ADVERTISEMENT

കൊടുംചൂടിൽ നമ്മളെന്താണ് ആഗ്രഹിക്കുന്നത്… ? മൂടൽമഞ്ഞു പൊതിയുന്ന വഴികളിലൂടെയൊരു ഡ്രൈവ്. സുഖകരമായൊരു രാവുറക്കം.  ബഹളങ്ങളില്ലാത്തൊരിടത്തു സകുടുംബം താമസം. വയനാട്ടിലേക്കു വാഹനമെടുത്തിറങ്ങുമ്പോൾ ഇനി ചുണ്ടേൽ അങ്ങാടിയിൽ നിന്ന് തിരിഞ്ഞ് ആനപ്പാറ എസ്റ്റേറ്റിലേക്കൊന്നു ഡ്രൈവ് ചെയ്യണം. യാത്രികരെ കൊതിപ്പിക്കുന്ന ചെറുവഴികളാണ് ആനപ്പാറയിലുള്ളത്. 

 

anapara5

വയനാടിന്റെ കവാടമായ വൈത്തിരി കടന്നു മുന്നോട്ടുപോകുമ്പോൾ രസകരമായൊരു ബോർഡ് കാണാം ചുണ്ടേൽ അങ്ങാടിയിൽ. വലത്തേക്ക് ഊട്ടി. ഇടത്തേക്ക് മൈസൂർ. ചുണ്ടേലിൽനിന്നൊരു ചായ ചൂടാറാതെ കുടിച്ച് വലത്തോട്ടു തിരിയാം.വീണ്ടും ഒരു ചെറുവഴി വലത്തോട്ട്. ഇരുവശത്തും  എസ്റ്റേറ്റിന്റെ കാഴ്ചകൾ. തേയിലത്തോട്ടം. കുറച്ചുദൂരം ചെല്ലുമ്പോഴേ ചെമ്പ്ര മുടിയുടെ കാഴ്ചകൾ കാണാം. ആനപ്പാറയെന്നൊരു ചെറിയ ഗ്രാമം.  ആനയിറങ്ങുമോ ഇവിടെ? ഇല്ലെന്നു ഗ്രാമത്തിന്റെ പേരു പറഞ്ഞുതന്നെ ചേട്ടൻ തലയാട്ടി. 

anapara

 

അവിടെനിന്നു പിന്നെയും താഴേക്കു പോകുമ്പോൾ  വലതുവശത്ത് പുൽവിരിച്ചതുപോലെ മൈതാനം. അവിടെ കുട്ടികൾ ആർത്തുതിമിർത്തു കളിക്കുന്നുണ്ട്. പകൽക്കാഴ്ചകളാണിവ.  ഈ വഴി ഡ്രൈവ് ചെയ്ത് പോകുമ്പോഴേ നമുക്കിഷ്ടമാകും. ശാന്തമായ അന്തരീക്ഷത്തിലൊരു കുഞ്ഞുഗ്രാമവും ചെമ്പ്ര മുടിയുടെ താഴെ തേയിലത്തോട്ടവും. അവിടെ താമസിക്കുകയുമാകാം. വഴിയുടെ അറ്റത്താണു മേപ്പിൾ ആഷ് എന്ന സുന്ദര താമസസ്ഥലം. അതിവിശാലമായ പ്രദേശത്ത് സ്വകാര്യതയുറപ്പാക്കുന്ന ഓരോ കോട്ടേജുകൾ. റൂമിൽനിന്നു നോക്കുമ്പോൾ ചെമ്പ്ര മുടിയുടെ കാഴ്ചകൾ. സകുടുംബം പകൽ ചെലവിടാൻ പുളും ടർഫും ഗെയിമിങ് ഏരിയയും. മേപ്പിൾ ആഷിന്റെ സൗകര്യങ്ങളൊക്കെയാസ്വദിച്ച് രാവുറങ്ങാം. 

 

രാവിലെ എണീറ്റ് ഒന്നു നടക്കാനിറങ്ങിയാൽ മൂടൽമഞ്ഞിലൂടെ സൂര്യൻ എത്തിനോക്കുന്നത് ആസ്വദിക്കാം. ഇക്കാലത്ത് ഇത്രയും രസകരമായ പ്രഭാതസവാരി കിട്ടുകയില്ല തന്നെ.  ഏതാണ്ട് നമ്മൾ മാത്രമേ എസ്റ്റേറ്റ് വഴിയിലുണ്ടാകൂ. നടക്കുകയാണെങ്കിലും ഡ്രൈവ് ചെയ്യുകയാണെങ്കിലും ഈ വഴിയൊരു അതുല്യ അനുഭവമാണ്. സൂര്യൻ ഉയരുമ്പോൾ സ്വാഭാവികമായും ചൂടിൽ മാറ്റമുണ്ട്. അന്നേരം മേപ്പിൾ ആഷിന്റെ സൗകര്യങ്ങളിലേക്കു വീണ്ടും തിരിച്ചുപോകാം. സാധാരണ വൈത്തിരിയിലെ തിരക്കുള്ള താമസസൗകര്യങ്ങളെ അപേക്ഷിച്ച് ശാന്തത കൂടുതലുള്ള ഇടമാണ് ആനപ്പാറയും ചുണ്ടേലും.  വേനൽചൂടിൽനിന്നു രക്ഷനേടാൻ ഇവിടേക്കാകാം അടുത്ത ഡ്രൈവ്. 

 

വൈത്തിരി- ചുണ്ടേൽ 5.3 കിമീ

ചുണ്ടേൽ കൽപ്പറ്റ- 6.5 കിമീ

മേപ്പിൾ ആഷ് നമ്പർ- 9946967487

അടുത്തുള്ള പൊലീസ് സ്റ്റേഷൻ-   വൈത്തിരി

അടുത്തുള്ള ഹോസ്പിറ്റൽ- വൈത്തിരി സർക്കാർ ആശുപത്രി

അടുത്തുള്ള മറ്റാകർഷണങ്ങൾ- പൂക്കോട് തടാകം, എൻ ഊര് ഗോത്രപൈതൃക ഗ്രാമം എന്നിവ 

English Summary: Best Tourist Place to Visit in Wayanad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com