ഏതു നട്ടുച്ചയ്ക്കും കാടിനിടയിലൂടെ കുന്നിറങ്ങി വരുന്ന രസികന്‍ പാല്‍മഞ്ഞ്... ചുറ്റും തിങ്ങിനിറഞ്ഞ പച്ചയുടെ മേളം... ഒരു ചാറ്റല്‍മഴ കൂടിയുണ്ടെങ്കില്‍ കുശാലായി! അധികമാരുമറിയാത്ത കാടിനുള്ളിലൂടെ ഒരു കിടിലന്‍ ട്രെക്കിങ് നടത്താന്‍ പോരുന്നോ? അടുത്ത കാലം വരെ സഞ്ചാരികളുടെ കണ്ണില്‍പ്പെടാതെ ഇരുന്ന ഒരു ഇടമാണ് മൂടല്‍മല. തൃശൂരില്‍, പീച്ചി വാഴാനി വന്യജീവി സങ്കേതത്തിലാണ് ഈ വനസുന്ദരി ഒളിച്ചിരിക്കുന്നത്. എട്ടു കിലോമീറ്റര്‍ മുതല്‍ പതിനാറു കിലോമീറ്റര്‍ വരെ നീളുന്ന വനപാതകളിലൂടെ ട്രെക്കിങ് നടത്താനുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. പീച്ചിയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ട്രെക്കിങ്ങും ഇതു തന്നെയാണ്. കാടും കാട്ടിലെ കാഴ്ചകളും ഇഷ്ടപ്പെടുന്നവര്‍ തീര്‍ച്ചയായും ഈ ട്രെക്കിങ് ചെയ്യണം.

പീച്ചി ഡാമിന്‍റെ വ്യൂ പോയിന്റിന് അടുത്തുള്ള വള്ളിക്കയത്തെ വനം വന്യജീവി വകുപ്പ് ഓഫീസിൽ നിന്നാണ് ട്രെക്കിങ് ആരംഭിക്കുന്നത്. ഇവിടെ നിന്നും നാലു ട്രെക്കിങ് പാതകളാണ് ഉള്ളത്. നടത്തത്തിന്‍റെ വേഗവും, വഴിയുടെ ദൈര്‍ഘ്യവുമനുസരിച്ച് ആറു മണിക്കൂര്‍ മുതല്‍ എട്ടു മണിക്കൂര്‍ വരെ ട്രെക്കിങ്ങിന് സമയമെടുക്കും. പത്തു വയസ്സിനും അറുപതു വയസ്സിനും ഇടയിലുള്ള ആര്‍ക്കും ട്രെക്കിങ്ങിന് പോകാം. നാലു പേരുള്ള ഗ്രൂപ്പുകള്‍ ആയി തിരിച്ചാണ് യാത്ര.
ആനയിറങ്ങുന്ന വഴിയിലൂടെയാണ് യാത്ര. ആനപിണ്ടവും ആന ഒടിച്ചിട്ട മരച്ചില്ലകളുമെല്ലാം വഴിനീളെ കാണാം. യാത്ര തുടങ്ങി ഒരു കിലോമീറ്റര്‍ പിന്നിടുമ്പോള്‍ മലയുടെ അടിവാരം തുടങ്ങുന്നു. ഇവിടെ നിന്നും കയറ്റം തുടങ്ങുകയായി. ഏറെക്കുറെ കുത്തനെയുള്ള ഈ കയറ്റം അല്‍പം കഠിനമാണ്.

നടന്നുനടന്ന്, ഏകദേശം മൂന്നു കിലോമീറ്റര്‍ പിന്നിടുമ്പോള്‍ ചെളിക്കുഴി എന്ന സ്ഥലത്തെത്തുമ്പോള്‍ പാറ കൊണ്ടുള്ള ഇരിപ്പിടങ്ങള്‍ കാണാം. ഇവിടെ വിശ്രമിച്ച് യാത്ര തുടരാം. കുറച്ചുകൂടി പോയാല്‍, മൂടല്‍പ്പച്ച എന്ന സ്ഥലത്തെത്തും. കിടിലന്‍ ചോലക്കാടുകളുടെ കാഴ്ചയാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. ഇവിടെ നിന്നും കയറി, ഏകദേശം നാലു കിലോമീറ്റര്‍ പിന്നിടുമ്പോള്‍, മലമുകളില്‍ എത്തും. നാടുകാണി എന്നറിയപ്പെടുന്ന ഈ ഭാഗത്ത് നിന്നും ചുറ്റുമുള്ള ഗ്രാമങ്ങളുടെയും മറ്റും കാഴ്ചകള്‍ ഏറ്റവും മനോഹരമായി കാണാം. ചുറ്റുമുള്ള കാടും കാട്ടാറും തഴുകി വരുന്ന കാറ്റാണ് ഇവിടുത്തെ ഹൈലൈറ്റ്. പിടിച്ചു നിന്നില്ലെങ്കില്‍ പറന്നു പോകും എന്ന് തോന്നിക്കുംവിധമുള്ള കാറ്റാണ് ഇവിടെയുള്ളത്.

നാടുകാണിയില്‍ നിന്നും നാലുപാടും കണ്ട് അല്‍പ്പം വിശ്രമിച്ച ശേഷം, മലയിറങ്ങാം. നല്ല മൂടല്‍മഞ്ഞൊക്കെ ആസ്വദിച്ച്, മലയുടെ മറുവശത്ത് കൂടിയാണ് ഇറക്കം. കുതിരാനിലെ ധര്‍മശാസ്താ ക്ഷേത്രത്തിന് മുന്നില്‍ യാത്ര അവസാനിക്കുന്നു. യാത്രക്കിടെ വിശ്രമിക്കാനും ലക്ഷുഭക്ഷണം കഴിക്കാനും സൗകര്യമുണ്ട്. ട്രെക്കിങ് ഇത്രതന്നെ സാഹസികമാക്കേണ്ട എന്നുള്ളവർക്കായി മൂന്നു റൂട്ടുകൾ വേറെയുമുണ്ട്. 6, 3,2 കിലോമീറ്ററുകൾ താണ്ടുന്ന ഈ റൂട്ടുകളും വനത്തിലൂടെ തന്നെയാണ്.
English Summary: Moodal mala Trekking in Peechi Thrissur