ADVERTISEMENT

മധ്യവേനലവധിക്കാലം ഉല്ലാസയാത്രകളുടെ കൂടി കാലമാണ്. സ്കൂൾ അടച്ചു. ഈസ്റ്റർ, വിഷു എന്നിങ്ങനെ ആഘോഷദിനങ്ങൾ വരുന്നു. വീട്ടിലിരുന്നു ബോറടിക്കാതെ ഒരുദിവസം എല്ലാവർക്കും കൂടിയൊരു യാത്ര പോയാലോ? സഞ്ചാരികളുടെ വലിയ തിരക്കില്ലാത്ത, എന്നാൽ കാഴ്ചകൾ ഒട്ടും കുറവല്ലാത്ത മനോഹര സ്ഥലങ്ങളിലേക്ക്. ജില്ലയിൽ അധികം ആർക്കുമറിയാത്ത അത്തരം ചില സ്ഥലങ്ങളിലൂടെ...

കാഴ്ചകൾക്കു ഗ്യാപ്പില്ല, ഈ 20 കിലോമീറ്ററിൽ...!

കൊച്ചി - ധനുഷ്കോടി ദേശീയപാതയിലെ മൂന്നാർ മുതൽ ബോഡിമെട്ട് വരെയുള്ള റോഡിന്റെ പണികൾ പൂർത്തിയായതോടെ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായിരിക്കുകയാണ് മൂന്നാർ മുതൽ പെരിയകനാൽ വരെയുള്ള ഭാഗം. പച്ചപ്പട്ട് വിരിച്ചതു പോലെയുള്ള തേയിലച്ചെടികൾക്കിടയിലൂടെ വളഞ്ഞും തിരിഞ്ഞും പോകുന്ന റോഡിലൂടെ ഒരു ഡ്രൈവ്. 

kerala-trip

മൂന്നാറിന്റെ തിരക്കിൽ നിന്നു മാറി മഞ്ഞുമൂടിയ ഗ്യാപ് റോഡ് വഴിയുള്ള ഒരു മണിക്കൂർ യാത്ര വേറിട്ട അനുഭവമായിരിക്കും. അവധിക്കാലത്ത് കുടുംബസമേതം പോകുന്നതിന് ഏറ്റവും അനുയോജ്യമായതും തണുപ്പു നിറഞ്ഞതുമായ സ്ഥലമാണ് മൂന്നാർ മുതൽ പെരിയകനാൽ വരെയുള്ള 20 കിലോമീറ്റർ ദൂരം. മൂന്നാറിലെത്തുന്ന സഞ്ചാരികൾക്ക് ഏറ്റവും വേഗം സന്ദർശിക്കാവുന്നതും ചെലവ് കുറഞ്ഞതുമായ ഒരിടം കൂടിയാണിത്.

കുന്നോളമുണ്ട് കന്നിക്കല്ലിലെ കാഴ്ചകൾ

എണ്ണിയാൽ തീരാത്ത മലനിരകൾ, അവയ്ക്കിടയിൽ ഒഴുകി നടക്കുന്ന മേഘക്കൂട്ടങ്ങൾ, പച്ചപ്പരവതാനി വിരിച്ച താഴ്‌വര... ചെറിയ മഴയ്ക്കു ശേഷമാണെങ്കിൽ ഇവിടത്തെ കാഴ്ചകൾ വർണനാതീതം. അയ്യപ്പൻകോവിൽ പഞ്ചായത്തിലെ പുല്ലുമേടിനു സമീപമുള്ള കന്നിക്കല്ല് മേഖലയിലാണ് ഈ സുന്ദര കാഴ്ച സമ്മാനിക്കുന്ന സ്ഥലം. ഇവിടത്തെ സായാഹ്ന കാഴ്ചയാണ് ഏറെ മനോഹരം. 

kerala-trip3
ആമപ്പാറയിൽ മഞ്ഞുമൂടിയപ്പോൾ

കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന മലനിരകളും മേഘക്കൂട്ടങ്ങളുമെല്ലാമാണ് ആകർഷണം. ഇതിനു സമീപം അഗാധമായ കൊക്ക ഉണ്ടെന്നതു ഭീഷണിയാണെങ്കിലും ഇവിടത്തെ സൗന്ദര്യം ആസ്വദിക്കാൻ ഒട്ടേറെപ്പേരാണ് എത്തുന്നത്.

എത്താനുള്ള വഴി

കൊച്ചി - തേക്കടി സംസ്ഥാനപാതയുടെ ഭാഗമായ മേരികുളത്തു നിന്ന് കുമളി റൂട്ടിൽ യാത്ര ചെയ്യുമ്പോൾ കന്നിക്കല്ലിനു സമീപത്തു നിന്ന് കോൺക്രീറ്റ് റോഡിലേക്ക് തിരിഞ്ഞ് ഏകദേശം 100 മീറ്ററോളം കുത്തനെയുള്ള കയറ്റം കയറിയാൽ ഈ ഭാഗത്തെത്താം.

kerala-trip4

അദ്ഭുതമാണ് ആമപ്പാറ 

ആമപ്പാറ പാറയിടുക്കിലെ ഇടുങ്ങിയ നടപ്പാതകൾ ആരെയും അമ്പരപ്പിക്കും. ഒരാൾക്കു മാത്രം കഷ്ടിച്ച് പോകാൻ കഴിയുന്ന നടപ്പാതയാണ് ശ്രദ്ധയാകർഷിക്കുന്നത്. നടന്നുപോയ ശേഷം പാറയിടുക്കിലൂടെ ഇഴഞ്ഞുവേണം മറുവശത്തെത്താൻ. ഇരുവശവും പടുകൂറ്റൻ പാറയാണ്. പാറയിടുക്കിലൂടെ സഞ്ചരിച്ചു മറുവശത്തെത്തിയാൽ പ്രകൃതിഭംഗി ആസ്വദിക്കാം. സാഹസിക വിനോദസഞ്ചാരികളെ ആകർഷിക്കാനായി, നെടുങ്കണ്ടം പഞ്ചായത്ത് 11-ാം വാർഡ് അംഗം വിജിമോൾ വിജയന്റെ നേതൃത്വത്തിൽ ആമപ്പാറ മലനിരകൾക്കു ചുറ്റും സ്റ്റീൽ കൊണ്ടുള്ള വേലി സ്ഥാപിച്ചു സുരക്ഷയൊരുക്കിയിട്ടുണ്ട്. രണ്ടേകാൽ കോടി രൂപയുടെ ടൂറിസം പദ്ധതികളുടെ ഭാഗമായാണു വേലി നിർമിച്ചത്. കേരള - തമിഴ്നാട് അതിർത്തിയായ ഇവിടെ സന്ദർശകരുടെ എണ്ണം ഓരോ വർഷവും വർധിക്കുന്നുണ്ട്. ഇവിടേക്ക് ഓഫ് റോഡ് ജീപ്പ് സവാരിയുമുണ്ട്. 

kerala-trip5
സ്വർഗംമേട്

എത്താനുള്ള വഴി

തൂക്കുപാലം – രാമക്കൽമേട് റോഡിലൂടെ സഞ്ചരിച്ച് കോമ്പമുക്കിലെത്തിയ ശേഷം ഇടത്തേക്കുള്ള റോഡിൽ ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ ആമപ്പാറ മലനിരകളിൽ എത്താം.

സ്വപ്നം പോലെ സ്വർഗംമേട്

സേനാപതി പഞ്ചായത്തിലെ ആരെയും ആകർഷിക്കുന്ന വിനോദസഞ്ചാര കേന്ദ്രമാണ് സ്വർഗംമേട്. രാമക്കൽമേട് മുതൽ ദേവികുളം ഗ്യാപ് റോഡ് വരെയുള്ള വിശാല ദൃശ്യമാണ് സ്വർഗംമേട്ടിൽ നിന്നുള്ള കാഴ്ചകൾ. ട്രക്കിങ് ഇഷ്ടപ്പെടുന്ന സഞ്ചാരികൾക്ക് സ്വർഗംമേട് യാത്ര ഏറെ ആസ്വാദ്യകരമാകും.

kerala-trip2

എത്താനുള്ള വഴി

ചെമ്മണ്ണാർ – രാജാക്കാട് റോഡിലെ മാങ്ങാത്തൊട്ടി, അറയ്ക്കക്കവല, ഒട്ടാത്തി എന്നിവിടങ്ങളിൽ നിന്നും സേനാപതി – വട്ടപ്പാറ റോഡിലെ അഞ്ചുമുക്കിൽ നിന്നും സ്വർഗംമേട്ടിലേക്ക് പോകാൻ വഴികളുണ്ട്. 

െട്രക്കിങ്ങിനു പോകാൻ പൊട്ടൻപടിമല 

അവധിക്കാലത്ത് ട്രക്കിങ്ങിനു പോകാൻ പറ്റിയ പ്രദേശമാണ് മൂലമറ്റം ടൗണിന്റെ കിഴക്കുഭാഗത്തായി കാണുന്ന പൊട്ടൻപടിമല. സമുദ്രനിരപ്പിൽ നിന്നു 3100 അടി ഉയരത്തിലുള്ള ഇവിടെ നിന്നാൽ വാഗമൺ മുതൽ കൊച്ചി വരെയുള്ള പ്രദേശത്തിന്റെ വിദൂര, സുന്ദര ദൃശ്യങ്ങൾ കാണാം. ഒട്ടേറെ വെള്ളച്ചാട്ടങ്ങളും മലങ്കര ജലാശയത്തിന്റെ കാഴ്ചയും ഏറെ ഹൃദ്യമാണ്. വീശിയടിക്കുന്ന കുളിർക്കാറ്റും ആസ്വദിച്ചുമടങ്ങാം. ഇവിടെയുള്ള ബോട്ട് പാറയിൽ കയറി ഫോട്ടോ എടുക്കാൻ ഒട്ടേറെ ആളുകളാണ് ദിവസവും പൊട്ടൻപടി മലയുടെ മുകളിൽ എത്തുന്നത്. 

എത്താനുള്ള വഴി

കുളമാവിനു സമീപം ഗ്രീൻബെർഗ് റിസോർട്ടിലേക്കുള്ള വഴിയിൽ നിന്നു തിരിഞ്ഞാണ് പൊട്ടൻപടി മലയിലെത്താൻ കഴിയുന്നത്. ഓഫ് റോഡ് വാഹനങ്ങളിൽ പോയാൽ മലയുടെ 100 മീറ്റർ അടുത്തുവരെ വാഹനം എത്തും. ഇരുചക്രവാഹനത്തിൽ പോയാൽ ഒരു കിലോമീറ്ററോളം നടക്കണം.

English Summary: Explore Hidden Tourist Places in Kerala 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com