ADVERTISEMENT

ഒരേക്കറോളം പരന്നുകിടക്കുന്ന കരിമ്പാറക്കൂട്ടം. അതിന്റെ ചെരിവിൽക്കൂടി അലസമായി ഒഴുകുന്ന  ചെറിയൊരു വെള്ളച്ചാട്ടം. പ്രകൃതി ഒരുക്കിയ ശിൽപാവിഷ്കാരം പോലെ പാറപ്പരപ്പിൽ അവിടവിടെയായി ഗുഹകൾക്കു സമാനമായ ചെറിയ അളകൾ. ഇടിയും മിന്നലും തിരനോട്ടം നടത്തുന്നതുവരെ ഇവ ശാന്തമായി ഉറങ്ങിക്കിടക്കും. പക്ഷേ, ആകാശമിരുണ്ട് ഇടിമിന്നൽ ഭൂമിയെ പുൽകുന്നതോടെ ഇവയുടെ ഭാവം മാറും. വെട്ടിവീഴുന്ന വെള്ളിടിയെ മാറിലെ അളകളിലേക്കാവാഹിക്കും. പിന്നെ തീഷ്ണതയോടെ പുറത്തേക്കെറിയും. ഇടിവെട്ടിയതിനുശേഷവും ആ ശബ്ദത്തെ പതിന്മടങ്ങാക്കി മുഴക്കിക്കൊണ്ടിരിക്കും... തെന്മല ഡി.എഫ്. JR അനിയാണ് ഇടി മുഴക്കത്തെ ഇരിട്ടിയായിപ്രതിധ്വനിപ്പിക്കുന്ന പാറക്കൂട്ടത്തെ പരിചയപ്പെടുത്തിയത്.

കൊല്ലം തെന്മലയിൽ, കളംകുന്ന് ഡിവിഷന്റെ ഭാഗമാണ് ഇടിമുഴങ്ങാൻ പാറ. മാനം കറുത്തു, ഇടിമുഴങ്ങും മുൻപേ പുഴകടന്ന്, കൊടുങ്കാട്കയറാം. തെന്മലഫോറസ്റ്റ് ഐ.ബിയിലെ ഉച്ചയൂണ് കഴിഞ്ഞാണ് യാത്ര തുടങ്ങിയത്. മൂന്നു മണിയോടെ കളംകുന്ന് എത്തി. തെന്മല ഡാമിന്റെ ഭാഗമായ കളംകുന്നിൽ നിന്നാണ് ഇവിടത്തെ പ്രധാന ആകർഷണമായ കുട്ടവഞ്ചി സവാരി തുടങ്ങുന്നത്. ജലസംഭരണിയുടെ ഓരത്തായി ഇടിമുഴങ്ങാൻപാറയിലേക്ക് പോകാനുള്ള  വനംവകുപ്പിന്റെ ബോട്ട് തയാറായി നിന്നു.

thenmala2

 

സുരക്ഷാവസ്ത്രമണിഞ്ഞ് എല്ലാവരും ഇരുന്നു എന്ന് ഉറപ്പാക്കിയ ശേഷം ബോട്ട് ഡ്രൈവർ സിയാദ് എൻജിൻ സ്റ്റാർട് ചെയ്തു. കളംകുന്നിൽനിന്നും ലക്ഷ്യസ്ഥാനമായ ഇടിമുഴങ്ങാൻ പാറ ക്യാംപ് ഷെഡിലേക്ക് 45 മിനിട്ടോളം ജലയാത്രയുണ്ട്. കാടിനുള്ളിലാണ് ആദ്യം ഇരുട്ട് വീഴുന്നത്. അതിനുമുൻപേ ലക്ഷ്യസ്ഥാനത്ത് എത്തണം എന്നുള്ളതിനാൽ ബോട്ട് അതിന്റെ പരമാവധി വേഗതയിലാണ് നീങ്ങുന്നത്.യാത്ര പത്ത് മിനിട്ട് പിന്നിട്ടപ്പോൾ ഗൈഡ് ആയി കൂടെ വന്ന റേഞ്ച് ഓഫിസർ സുധീർ ഒരു പ്രത്യേക അറിയിപ്പു തന്നു..'നമ്മളിപ്പോൾ സഞ്ചരിക്കുന്നത് ഒരു കണ്ണാടി ബംഗ്ലാവിന് മുകളിലൂടെയാണ് '! ഈ ജലപ്പരപ്പിനടിയിൽ ബംഗ്ലാവോ? തികട്ടി വന്ന ജിജ്ഞാസ അടക്കിവയ്ക്കാനാവാതെ ചോദിച്ചു.

thenmala

 

സുധീർ തുടർന്നു, ബ്രിട്ടിഷ് വ്യവസായിയായിരുന്ന കാമറൂൺ സായിപ്പ് 1886ൽ പണിതതായിരുന്നു ആ ബംഗ്ലാവ് 1984 ൽ ജലസംഭരണിയുടെ ശേഷി ഉയർത്തിയപ്പോൾ ചുറ്റുമുള്ള നിബിഡവനത്തിനൊപ്പം ബംഗ്ലാവും വെള്ളത്തിനടിയിലായിപ്പോയത്രെ. ഇരുവശങ്ങളിലുമായി ഉയർന്നു നിൽക്കുന്ന  മലകളെയും ,അവയ്ക്ക് അരപ്പട്ട കെട്ടിയതുപോലെ കാണപ്പെടുന്ന ജലപ്പരപ്പിനെയും മനസ്സിലേക്കാവാഹിച്ചുകൊണ്ട് യാത്ര ആസ്വദിച്ചിരിക്കെ സിയാദ് പെട്ടെന്ന് വലതു വശത്തേക്ക് കൈ ചൂണ്ടിക്കൊണ്ട് ബോട്ടിന്റെ വേഗത കുറച്ചു. അമ്പരപ്പോടെ ഞങ്ങൾ ചുറ്റും നോക്കി. ഏതാണ്ട് 100 അടിയോളം ദൂരത്തായി രണ്ടു തുരുത്തുകൾക്കു നടുവിലെ മരക്കൂട്ടങ്ങൾക്കു സമീപം അനങ്ങിക്കൊണ്ടിരിക്കുന്നൊരു കറുത്ത രൂപം. അത് പതിയെ കാട്ടുപൊന്തകൾക്കു മുന്നിലെ പുൽമേട്ടിലേക്കിറങ്ങി വന്നപ്പോൾ കാഴ്ച വ്യക്തം.

 

thenmala3

വലിയൊരു കാട്ടുപോത്താണ്. പുൽമേട്ടിലൂടെ അലസനായി നിന്നു മേയുന്നു. വേനൽക്കാലമായാൽ ആനക്കൂട്ടങ്ങളെയും ധാരാളമായി ഈ പ്രദേശത്ത് കാണാനാകുമെന്ന് റേയ്ഞ്ച് ഓഫീസർ പറഞ്ഞു. ബോട്ടിന്റെ വേഗത പരമാവധി കുറച്ച് കാടിന്റെ സൗന്ദര്യം ആസ്വദിക്കാൻ  സിയാദ് അവസരമുണ്ടാക്കിത്തന്നു. തണുത്ത കാറ്റ്  ഏതാണ്ട് അര മണിക്കൂർ കൂടി തുടർന്നു ആ ബോട്ടുയാത്ര.

ജലസംഭരണിയുടെ കൈവഴി അവസാനിക്കുന്ന ഒരു മുനമ്പിൽ സിയാദ് ബോട്ടടുപ്പിച്ചു. അതിനടുത്തായി ഹിൽടോപ്പിൽ നിന്നും റിസർവോയറിലേക്ക് ഒഴുകിയിറങ്ങുന്നൊരു തോടുണ്ടായിരുന്നു. ഇടിമുഴങ്ങാൻ പാറക്കും മുകളിലുള്ള ചോലവനങ്ങളിൽ നിന്നുത്ഭവിക്കുന്ന ഈ നീർച്ചോലയാണ് ഇടിമുഴങ്ങാൻ തോടെന്നറിയപ്പെടുന്നത്. കടുത്ത വേനലിൽപ്പോലും ഇത് വറ്റാറില്ലത്രെ. തോട്ടിനു സമാന്തരമായി തെളിഞ്ഞു കണ്ട നടപ്പാതയിലൂടെ സുധീർ ഞങ്ങളെ നയിച്ചു. നൂറു മീറ്ററോളം ചെന്നപ്പോൾ മലയുടെ അടിവാരത്തായി മരക്കൂട്ടങ്ങൾക്കിടയിലൂടെ പച്ച നിറത്തിലുള്ള ക്യാംപ് ഷെഡ് ദൃശ്യമായി. നാലു ചുറ്റിലുമായി 10-12 അടി താഴ്ചയിൽ കുഴിച്ചിട്ടിരിക്കുന്ന

കിടങ്ങുകളാലും അതിനു പിന്നിലായി സ്ഥാപിച്ചിരിക്കുന്ന സൗരോർജ വൈദ്യുത വേലിയാലും ക്യാംപ് ഷെഡ് സുരക്ഷിതമാക്കിയിട്ടുണ്ട്. കിടങ്ങിനു കുറുകെ, അകത്തേക്കു പ്രവേശിക്കാനായി ഒരാൾക്കു മാത്രം കടക്കാനാകുന്ന ഇരുമ്പുകോണിയാണ് ഘടിപ്പിച്ചിരിക്കുന്നത്. ഷെഡിനെ രണ്ടു കോട്ടജുകളാക്കി തിരിച്ചിട്ടുണ്ട്. ഓരോ കോട്ടജിലും പരമാവധി നാലു പേർക്കു വരെ താമസിക്കാം. പിന്നെയുള്ളത് അടുക്കളയും ഭക്ഷണം കഴിക്കാനിരിക്കാവുന്ന ചെറിയൊരു ഹാളുമാണ്.

 

ക്യാംപ് ഷെഡിലേക്കു കയറിയപ്പോഴേ ദൂരെ നിന്ന് ഒരിരമ്പൽ ശബ്ദം കേട്ടിരുന്നു. അടുത്തുള്ളൊരു വെള്ളച്ചാട്ടത്തിന്റെ ശബ്ദമായിരുന്നത്. ബാക്ക്പായ്ക്കുകൾ കോട്ടജിൽ വച്ച്  വെള്ളച്ചാട്ടത്തിൽ മുങ്ങിക്കുളിക്കാനായി പോയി. ക്യാംപിൽ നിന്ന് അഞ്ചു മിനിട്ടോളം നടന്ന് പാറക്കെട്ടുകളിലൂടെ ആർത്തലച്ച് പല തട്ടുകളായി താഴേക്കൊഴുകുന്ന വെള്ളച്ചാട്ടത്തിനരികെയെത്തി. ഒരു നിമിഷം അതിന്റെ സൗന്ദര്യം നോക്കി നിന്നു. പാറയുടെ പ്രതലത്തിൽ അവിടവിടെയായി ചെറിയ അളകൾ. ഇടിവെട്ടുമ്പോൾ ഈ അളകളിൽത്തട്ടി ശബ്ദം മുഴങ്ങുന്നതു കൊണ്ടാണ് ഈ പാറകൾക്ക് ഇടിമുഴങ്ങാൻ പാറയെന്ന് പേര് കിട്ടിയതത്രേ.

പാറയുടെ അരികിലൂടെ താഴേക്ക് ജലം പതിക്കുന്ന സ്ഥലത്ത് ചെറിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ഒരാൾക്ക് അതിലിറങ്ങി  മുങ്ങിക്കിടക്കാം. ഒരു മണിക്കൂറോളം ഈ കുഴികളിൽ കിടന്നപ്പോൾ അന്നത്തെ യാത്രാക്ഷീണമെല്ലാം പമ്പകടന്നു. മാത്രമല്ല ഈ പാറക്കുഴികളിൽ ചെറുമത്സ്യങ്ങൾ ധാരാളമുള്ളതിനാൽ ഒരു ഫിഷ് ബൈറ്റിംഗ് തെറാപ്പിയുടെ ഫലം സൗജന്യമായിക്കിട്ടുകയും ചെയ്തു.സന്ധ്യ മയങ്ങിയാൽ പിന്നെ ഇവിടം ആനകളുടെ സ്വിമ്മിങ് പൂൾ ആണെന്ന് സുധീർ മുന്നറിയിപ്പു തന്നതിനാൽ മടങ്ങി.

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com