ADVERTISEMENT

‘സ്വർഗ്ഗം താണിറങ്ങി വന്നതോ

സ്വപ്നം പീലി നീർത്തി നിന്നതോ

ഈശ്വരന്റെ സൃഷ്ടിയിൽ അഴകെഴുന്നതത്രയും  

ഇവിടെയൊന്നു ചേർന്നലിഞ്ഞതോ’

 

idukki-devikulam-gap-road
മൂന്നാർ ഗ്യാപ് റോഡ്

ദേവരാജൻ മാഷിന്റെ ഈ മനോഹര സംഗീതത്തിലേക്ക് യേശുദാസിന്റെ സ്വരവും കൂടി കലരുമ്പോൾ കിട്ടുന്നൊരു ഫീൽ ഉണ്ട്. ആ സുഖം ആസ്വദിക്കാത്ത മലയാളികൾ വിരളമാകും. എത്ര കേട്ടാലും മതിവരാത്ത, കേൾക്കുന്തോറും ഇമ്പമേറുന്ന ഈ പാട്ടിനോട് ഉപമിക്കാം മൂന്നാറിലെ പുതിയ ഗ്യാപ് റോഡിലെ കാഴ്ചകളെ. 

മൂന്നാർ ടൗണിൽനിന്ന് തേയിലത്തോട്ടങ്ങൾ കണ്ടുകണ്ട്...

Gap-Road-View
ഗ്രേറ്റ് എസ്കേപ്സ് റിസോർട്ടിൽ നിന്നുള്ള വ്യൂ

മാട്ടുപ്പെട്ടിയും ഹിൽ സ്റ്റേഷനും ഇക്കോപോയിന്റും മറയൂരും കാന്തല്ലൂരും വട്ടവടയും വെള്ളച്ചാട്ടങ്ങളും തേയിലത്തോട്ടങ്ങളുമെല്ലാം കാണാൻ പ്ലാൻ ചെയ്താണ് എല്ലാവരും മൂന്നാർ യാത്ര പ്ലാൻ ചെയ്യാറുള്ളത്. സ്ഥിരം മൂന്നാറിൽ പോകുന്നവരെപ്പോലും ഈ കാഴ്ചകൾ ഒട്ടും മടുപ്പിക്കില്ല. ഇത്തരം കാഴ്ചകളിൽ ഒരിക്കലും ഒഴിവാക്കാൻ പാടില്ലാത്ത ഇടമായി മാറുകയാണ് മൂന്നാർ ഗ്യാപ് റോഡ്. മൂന്നാർ ടൗണിൽനിന്ന് ദേവികുളം റൂട്ട് പിടിച്ച് ചിന്നക്കനാൽ കടക്കുമ്പോൾ തുടങ്ങും ഗ്യാപ് റോ‍‍ഡിലെ കാഴ്ചകളുടെ പകൽപൂരം.

‘മലയെടുത്തു മടിയിൽ വച്ച മേഘങ്ങൾ’

Grate-Escape-Night
ചിത്രം – ഗ്രേറ്റ് എസ്കേപ്

മൂന്നാർ ‍ടൗണിൽനിന്ന് 13 കിലോമീറ്റർ തേയിലത്തോട്ടങ്ങളുടെയും താഴ്‌വരകളുടെയും പ്രകൃതിരമണീയമായ കാഴ്ചകൾ കണ്ട് മുന്നോട്ടു പോകുമ്പോൾ വളഞ്ഞുപുളഞ്ഞ് കണ്ണാടി പോലെയുള്ള മനോഹരമായ റോഡിലേക്ക് എത്തും. ഇവിടെ തുടങ്ങുകയാണ് ഗ്യാപ് റോഡ് എന്നു പേരായ, എന്നാൽ കാഴ്ചകൾക്ക് ഒരു ഗ്യാപ്പും കൊടുക്കാത്ത അതിസുന്ദരയിടം. മുകളിൽ പറഞ്ഞ ഗാനത്തിന്റെ ഈരടികളിൽ പറയുന്നതു പോലെ ‘മലയെടുത്തു മടിയിൽ വച്ച മേഘങ്ങൾ’ ആണ് ഇവിടുത്തെ മുഖ്യ കാഴ്ച. മേഘശകലങ്ങളുടെ പശ്ചാത്തലത്തിൽ മുട്ടുകാട് പാടശേഖരത്തിന്റെ വിദൂര ദൃശ്യം ഗ്യാപ് റോഡിൽനിന്നു കാണാം. ഇവിടെയെത്തുമ്പോൾ മേഘശകലങ്ങളുടെ മുകളിലൂടെയാണു യാത്ര ചെയ്യുന്നത് എന്നു തോന്നിയാലും തെറ്റില്ല.

തേയിലത്തോട്ടങ്ങളെ തഴുകിയ തടാകം

Gap-road3
ഗ്യാപ് റോഡിൽ നിന്നുള്ള കാഴ്ച

ഗ്യാപ് റോഡിലൂടെ കുറേ മുന്നിലേക്കു പോകുമ്പോൾ പെരിയകനാൽ വെള്ളച്ചാട്ടം കാണാം. പവർഹൗസ് വെള്ളച്ചാട്ടം എന്നു കൂടി അറിയപ്പെടുന്ന, സോഷ്യൽമീഡിയയിൽ വൈറലായ ദൂധ് സാഗർ വെള്ളച്ചാട്ടത്തെ അനുസ്മരിപ്പിക്കുന്ന ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്ത് ചിത്രങ്ങളൊക്കെയെടുത്ത് ആസ്വദിച്ച് മുന്നോട്ടു പോകാം. വളരെ ദൂരെ നിന്നു തന്നെ ആനയിറങ്കൽ ജലാശയം കാണാം. തേയിലത്തോട്ടങ്ങൾക്കു നടുവിലായി സ്ഥിതിചെയ്യുന്ന ആനയിറങ്കലിന്റെ ഭംഗി ഉറപ്പായും കാണണം. സഞ്ചാരികളുടെ ഇഷ്ടയിടങ്ങളായ പൂപ്പാറ, ശാന്തൻപാറ, സൂര്യനെല്ലി എന്നീ സ്ഥലങ്ങളിലേക്കും ഇതുവഴി തന്നെ പോകാനാകും.

 

Grate-escapes2
ചിത്രം – ഗ്രേറ്റ് എസ്കേപ്

തിരക്കുകളിൽനിന്ന് ‘ഗ്രേറ്റ് എസ്കേപ്’

Grate-escapes4

മൂന്നാറിന്റെ വിവിധ ഭാഗങ്ങളിൽ പലപ്പോഴും താമസിച്ചിട്ടുള്ളവരാണ് നമ്മളെല്ലാം. എങ്കിലും ഗ്യാപ് റോഡിലെ പ്രകൃതിയോട് ഇണങ്ങിയ ഇടങ്ങളിലെ താമസം ഒരു വ്യത്യസ്ത അനുഭവമാണ്. ഞങ്ങൾ തിരഞ്ഞെടുത്തത് ചിന്നക്കനാൽ അവസാനിക്കുന്നിടത്ത്, ഗ്യാപ് റോഡിന്റെ തുടക്കത്തിലുള്ള റിസോർട്ടാണ് – ‘ഗ്രേറ്റ് എസ്കേപ്’. പേര് സൂചിപ്പിക്കുന്നത് പോലെ എല്ലാ തിരക്കുകളിൽനിന്നും ടെൻഷനുകളിൽനിന്നും ‘രക്ഷപ്പെടാനുള്ള’ സുഖസുന്ദരയിടം. കുത്തനെയുള്ള റോഡ് ചെന്നിറങ്ങുന്നത് ഫാമിലി കോട്ടേജുകളും, ട്രീഹൗസുകളും നിറയെ പൂക്കളുമുള്ള മലഞ്ചെരുവിലെ ഹരിതാഭ നിറഞ്ഞ താമസയിടത്തിലേക്കാണ്.

 

ഗ്യാപ് റോഡിലെ കാഴ്ചകളുടെ മിനി വേർഷൻ ഗ്രേറ്റ് എസ്കേപ് എന്ന റിസോർട്ടിൽനിന്ന് ആസ്വദിക്കാം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഫോൺ നെറ്റ്‌വർക്കുകളിൽ നിന്നു കൂടി കുറച്ച് ‘എസ്കേപ്’ തരുന്നയിടമായത് കൊണ്ട്, പൂർണമായും കുടുംബത്തിന് വേണ്ടിയോ സഹയാത്രികർക്ക് വേണ്ടിയോ സമയം ചെലവഴിക്കാൻ കഴിയുമെന്നത് ഒരു പോസിറ്റീവ് കാര്യമായെടുക്കാം. ക്യാംപ് ഫയർ, ഡിജെ, രുചികരമായ ഭക്ഷണം, ചെറിയ ട്രക്കിങ് സ്പെയ്സുകൾ, ഊഞ്ഞാലുകൾ ഉൾപ്പെടെ നിരവധി വിനോദപരിപാടികൾ തുടങ്ങിയ സൗകര്യങ്ങൾ ഇവിടെയുണ്ട്. മലഞ്ചെരുവിലൂടെ കനത്ത മൂടൽ മഞ്ഞ് തഴുകിയെത്തുമ്പോൾ റിസോർട്ടിന്റെ ഭംഗി പതിൻമടങ്ങ് കൂടും. ഈ കുന്നിൻചെരുവിലെങ്ങനെ ഇങ്ങനെയൊരു താമസസ്ഥലമുണ്ടാക്കിയെന്ന് കരുതി അദ്ഭുതപ്പെടുന്നവരാണ് ഇവിടെ വരുന്നവരിലധികവും. കൂടുതൽ വിവരങ്ങൾക്ക്– 9447006724

 

മറ്റൊരു റൂട്ട് കൂടി

മിക്കവരും മൂന്നാറിലേക്കു പോകുന്നത് അടിമാലി, പള്ളിവാസൽ വഴിയാണ്. എന്നാൽ ഇതിലും മനോഹരമാണ് അടിമാലിയിൽനിന്നു രാജകുമാരി, പൂപ്പാറ വഴിയുള്ള മൂന്നാർ യാത്ര. മൂന്നാർ ഗ്യാപ് റോ‍ഡ് വന്നതോടെ ഈ വഴി പോരുന്നവർ ഏറെയാണ്. ഈ റൂട്ട് കുറച്ച് ദൂരം കൂടുതലാണെങ്കിലും ഒരു സഞ്ചാരിയെ സംബന്ധിച്ച് ഒരിക്കലും ലഭിക്കാത്ത നവ്യാനുഭവം ലഭിക്കുന്ന റൂട്ടാണിത്. മൂന്നാർ പോകുന്നവർ തീർച്ചയായും ഒരിക്കലെങ്കിലും പരീക്ഷിക്കേണ്ട റോഡ് യാത്ര.

 

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com