ADVERTISEMENT

പടിഞ്ഞാറു നിന്നു വീശുന്ന കാറ്റിൽ പടിക്കലെത്തിയ കാലവർഷത്തിന്റെ മഴത്തണുപ്പു തൊട്ടറിഞ്ഞ സുഹൃത്ത് മലമുടിയുടെ മുകളറ്റം വിട്ടിറങ്ങാൻ ധൃതി കൂട്ടി. അർഥഗർഭമായ മൗനത്തെ ചുറ്റും വിതറിയ കുന്ന് കാലങ്ങളായി തന്റെ മേൽ പെയ്തൊഴുകിയ, പേമാരികളുടെ കണക്കെടുപ്പില്‍ മുഴുകിയ മട്ടിൽ ഭാവഭേദമില്ലാതെ തുടർന്നു. സത്യസാക്ഷാത്കാരത്തിന് തപസ്സിരുന്ന മഹാമുനികളുടെ വാസസ്ഥാനമോ നിത്യസത്യത്തിലടിഞ്ഞ മനുഷ്യരുെട സ്മൃതികുടീരങ്ങളോ ആകട്ടെ,മുനിയറകളായി പേരെടുത്ത കല്ലറകളെ നെഞ്ചിലൊളിപ്പിച്ച മുനിയാട്ടുകുന്ന് എന്നും മൗനിയായിരുന്നു.

one-day-trip1

 

one-day-trip

എന്നാൽ പ്രകൃതിയേയും മണ്ണിനെയും പരിസ്ഥിതിയേയും സ്നേഹിച്ച ഒരുകൂട്ടം മനുഷ്യർക്ക് ആ മൗനം പോലും പലതും വിളിച്ചോതുന്നതായി.കാഴ്ചയെയും ചിന്തയെയും കാലത്തിന്റെ ആഴങ്ങളിലേക്ക് കൂടെക്കൂട്ടുന്നതായി മുനിയാട്ടുകുന്നിലേക്കുള്ള സഞ്ചാരം. നഗരത്തിരക്കുകളെ പിന്തള്ളി, ദേശീയപാത 54 ലൂടെ കാർ തെക്കോട്ടു നീങ്ങി. പുതുക്കാടുനിന്നു മുപ്ലിയം റോഡിലൂടെ  വെള്ളാരം പാടം എത്തിയപ്പോൾ കൗതുകക്കാഴ്ചയായി മുളങ്കാടുകൾ കണ്ണിലുടക്കി. മതിലോ അതിരുകളോ ഒറ്റപ്പെടുത്താത്ത ആ സ്ഥലം വനം വകുപ്പിന്റേതാണ്. റോഡ് വക്കിലെ ബോർഡ് ‘ഇത് വനഭൂമിയാണ്’ എന്ന് ഓർമപ്പെടുത്തി.

 

കൃത്യമായ അകലത്തിൽ മുളങ്കൂട്ടങ്ങൾ തണൽ വിരിച്ചു നിൽക്കുന്ന കാഴ്ച കണ്ണിനും  മനസ്സിനും ഒരു പോലെ കുളിരേകുന്നു. വനം വകുപ്പ്ഭൂമിയിൽ തേക്കുകൾക്കിടയിൽ വാണിജ്യാവശ്യത്തിന് ലാത്തി മുളകൾ നട്ടു പിടിപ്പിച്ചതാണ്. വർഷങ്ങൾക്കിപ്പുറം അത് മുളങ്കാടായി മാറി. വില്ലുപോലെ വളഞ്ഞ്, പരസ്പരം ആശ്ലേഷിച്ച് മുളന്തലപ്പുകൾ സ്വഭാവിക കമാനങ്ങൾ തീർക്കുന്നു. ഒരു ഗുഹയിൽ നിന്ന് അടുത്തതിലേക്കു കടക്കുന്നതുപോലെമുളങ്കൂട്ടങ്ങൾ കമാനങ്ങളുടെ ചങ്ങല തന്നെ ഒരുക്കിയിട്ടുണ്ട്. ഉച്ചവെയിലിലെത്തിയാലും മുളങ്കാട്ടിനു സമീപമെത്തുമ്പോൾ സുഖകരമായ തണുപ്പ്.

വികസനത്തിന്റെ കടന്നു കയറ്റത്തിൽ മുങ്ങിപ്പോകാത്ത ഇവിടേക്ക് സന്ദർശകർ കുറവാണ്. വിനോദസഞ്ചാര കേന്ദ്രമല്ല ഇത്. മാത്രമല്ല റോഡ് വക്കിനപ്പുറം വനഭൂമിയിലേക്കു പ്രവേശിക്കുന്നതും ഫൊട്ടോഗ്രഫിയും വിലക്കിയിട്ടുമുണ്ട്.

കുറുമാലിപ്പുഴയുടെ തിളക്കം

മുളങ്കാടിന്റെ സുഖ ശീതളിമയിൽ നിൽക്കാതെ മുപ്ലിയത്തിന്റെ ഹരിത ശിരസ്സായി വാഴ്ത്തപ്പെടുന്ന മുനിയാട്ടു കുന്നിലേയ്ക്ക് നീങ്ങി. ഏകദേശം 10 മിനിട്ട് യാത്ര. തൃശൂർ വരന്തരപ്പിള്ളി പഞ്ചായത്തിലുള്ള മുപ്ലിയം ഗ്രാമത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ് മുനിയാട്ടുകുന്നും മുളങ്കാടും.

ഭൂമിയുടെ പാരിസ്ഥിതിക സന്തുലനാവസ്ഥകളെ സ്വാധീനിക്കുന്ന പ്രകൃതി പ്രതിഭാസങ്ങൾ. മുനികൾ തപസ്സിരുന്നുവെന്ന് പറയപ്പെടുന്ന മുനിയറയുടെ പുറകിലേയ്ക്ക് നടന്നു കയറവേ അസ്തമയ സൂര്യരശ്മികളാണ് വരവേറ്റത്. താഴെ കുറുമാലിപ്പുഴയുടെ വെള്ളിത്തിളക്കം. ചിമ്മിണിക്കാടുകളിൽനിന്ന് പുറപ്പെടുന്ന മുപ്ലിയം പുഴ  മുനിയാട്ടുകുന്നിന്റെ അടിവാരത്തു കൂടി ഒഴുകി പുതുക്കാട് എത്തുമ്പോഴാണ് കുറുമാലിപ്പുഴയാകുന്നത്.

മലമുകളിൽ നിൽക്കുമ്പോൾ കിഴക്ക് ചിമ്മിണി കാടുകൾ, തെക്ക് കോടശ്ശേരി മലനിര, വടക്ക് കള്ളായി, പാലപ്പിള്ളി മലനിരകൾ. ചിമ്മിണി, പാലപ്പിള്ളി കാടുകളുടെ ഹരിത ഭംഗി ഈ ദൃശ്യത്തിനു മാറ്റു കൂട്ടുന്നു. മുനിയാട്ടു കുന്നിലെ അമ്പലത്തിന്റെ പിറകിൽ നിന്ന് ദൂരക്കാഴ്ചകൾ ആസ്വദിക്കുമ്പോൾ പാറതുരന്നുണ്ടാക്കിയ മടകളിൽ വെള്ളം കെട്ടി കിടക്കുന്നതിന്റെ തിളക്കവും കാണാം. സൗഹൃദ കൂട്ടായ്മകളാകട്ടെ, ഏകാന്ത ധ്യാനമാകട്ടെ, സ്വസ്ഥമായവായനയാകട്ടെ എന്തിനും പ്രകൃതി ഒരുക്കുന്ന ശാന്തമായ സങ്കേതമാണ് ഈ പ്രദേശം. ആദ്യമായി മുകളിലെത്തുമ്പോൾ  ഒരു നേട്ടം കൈവരിച്ച അനുഭൂതി.

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com