ടൂറിസത്തിൽ ആതിഥ്യമര്യാദ എന്നത് പ്രൊഫഷണലുകൾ പഠിച്ചെടുക്കുന്നതാണ്. എന്നാൽ പുസ്തകങ്ങളിലൂടെ പഠിക്കാതെ, അനുഭവങ്ങളിലൂടെ ആതിഥ്യമര്യാദയുടെ പുതിയ പാഠങ്ങൾ പകർന്നു തരുന്ന ഒരു ടൂറിസം പ്രൊഫഷണലിനെപ്പറ്റി. യാത്രയിലെ മറക്കാനാവാത്ത അനുഭവത്തെപ്പറ്റി.
വേണുച്ചേട്ടന്റെ അരികിലേക്ക് വീണ്ടും വരുന്നത് വീട്ടിലേക്കുള്ള ഒരു മടക്കയാത്ര പോലെയാണ്. നിറചിരിയിൽ സ്നേഹവും വാത്സല്യവും ഒളിപ്പിച്ചുവച്ച് ,വിളമ്പിത്തരുന്ന ഭക്ഷണത്തിൽ സ്നേഹം വാരി വിതറി, വേണുച്ചേട്ടൻ അരികിൽ ഉണ്ടാവും എപ്പോഴും. മൂകാംബികയ്ക്ക് യാത്ര ചെയ്യുമ്പോൾ വയനാടും വേണുച്ചേട്ടനും മനസ്സിൽ ഉണ്ടായിരുന്നില്ല. പിന്നീടാണ് തീരുമാനം മാറിയത്, മൂകാംബികയിൽ നിന്ന് തിരികെ കുടക് വഴി വയനാട് പോകാമെന്നായി. അവിടെ വേണുച്ചേട്ടനുണ്ടല്ലോ!

ഫോണിലൂടെ വിളിച്ച് റൂം ഉറപ്പാക്കി. വളരെ ചെറിയ മുറിയാണ് എങ്കിലും അവിടുത്തെ കാഴ്ചകൾ കണ്ടുള്ള താമസം വാക്കുകൾ ഒതുക്കുവാനാവില്ല. രാവിലെ ഉറക്കമെണീറ്റാൽ മുറ്റത്ത് വന്നു നിൽക്കുന്ന മാൻകൂട്ടം, നേരേ എതിർ വശത്ത് തോൽപ്പെട്ടി വന്യമൃഗസങ്കേതമാണ്. രസകരമാണ് അവിടുത്തെ താമസം. കഴിഞ്ഞ തവണ രാത്രി രണ്ടു വട്ടം തിരുനെല്ലി റൂട്ടിൽ പോയിട്ടും ഒരു വനവാസിയെയും കണ്ടില്ല. മൂന്നാംവട്ടം നാണയത്തുട്ടു വച്ച് വേണുച്ചേട്ടൻ പ്രാർത്ഥിച്ചു. മൂന്നാം തവണയും ഒന്നും കണ്ടില്ല. പക്ഷേ തിരികെ എത്തിയപ്പോൾ ദേ ഗേറ്റിനരികെത്തന്നെ ഒരു കൊമ്പൻ! പ്രാർത്ഥന ഫലിച്ചു. മംഗളൂരുവിൽ നിന്നും മടിക്കേരി, വിരാജ് പേട്ട, കുട്ട വഴി തോൽപ്പെട്ടിയിലേക്കുള്ള യാത്ര ഹരം പകരുന്നതാണ്. മടിക്കേരി എത്താറാകുമ്പോൾ തലക്കാവേരി കാണാം. കുട്ട എത്താറാകുമ്പോൾ പിന്നെ ഇരുവശവും കാപ്പിത്തോട്ടങ്ങളാണ്. ഡ്രൈവ് ചെയ്ത് വരാൻ മികച്ചയിടമാണ്.
വയനാടിന്റെ സൗന്ദര്യം ആസ്വദിച്ച യാത്ര
വയനാടിന്റെ സൗന്ദര്യം മുഴുവന്‍ ആവാഹിച്ചിരിക്കുന്നത് പരന്നുകിടക്കുന്ന കാടുകളിലാണ്. ഓരോ യാത്രികനും വയനാടിനെ അറിയാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നേരെ കാടുകളിലേക്ക് പോയാല്‍ മതി. തോല്‍പ്പെട്ടി വനത്തിനുള്‍വശം ശരിക്കും വൈവിദ്ധ്യം കൊണ്ട് നമ്മെ അദ്ഭുതപ്പെടുത്തും. ഓരോ ഭാഗത്തും കാട് ഓരോ വിധമാണ്. ചിലയിടത്ത് നിബിഢ വനമാണെങ്കില്‍ മറ്റു ചിലടത്ത് കുറ്റിക്കാടുകള്‍, അല്ലെങ്കിൽ വശ്യത നിറച്ച ഇല്ലിക്കാടുകള്‍ അങ്ങനെ കാടുകളുടെ വ്യത്യസ്തത കൊണ്ട് കൂടിയാണ് തോല്‍പ്പെട്ടി പ്രത്യേകത അര്‍ഹിക്കുന്നത്. ഇവിടം വയനാട് വന്യജീവി സങ്കേതം എന്നപേരിലും അറിയപ്പെടുന്നു.സഹ്യപര്‍വതത്തോടു ചേര്‍ന്നുകിടക്കുന്ന ഈ വന്യജീവി സങ്കേതം വിവിധയിനം വന്യജീവികളുടെ ആവാസകേന്ദ്രം കൂടിയാണ്.

പാക്കിഡേം പാലസിന്റെ പിറവി
സഞ്ചാരികളെ ആകർഷിക്കുന്ന താമസയിടമാണ് പാക്കിഡേം പാലസ്. വളരെ പഴയ ബംഗ്ലാവിന്റെ മുകളിലും താഴെയുമായി രണ്ടു മുറികളും വശങ്ങളിൽ രണ്ട് കുഞ്ഞു മുറികളുമുണ്ട്. പാക്കിഡേം എന്നാൽ കട്ടിത്തോലുള്ള മൃഗം എന്നാണ്. തോൽപ്പെട്ടി വന്യമൃഗസങ്കേതത്തിനെതിരെ കാനന ഗൃഹത്തിന് ഇതിൽ പരം അനുയോജ്യമായ മറ്റെന്തു പേരുണ്ട് ! നന്ദി പറയേണ്ടത് കൊച്ചിക്കാരൻ വർഗീസിന്റെ ബോട്ട് ജട്ടിയിലെ ടൂറിസ്റ്റ് ഡെസ്ക്ക് എന്ന സ്ഥാപനത്തിൽ ഒരിക്കലെത്തിയ വിദേശ ടൂറിസ്റ്റിനോടാണ് .

ഫെസ്റ്റിവൽ ഒാഫ് കേരള എന്ന പുസ്തകം പുറത്തിറക്കാനായി കേരളത്തിലെ അമ്പലങ്ങളിലെല്ലാം വർഗീസ് ചുറ്റിത്തിരിയുന്ന നാൾ തിരുനെല്ലിയിലുമെത്തി. വയനാട്ടിലൂടെയുള്ള ആ യാത്രയാണ് ഒരു ചെറിയ താമസയിടം ടൂറിസ്റ്റുകൾക്കൊരുക്കാനായി വർഗീസിന് പ്രേരണയായത്. വളരെ ബുദ്ധിമുട്ടിടയെങ്കിലും കഠിനപ്രയത്നം കൊണ്ട് ആ ആഗ്രഹം സഫലമാക്കി.
1989ല്‍ഈ വർഗീസാണ് കൊച്ചിയ്ക്കായി ആദ്യമായൊരു ടൂറിസ്റ്റ് മാപ് പുറത്തിറക്കുന്നത്. പിന്നീട് 1991ൽ സൗത്ത് ഇന്ത്യ ട്രാവൽ ഇൻഫോർമേഷൻ ഗൈഡ് എന്ന പുസ്തകവും ഇറക്കി. 1995 ൽ ടൂറിസം രംഗത്തുള്ളവർക്ക് ഒരു ട്രാവൽ ബൈബിളായിരുന്നു ഈ പുസ്തകം. കേരളവും കർണാടകവും തമിഴ്നാടും ഗോവയും നേരിട്ട് സഞ്ചരിച്ച്, വിവരങ്ങൾ ശേഖരിച്ച് ഒമ്പതു മാസമെടുത്ത് പൂർത്തിയാക്കിയ പുസ്തകം. അതിന്റെ ചുവട് പിടിച്ചാണ് കേരളത്തിന്റെ സമഗ്ര വിവരങ്ങൾ ഉൾക്കൊള്ളുന്ന ,ടൂറിസം വകുപ്പ് പുറത്തിറക്കുന്ന ദ കേരള കമ്പാനിയൻ എന്ന ബ്രോഷർ രൂപം കൊണ്ടത്. യാത്രയുമായി ബന്ധപ്പെട്ട നിരവധി വിവരണങ്ങളും ടൂറിസം ഗൈഡുകളുമൊക്കെയായി ഒരുപാട് പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കി. വൈക്കം ഇത്തിപ്പുഴയെന്ന മനോഹരമായ ദേശത്തു നിന്ന് ടൂറിസ്റ്റുകൾക്കായി നാടൻ തോണിയിൽ പുഴയിലൂടെ, കൊച്ചു തോടുകളിലൂടെ യാത്രയും, കേരളത്തിലെ ആദ്യ വില്ലേജ് ടൂർ തുടങ്ങിയതും ഈ വർഗീസ് തന്നെയെന്നു പറയാം. ടൂറിസം രംഗത്ത് നിരവധി മാറ്റങ്ങൾ കൊണ്ടുവരാൻ വർഗീസിന് സാധിച്ചിട്ടുണ്ട്.

മനോഹരമാണിവിടം
30 സെന്റും പിന്നൊരു 30 സെന്റും കാപ്പിത്തോട്ടം ബംഗ്ലാവുൾപ്പെടെ 2003 ലോ മറ്റോ വാങ്ങിയതാണ്. അതിനെ മികച്ചൊരു അതിഥി ഗൃഹമാക്കി മാറ്റി. തറ നിരപ്പിൽ നിന്നും ഏഴെട്ടടി പൊക്കത്തിൽ ട്രീ ഹൗസിന് സമാനമായ രണ്ടെണ്ണവും പണിതു. പാക്കിഡേം പാലസ് തുടങ്ങുമ്പോൾ തോട്ടം സൂപ്പർവൈസർ തിരുവനന്തപുരം കാരേറ്റുകാരൻ വേണുവിനെ വർഗീസിന് കൂട്ടു കിട്ടി. വയനാടിന്റെ ബ്രാന്റ് അംബാസഡർ ആണ് ഇൗ മനുഷ്യൻ എന്നു തന്നെ പറയാം.
പാക്കിഡേം പാലസ്ന്റെ റിസപ്ഷനിസ്റ്റ്, ചീഫ് ഫിനാൻഷ്യൽ കൺട്രോളർ , മാസ്റ്റർ ഷെഫ് സർവോപരി ജനറൽ മാനേജർ ഈ വേണുച്ചേട്ടനാണ്. അദ്ദേഹത്തിന്റെ ചിരിയും ഭക്ഷണവും മതി നിങ്ങൾ ഈ മനുഷ്യന്റെ ആരാധകരാകാൻ. ലൈം, ജിഞ്ചർ, ഏലം ഇട്ട വേണുച്ചേട്ടന്റെ ഒരു കുക്കുംബർ ജ്യൂസുണ്ട്. ഉണക്കമുന്തിരി വറുത്തിട്ട അച്ചാറുണ്ട്. കാടിന്റെ വന്യതയും വേണുച്ചേട്ടന്റെ വെള്ളരിക്കാ ജ്യൂസും അച്ചാറുമൊക്കെ സഞ്ചാരികളുടെ ഇടയിൽ പ്രശസ്തമാണ്.

രാവിലെ 7 മുതൽ 10 വരെയും വൈകീട്ട് 3 മുതൽ 5 വരെയും തോൽപ്പെട്ടി വന്യജീവി സങ്കേതത്തിൽ പ്രവേശനമുണ്ട്. ഫോറസ്റ്റിന്റെ ജീപ്പിൽ ഒന്നേകാൽ മണിക്കൂർ കാടിനുള്ളിൽ. ഇപ്പോൾ ഏപ്രിൽ 16 വരെ അടച്ചിട്ടിരിക്കുകയാണ്. കുറച്ചു മുന്നോട്ട് പോയാൽ കർണാടകത്തിന്റെ നാഗർഹോള വന്യജീവി സങ്കേതമുണ്ട്. അവിടെ നിന്നും 18 കിലോമീറ്റർ സഞ്ചരിച്ചാൽ തിരുനെല്ലി ക്ഷേത്രം. പാപങ്ങളിറക്കാൻ പാപനാശിനിയിൽ മുങ്ങി നിവരാം. തോൽപ്പെട്ടി - തിരുനെല്ലി യാത്ര തന്നെ ഒരനുഭവമാണ്.

ഇവിടെ നിന്നും 83 കിലോമീറ്ററോളം ദൂരം താണ്ടിയാൽ ബൈലകുപ്പയായി. സാക്ഷാൽ സുവർണ ക്ഷേത്രം (Golden Temple). ടിബറ്റിന് പുറത്ത് ധർമശാല കഴിഞ്ഞാൽ രണ്ടാമത്തെ വലിയ ടിബറ്റൻ സെറ്റിൽ മെന്റ്. പതിനായിരത്തോളം ടിബറ്റൻസ് ഈ സുവർണ ക്ഷേത്രപരിസരത്ത് താമസിപ്പിക്കുന്നുണ്ട്. വളരെ ആകർഷണീയമാണ് നാല്പതടിയോളം പൊക്കമുള്ള ബുദ്ധ പ്രതിമകളും പ്രാർത്ഥനാ രീതികളും അന്തരീക്ഷവും.
കോഴിക്കോടു നിന്നും ലക്കിടി, വൈത്തിരി, കൽപ്പറ്റ , മാനന്തവാടി, കാട്ടിക്കുളം വഴിയാണ് തോൽപ്പെട്ടിയിലെത്തുക.
English Summary: Wayanad Travel Experience