ഇന്ന് മെയ് 14 ഞായറാഴ്ച മാതൃദിനമാണ്. അവധിദിനമായതിനാല്‍ ആഘോഷമൊരുക്കാന്‍ ബുദ്ധിമുട്ടില്ല. അമ്മയെയും കൂട്ടി മനോഹരമായ ഒരു യാത്ര പോകുന്നത് ഈ ദിനം അവിസ്മരണീയമാക്കും. മാത്രമല്ല, അവര്‍ക്കുള്ള ഏറ്റവും മികച്ചൊരു സമ്മാനം കൂടിയായിരിക്കും അത്.
ഇക്കുറി മാതൃദിനം മറക്കാനാവാത്ത അനുഭവമാക്കാനായി അമ്മയെയും കൂട്ടി പോകാന്‍ പറ്റുന്ന കേരളത്തിലെ ഏറ്റവും സുന്ദരമായ ചില സ്ഥലങ്ങള്‍...
മൂന്നാർ
യുവാക്കളായ മക്കളൊക്കെ കൂട്ടുകാര്‍ക്കൊപ്പവും മറ്റും പലകുറി പോയി വന്നിട്ടുണ്ടെങ്കിലും, വീട്ടിലിരിക്കുന്ന സാധാരണക്കാരായ അമ്മമാര്‍ക്ക് മൂന്നാര്‍ എന്നത് കേട്ടുതഴമ്പിച്ച ഒരു പേര് മാത്രമായിരിക്കും. മരതകപ്പച്ചയില്‍ കുന്നിന്‍പുറമാകെ പീലി വിരിച്ച് നില്‍ക്കുന്ന തേയിലത്തോട്ടങ്ങള്‍ക്ക് മുകളില്‍ സ്വര്‍ണ്ണവെയിലിന്‍റെ ആദ്യ കിരണങ്ങള്‍ പതിക്കുന്ന കാഴ്ച, മാതൃദിനത്തില്‍ അമ്മയ്ക്ക് നല്‍കാവുന്ന അമൂല്യമായ ഒരു സമ്മാനമാണ്.

ടോപ്പ് സ്റ്റേഷൻ വ്യൂപോയിന്‍റിൽ നിന്നുള്ള കാഴ്ചകളും ഇരവികുളം നാഷണല്‍ പാര്‍ക്കുമെല്ലാം സന്ദര്‍ശിച്ച് വരാം. ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെങ്കില്‍ ചെറിയ ഹൈക്കിംഗോ ട്രെക്കിംഗോ ഒക്കെ ആവാം. സ്ട്രോബറി ജാമും ഹോം മേഡ് ചോക്ലേറ്റും പോലുള്ള സ്പെഷ്യല്‍ ഐറ്റങ്ങള്‍ വാങ്ങി വരാം.
ആലപ്പുഴ
കായലിലൂടെ ഹൗസ്ബോട്ടില്‍ യാത്രചെയ്തും കിടിലന്‍ മീന്‍ രുചികള്‍ ആസ്വദിച്ചും മാതൃദിനം ആഘോഷിക്കണം എങ്കില്‍ നേരെ ആലപ്പുഴയിലേക്ക് വിടാം. കിഴക്കിന്‍റെ വെനീസിലെ ഇടുങ്ങിയ കനാലുകളിലൂടെയുള്ള യാത്ര പുതുജീവന്‍ പകരുന്ന ഒരു അനുഭവമാണ്. തെങ്ങിന്‍തോപ്പുകളും സുന്ദരമായ ഗ്രാമങ്ങളും ഊഷ്മളതയോടെ അതിഥികളെ സ്വാഗതം ചെയ്യുന്ന നാട്ടുകാരുമെല്ലാം ഈ യാത്ര അവിസ്മരണീയമാക്കും.
ഫോർട്ട്കൊച്ചി
ചരിത്രത്തില്‍ താല്പര്യമുള്ള അമ്മമാര്‍ ആണെങ്കില്‍ ഫോര്‍ട്ട്‌കൊച്ചിയിലൂടെ ഒരു ഡ്രൈവ് ആകാം. കൊളോണിയൽ കാലഘട്ടത്തിലെ കെട്ടിടങ്ങള്‍ നിറഞ്ഞ മനോഹരമായ തെരുവുകളിലൂടെ നടന്നു പോകാം. ചീനവലകള്‍ക്കരികില്‍ അസ്തമയം കാണാം.

സിനഗോഗും ആർട്ട് ഗാലറികളും കഫേകളുമെല്ലാം കയറിയിറങ്ങാം. കടല്‍ത്തീരത്ത് ഇരുന്ന് ഐസ്ക്രീം നുണയാം. ആവശ്യമെങ്കില്‍ ആയുർവേദ സ്പാ ചികിത്സയ്ക്ക് കയറാം. കൗതുകമുണര്‍ത്തുന്ന കരകൗശല വസ്തുക്കള്‍ വാങ്ങി തിരിച്ചുപോരാം.
തേക്കടി
അല്‍പ്പം സാഹസികത നിറഞ്ഞ മാതൃദിനമാണ് പ്ലാന്‍ ചെയ്യുന്നതെങ്കില്‍, പെരിയാർ ദേശീയ ഉദ്യാനത്തിന്‍റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന തേക്കടിയിലേക്ക് പോകാം. പെരിയാർ തടാകത്തിൽ ബോട്ട് സവാരിയും പച്ചപ്പ് നിറഞ്ഞ വനങ്ങളിലൂടെ ഗൈഡഡ് ട്രെക്കിംഗുമെല്ലാം ചെയ്യാം.

ആനകൾ, കാട്ടുപോത്ത്, വിവിധ പക്ഷികൾ മുതലായ ജീവജാലങ്ങളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ കാണാം. സുഗന്ധവ്യഞ്ജന തോട്ടങ്ങൾ സന്ദർശിക്കാം. പ്രകൃതി സ്‌നേഹികൾക്കും വന്യജീവി പ്രേമികള്‍ക്കുമെല്ലാം അനുയോജ്യമായ സ്ഥലമാണ് തേക്കടി. താമസത്തിനായി മികച്ച ഹോംസ്റ്റേകളും റിസോര്‍ട്ടുകളും ഉള്ളതിനാല്‍ വിശ്രമവും അടിപൊളിയാകും.
നെല്ലിയാമ്പതി
ചെറിയൊരു ചാറ്റല്‍മഴയൊക്കെ കൊണ്ട്, ചോലക്കാടുകള്‍ക്കും പുല്‍മേടുകള്‍ക്കും തേയിലത്തോട്ടങ്ങള്‍ക്കുമെല്ലാമിടയിലൂടെ നടക്കാന്‍ നെല്ലിയാമ്പതി അവസരമൊരുക്കുന്നു. പാലക്കാട് നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെയുള്ള നെല്ലിയാമ്പതിയെ പാവപ്പെട്ടവരുടെ ഊട്ടി എന്ന് ചെല്ലപ്പേരിട്ടു വിളിക്കാറുണ്ട്. കാട്ടുമൃഗങ്ങളും നിറഞ്ഞൊഴുകുന്ന കാട്ടരുവികളും വെള്ളച്ചാട്ടങ്ങളുമെല്ലാം നിറഞ്ഞ വഴിയിലൂടെ അല്‍പ്പം സാഹസികമായൊരു യാത്രയാണ് ഇവിടേക്ക്.
സീതാര്‍കുണ്ട്, കേശവന്‍പാറ, ചുള്ളിയാർ, മീങ്കാര അണക്കെട്ടുകള്‍, മണലരൂ എസ്റ്റേറ്റ് തുടങ്ങി എണ്ണിയാല്‍ തീരാത്തത്ര കാഴ്ചകള്‍ ഇവിടെ കണ്ടുതീര്‍ക്കാനുണ്ട്. ഏതു പ്രായത്തില്‍ ഉള്ളവര്‍ക്കും നെല്ലിയാമ്പതി എന്ന സുന്ദരിയെ ഒറ്റ നോട്ടത്തില്‍ തന്നെ ഇഷ്ടമാകും. വര്‍ഷം മുഴുവനും സുന്ദരമായ കാലാവസ്ഥയായതിനാല്‍ ചുട്ടുപൊള്ളുന്ന മേയ് മാസത്തില്‍ പോലും മിനിമം ഗ്യാരണ്ടിയുള്ള ഒരു യാത്രയായിരിക്കും ഇത്.
English Summary: Mother-Daughter Duo Explored Best Places To Visit In Kerala