ADVERTISEMENT

പച്ചപ്പണിഞ്ഞ പര്‍വതവനങ്ങള്‍ക്കിടയിലൂടെ മുട്ടിയുരുമ്മി വരുന്ന പാല്‍മഞ്ഞും കുളിരും ഹൃദയഹാരിയായ കാഴ്ചകളുമെല്ലാം നിറഞ്ഞ സ്വപ്നഭൂമിയാണ്‌ കാന്തല്ലൂര്‍. സ്വര്‍ഗത്തിന്‍റെ ഒരു തുണ്ട് വീണ പോലെ സുന്ദരമായ ഈ ഭൂപ്രദേശം എല്ലാക്കാലത്തും ഒട്ടേറെ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ആപ്പിളും ഓറഞ്ചും സ്ട്രോബറിയും കാബേജുമെല്ലാം വിളഞ്ഞുകിടക്കുന്ന തോട്ടങ്ങളും സുന്ദരമായ കാലാവസ്ഥയുമെല്ലാം കാന്തല്ലൂരിന്‍റെ മുഖമുദ്രകളാണ്.

 

സഞ്ചാരികള്‍ക്ക് വര്‍ഷംമുഴുവനും സന്ദര്‍ശിക്കാവുന്ന ഇടമാണ് കാന്തല്ലൂര്‍. ഈ വിഷുക്കാലത്ത് അവധി ആഘോഷമയമാക്കാന്‍ കാന്തല്ലൂര്‍ ഒരുങ്ങി. കാന്തല്ലൂര്‍ പഞ്ചായത്തും കേരള പഞ്ചായത്ത് വാര്‍ത്ത ചാനലും ഹോം സ്റ്റേ ആന്‍ഡ് റിസോര്‍ട്ട് അസോസിയേഷനും ഡ്രൈവേഴ്‌സ് യൂണിയനും സംയുക്തമായി, ഈ മാസം  14 മുതല്‍ 29 വരെ കാന്തല്ലൂരില്‍ സഞ്ചാരികള്‍ക്കായി ടൂറിസം ഫെസ്റ്റ് നടത്തും. എന്നെന്നും ഓര്‍ക്കാവുന്ന അനുഭവമാക്കി ഈ യാത്രയെ മാറ്റാന്‍ ഒട്ടേറെ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. 

 

1698230008
milo memmories/shutterstock

ടൂറിസം ഫെസ്റ്റിന്‍റെ ഭാഗമായി, മറയൂര്‍, ചിന്നാര്‍, മൂന്നാര്‍ മേഖലകളില്‍നിന്ന് പ്രത്യേക ടൂര്‍ പാക്കേജ് ഉണ്ടാകും. ഇവിടങ്ങളില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് അനായാസേന കാന്തല്ലൂരില്‍ എത്തിച്ചേരാം. കാന്തല്ലൂരിലെ 52 ടൂറിസം കേന്ദ്രങ്ങള്‍, ശിലായുഗ കാഴ്ചകള്‍, മുനിയറകള്‍, വെള്ളച്ചാട്ടങ്ങള്‍ തുടങ്ങിയവ സന്ദര്‍ശിക്കാം. കൂടാതെ, ഭൗമസൂചിക പദവി നേടിയ മറയൂര്‍ ശര്‍ക്കര, കാന്തല്ലൂര്‍, വട്ടവട വെളുത്തുള്ളി, ശീതകാല പച്ചക്കറികള്‍, ആപ്പിള്‍, സ്‌ട്രോബറി, റാഗി, തേന്‍ ഉത്പന്നങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങിയവ വിളയുന്ന തോട്ടങ്ങള്‍ കാണാം.

 

കാന്തല്ലൂരിലെ കാഴ്ചകള്‍ മതിയാവോളം ആസ്വദിക്കാന്‍ ഒന്നോ രണ്ടോ ദിവസം ഇവിടെ താങ്ങാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മിതമായ നിരക്കില്‍ കോട്ടേജുകള്‍, വുഡ് ഹൗസ്, മഡ് ഹൗസ്, ട്രീ ഹൗസ്, ഹോം സ്റ്റേ എന്നിവ ലഭിക്കും. കാന്തല്ലൂരിലെ ലോകപ്രസിദ്ധമായ ചന്ദനക്കാടുകളിലൂടെയുള്ള യാത്ര, ഓഫ്റോഡ് സവാരി, നൈറ്റ് സവാരി, മോണിങ് സവാരി, ക്യാംപ് ഫയര്‍, ട്രൈബല്‍ ഡാന്‍സ് തുടങ്ങിയവ ആസ്വദിക്കാം. 

 

കാലങ്ങളായി ജനപ്രിയമായ ടൂറിസ്റ്റ് കേന്ദ്രമാണെങ്കിലും ആദ്യമായിട്ടാണ് കാന്തല്ലൂരില്‍ ഇത്തരമൊരു ടൂറിസം ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. മേളയില്‍ കാര്‍ണിവല്‍, അമ്യൂസ്മെന്‍റ് പാര്‍ക്ക്, ചലച്ചിത്ര താരങ്ങള്‍ ഒരുക്കുന്ന മെഗാഷോ, ഫ്ലവര്‍ഷോ തുടങ്ങിയവയും ഉണ്ടാകും. മന്ത്രിമാരും സെലിബ്രിറ്റികളും അടക്കം പ്രമുഖരുടെ വന്‍നിര തന്നെ പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തും.

English Summary: Kanthalloor Tourism Fest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com