ADVERTISEMENT

കൊച്ചിയിലെ ട്രാഫിക് കുരക്കിൽപ്പെടാതെ ഇനി യാത്ര ചെയ്യാം, അതും വാട്ടർ മെട്രോയിലൂടെ. കുറഞ്ഞ നിരക്കിൽ സുരക്ഷിതയാത്ര അതാണ് വാട്ടർ മെട്രോ സഞ്ചാരികൾക്ക് നൽകുന്നത്. ഭിന്നശേഷി സൗഹൃദ ടെർമിനലുകളും ബോട്ടുകളുമാണ് വാട്ടർ മെട്രോയുടെ ഹൈലൈറ്റ്. യാത്രാസമയം ഗണ്യമായി കുറയുമെന്നതും വാട്ടര്‍ മെട്രോയുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. ഏഷ്യയിലെ ഏറ്റവും വലിയ ജലഗതാഗത ശൃംഖലയായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. അതാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിർവഹിച്ച കൊച്ചിയിലെ വാട്ടർ മെട്രോ.

 

water-metro-2

കൊച്ചിയിലെ മെട്രോ റെയിലിൽ എന്നതു പോലെ വാട്ടർ മെട്രോയുടെയും ഉദ്ഘാടന ദിനത്തിൽ ജോസ് ജംക്‌ഷനിലെ സെന്റർ ഫോർ എംപവർമെന്റ് ആൻഡ് എൻറിച്മെന്റിലെ ഭിന്നശേഷിക്കാരായ വിദ്യാർഥികളായിരുന്നു ആദ്യ യാത്രക്കാർ. പൊതുജനങ്ങള്‍ക്ക് പുറമെ ടൂറിസ്റ്റുകളും ആദ്യദിനത്തില്‍ തന്നെ വാട്ടര്‍ മെട്രോ യാത്ര അനുഭവച്ചറിയാന്‍ എത്തിയിരുന്നു.

 

നഗരത്തിലേക്ക് പെട്ടെന്ന് എത്തിപ്പെടാന്‍ കഴിയാത്ത ദ്വീപുകളിലുള്ളവര്‍ ഇന്നും ജല ഗതാഗത വകുപ്പിന്റെ ബോട്ടുകളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഈ ദ്വീപുവാസികളായ യാത്രക്കാര്‍ക്ക് വാട്ടര്‍ മെട്രോ ഏറെ സഹായകരമാകും. വാട്ടര്‍ മെട്രോ സര്‍വീസ് കൂടുതല്‍ റൂട്ടുകളിലേക്ക് വ്യാപിക്കുന്നതോടെ കൊച്ചിക്കാരുടെ യാത്രാദുരിതത്തിനും പരിഹാരമാകും. 

കായലിനരികെ... കൊച്ചി കായലിനരികെ.... വല്ലാർപാടം കണ്ടെയ്നർ ടെർമിനലിനു സമീപത്തുകൂടി പരീക്ഷണ ഓട്ടം നടത്തുന്ന വാട്ടർ മെട്രോ ബോട്ട്. ചിത്രം : ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
കായലിനരികെ... കൊച്ചി കായലിനരികെ.... വല്ലാർപാടം കണ്ടെയ്നർ ടെർമിനലിനു സമീപത്തുകൂടി പരീക്ഷണ ഓട്ടം നടത്തുന്ന വാട്ടർ മെട്രോ ബോട്ട്. ചിത്രം : ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ

 

∙ ടൂറിസം വളരും

കൊച്ചി വാട്ടർ മെട്രോയുടെ മുസിരിസ് എന്നു പേരിട്ട ബോട്ട് പ്രത്യേക യാത്രക്കായി വൈറ്റിലയിൽ നിന്നും കാക്കനാടേക്കു പുറപ്പെട്ടപ്പോൾ. ചിത്രം : ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
കൊച്ചി വാട്ടർ മെട്രോയുടെ മുസിരിസ് എന്നു പേരിട്ട ബോട്ട് പ്രത്യേക യാത്രക്കായി വൈറ്റിലയിൽ നിന്നും കാക്കനാടേക്കു പുറപ്പെട്ടപ്പോൾ. ചിത്രം : ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ

 

ചിത്രം: ജോസ്‌കുട്ടി പനയ്ക്കൽ
ചിത്രം: ജോസ്‌കുട്ടി പനയ്ക്കൽ

വാട്ടർമെട്രോയുടെ വരവ് പുതിയ ടൂറിസം സാധ്യതകള്‍ക്കും മുതൽകൂട്ടാകും. കായൽകാഴ്ച ആസ്വദിച്ച് യാത്ര ചെയ്യുവാനായി സ്കൂൾ കുട്ടികളടക്കം സ്വദേശീയരും വിദേശീയരും എത്തിച്ചേരുമെന്ന പ്രതീക്ഷയിലാണ്. കൊച്ചിയിലെ പ്രധാന ദ്വീപുകളിലൂടെയുള്ള യാത്ര വിനോദസഞ്ചാര മേഖലയിലും മാറ്റങ്ങൾക്ക് കാരണമാകും. ഏറ്റവും കൂടുതല്‍ വിദേശീയർ എത്തുന്നിടമാണ് കൊച്ചി. കാർണിവൽ മാത്രമല്ല, കൊച്ചിയിൽ കാണാനും അറിയാനും ആസ്വദിക്കുവാനും ഏറെയുണ്ട്. കായൽകാഴ്ചയും തനിനാടൻ വിഭവങ്ങളും മാത്രമല്ല വാട്ടർ മെട്രോയിലേറി കൊച്ചിയുടെ സൗന്ദര്യം നുകരാൻ ഇനി വിദേശീയരും പറന്നെത്തുമെന്നതിൽ യാതൊരു സംശയവുമില്ല. ഓളപ്പരപ്പിലെ ശാന്തതയും വാട്ടര്‍ മെട്രോ ബോട്ടുകളുടെ പ്രധാന സവിശേഷതകളിലൊന്നാണ്. യാത്ര ബോട്ടിലാണെന്ന് പോലും സഞ്ചാരികൾ മറന്നുപോയേക്കാം.

 

∙ഇൗ െഎലൻഡ് ചുറ്റാം

kochi-water-metro

 

ലോകത്ത് കണ്ടിരിക്കേണ്ട ഇടങ്ങളിലൊന്നായി കേരളവും ഉൾപ്പെട്ടതോടെ ടൂറിസം മേഖലയിൽ മികച്ച മാറ്റങ്ങള്‍ക്ക് തുടക്കമായി. അതിലൊന്നാണ് കൊച്ചിയിലെ വാട്ടർ മെട്രോ. കേരളം കാണാനെത്തുന്നവർക്ക് വയനാടും മൂന്നാറും ബേക്കലും മാത്രമല്ല കൊച്ചിയിലെ ദ്വീപ് സമൂഹങ്ങളുടെ സൗന്ദര്യം കൂടി ആസ്വദിക്കാൻ അവസരമൊരുങ്ങുകയാണ്.

 

കായൽ ടൂറിസത്തിന്റെ പുത്തൻ സാധ്യതകളാണ് വാട്ടർ മെട്രോ തുറക്കുന്നത്. കൊച്ചി കായലിലൂടെ വിവിധ ദ്വീപുകളെയും പ്രധാന പ്രദേശങ്ങളെയും ബന്ധിപ്പിച്ചാണ് വാട്ടർ മെട്രോയുടെ യാത്ര. പ്രകൃതി സൗന്ദര്യവും കായൽകാഴ്ചകളും നിറഞ്ഞ 10 െഎലൻഡ് ചുറ്റിയാണ് മെട്രോ ബോട്ടിന്റെ യാത്ര. കോതാട്, വൈപിൻ, ബോൾഗാട്ടി, താന്തോന്നി തുരുത്ത്, കടമക്കുടി, മുളവക്കാട്, മൂലാംപിള്ളി, എളങ്കുന്നപ്പുഴ തുടങ്ങി സ്ഥലങ്ങളുടെ ഗ്രാമഭംഗി നുകരാം.സഞ്ചാരികളുടെ ഇടയിൽ ഏറെ പ്രശംസ നിറഞ്ഞിടമാണ് കടമക്കുടി. ചെമ്മീന്‍കെട്ടുകളും പൊക്കാളിപ്പാടങ്ങളുമെല്ലാം നിറഞ്ഞ കടമക്കുടി ദ്വീപുകള്‍, വാരാന്ത്യം ചെലവഴിക്കാന്‍ മികച്ചയിടങ്ങളിലൊന്നാണ്. ഇൗ ഗ്രാമഭംഗിയുടെ തനിമ ആസ്വദിക്കാൻ വാട്ടർമെട്രോയിൽ കയറി ഇവിടെ എത്താവുന്നതുമാണ്.

 

വാട്ടർമെട്രോയുടെ തുടക്കത്തിൽ വൈപ്പിൻ ദ്വീപിലുടെ മാത്രമാണ് യാത്ര. ഇപ്പോൾ പ്രധാനമായും രണ്ടുറൂട്ടുകളാണ് ഉള്ളത്. ഹൈക്കോർട്ട് വൈപ്പിൻ റൂട്ടിലും വൈറ്റില കാക്കനാട് റൂട്ടിലുമാണ് നിലവിൽ സർവീസ് നടത്തുന്നത്. രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് എട്ട് മണിവരെയാണ് സര്‍വീസ്. മുന്നോട്ട് ഇൗ 10 ദ്വീപുകളും ചുറ്റി വാട്ടർ മെട്രോയിൽ യാത്ര നടത്താം എന്ന പ്രതീക്ഷയിലാണ്.

 

∙ ശീതീകരിച്ച ഇലക്ട്രിക് ബോട്ടുകള്‍

 

കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാവുന്ന ശീതീകരിച്ച ഇലക്ട്രിക് ബോട്ടുകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. കായല്‍ക്കാഴ്ചകള്‍ ആസ്വദിക്കാന്‍ വലിയ പനോരമിക് വിന്‍ഡോ ആണ് ബോട്ടിനകത്തെ പ്രധാന ആകര്‍ഷണം. സുരക്ഷിതമാ. ഇരിപ്പിടങ്ങൾ, യാത്രക്കാര്‍ക്ക് അറിയിപ്പുകള്‍ നല്‍കാന്‍ പാസഞ്ചര്‍ അനൗണ്‍സ്മെന്റ് സിസ്റ്റം, യാത്രാവിവരങ്ങള്‍ നല്‍കാന്‍ ഡിസ്പ്ലേ, മൊബൈല്‍ ചാര്‍ജര്‍ എന്നിവയുമുണ്ട്. ബോട്ടുകളിലൂടെ മാത്രം നഗരവുമായി ബന്ധപ്പെടുന്ന കൊച്ചിയിലെ ദ്വീപു ജനതയ്ക്ക് സുരക്ഷിതമായ ജലഗതാഗതമാണു വാട്ടർ മെട്രോ ഒരുക്കുന്നത്. 

 

മിനിമം ടിക്കറ്റ് നിരക്ക് 20 രൂപ. ഗതാഗതക്കുരുക്കിൽ പെടാതെ 20 മിനിറ്റിൽ താഴെ സമയത്തിൽ ഹൈക്കോർട്ട് ടെർമിനലിൽ നിന്ന് വൈപ്പിൻ ടെർമിനലിൽ എത്താം. വൈറ്റിലയിൽ നിന്ന് 25 മിനിറ്റിനകം കാക്കനാട്ടും എത്താനാകും. പൂർണതോതിൽ പദ്ധതി സജ്ജമാകുമ്പോൾ 10 ദ്വീപുകളിലായി 38 ടെർമിനലുകളെ ബന്ധിപ്പിച്ച് 78 വാട്ടർ മെട്രോ ബോട്ടുകളാകും ഈ സർവീസിൽ ഉണ്ടാകുക. വാട്ടർ മെട്രോയിലെ ഹൗസ് കീപ്പിങ്, ടിക്കറ്റിങ് ജോലികൾ നിർവഹിക്കുക കുടുംബശ്രീയിലെ 30 അംഗങ്ങളാണ്. ഇതിൽ 18 പേർ ടിക്കറ്റിങ് വിഭാഗത്തിലും 12 പേർ ഹൗസ് കീപ്പിങ്ങിലും. യാത്രക്കാരുടെ എണ്ണം കണക്കാക്കി സുരക്ഷ ഉറപ്പാക്കാൻ പാസഞ്ചർ കൺട്രോൾ സംവിധാനവും ബോട്ടുകളിലുണ്ട്.

 

∙ ടിക്കറ്റ് ബുക്ക് ചെയ്യാം

 

കൊച്ചി വൺ കാർഡ് ഉപയോഗിച്ച് കൊച്ചി മെട്രോ റെയിലിലും കൊച്ചി വാട്ടർ മെട്രോയിലും യാത്ര ചെയ്യാം. കൊച്ചി വൺ ആപ്പ് വഴി ഡിജിറ്റലായും ടിക്കറ്റ് ബുക്ക് ചെയ്യാനാകും. വേലിയേറ്റ, വേലിയിറക്ക സമയങ്ങളിൽ ഉൾപ്പെടെ ബോട്ടുകളുമായി ഒരേ ലവലിൽ നിൽക്കാൻ കഴിയുന്ന ഫ്ലോട്ടിങ്പോണ്ടൂണുകൾ കൊച്ചി വാട്ടർ മെട്രോയുടെ പ്രത്യേകതയാണ്. പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനൊപ്പം കൊച്ചിയിലെ വിനോദസ‍ഞ്ചാര മേഖലയെയും വാട്ടർ മെട്രോ ലക്ഷ്യം വയ്ക്കുന്നു.

 

∙ ഇൗ യാത്ര പരിസ്ഥിതി സൗഹാർദം

 

ബാറ്ററിയിലും ഹൈബ്രിഡ് രീതിയിലും പ്രവർത്തിപ്പിക്കാവുന്നതാണ് ഇൗ ബോട്ട്.  ലോകത്തില്‍ തന്നെ ആദ്യമായാണ് ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇത്രയും വിപുലമായ ബോട്ട് ശ്യംഖല. പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്ന പൊതുഗതാഗത സംവിധാനമാണെന്ന പ്രത്യേകതയും ഇൗ മെട്രോ ബോട്ടിനുണ്ട്. പദ്ധതി പൂർണസജ്ജമാകുന്നതോടെ പ്രതിവർഷ കാർബൺ ബഹിർഗമനത്തിൽ 44,000 ടണ്ണിന്റെ കുറവു വരുത്താനാകുമെന്നാണ് വിലയിരുത്തൽ. പദ്ധതി പൂർണമാകുമ്പോൾ നഗര ജലഗതാഗതത്തിന് ഇലക്ട്രിക് ബോട്ടുകളുള്ള ലോകത്തെ ഏറ്റവും വലിയ സംവിധാനമായി കൊച്ചി വാട്ടർ മെട്രോ മാറുമെന്നാണ് പ്രതീക്ഷ.

English Summary: India's first water metro launched in Kochi 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com