ADVERTISEMENT

ട്രാവല്‍ ലെഷര്‍ മാസിക പ്രസിദ്ധീകരിച്ച ഇന്ത്യയിലെ മികച്ച പത്ത് വേനല്‍ക്കാല വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ ഇടംനേടി വാഗമണ്‍. നിരവധി ജനപ്രിയ വിനോദ സഞ്ചാരകേന്ദ്രങ്ങൾ കേരളത്തില്‍ ഉണ്ടെങ്കിലും വാഗമണ്‍ മാത്രമാണ് പട്ടികയിലിടം നേടിയത്. ലോകത്തിലെ ഏറ്റവും പ്രചാരമുള്ള ട്രാവൽ മാഗസിൻ ആണ് ട്രാവൽ ലെഷർ. ലോകോത്തര നിലവാരത്തിലുള്ള ഹോട്ടലുകളും ഡെസ്റ്റിനേഷനുകളും അനുബന്ധ കാര്യങ്ങളും തിരഞ്ഞെടുക്കാനും അറിയാനുമായി ഏറ്റവും മികച്ച ഒപ്ഷനാണ് ട്രാവൽ ലെഷർ. ഇന്ത്യയിലെ മികച്ച പത്ത് വേനൽക്കാല വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിലേക്ക് ഇടം നേടിയ വാഗമൺ സഞ്ചാരികളുടെ ഇഷ്ട ഡെസ്റ്റിനേഷനാണെന്നതിൽ സംശയമില്ല. പ്രകൃതിയെയും സാഹസികതയും ഇഷ്ടപ്പെടുന്നവർ നിർബന്ധമായും പോയിരിക്കേണ്ട ഇടമാണ് വാഗമൺ.

എന്തൊക്കെ കാണാം 

ഇടുക്കി-കോട്ടയം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ഒരു ഹൈറേഞ്ച് പ്രദേശമാണ് വാഗമൺ. മണ്‍സൂണ്‍ കാലത്തെ വാഗമണ്‍ യാത്രയ്ക്കാണ് ആരാധകരേറെയുള്ളത്. ചാറ്റല്‍ മഴയും തണുപ്പും കാറ്റുമേറ്റ് ഒരു യാത്ര. മൊട്ടക്കുന്നുകൾ മുതൽ പൈൻ കാടും തടാകവും എല്ലാം ചേർന്ന് ഒരു ഫുള്‍ പാക്കേജാണ് വാഗമൺ. 

മൊട്ടക്കുന്നുകൾ

വാഗമണിലെ സന്ദർശകരുടെ പ്രധാന സ്ഥലമാണ് വാഗമൺ മൊട്ടക്കുന്നുകൾ. കുടുംബത്തോടപ്പമാണ് നിങ്ങളുടെ യാത്രയെങ്കിൽ മൊട്ടക്കുന്നിൽ കുറച്ച് നേരം ചിലവഴിക്കുന്നത് ആസ്വാദകരമാകും. ആവിശ്യമെങ്കിൽ ബോട്ടിങ്ങും ലഭ്യമാണ്. നല്ല തണുത്ത കാറ്റേറ്റ് ആ മൊട്ടക്കുന്നുകൾക്ക് മുകളിൽ ഇരിക്കാൻ തന്നെ നല്ല രസമാണ്. 

പൈൻ വാലി

മൊട്ടക്കുന്നുകളുടെ 2 കിലോമീറ്റർ ദൂരത്തായി സ്ഥിതി ചെയ്യുന്ന ഒരു മനോഹര പ്രദേശമാണ് പൈൻ വാലി. ആയിരക്കണക്കിന് പൈൻ മരങ്ങൾ ഇടതൂർന്നു വളരുന്ന പൈൻ വാലി കാടുകൾ മനോഹര ദൃശ്യമാണ്. പല സിനിമകൾക്കും ലൊക്കേഷനായിട്ടുള്ള ഇടമാണ് പൈൻ വാലി. സിനിമാക്കാരുടെ ഇഷ്ട ലൊക്കേഷനാണ് ഈ പൈൻ വാലി. 

വാഗമൺ ലേക്‌

വാഗമൺ ടൗണിന് സമീപമായി സ്ഥിതി ചെയ്യുന്ന വാഗമൺ തടാകം ബോട്ടിങ്ങിന്റെയും തേയില തോട്ടങ്ങളാൽ ചുറ്റപ്പെട്ട മനോഹര ദൃശ്യങ്ങളുടെയും കൂടിച്ചേരലാണ്. കുടുംബത്തോടൊപ്പം ഒരു അവധി ദിവസം ചെലവഴിക്കാൻ ഇത്രയു മികച്ചൊരു ഇടം വേറെ കാണില്ല. 

1928334929
Nesru Markmedia/shutterstock

എങ്ങനെയെത്താം

കൊച്ചിയില്‍ നിന്ന് പാലാ വഴിയും രാമപുരം വഴിയും വാഗമണിലെത്താം. രണ്ട് റൂട്ടുകളും ഏതാണ്ട് ഒരേ ദുരം തന്നെയാണ്. കൊച്ചിയില്‍ നിന്ന് പാലായിലെത്തി ഭരണങ്ങാനം ഈരാറ്റുപേട്ട വഴി തീക്കോയി വെള്ളിക്കുളത്തിലൂടെയാണ് വാഗമണ്‍ യാത്ര. വെള്ളിക്കുളം എത്തുമ്പോള്‍ ഇല്ലിക്കല്‍ കല്ല്, ഇലവീഴാപൂഞ്ചിറ തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള വഴികാട്ടി ബോര്‍ഡുകള്‍ കാണാം. ഇടത്തേക്ക് തിരിഞ്ഞാല്‍ ഇവിടങ്ങളിലേക്ക് പോകാം. അങ്ങോട്ട് തിരിയാതെ വെള്ളിക്കുളം ജംഗ്ഷന്‍ കഴിയുമ്പോള്‍ മാര്‍മല അരുവി വെള്ളച്ചാട്ടത്തിലേക്കുള്ള ദിശാബോര്‍ഡ് കാണാം. 

1113842531
Santhosh Varghese/shutterstock

വാഗമണിലേക്ക് യാത്ര വരുന്ന പലരും ഈ വെള്ളച്ചാട്ടം അവഗണിക്കുകയാണ് പതിവ്. പ്രധാന റോഡില്‍ നിന്ന് ഇടത്തേക്ക് തിരിഞ്ഞാണ് മാര്‍മല അരുവിയിലേക്ക് പോകേണ്ടത്. ഒരു ഭാഗത്ത് അഗാത ഗര്‍ത്തങ്ങളും മറുവശത്ത് കൂറ്റന്‍ മരങ്ങളുമുള്ള റോഡിലൂടെ വെള്ളച്ചാട്ടം കാണാനെത്താം. വാഗമൺ യാത്രയിൽ ഇനി ആരും ഒഴിവാക്കാൻ പാടില്ലാത്ത ഒരു ഇടമാണ് മാർമല വെള്ളച്ചാട്ടം. മൂന്നാറിൽ നിന്നും കട്ടപ്പന വഴി 100 കിലോമീറ്ററും എറണാകുളത്ത് നിന്ന് തൊടുപുഴ-മൂലമറ്റം വഴി ഏകദേശം അതേ ദൂരം തന്നെയാണ് വാഗമണിലേക്ക് ഉള്ളത്.

English Summary:Travel Leisure Asia magazine ranks Vagamon as one of the top 10 summer destinations in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com