കായലും ബീച്ചും കടല്‍രുചികളും വിരുന്നൂട്ടുന്ന ഇടം; അവധിക്കാലം ചിലവഴിക്കാന്‍ പറ്റിയ സ്ഥലം

1098532709
Kollam.-Saurav022/shutterstock
SHARE

ഇബ്നുബത്തൂത്ത മുതല്‍ മാര്‍ക്കോ പോളോ വരെയുള്ള ലോകസഞ്ചാരികളുടെ പ്രിയപ്പെട്ട പട്ടണമായിരുന്നു കൊല്ലം. നൂറ്റാണ്ടുകളായി സുഗന്ധവ്യഞ്ജന വ്യാപാരത്തിനും പ്രകൃതിഭംഗിക്കും പേരുകേട്ട കൊല്ലം, ഇന്നും സഞ്ചാരികളുടെ പ്രിയ ലൊക്കേഷനുകളില്‍ ഒന്നായി തുടരുന്നു. കാടും കായലും ബീച്ചുകളും കടല്‍രുചികളുമെല്ലാമായി അവധിക്കാലം ചിലവഴിക്കാന്‍ പറ്റിയ കിടിലനൊരു സ്ഥലമാണ് കൊല്ലം. കൊല്ലം കാണാന്‍ പോകുമ്പോള്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ചില ഇടങ്ങള്‍ പരിചയപ്പെടാം.

പാലരുവി വെള്ളച്ചാട്ടം

കൊല്ലം-ചെങ്കോട്ട റോഡിൽ, ആര്യങ്കാവിനടുത്ത് 300 അടി ഉയരത്തിൽ നിന്ന് പതിക്കുന്ന അതിമനോഹരമായ വെള്ളച്ചാട്ടമാണിത്. സഹ്യപർ‌വതനിരകളിൽപ്പെട്ട രാജക്കൂപ്പ് മലനിരകളിൽ നിന്നും ഉത്ഭവിച്ച്, പാൽ പോലെ വെളുത്തനിറത്തില്‍  പതഞ്ഞ് താഴേക്ക് പതിക്കുന്നതിനാലാണ് പാലരുവിക്ക് ആ പേര് ലഭിച്ചത്.

palaruvi
Image Source: Kerala Tourism

ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടങ്ങളില്‍ ഒന്നായ ഇതിന് ആയുർവേദ ഗുണങ്ങളുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു, ഉൾ‌വനങ്ങളിലെ ഔഷധസസ്യങ്ങളെ തഴുകി ഒഴുകി വരുന്ന വെള്ളച്ചാട്ടത്തിൽ കുളിച്ചാൽ അസുഖങ്ങൾ ഭേദമാകുമെന്ന് സമീപവാസികൾ പറയുന്നു. രാജവാഴ്ചയുടെ അവശേഷിപ്പുകളായ കുതിരലായവും ഒരു കൽമണ്ഡപവും ഇവിടെ കാണാം. കൊല്ലത്ത് നിന്നും 75 കിലോമീറ്റർ അകലെയാണ് പാലരുവി.

കുളത്തൂപ്പുഴ

തിരുവനന്തപുരം - ചെങ്കോട്ട റോഡിൽ തെൻമല റയിൽവേ സ്റ്റേഷനിൽ നിന്നും 10 കി.മീ മാറിയാണ് കുളത്തൂപ്പുഴയെന്ന കൊച്ചു പട്ടണം. കല്ലടയാറിന്‍റെ തീരത്ത്, സഹ്യപർവ്വതത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന കുളത്തൂപ്പുഴയില്‍ ഇലപൊഴിയും കാടുകൾ മുതൽ ശെന്തുരുണി വന്യജീവിസങ്കേതം വരെ, മനോഹരമായ ഒട്ടേറെ കാഴ്ചകളുണ്ട്. 

1705815472
Sengottai Highway-Deepak Bhaskaran/shutterstock

കുളത്തൂപ്പുഴയുടെ കിഴക്കൻ മേഖലയിലെ പെരുവഴിക്കാല, കുളമ്പി, വട്ടക്കരിക്കം, രണ്ടാംമൈൽ, വില്ലുമല തുടങ്ങിയ കോളനികളില്‍ കാണിക്കാര്‍ എന്നറിയപ്പെടുന്ന ആദിവാസി ജനവിഭാഗം താമസിക്കുന്നു. ഇവിടം സന്ദര്‍ശിച്ച് അവരുടെ ജീവിതരീതികള്‍ മനസ്സിലാക്കാം. കൂടാതെ, ബ്രിട്ടീഷ് നിർമ്മിതമായ നെടുവന്നൂർക്കടവ് മുത്തശിപ്പാലം, പുരാതനമായ കട്ടിളപ്പാറ, ബ്രിട്ടീഷ് കാലം മുതലുള്ള റോക്ക് വുഡ് എസ്റ്റേറ്റും തേയിലതോട്ടങ്ങളും തുടങ്ങിയവയെല്ലാം കുളത്തൂപ്പുഴയിലെ കാഴ്ചകളാണ്.

ജടായു എർത്ത് സെന്‍റര്‍

Jatayu-Earths-Center44

കൊല്ലത്ത് ഈയിടെയായി ജനപ്രീതിയാര്‍ജ്ജിച്ച് വരുന്ന ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് ജടായു എർത്ത് സെന്‍റര്‍, ഒരു റോക്ക്-തീം പാർക്കാണിത്. ഒരു കുന്നിൻ മുകളിൽ സ്ഥാപിച്ചിരിക്കുന്ന ഭീമാകാരമായ ജടായു പ്രതിമയാണ് ഇവിടുത്തെ പ്രധാന കാഴ്ച. 6D തിയേറ്റർ, ഓഡിയോ വിഷ്വൽ ഡിജിറ്റൽ മുറി, ആയുർവേദ ഗുഹ റിസോർട്ട്, കേബിൾ കാർ സവാരി എന്നിവയും ഇവിടെയുണ്ട്. രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ ഇവിടേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനമുണ്ട്. 

തങ്കശ്ശേരി ബീച്ച്

കൊല്ലം പട്ടണത്തിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന തങ്കശ്ശേരി ബീച്ച്, ബ്രിട്ടീഷുകാരുടെയും പോർച്ചുഗീസുകാരുടെയും ഡച്ചുകാരുടെയും ഏറ്റവും ഇഷ്ടപ്പെട്ട സെറ്റിൽമെന്‍റ് ലൊക്കേഷനുകളിൽ ഒന്നായിരുന്നു. മൂന്നു കിലോമീറ്ററോളം നീളത്തില്‍, വെള്ളി നിറമുള്ള മണൽ വിരിച്ച കടല്‍ത്തീരം മനംകവരുന്ന കാഴ്ചയാണ്. 

620901686
Thangassery -alionabirukova/shutterstock

ഈന്തപ്പന തോപ്പുകളും ലൈറ്റ്ഹൗസുമാണ് മറ്റു ആകര്‍ഷണങ്ങള്‍. ഒരു നൂറ്റാണ്ട് മുമ്പ് നിർമ്മിച്ച ലൈറ്റ് ഹൗസിന് മുകളില്‍ കയറി ചുറ്റുമുള്ള കടലിന്‍റെയും തീരത്തിന്‍റെയും വിശാലമായ കാഴ്ച ആസ്വദിക്കാം. സമീപത്ത് ഒരു പോർച്ചുഗീസ് കോട്ടയുടെ അവശിഷ്ടങ്ങളുമുണ്ട്. ആഴക്കടൽ മത്സ്യബന്ധനം, സ്പീഡ് ബോട്ട് സവാരി, സ്കൂബ റൈഡിംഗ്, സർഫിംഗ്, കാറ്റമരൻ റൈഡിംഗ് തുടങ്ങിയ സാഹസികവിനോദങ്ങളും ഇവിടെയുണ്ട്. 

തേവള്ളി കൊട്ടാരം

തിരുവിതാംകൂർ രാജാക്കന്മാർക്ക്‌ ബ്രിട്ടീഷ്‌ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്‌ച നടത്തുന്നതിനായി പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ നിര്‍മ്മിച്ചതാണ് തേവള്ളി കൊട്ടാരം. തിരുവിതാംകൂറിന്‍റെ രാജകീയ പ്രൗഢി വഴിഞ്ഞൊഴുകുന്ന ഈ കൊട്ടാരം, ബ്രിട്ടീഷ്, ഡച്ച്, പോർച്ചുഗീസ് വാസ്തുവിദ്യകളുടെ മിശ്രണമാണ്. കൊട്ടാരത്തിനുള്ളിൽ ഒരു ശാസ്താ ക്ഷേത്രവുമുണ്ട്.

ഇവ കൂടാതെ, വേറെയും ഒട്ടനവധി ആകര്‍ഷണങ്ങള്‍ കൊല്ലത്തുണ്ട്. അഷ്ടമുടി തടാകം, തെന്മല മാൻ പാർക്ക്, തിരുമുല്ലവാരം ബീച്ച്, കൊല്ലം ബീച്ച്, മഹാത്മാഗാന്ധി ബീച്ചും പാർക്കും, ശെന്തുരുണി വന്യജീവി സങ്കേതം, പുനലൂര്‍, ആര്യങ്കാവ്, ആലുംകടവ്, ഓച്ചിറ, ശാസ്താംകോട്ട തടാകം, കോട്ടുക്കൽ ഗുഹാക്ഷേത്രം, കുംഭാവുരുട്ടി വെള്ളച്ചാട്ടം, മൺറോ ദ്വീപ്, പന്മന ആശ്രമം, കായംകുളം കായൽ, അഴീക്കൽ ബീച്ച്, നീണ്ടകര തുറമുഖം, റോസ്മല തുടങ്ങിയവയും ഇവിടെ സന്ദര്‍ശിക്കാവുന്ന മറ്റു ചില സ്ഥലങ്ങളാണ്.

English Summary: Places to visit in Kollam

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

‘വർക്ക് ഇല്ലാതെ പൂപ്പൽ പിടിച്ചതാ; പച്ച പിടിച്ചതല്ല’

MORE VIDEOS
FROM ONMANORAMA