ADVERTISEMENT

നെൽവയലുകളുടെ പച്ചപ്പരപ്പ്, പാടവരമ്പുകളിൽ പീലി വിരിച്ചതുപോലെ തെങ്ങുകളും കരിമ്പനകളും, ഓല മേഞ്ഞ പുരകൾ, ഇല്ലിയും പൂച്ചെടികളും കൊണ്ട് തീർത്ത വേലിക്കെട്ട്... സഞ്ചരിക്കുന്ന വാഹനം ടൈം മെഷീൻ ആണോ എന്നു സഞ്ചാരികൾക്കു തോന്നിപ്പിക്കുന്ന പാലക്കാടൻ ഗ്രാമക്കാഴ്ചകൾ. ഇന്നലെകളിലെ കേരളത്തിന്റെ ഗ്രാമത്തനിമ ഇന്നും നിലനിർത്തുന്ന കൊല്ലങ്കോട് ഇന്ത്യയിലെ ഏറ്റവും സുന്ദരമായ പത്തു ഗ്രാമങ്ങളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടത് പാലക്കാടൻ ഗ്രാമഭംഗിയെ വീണ്ടും വാർത്തകളിൽ നിറച്ചു.

 

പാലക്കാടൻ ഗ്രാമഭംഗി

കളേഴ്സ് ഓഫ് ഭാരത് എന്ന സാമൂഹിക മാധ്യമ പേജ് ഇന്ത്യയിലെ ഏറ്റവും സുന്ദരമായ പത്തു ഗ്രാമങ്ങൾ തിരഞ്ഞെടുത്ത്, അവയുടെ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവച്ചു. ഹിമാചൽ പ്രദേശിലെ കൽപയ്ക്ക് ആയിരുന്നു അതിൽ ഒന്നാമത്. മേഘാലയയിലെ മൗലിനോങ്, കേരളത്തിലെ പാലക്കാട്ടുള്ള കൊല്ലങ്കോട്, തമിഴ്നാട്ടിലെ മാത്തൂർ, കർണാടകയിലെ വാരങ്ങ, ബംഗാളിലെ ഗോർഖേ ഖോല, ഒഡിഷയിലെ ജിരാങ്, അരുണാചൽ പ്രദേശിലെ സിറോ, ഉത്തരാഖണ്ഡിലെ മനാ, രാജസ്ഥാനിലെ ഖിംസാർ എന്നിവയായിരുന്നു മറ്റു ഗ്രാമങ്ങൾ. മഹീന്ദ്ര ഗ്രൂപ് ചെയർമാൻ ആനന്ദ് മഹീന്ദ്ര ആ ട്വീറ്റ് പങ്കുവച്ചതോടെ കളേഴ്സ് ഓഫ് ഭാരതിന്റെ ട്വീറ്റ് വൈറലായി. ഈ പട്ടികയിൽ കേരളത്തിന്റെ അഭിമാനമായ കൊല്ലങ്കോടും സമീപ ഗ്രാമങ്ങളും കണ്ടറിയാന്‍ ‘മനോരമ ട്രാവലർ’ പാലക്കാടേയ്ക്ക് യാത്ര തിരിച്ചു... ഇന്നലെകളെ കാക്കുന്ന ഗ്രാമങ്ങളിലേക്ക്...

 

വെള്ളിത്തിരയിലെ ഫ്രെയിം, വാമല

palakkad-31
വാമല മുരുകക്ഷേത്രത്തിനു സമീപത്തുനിന്നുള്ള സൂര്യോദയക്കാഴ്ച. Image Credit : Harikrishnan G/Vanitha

ഇരുട്ടിന്റെ കരിമ്പടം മാറാത്ത മലമുകളിലേക്ക് ശ്രദ്ധയോടെ ചുവടു വച്ചു കയറുമ്പോൾ മുൻപിലൊരു ലക്ഷ്യം മാത്രം, അന്നത്തെ ആദ്യകിരണങ്ങൾ മാനത്ത് വെളിച്ചം വിതറും മുൻപ് വ്യൂ പോയിന്റിൽ എത്തണം. പുലർച്ചെ 5.45 ആയിട്ടുണ്ട്. ഉദയത്തിന് ഇനിയും 20 മിനിറ്റ് ശേഷിക്കുന്നു. മലമുകളിലെ കോവിലിന്റെ ലക്ഷണങ്ങളൊന്നും താഴെനിന്നു നോക്കിയിട്ടു കണ്ടില്ല. മുകളിലേക്കു നടന്നു തുടങ്ങിയപ്പോൾ മുന്നിൽ മൂന്നുപേരുടെ ഒരു സംഘംപോകുന്നു. കോളജ് വിദ്യാർഥികളാണെന്നു തോന്നുന്നു. രണ്ട് പെൺകുട്ടികളും ഒരാൺകുട്ടിയും ഉച്ചത്തിൽ സംസാരിച്ച് കുന്ന് കയറുന്നു.

 

palakkad-30
നെല്ലിയാമ്പതി മലകളുടെയും താഴ്‌വരയുടെയും ദൃശ്യം, വാമല വ്യൂപോയിന്റിൽ നിന്ന്. Image Credit : Harikrishnan G./Vanitha

അൽപ ദൂരം കയറിയപ്പോഴേക്ക് കണ്ടു മറന്ന ചിത്രങ്ങളിലേതുപോലെ ഒരു ഫ്രെയിം. കുന്നിൻമുകളിലെ ക്ഷേത്രവും അതിനു മുന്നിൽ ഒറ്റയ്്ക്കൊരു ശിൽപം പോലെ നിൽക്കുന്ന ചെമ്പകമരവും... വെള്ളിത്തിരയിലും സാമൂഹ്യമാധ്യമങ്ങളിലും അടുത്തകാലത്ത് മിന്നിമറയുന്ന വാമലയുടെ ദൃശ്യം കൺമുന്നിൽ. ‘‘എത്തിപ്പോയി, ഇതല്ലേ ‘ഹൃദയ’ത്തിൽ പ്രണവ് മോഹൻലാലും ദർശനയും സംസാരിച്ചിരുന്ന സ്ഥലം?’’ മുന്നിൽ നടക്കുന്ന ചെറുപ്പക്കാരുടെ കൂട്ടത്തിൽനിന്ന് ആവേശത്തോടെ ശബ്ദമുയർന്നു. മലമുകളിൽ ഒത്ത നടുക്ക് മതിലുകെട്ടി തിരിച്ച കൊച്ചുക്ഷേത്രത്തിനു പിന്നിൽ കിഴക്കൻ ചക്രവാളത്തിൽ നിറങ്ങളുടെ തിരയിളക്കം തുടങ്ങി. വാമലയ്ക്കു ചുറ്റുമുള്ള മരക്കൂട്ടങ്ങളിലെവിടെയോ മയിലിന്റെ ശബ്ദം മുഴങ്ങി. തുടർന്ന് അതിന്റെ പ്രതിധ്വനിപോലെ നാലു ചുറ്റും നിന്ന് മയിലുകളുടെ കൂജനമുയർന്നു. നീലയും ഇളം കറുപ്പും നിറം കലർന്ന ആകാശത്ത് സ്വർണനിറം പടർത്തി സൂര്യൻ തന്റെ വരവറിയിച്ചു. അങ്ങകലെ മഞ്ഞിൻ മറയ്ക്കുള്ളിൽ നിന്ന് നെല്ലിയാമ്പതി മലനിരകളുടെ പച്ചപ്പ് സാവധാനം ദൃശ്യമായി.

 

 

 

താഴ്‌വരയിൽ നോക്കെത്തുവോളം പച്ച വിരിച്ച പാടങ്ങൾ, അവിടവിടെ തെങ്ങുകളും കരിമ്പനകളും. ‘ദാ അവിടേക്കാണ് ഇനി നമ്മൾ പോകുന്നത്. പച്ചക്കടലിനു തുല്യം പാടങ്ങളും കാറ്റിനൊപ്പം തലയാട്ടുന്ന തെങ്ങിൻ നിരകളും ഇല്ലിയും പൂച്ചെടികളും കൊണ്ട് വേലികെട്ടിയ തൊടികളും ചായക്കടകളുമുള്ള തനി നാട്ടിൻപുറക്കാഴ്ചകളിലേക്ക്.’ ആ മലയടിവാരത്തേക്കു കൈ ചൂണ്ടി സുഹൃത്ത് പറഞ്ഞു. ‘രണ്ടു മൂന്നു ദശാബ്ദങ്ങൾക്കു പിന്നിലുള്ള മലയാളികളുടെ ഗ്രാമീണ ദൃശ്യങ്ങളിലേക്കുള്ള ഒരു സഞ്ചാരമാകും ഇത്.’ സുഹൃത്ത് കൂട്ടിച്ചേർത്തു. സിനിമയും വാമലയും അഗർബത്തിയുടെയും കർപൂരത്തിന്റെയും വാസനയ്ക്കൊപ്പം മണിനാദം കൂടി ഉയർന്നതോടെ വാമല മുരുകൻ കോവിലിലേക്കായി ശ്രദ്ധ. വെള്ളവിരിച്ച കൽമതിലിൽ വിലങ്ങനെ ചുവപ്പ് വരകളുള്ള മതിൽ ചേർന്ന് ക്ഷേത്രത്തിനു മുൻപിലേക്കു നടന്നു. ഒട്ടേറെ അംഗങ്ങളുള്ള വലിയൊരു കുടുംബം വകയാണ് ഏറെ പഴക്കമുള്ള വാമല മുരുകൻ ക്ഷേത്രം. നൂറിലേറെ വർഷം പഴക്കമുള്ളതാണത്രേ ക്ഷേത്രത്തിനു മുൻപിൽ പാറപ്പുറത്ത് വളർന്നു നിൽക്കുന്ന ചെമ്പകമരത്തിന്. അച്ഛന്റെ കാലം മുതൽ പതിറ്റാണ്ടുകളായി ഇവിടെ പൂജാവൃത്തി ചെയ്തുവരുന്ന മണികണ്ഠൻ സ്വാമി പ്രസാദത്തോടൊപ്പം ക്ഷേത്രചരിത്രം കൂടി സമ്മാനിച്ചു. ‘‘ദീപസ്തംഭം മഹാശ്ചര്യമാണ് ഇവിടെ ചിത്രീകരിച്ച ആദ്യ ചലച്ചിത്രം. പിന്നീട് കുഞ്ഞിരാമായണം, ഹൃദയം, പ്രകാശൻ പറക്കട്ടെ അങ്ങനെ പലതും.’’ സിനിമ ഇഷ്ടപ്പെടുന്ന മണികണ്ഠൻ സ്വാമി വാമലയുടെ ലൊക്കേഷൻ പുരാണവും പങ്കുവച്ചു. മാത്രമല്ല, ചില സിനിമകളിൽ ചെറിയ വേഷം ലഭിച്ചതിന്റെ സന്തോഷവും മറച്ചു വച്ചില്ല. ഏറെ ശ്രദ്ധിക്കപ്പെട്ട ‘കുഞ്ഞിരാമായണ’ത്തിൽ ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരിച്ചത് ഈ മലമുകളിലായിരുന്നു.   

 

 

 

പച്ചപ്പിന്റെ ലോകം

വയലുകൾക്കിടയിലൂടെയുള്ള കൊല്ലങ്കോട് കുനിശ്ശേരി പാത

വ്യൂപോയിന്റിൽ നിന്ന് നെൽപ്പാടങ്ങളുടെയും മലനിരകളുടെയും ദൃശ്യം ഒരിക്കൽക്കൂടി കണ്ടശേഷം താഴേക്ക്. പ്രഭാതത്തിന്റെ മൂഡ് നഷ്ടമാകാതെ തന്നെ വയലേലകളുടെ അന്തരീക്ഷം എത്തണം. കാർ കുനിശ്ശേരി–കൊല്ലങ്കോട് പാതയിലൂടെ നീങ്ങി. പാതയോരത്തെ വയലുകളിൽ ഉഷസ്സിന്റെ സമ്മാനമായ ജലത്തുള്ളികളും പേറി താഴേക്കു കുനിഞ്ഞ നെൽച്ചെടികൾ ഇളവെയിൽ പകർന്ന ഊഷ്മളതയിൽ എഴുന്നേറ്റു നിൽക്കാൻ തുടങ്ങുന്നു. പാടങ്ങളും പാറക്കെട്ടുകളും അവയ്ക്കു സമീപം ജലസമ‍‍ൃദ്ധമായ കുളങ്ങളും കരിമ്പനകളും ഈ വഴിയിൽ അപൂർവകാഴ്ച ആയിരുന്നില്ല. നഗരത്തിനു വഴിമാറുന്നതുപോലെ പാടവരമ്പുകൾ നിരനിരയായ കെട്ടിടങ്ങളിലേക്കും ജനവാസകേന്ദ്രത്തിലേക്കും നീങ്ങിയപ്പോൾ പഴമയുടെ സൗന്ദര്യം കൈവിടാത്ത കൊല്ലങ്കോട് ടൗൺ എത്തി. വെള്ളിക്കസവണിഞ്ഞ മലകൾ മുന്നോട്ടു നീങ്ങവേ, ഒരു പാതയുടെ ഒരു വശം മുഴുവൻ പച്ച വിരിച്ചതുപോലെ പാടം. മറുവശത്ത് നെല്ലിയാമ്പതി മലനിരകളുടെ പാദം തൊടുവോളം നീണ്ടു കിടക്കുന്നു കൃഷി. സ്വർണശോഭ നിഴലിച്ചു തുടങ്ങിയ കതിരുകൾ ഇളക്കി നെൽച്ചെടികൾ സ്വാഗതമോതി. കാഴ്ചയുടെ വരമ്പിലേക്ക് സന്തോഷത്തോടെ ക്ഷണിക്കുമ്പോഴും പാടത്തിറങ്ങി ചവിട്ടിയോ നെന്മണികൾ പൊട്ടിച്ചോ കൃഷിക്കു ശല്യമാകരുതെന്ന സന്ദേശംകൂടിയുണ്ട് ആ തലകുലുക്കലിൽ. ഒരേ നിരയിൽ വളർന്നു പൊങ്ങിയ നെൽച്ചെടികൾ കാറ്റിലാടുമ്പോൾ ഓളം തുള്ളുന്ന ജലപ്പരപ്പിന്റെ പ്രതീതി. തെക്കേ അറ്റത്ത് പശ്ചിമഘട്ട മലനിര അതിന്റെ തലപ്പൊക്കത്തോടെ നിലകൊള്ളുകയാണ്. മലനിരയുടെ പലഭാഗത്തും വെള്ളിക്കസവു തുന്നിച്ചേർത്തതുപോലെ താഴേക്കു പതിക്കുന്ന വെള്ളച്ചാട്ടങ്ങൾ. ദിവസങ്ങൾക്കു മുൻപ് അവസാനിച്ച മഴക്കാലം നെല്ലിയാമ്പതിക്കു സമ്മാനിച്ചതാണ് അവ.

 

വിശാലമായ പാടത്ത് ചില ഭാഗങ്ങളിൽ ഓലമേഞ്ഞ മാടങ്ങൾ കാണാം. അതാണ് ഈ സ്ഥലത്തെ ‘കുടിലിടം’ എന്ന പേരിൽ സഞ്ചാരികളുടെ ഇടയിൽ പ്രശസ്തമാക്കിയിരിക്കുന്നത്. വയലുകളുടെ സംരക്ഷണത്തിന് കൃഷിക്കാർ തങ്ങുന്ന ഇടമാണ് ഈ കുടിലുകൾ. വെയിലിന്റെ ചൂടേറി വരുന്നു. എങ്കിലും മലകളിൽ നിന്നെത്തുന്ന കാറ്റ് കുളിരേകി, കാഴ്ചകളുടെ ഭംഗി ഉള്ളം തണുപ്പിച്ചു. റോഡിലൂടെ പാലക്കാട്ടേക്കും തമിഴ്നാട്ടിലെ ഗോവിന്ദാപുരത്തേക്കുമുള്ള ബസുകൾ പായുന്നു...

 

Read More : ചെല്ലൻ ചേട്ടന്റെ ഓലമേഞ്ഞ ചായക്കട, പാറപ്പുറത്തെ പാർപ്പിടം, സിനിമകളിലെ റെയിൽവേ സ്‌റ്റേഷൻ, കൊല്ലങ്കോട്ടെ ഗ്രാമവീട്... 

 

Content Summary : Palakkad is a district in Kerala, India, that is known for its beautiful natural scenery and its rich cultural heritage.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com