട്ട്‌സ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഒരു ബെഡ്‌റൂം മുതല്‍ അഞ്ച് ബെഡ്‌റൂം വരെ സൗകര്യമുള്ള ആറ് ഹൗസ് ബോട്ടുകള്‍ സ്‌പൈസ് റൂട്ട്‌സിനുണ്ട്. 40,000 രൂപ മുതല്‍ 70,000 രൂപ വരെയാണ് ഹൗസ് ബോട്ടുകളുടെ നിരക്കുകള്‍. അഞ്ച് ബെഡ്‌റൂമും കോണ്‍ഫെറന്‍സ് ഹാളുമുള്ള സ്‌പൈസ് റൂട്ട്‌സിന്റെ ഏറ്റവും വലിയ ഹൗസ് ബോട്ടാണ് ടാമറിന്‍ഡ്. നെതര്‍ലാന്‍ഡ്‌സ് രാജാവും രാജ്ഞിയും വന്നപ്പോഴും ടാമറിന്‍ഡില്‍ തന്നെയായിരുന്നു കായല്‍ കാണാനിറങ്ങിയത്.
ബഹ്‌റിന്‍ ഉപപ്രധാനമന്ത്രി ഖാലിദ് ബിന്‍ അബ്ദുള്ള അല്‍ ഖലീഫയും കുമരകത്ത് കായല്‍ കാഴ്ച്ചകള്‍ കാണാനിറങ്ങിയത് സ്‌പൈസ് റൂട്ട്‌സിന്റെ ആഢംബര ഹൗസ് ബോട്ടുകളിലായിരുന്നു. സിനിമാ താരങ്ങളായ ജോണ്‍ എബ്രഹാം, രജനീ കാന്ത്, മമ്മൂട്ടി, അമല പോള്‍, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, രാഷ്ട്രീയ നേതാക്കളായ ഉദ്ധവ് താക്കറെ, ഷീല ദീക്ഷിത്, ഫുട്‌ബോള്‍ താരം ഇയാന്‍ ഹ്യൂം തുടങ്ങി നിരവധി പ്രശസ്തര്‍ സ്‌പൈസ് റൂട്ട്‌സിന്റെ ആതിഥ്യം ആസ്വദിക്കാനെത്തിയിട്ടുണ്ട്.
English Summary: Kumarakom G20 Sherpas will be taken on house boat