ADVERTISEMENT

‘മരം കോച്ചുന്ന തണുപ്പുണ്ടാകും’. തെളിഞ്ഞുകിടക്കുന്ന വാനം നോക്കി വനംവകുപ്പുദ്യോഗസ്ഥൻ ആത്മഗതം ചെയ്തു. അതിനു കോച്ചാൻ മരമെവിടെ? ശരിയാണല്ലോ... ചുറ്റുമുള്ള കുന്നുകളിൽ ചെറുകാറ്റിലാടി നിൽക്കുന്ന പുൽതലപ്പുകൾ മാത്രം. ‘അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും’– രണ്ടാം ആത്മഗതത്തിനു ശബ്ദം കൂടുതലായിരുന്നു. 

ഡെസ്റ്റിനേഷൻ പഴത്തോട്ടം 

കേരളത്തിന്റെ ശീതകാല പച്ചക്കറിഗ്രാമമായ വട്ടവടയ്ക്കു മുകളിലാണ് പഴത്തോട്ടം. ബിവൈഡി ആറ്റോ ത്രീയുമായി നേര്യമംഗലം എത്തുമ്പോഴേ വരാനിരിക്കുന്ന തണുപ്പിന്റെ ചൂടടിച്ചിരുന്നു. ആകാശം തെളിയുമ്പോൾ തണുപ്പു കൂടും. ‘പഴത്തോട്ടം തിരഞ്ഞെടുക്കാനെന്താ കാരണം?’ ഫൊട്ടോഗ്രഫർ ലെനിൻ കോട്ടപ്പുറത്തിന്റെ സംശയം. അവിടെ മഞ്ഞുമൂടുന്ന മലനിരകൾക്കു മുകളിൽ പച്ചപ്പുൽചെരിവുകളിൽ വനംവകുപ്പ് താമസമൊരുക്കുന്നുണ്ട്. രണ്ടു മരവീടുകളും രണ്ടു ടെന്റുകളും. ആ താമസത്തിന്റെ പുത്തൻ അനുഭവമറിയാനാണു യാത്ര. 

vattavada7

 

ഫൊട്ടോഗ്രഫി ടീം മെമ്പർ ഉവൈസിൽനിന്നായിരുന്നു അടുത്ത ചോദ്യം– ‘ഉയരം കൂടുംതോറും ചാർജിങ് പോയിന്റുകൾ കുറയുമെന്നല്ലേ പുതുമൊഴി. ഇലക്ട്രിക് കാറിൽ നമ്മൾ വട്ടവട പോയി തിരിച്ചു കൊച്ചിയിലെത്തുമോ?’  ‘േപടിക്കണ്ട, ആറ്റോ ത്രീ ബിവൈഡി വൈറ്റില ഷോറൂമിൽ നിന്നെടുക്കുമ്പോൾ 100% ബാറ്ററിയിൽ 480 കിമീ ദൂരമായിരുന്നു റേഞ്ച് കാണിച്ചത്. വൈറ്റില റ്റു വട്ടവട 166 കിമീ. വട്ടവടയിൽനിന്നു പഴത്തോട്ടം വരെ 8.2 കിമീ. അങ്ങോട്ടുമിങ്ങോട്ടും കൂടി 350 കിമീ. അതു പോരെ മച്ചാനേ...‘അങ്ങോട്ട് നല്ല ഉയരമാണ്. കാലുകൊടുത്തു പോകേണ്ടിവരും.’ 

 

vattavada1

‘അതിനെന്താ ഇങ്ങോട്ടു നല്ല ഇറക്കമല്ലേ? കാലുകൊടുക്കാതെ പോരാമല്ലോ.’ ‘ശരിയാണ്. എങ്കിലും പൊതുവായ ഒരു ചാർജിങ് സ്റ്റേഷൻപോലും അവിടെ ഇല്ലെന്നോർക്കണം.’ ‘നമുക്കു പോയിനോക്കാമെന്നേ... കുടുങ്ങുകയാണെങ്കിൽ ഒരു അറ്റ കൈ ഉണ്ട്.’   

ആറ്റോയുടെ നിശ്ശബ്ദമായ കാബിനിൽ നടന്ന ഇങ്ങനെയൊരു സംഭാഷണത്തിനൊടുവിലാണ് ഡെസ്റ്റിനേഷൻ പഴത്തോട്ടം തന്നെ എന്നുറപ്പിച്ചത്. സ്പോർട് മോഡ് പരീക്ഷിക്കാതെ, ബ്രേക്ക് റീജനറേഷൻ മോഡ് ഹൈ ആക്കിയാണ് മൂന്നാറിലേക്കു കയറിയത്. ബ്രേക്ക് ചെയ്യുമ്പോഴും ആക്സിലറേറ്ററിൽ കാൽ കൊടുക്കാത്ത സമയത്തെ യാത്രയിലും ബാറ്ററി ചാർജ് ആകുന്നതിന്റെ തോത് കൂടുതലായിരിക്കും ഈ മോഡിൽ.   

vattavada

മൂന്നാറിലെ സുന്ദര റൂട്ട് 

vattavada5

അതു വട്ടവടയിലേക്കുള്ള വഴി തന്നെ. മാട്ടുപ്പെട്ടി, കുണ്ടള ഡാമുകളിൽ ബോട്ടിങ് നടത്താം. ഇക്കോപോയിന്റുകളി‍ൽ ചെന്നു മലകളെ കൂവിത്തോൽപിക്കാനൊരു ശ്രമം നടത്താം. ഭാഗ്യമുണ്ടെങ്കിൽ മാട്ടുപ്പെട്ടി പുൽമേട്ടിൽ ആനക്കൂട്ടം മേയുന്നതു കാണാം. തമിഴ്നാടിന്റെ അതിർത്തിയായ ടോപ്സ്റ്റേഷനിൽനിന്നുനോക്കുമ്പോൾ അകലെ കൊളുക്കുമലയും മറ്റും മഞ്ഞുപുതയ്ക്കുന്നുണ്ട്. അതെല്ലാം കണ്ടുകഴിഞ്ഞാൽ പാമ്പാടുംചോല നാഷനൽ പാർക്കിലേക്കെത്താം. 

എസ്കേപ് റൂട്ടിന്റെയറ്റം മുൻപു നമ്മൾ എസ്കേപ് റൂട്ടിന്റെ കൊടൈക്കനാൽ അറ്റത്തു ചെന്നിരുന്നതോർമയുണ്ടല്ലോ? ബേരിജം തടാകക്കരയിൽനിന്നു കാട്ടിലൂടെയുള്ള ആ വഴി എത്തുന്നത് ഇങ്ങു പാമ്പാടുംചോല നാഷനൽ പാർക്കിലേക്കാണ്. ബെന്തർമലയുടെ മുകളിലൂടെയുള്ള ആ റൂട്ടിൽ പൊളാരിസ് ഓൾ ടെറയ്ൻ വാഹനവുമായി ചെറിയ ട്രെക്കിങ് വനംവകുപ്പ് ഒരുക്കിയിട്ടുണ്ട്. വട്ടവടയിലേക്കുള്ള വഴിയിൽ നിന്നാൽ പാമ്പാടുംചോലയിലെ ആ ഇരട്ടമരവീടും കുറച്ചുമുകളിലായി മരം കൊണ്ടുണ്ടാക്കിയ വാച്ച്ടവറും കാണാം. ആ ടവറിലേക്കാണ് ട്രക്കിങ്. വിദ്യാലയങ്ങൾക്കു പ്രകൃതി പഠനക്യാംപിന് പാമ്പാടുംചോലയിലെ ഡോർമിറ്ററികൾ അനുയോജ്യമാണ്. പലനിറമുള്ള തലപ്പാവണിഞ്ഞൊരു ബറ്റാലിയൻപോലെ ചോലക്കാടുകൾ െബന്തർമലയെ പൊതിഞ്ഞുനിൽക്കുന്നു. 

പാമ്പാടുംചോലയിൽ നീലഗിരി മാർട്ടെൻ എന്ന അപൂർവ സസ്തനിയെ കാണാനാകും (ഭാഗ്യമുണ്ടെങ്കിൽ രണ്ടാമതും). ‘ഇവിടെ താമസസൗകര്യമുണ്ടോ?’ ബെന്തർമലയുടെ തൊട്ടുതാഴെ രണ്ടു മരവീടുകളുണ്ട്. കിടു അനുഭവമാണ്. ഇവിടെനിന്നു വട്ടവടയിലേക്കു പോയിവരാം. പത്തു കിമീ ദൂരമേയുള്ളൂ. വട്ടവട തട്ടുതട്ടായുള്ള കൃഷിയിടങ്ങൾക്കിടയിലൂടെയുള്ള ചെറുപാത. സഹ്യപർവതത്തിനപ്പുറം തമിഴ്നാട്. നമ്മുടെ അതിർത്തിഗ്രാമങ്ങളാണിവിടെ. പക്ഷേ, മലകളായതിനാൽ അതു ഫീൽ ചെയ്യില്ല. എങ്കിലും ഒരു തമിഴ്ചുവ എവിടെയൊക്കെയോ ഉണ്ട്. കോവിലൂർ അങ്ങാടിയും ഗ്രാമവും ഒന്നുതന്നെ. പലനിറത്തിൽ വീടുകൾ. ബിവൈഡി എത്തിയത് അറിയാത്തതുകൊണ്ടാണോ അതോ ഞങ്ങളുടെ ഗ്രാമത്തിൽ നിങ്ങൾ മെല്ലെ പോയാൽ മതി എന്നു കരുതിയതുകൊണ്ടാണോ എന്നറിയില്ല, പലയിടത്തും ആൾക്കാർ വഴിയിൽനിന്നു മാറിത്തന്നതേയില്ല. 

vattavada9

പഴത്തോട്ടം വ്യൂ പോയിന്റ് 

മുൻപ് പഴവർഗ കൃഷിയായിരുന്നു കൂടുതലും എന്ന് ‘ജീപ്പ്’ ഡ്രൈവർ വിനോദ് പറഞ്ഞു. വിനോദിന്റെ ഡ്യൂഡ് എന്ന ജീപ്പിൽ ഫോർവീൽ ഡ്രൈവ് ഗിയറിട്ടാലേ പലയിടത്തും കയറാനൊക്കൂ. എന്നാൽ, പഴത്തോട്ടം വ്യൂ പോയിന്റിലേക്ക് ബിവൈഡിയുടെ എസ്‌യുവിത്തം മതി കയറിച്ചെല്ലാൻ. കോവിലൂർ ഗ്രാമം മുഴുവൻ കാണാം പഴത്തോട്ടം വ്യൂ പോയിന്റ് എന്ന ആ കുന്നിൻമുകളിലെ റോഡരുകിൽ നിന്നാൽ.  കോളാമ്പിമൈക്കിലൂടെ അനൗൺസ്മെന്റ്. ഗ്രാമത്തിൽ മിനി ജെല്ലിക്കെട്ട് നടക്കുകയാണ്. റോഡിലൂടെ മാടുകൾ കുതിച്ചുപായുന്നു. അവയുടെ പുറത്തു നമ്പറും പേരും മഷികൊണ്ട് വരച്ചുവച്ചിട്ടുണ്ട്.

 

കൊട്ടക്കമ്പൂർ തുടങ്ങിയ സ്ഥലങ്ങളുടെയൊക്കെ വ്യൂ കിട്ടാൻ ഇതിലും നല്ലൊരു പോയിന്റ് വേറെയില്ല. ഇടതുവശത്ത് പുൽമേടും മലയും. അവിടേക്കാണു നമുക്കു പോകേണ്ടത്. ‘സർ, ഈ കാർ അവിടേക്കു കയറുമോ?’ ഒരു വനംവകുപ്പുദ്യോഗസ്ഥന്റെ സംശയം. ‘കാറല്ല, എസ്‌യുവി.’ നഗ്നപാദനായിപ്പോയി, അല്ലെങ്കിൽ നിന്നെ ഞാൻ ചെരിപ്പൂരി അടിച്ചേനെ എന്ന് ഇന്നസെന്റിന്റെ കഥാപാത്രം പറയുംപോലെ ആറ്റോ ത്രീയുടെ ഡ്രാഗൺ കണ്ണുകൾ ഒന്നു രൂക്ഷമായി– എൻജിനുണ്ടായിരുന്നെങ്കിൽ ഒന്നു മുരണ്ടേനെ എന്നായിരിക്കാം അതിനർഥം. ഇവി എന്നാൽ ദുർബലനാണ് എന്ന തോന്നൽ പലർക്കും മാറിയിട്ടില്ലെന്നു തോന്നുന്നു. 

vattavada4

പുൽമേടിനിടയിലൂടെ കോൺക്രീറ്റ് ചെയ്ത പാത. ആറ്റോ ത്രീ സാധാരണ ഇക്കോ മോഡിൽ തന്നെ സുഖമായി കയറി. ഒരിടത്തും ടയർ കൂടുതലായി സ്പിൻ ചെയ്തു പോലുമില്ല.  

നമുക്കു പാർക്കാൻ പുൽമേടുകൾ 

vattavada8

 

സ്വപ്നതുല്യമാണ് പഴത്തോട്ടത്തിലെ ഫോറസ്റ്റ് താമസസൗകര്യം. മലഞ്ചെരുവിൽ സമൃദ്ധമായ പുൽമേട്. അതിൽ നാലു കെട്ടിടങ്ങൾ, രണ്ടു ടെന്റുകൾ. ആദ്യ കെട്ടിടം ജീവനക്കാർക്ക്. തൊട്ടടുത്ത് ഭക്ഷണം കഴിക്കാനുള്ള ഇടം.  ഏറ്റവും താഴെച്ചെരിവിൽ ത്രികോണാകൃതിയിൽ കോട്ടേജ്. അതിനുമുകളിൽ ഏറുമാടത്തിന്റെ മുന്തിയ വേർഷൻ. അവിടെ വരാന്തയും മറ്റുമുണ്ട്. വാറ്റിൽ മരത്തടികളാണു നിർമാണത്തിനുപയോഗിച്ചിട്ടുള്ളത്. ഏറ്റവും മുകളിൽ രണ്ട് അത്യാധുനിക ടെന്റുകൾ. അവയിൽ ബാത്റൂമുകളുമുണ്ട്. മറ്റു രണ്ടു മരവീടുകൾക്കുള്ള ബാത്റൂം ഓഫിസിനടുത്താണ്. 

പുൽമേടിനിടയിൽ കറുത്ത മരക്കുറ്റികൾ. അവയിൽ ഇരുന്നു ചൂടുചായ ആറ്റിക്കുടിക്കുമ്പോൾ ഈ സ്ഥലത്തിന്റെ സ്വാഭാവികത വീണ്ടെടുത്തതിന്റെ കഥ കൂടി നുകരാം. വട്ടവടയുടെ തനതു സ്ഥലരീതി മാറ്റിമറിച്ചത് യൂക്കാലിപ്റ്റസ്, വാറ്റിൽ തുടങ്ങിയ വിദേശ മരങ്ങളുടെ കൃഷിയാണ്. 2019 ഉണ്ടായ കാട്ടുതീയിൽ പഴത്തോട്ടം വാറ്റിൽതോട്ടം കത്തിപ്പോയി. സ്വാഭാവികമായി പുൽമേടുകളായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. അതേ രീതിയിലേക്ക് മേടിനെ മാറ്റാൻ വനംവകുപ്പ് ശ്രമം തുടങ്ങിയതിന്റെ കാഴ്ചയാണ് ഈ സുന്ദരമായ പുൽമേട്. പുല്ലുകൾ വച്ചുപിടിപ്പിക്കുകയും പരിപാലിക്കുകയും അതുവഴി ഇക്കോ ടൂറിസം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിലൂടെ ഏറെപ്പേർക്ക് അതിജീവനം കൂടി നൽകുന്നുണ്ട് പഴത്തോട്ടം.   

നാട്ടിലിറങ്ങിയിരുന്ന കാട്ടാനകൾ തിരികെ പുൽമേടുകളിലേക്കു കയറുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറയുന്നു. ഹട്ടുകൾക്കു മുന്നിൽ അപ്പുറത്തെ കുന്നിലെ പുൽമേട്ടിൽ കാട്ടാനക്കൂട്ടം കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിരുന്നു. ഇത്തവണ ആനകളുണ്ടായില്ല. പകരം പേരിനൊരു കൂരമാൻ വന്നു മുഖം കാണിച്ചുപോയി. സന്ധ്യയാകുമ്പോഴേ മുടിഞ്ഞ തണുപ്പു തുടങ്ങി. മെല്ലെ സംഘം ക്യാംപ് ഫയർ സ്ഥലത്തേക്ക് ഇരിപ്പിടം മാറ്റി. മലകൾക്കിടയിലാണു സ്ഥാനമെന്നതിനാൽ കാറ്റില്ല. ആകാശം പിന്നെയും തെളിഞ്ഞുതന്നെ. ഓറിയോൺ നക്ഷത്രക്കൂട്ടം വേട്ടയ്ക്കായി വില്ലുകുലച്ചുനിൽപുണ്ട്. കൊടുംതണുപ്പിൽ ചൂടുള്ള  അത്താഴം കഴിച്ച് ഹട്ടുകളിലേക്കു ചേക്കേറി. വൈദ്യുതവേലിക്കുള്ളിൽ അതിരാവിലെ കുന്നുകയറാം. 

ഒറ്റനോട്ടത്തിൽ ഇപ്പോഴെത്തും എന്നു തോന്നിപ്പിക്കുകയും നടന്നുതുടങ്ങുമ്പോൾ മാരീചനെപ്പോലെ അകലുകയും ചെയ്യുന്ന കുന്നുകൾ. കയറി എത്തിയാലോ വട്ടവട–കോവിലൂർ ഗ്രാമങ്ങളുടെ മായികക്കാഴ്ചകൾ. നമ്മുടെ പുൽമേടിനു ചുറ്റും വൈദ്യുതവേലിയുണ്ട്. അതിന്റെ സുരക്ഷിതത്വത്തിലാണ് രാവുറങ്ങിയത്. ചൂടുചായയും ഉപ്പുമാവും പച്ചപ്പട്ടാണി കറിയും പ്രഭാതഭക്ഷണത്തിന്. വഴിയരികിലൊരു റോഡോ ഡെൻഡ്രോണെ ചാരിനിന്നു പടമെടുക്കാം. അപൂർവമായ ഈ മരം ഉയർന്ന സ്ഥലങ്ങളിലേ വളരൂ. റോസ് നിറമുള്ള പൂക്കൾ വാടിത്തുടങ്ങിയിട്ടുണ്ട്. തിരികെ താഴെയിറങ്ങുമ്പോൾ വെള്ളപ്പൂക്കളുമായി മറ്റൊരു അത്യപൂർവ റോഡോ ഡെൻഡ്രോൺ.  കേരളത്തിലെ ഏക വെള്ള റോഡോ ഡെൻഡ്രോൺ ആണിത്. 

 

മരങ്ങളെ നാടുകടത്താൻ ലോറിയിൽ കാത്തുനിൽക്കുന്ന നാട്ടുവഴികൾ. പിൻവശം മുഴുവൻ മരത്തടികളുമായി ജീപ്പുകൾ പായുന്നുണ്ട്. ജൈവകൃഷിത്തോട്ടത്തിലെ കാബേജും സ്ട്രോബറിയും വാങ്ങി ആറ്റോയുടെ പിന്നിലിട്ടു. റേഞ്ചും റീജനറേറ്റീവ് ബ്രേക്കിങ്ങും വട്ടവടയിൽ നിന്നപ്പോൾ റേഞ്ച് കാണിച്ചത് 159 കിമീ. ഇറക്കവും കയറ്റവും കൂടിക്കലർന്ന വഴി. അടിമാലി എത്തിയപ്പോൾ 106 കിമീ ആയി റേഞ്ച്. ബ്രേക്കിങ് കൂടിയപ്പോൾ റേഞ്ച് കൂടി. ഉയരം കൂടുംതോറും ചായയ്ക്കു രുചിയും ബ്രേക്കിങ്ങിന്റെ തോതും കൂടും! ഒരു കാര്യം പറയാതെ വയ്യ, മൂന്നാറിലെ പൊതു ചാർജിങ് സ്റ്റേഷനുകൾ ഒന്നും പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. ആറ്റോയുടെ റേഞ്ചിന്റെ പിൻബലത്തിൽ മാത്രമായിരുന്നു യാത്ര.

അടിമാലിയിൽനിന്നു ചാർജ് ചെയ്തിട്ടു പോയാൽ പോരേ എന്നൊരു ചർച്ച വന്നു. അതിന് എവിടെയാണു ചാർജിങ് സ്റ്റേഷൻ? സബ് ആർടി ഒാഫീസിലെ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറെ വിളിച്ചു. അത്യാവശ്യമാണെങ്കിൽ കുറച്ചുനേരം ചാർജ് ചെയ്യാൻ അനുമതി കിട്ടി. ബാറ്ററി 23– 31% വരെ ചാർജ് ചെയ്യാൻ എടുത്ത സമയം ലാഭിക്കാൻ ‍ഞങ്ങൾ അടിമാലിയിൽ ആഹാരം തേടിയിറങ്ങി. മോശമായിരുന്നു ഡിന്നർ എന്നു പറയാതെ വയ്യ. റേഞ്ച് 147 കിമീ എന്നു കാണിച്ചപ്പോൾ ധൈര്യത്തോടെ കൊച്ചിയിലേക്കു തിരിച്ചു. ഇറക്കം, റീജനറേറ്റീവ് ബ്രേക്കിങ്, ഇവയെല്ലാം കൂടി റേഞ്ച് വീണ്ടും കൂട്ടി. കൊച്ചിയിലെത്താറായപ്പോൾ സ്പോർട് മോഡിലേക്കിട്ടു. ആറ്റോയുടെ സ്പോർട്ടി സ്വഭാവത്തിൽ ഓടിച്ചു ഷോറൂമിലെത്തിയപ്പോൾ പിന്നെയുമുണ്ട് 10% ബാറ്ററി. 48 കിമീ റേഞ്ച്. ആഡംബരത്തോടെ ദീർഘയാത്ര ചെയ്യാം ആറ്റോ ത്രീയിൽ എന്നുറപ്പിച്ചതായിരുന്നു യാത്ര. 

English Summary: Vattavada Hill station Munnar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com