ADVERTISEMENT

ചില്ലുപാലത്തിലൂടെ  നടക്കുന്ന കാര്യം ഒന്ന് സങ്കൽപ്പിച്ചു നോക്കൂ, പേടി തോന്നുന്നുണ്ടല്ലേ? അതെങ്ങാനും പൊട്ടി പോയാൽ ആകാശം മുട്ടുന്ന ഉയരത്തിൽ നിന്നും താഴെ വീഴുമെന്ന ഭയവുമുണ്ടാകും. ധൈര്യമുണ്ടെങ്കിൽ ഇനി ചില്ലുപാലത്തിലൂടെ നടക്കാം. അതിനായി വിദേശത്തുപോകേണ്ട, വയനാട്ടിലുണ്ട്. 2016 ൽ സഞ്ചാരികൾക്കായി തുറന്നു കൊടുത്ത ചൈനയിലെ കണ്ണാടിപ്പാലത്തിന്റെ  ചെറിയ ഒരു പതിപ്പാണിത്.  സഞ്ചാരികൾക്കായി സന്തോഷവാർത്തയാണിപ്പോൾ പുറത്തുവരുന്നത്. വയനാട്ടിൽ മാത്രമല്ല, തലസ്ഥാനത്തും ചില്ലുപാലം വരുന്നു. വിനോദ സഞ്ചാര വകുപ്പിന് കീഴിൽ സംസ്ഥാനത്ത് ആദ്യമായി ഗ്ലാസ് ബ്രിജ് വരുന്നു. തിരുവനന്തപുരത്തെ ആക്കുളം ടൂറിസ്റ്റ് വില്ലേജിലാണ് കണ്ണാടി പാലം ആരംഭിക്കാൻ പോകുന്നത്. ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങളും തുടങ്ങി. സഞ്ചാരികൾക്ക് ആക്കുളത്ത് എത്തിയാൽ ഗ്ലാസ് ബ്രിഡ്ജ് അനുഭവം ആസ്വദിക്കാം.

glass-bridge-akkulam
Image Source: P A Muhammad Riyas Facebook Page

 

glass-bridge-akkulam1
Image Source: P A Muhammad Riyas Facebook Page

 

2022 നവംബറിലാണ് ആക്കുളം സാഹസിക വിനോദ സഞ്ചാര പദ്ധതിയുടെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തത്. ആകാശ സൈക്കിളിങ് മുതൽ മ്യൂസിക്കൽ ഫൗണ്ടൈൻ വരെ ഒരുക്കിയാണ് ഇവിടെ സന്ദർശകരെ ആകർഷിക്കുന്നത്. തിരുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും യുവജന സഹകരണ സ്ഥാപനമായ വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് എൻ്റർപ്രണേർസ് കോ.ഒപ്പറേറ്റീ സൊസൈറ്റിയും സംയുക്തമായാണ് ആക്കുളം സാഹസിക വിനോദ സഞ്ചാര കേന്ദ്രത്തിന്റെ നടത്തിപ്പും പരിപാലനവും.

 

ആകാശ സൈക്ലിങ്, സിപ് ലൈൻ , ബർമ ബ്രിഡ്ജ്, ബാംബൂ ലാടർ തുടങ്ങി നിരവധി റൈഡുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. സാഹസിക റൈഡുകൾക്കൊപ്പം ഇന്ത്യയിലെ ആദ്യത്തെ മ്യൂസിക്കൽ ഫയർ ഫൗണ്ടനും ഇവിടെ തയാറാണ്. അക്കൂട്ടത്തിൽ സഞ്ചാരികൾക്ക് നവ്യാനുഭവമായിരിക്കും ചില്ലുപാലം. അക്കുളം ടൂറിസം വില്ലേജിലെ രണ്ടാം ഘട്ട പദ്ധതികളുടെ ഭാഗമായാണ് ഗ്ലാസ് ബ്രിഡ്ജ് വരുന്നത്. അതോടൊപ്പം ടോയ് ട്രെയിൻ സർവീസ്, വെർച്വൽ റിയാലിറ്റി സോൺ, പെറ്റ്സ് പാർക്ക്, മഡ് റെയ്സ് കോഴ്സ് എന്നിവയും ആരംഭിക്കും.  ആറ് മാസത്തിനുള്ളിൽ തന്നെ ടൂറിസ്റ്റ് വില്ലേജിൽ ഒന്നേകാൽ ലക്ഷത്തോളം  സഞ്ചാരികൾ സന്ദർശിക്കുകയും ഒരു കോടിയിൽ അധികം വരുമാനം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.  എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പാലിച്ചു കൊണ്ടാണ് ആക്കുളം ടൂറിസം വില്ലേജ് പ്രവര്‍ത്തിക്കുന്നത്.

English Summary: Glass Bridge Coming Soon at Thiruvananthapuram Akkulam Tourist Village

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com