ADVERTISEMENT

സഞ്ചാരികളായ മിക്കവരും യാത്ര ചെയ്യാൻ മോഹിക്കുന്നിടമാണ് വയനാട്. ചുരംകയറുമ്പോൾ മുതൽ വയനാടിന്റെ ദൃശ്യത്തിന് തുടക്കമാകും. ആ നാട് മുഴുവന്‍ കാഴ്ചകള്‍ കൊണ്ട് സമ്പന്നമാണ്. നമ്മളിലധികം പേരും വയനാടിന്റെ മുക്കും മൂലയും അരിച്ചുപ്പെറുക്കിയവരായിരിക്കും. പക്ഷേ ചില രത്‌നങ്ങള്‍ വയനാട് ഒളിപ്പിച്ചുവച്ചിട്ടുണ്ട്. അങ്ങനെ പെട്ടെന്നൊന്നും ആരുടേയും കണ്ണില്‍പ്പെടാതെ വയനാടന്‍ സൗന്ദര്യം മുഴുവന്‍ ആവാഹിച്ച ഒരു സ്ഥലത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. അതാണ് നെല്ലറച്ചാല്‍. 

വെള്ളത്താല്‍ ചുറ്റപ്പെട്ടൊരു പ്രകൃതിഗ്രാമം

വയനാട്ടിലെ ഏറ്റവും സുന്ദരമായ സ്ഥലങ്ങളില്‍ ഒന്നാണ് നെല്ലറച്ചാല്‍. ഭൂമിശാസ്ത്രപരമായി, നെല്ലറച്ചാല്‍ ഒരു ഉപദ്വീപിന്റെ ഒരു ഭാഗം പോലെയാണ്. അതായത് നെല്ലറച്ചാലിന്റെ മൂന്ന് വശം കാരാപ്പുഴ അതിരിടുന്നു. കാരാപ്പുഴ റിസര്‍വോയറിന്റെ മനോഹരമായ പശ്ചാത്തലത്തില്‍ നിന്ന് യാത്ര ആരംഭിക്കാം. ഈ ഗ്രാമത്തിലേക്കുള്ള യാത്ര സംഘടിപ്പിക്കുന്നത് കേരള ടൂറിസം ആയതിനാല്‍ നെല്ലാറച്ചാലിന്റെ മുക്കും മൂലയും പരിചയപ്പെടുത്താന്‍ സഞ്ചാരികള്‍ക്കൊപ്പം ഒരു ഗൈഡുമുണ്ടാകും. ടൂറിസം കേന്ദ്രമായി അംഗീകരിച്ചിട്ടില്ലെങ്കിലും നൂറുകണക്കിനാളുകളാണ് ദിവസവും നെല്ലാറച്ചാലില്‍ എത്തുന്നത്. 

Nellarachal3
Image Source: Youtube

കാരാപ്പുഴ അണക്കെട്ടിന്റെ വേറിട്ടകാഴ്ചകളാണ് സന്ദര്‍ശകരെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നത്. ഞാമലം കുന്നിനരികിലെ മൊട്ടക്കുന്നില്‍ ആ ജലാശയത്തിനരികിലെ ശാന്തതയിലിരുന്ന് മീന്‍പിടിത്തവും ഗ്രാമീണരുടെ ജീവിതരീതികളും ആസ്വദിക്കാനെത്തുന്നവര്‍ ഏറെയാണ്. ഗോത്രവര്‍ഗക്കാര്‍ അധിവസിക്കുന്നിടത്ത് നഗരത്തിന്റെ തിരക്കുകളേതുമില്ലാതെ നമുക്ക് കുറേ സമയം ചെലവഴിയ്ക്കാം. ആല്‍ബം, വിവാഹ ഫോട്ടോഷൂട്ട് എന്നിവയുടെ പ്രധാന ലൊക്കേഷനാണ് ഇവിടം. കുന്നിന്‍ചെരുവില്‍ ഓഫ് റോഡ് ഡ്രൈവിങ് ആസ്വദിക്കാനെത്തുന്നവരും ഏറെ.

നെല്ലറച്ചാലിന്റെ ചരിത്രം

നെല്ലറച്ചാല്‍ നിരവധി യുദ്ധങ്ങള്‍ക്കും സാക്ഷിയായിട്ടുണ്ട്. കുറിച്യ ഗോത്രവര്‍ഗ്ഗക്കാര്‍ക്കൊപ്പം ബ്രിട്ടീഷുകാര്‍ക്കെതിരെ ഗറില്ലാ യുദ്ധം നയിച്ച മലബാറിലെ സിംഹം  പഴശ്ശി രാജായ്‌ക്കൊപ്പം നെല്ലറച്ചാലില്‍ നിന്നുള്ള അമ്പെയ്ത്ത് വിദഗ്ദന്‍ ഗോവിന്ദന്‍ യുദ്ധം നയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അമ്പ് ശേരഖങ്ങളും മറ്റു വിവരങ്ങളുമെല്ലാം നെല്ലറച്ചാല്‍ യാത്രയില്‍ പരിചയപ്പെടാന്‍ അവസരമുണ്ട്. 

Nellarachal-2
Image Source: Youtube

വയനാട്ടിലെ പണിയന്‍ ഗോത്രക്കാര്‍ നിര്‍മിക്കുന്ന തുടി എന്ന സംഗീതോപകരണത്തിന്റെ പ്രവര്‍ത്തനവും വിൽപനയുമെല്ലാം ഇവിടെയുണ്ട്. സന്ദര്‍ശകര്‍ക്കായി ആദിവാസികള്‍ നിര്‍മിക്കുന്ന ഈ ഉപകരണത്തിന്റെ വിൽപന ഗ്രാമീണരുടെ ഉപജീവന മാര്‍ഗം കൂടിയാണ്. മാത്രമല്ല ഇവിടെ യൂക്കാലിപ്റ്റസിന്റെ ഗുണങ്ങളും അതിന്റെ ഔഷധ മൂല്യവും അറിയാനുള്ള അവസരവുമുണ്ട്. യൂക്കാലിപ്റ്റസ് ഓയില്‍ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നമുക്ക് ഇവിടെ നിന്നറിയാം. സുഗന്ധവ്യഞ്ജന തോട്ടങ്ങള്‍, ട്രൈബല്‍ ആര്‍ട്ട് സെന്റര്‍, ഉറവ് ബാംബൂ ക്രാഫ്റ്റ് വില്ലേജ് തുടങ്ങിയവയും നെല്ലറച്ചാലിലെ ്ആകര്‍ഷണങ്ങളാണ്. 

എത്തിച്ചേരേണ്ട വിധം 

അമ്പലവയല്‍-മീനങ്ങാടി റോഡ് വഴി റോഡ് മാര്‍ഗം നെല്ലറച്ചാലില്‍ എത്താന്‍ 35 മിനിറ്റും വാര്യാട്-കൊളവയല്‍ റോഡ് വഴി 50 മിനിറ്റും എടുക്കും.

English Summary: Nellarachal Unexplored Places in Wayanad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com