ADVERTISEMENT

ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തേയിലത്തോട്ടമുള്ള ഇടമാണ് കൊളുക്കുമല. മൂന്നാറിൽ നിന്ന് 38 കിലോമീറ്റർ തെക്കുകിഴക്കായി, തമിഴ്നാട്ടിലെ തേനിയില്‍ സ്ഥിതിചെയ്യുന്ന ഈ സുന്ദരഭൂമി, കാലങ്ങളായി സഞ്ചാരികളുടെ പറുദീസയാണ്. സമുദ്രനിരപ്പിൽ നിന്നും 8000 അടിയോളം ഉയരത്തില്‍, മഞ്ഞും മേഘമാലകളും കഥപറയുന്ന ഈ സ്വര്‍ഗകവാടത്തിലേക്ക് പോകാനുള്ള ഏറ്റവും എളുപ്പവും ചെലവു കുറഞ്ഞതുമായ ഒരു വഴിയുണ്ട്, അത് ഒരുക്കുന്നതാകട്ടെ നമ്മുടെ സ്വന്തം കെഎസ്ആർടിസിയാണ്. മനോഹരമായ കാഴ്ചകള്‍ കണ്ടാസ്വദിച്ചുകൊണ്ട് കൊളുക്കുമലയിലേക്ക് ആനവണ്ടിയില്‍ പോയിവരാം.

 

കൊച്ചിയില്‍ നിന്ന് ഉള്ളവര്‍ക്ക് വളരെ എളുപ്പം യാത്ര ചെയ്യാനാകും. എല്ലാ ദിവസവും ഉച്ചയ്ക്ക് 12.40ന് എറണാകുളം കെഎസ്ആർടിസി ഡിപ്പോയിൽ നിന്നുമാണ് ബസ് ആരംഭിക്കുന്നത്. പെരുമ്പാവൂർ-കോതമംഗലം-കല്ലാർ-മൂന്നാർ-ദേവികുളം വഴി സൂര്യനെല്ലിയിലേക്ക് സര്‍വീസ് നടത്തുന്ന ബസാണിത്. എറണാകുളത്തു നിന്നും സൂര്യനെല്ലിക്ക് ഒരാൾക്ക് വെറും 195 രൂപയാണ് ടിക്കറ്റ് നിരക്ക്. വൈകുന്നേരം ഏഴുമണിയോടെ ബസ് സൂര്യനെല്ലിയിലെത്തും.

Kolukkumalai

സൂര്യനെല്ലിയില്‍ എത്തിയാല്‍ രാത്രി ഇവിടെ ചിലവഴിക്കാം. സഞ്ചാരികള്‍ക്കുള്ള താമസസൗകര്യങ്ങള്‍ ഇവിടെ ലഭ്യമാണ്. അടുത്തുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രയും ഭക്ഷണവും മറ്റും ഉള്‍പ്പെടെയുള്ള പാക്കേജുകളും കുറഞ്ഞ നിരക്കില്‍ ഇവിടെ ലഭിക്കും.

 

 

പുലർച്ചെ എണീറ്റാല്‍ ആദ്യം ചെയ്യേണ്ടത് സൂര്യോദയം കാണാന്‍ കൊളുക്കുമലയിലേക്കുള്ള യാത്രയാണ്. സൂര്യനെല്ലിയിൽ നിന്നു ജീപ്പിലാണ് കൊളുക്കുമലയിലേക്കുള്ള യാത്ര. പാറക്കെട്ടുകളും കല്ലും നിറഞ്ഞ, വളഞ്ഞുപുളഞ്ഞ വഴിയിലൂടെ ജീപ്പ് കയറിപ്പോകുന്നതനുസരിച്ച് വെളിച്ചം തെളിഞ്ഞുവരും. കോടമഞ്ഞിനിടയിലൂടെ പച്ചപ്പും താഴ്വാരങ്ങളും ദൃശ്യമായി വരുമ്പോള്‍ ഉള്ളില്‍ കുളിരു നിറയും. കൊളുക്കുമലയിലെ സൂര്യോദയം കാണാന്‍ സ്വദേശികളും വിദേശികളും ഉൾപ്പെടെ ലക്ഷക്കണക്കിനു സഞ്ചാരികളാണ് എത്തുന്നത്. സൂര്യോദയം ആദ്യംമുതല്‍ കണ്ടാസ്വദിക്കണം എന്നുള്ളവര്‍ക്ക് മലമുകളില്‍ ടെന്‍റ് കെട്ടി താമസിക്കാനാവും. താമസക്കാര്‍ക്കായി ക്യാംപ് ഫയർ, ലൈവ് മ്യൂസിക്, സിപ് ലൈൻ, ബാർബിക്യു തുടങ്ങിയവയും ഇവിടെ ഉണ്ടാകാറുണ്ട്. പുലിപ്പാറയുടെ പിന്നിലാണു സൂര്യോദയം കാണാൻ നിൽക്കുന്നതെങ്കിൽ പുലിയുടെ വായിൽ നിന്നു വെട്ടം വരുന്ന മനോഹരകാഴ്ച കാണാം. 

 

 

75 വർഷത്തിലേറെ പഴക്കമുള്ള തേയില ഫാക്ടറിയാണ് കൊളുക്കുമലയിലെ പ്രധാനപ്പെട്ട മറ്റൊരു കാഴ്ച. ലോകത്തിലെതന്നെ ഏറ്റവും നല്ല ചായപ്പൊടികളിൽ ഒന്നാണ് കൊളുക്കുമലയില്‍ കിട്ടുന്നത്. ഇംഗ്ലണ്ടിൽനിന്ന് കൊണ്ടു വന്ന യന്ത്രങ്ങൾ ഉപയോഗിച്ച് പരമ്പരാഗതമായ രീതിയിൽ തേയില കൊളുന്തുകൾ സംസ്കരിക്കുന്ന ടീ ഫാക്ടറിയുടെ ഇപ്പോഴത്തെ ഉടമസ്ഥർ കോട്ടഗുഡി പ്ലാന്റേഷൻ ആണ്.മീശപ്പുലിമല, തിപ്പാടമല, തേനി, കമ്പം തുടങ്ങിയ പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ കൊളുക്കുമലയുടെ പ്രാന്തപദേശത്താണ് സ്ഥിതിചെയ്യുന്നത്. കൂടാതെ, ദേവികുളം, ചിന്നാർ വന്യജീവി സങ്കേതം, മൂന്നാർ, തേക്കടി, മുതലായവയും അധികം ദൂരെയല്ല. തിരിച്ച് സൂര്യനെല്ലിയിൽ നിന്ന് ഉച്ചയ്ക്ക് 1.10 ന് മൂന്നാറിലേക്ക് കെഎസ്ആർടിസി ബസുണ്ട്. മൂന്നാറിൽ നിന്നും കുറഞ്ഞ എറണാകുളത്തേയ്ക്ക് എല്ലാസമയത്തും ബസുകൾ ലഭ്യമാണ്.

English Summary: Ksrtc Budget Trip to Kolukkumalai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com