ADVERTISEMENT

കണ്ണുകളെയാണോ പരിസരത്തയാണോ അവിശ്വസിച്ചത് എന്നറിയാത്ത നിമിഷം! അഞ്ച് നിമിഷം,  അതിനുള്ളിൽ അതെല്ലാം കഴിഞ്ഞു ! ഒരു നിമിഷാർദ്ധം എന്ന പഴയൊരു വാക്ക് കടമെടുത്താൽ , ആയിരത്തി അറുന്നൂറിൽ ഒരു നിമിഷത്തെ നിശ്ചലമാക്കിയതാണീ ചിത്രം.  അതേ സെക്കന്റിനെ ആയിരത്തി അറുന്നൂറിൽ ഒന്ന് കൊണ്ട് വിഭജിച്ച മുഹൂർത്തമാണിത്. തൃശൂർ വലപ്പാട്ട്  മണപ്പുറം ഫൗണ്ടേഷനും  തൃപ്രയാർ ലയൺസ് ക്ലബും കൈ കോർത്ത് ഒരു നിർധന കുടുംബത്തിന് പണിതു കൊടുത്ത വീടിന്റെ ( അത് മറ്റൊരു മനോരമ ഇംപാക്റ്റ് സ്റ്റോറി )  താക്കോൽ ദാനത്തിനായാണ് രാവിലെ  വലപ്പാട്ടേക്ക് പോയത്. 11 നാണ് ചടങ്ങ്, കൃത്യം 9.30 ന് ഓഫിസിൽ നിന്നും പുറപ്പെട്ടു. അരിമ്പൂർ സെന്ററിൽ നിന്ന് അന്തിക്കാട് ലേഖകൻ വിൻസേട്ടനും കയറി. കണ്ടാൽ മനസിലാവാത്ത വിധം തീരദേശ ഹൈവേ മാറിയിരിക്കുന്നു. വഴിയിലെ ചെറു നഗരങ്ങളെ ഒഴിവാക്കി റോഡ് പണി പുരോഗമിക്കുന്നു. 6 വരി ദേശീയ പാതയ്ക്കായി പൊളിച്ച കെട്ടിടങ്ങൾ, വീടുകൾ ഇതൊക്കെ കണ്ട് നാടിന്റെ മുഖച്ഛായ മാറ്റുന്ന റോഡ് വികസനത്തിന്റെ കാര്യങ്ങളൊക്കെ പറഞ്ഞാണ് യാത്ര.

 

വലപ്പാട് നിന്നും ബീച്ച് റോഡിലേക്ക് തിരിഞ്ഞു. വളവും തിരുവുമൊക്കെ കടന്ന്  അല്പ ദൂരം... അടുത്തൊരു വളവിലേക്ക് എത്തിയപ്പോൾ  കണുന്നത് ഒരു പെൺ മയിൽ എന്തോ കൊത്തിപ്പെറുക്കി റോഡരുകിൽ. ഏതാണ്ട് 5 മീറ്റർ അകലെയായി ഒരു പൂച്ച ഇത് കണ്ട് നോക്കി മുൻകാൽ പതിയെ ഉയർത്തി പതുങ്ങുന്നു. കണ്ണുകളിൽ ജാഗ്രതയും കുതിക്കാനൊരു വെമ്പലും അവന്റെ കാലുകളിൽ,  പണ്ട് പിടക്കോഴികളെയൊക്കെ വിരട്ടി ഓടിച്ച ധൈര്യത്തിലാവാം തന്നെക്കാൾ ഇരുപത് ഇരട്ടിയെങ്കിലും ഭാരവും വലുപ്പവുമുള്ള പക്ഷിയെ തന്നെ ലക്ഷ്യം വച്ചത്. ഒറ്റ നോട്ടത്തിലറിയാം കക്ഷി കോൺഫിഡന്റാണ്. ഇരയുടെ വലുപ്പമൊന്നും അവന്റെ നിശ്ചയ ദാർഢ്യത്തെ തളർത്തിയിട്ടില്ല.

 

ഗ്രാമങ്ങളിൽ മയിൽ പതിവു കാഴ്ചയാണങ്കിലും തീര മേഖലയിൽ അത്ര പരിചിതമല്ലിത്. ഈ കാഴ്ച കണ്ടാൽ ആരായാലും വണ്ടിയൊന്നു നിർത്തിപ്പോകും. ഡ്രൈവർ പുതിയ ആളാണ്, അദ്ദേഹമത് ശ്രദ്ധിച്ചു കാണില്ല. നിർത്തൂ എന്ന് പറഞ്ഞ് പ്രണവിന്റെ കയ്യിൽ മുറുകെ പിടിച്ച് മറു കൈ കൊണ്ട് സൈഡ് ഗ്ലാസ് താഴ്ത്താൻ തുടങ്ങിയപ്പോഴേക്കും, അത് താഴുന്നതു വരെ പൂച്ചയ്ക്കും മയിലിനും ക്ഷമയുണ്ടാവില്ലന്ന് മനസ്സു പറഞ്ഞു. 

 

മഴയിൽ തളിർത്ത പച്ചയാണ് നിറയെ, അതിനാലാവാം മയിൽ ഇര തേടിയത്. ഇലകളിലൂടെ വീശുന്ന ഇളം വെയിലിന്റെ നേരിയ സാന്നിധ്യമുണ്ട്. ഡോർ ഗ്ലാസിലൂടെ ലെൻസ് കണ്ട കാഴ്ച അവിശ്വസനീയമായിരുന്നു. മണിക്കൂറുകളോ, ദിവസങ്ങളോ തപസ്സിരുന്നാൽ കിട്ടാത്ത ഒരു ചിത്രം അതാ കൺമുന്നിൽ. ഒറ്റക്കുതിപ്പിന്  മയിലിനു പിന്നിലെത്തി പൂച്ച. അപകടം സൂചന കിട്ടിയ മയിൽ  അതാ പറന്നുയരുന്നു. ചിറക് വിരിച്ച മയിലിന് കൃത്യം താഴെയായി ഒട്ടും സമയം പാഴാക്കാതെ അതാ ചാടിയുയരുന്ന പൂച്ച, അഥവാ മയിലിനെ തൊടാനായാലോ...! ഭാഗ്യം പക്ഷേ മയിലിന്റെ ചിറകിനൊപ്പമായിരുന്നു.

Cat
23 വർഷം മുൻപ്, വേതന വർധവിനായി സർക്കാർ ജീവനക്കാർ നടത്തിയ 41 ദിവസത്തെ സമരത്തിനു ശേഷം ആലപ്പുഴ ജില്ലാ വ്യവവസായ കേന്ദ്രം തുറന്നപ്പോൾ കേരള സർക്കാർ എന്നെഴുതിയ ഫയലിൽ പ്രസവിച്ചു കിടന്ന പൂച്ച.Image Credit : Russell Shahul

 

മണിക്കൂറുകൾ കാത്തിരുന്നു പല ക്യാമറകൾ കൊണ്ടു പകർത്തിയ പക്ഷിയെ പിടിക്കാൻ ചാടിയ കാട്ടുപൂച്ചയുടെ ചിത്രം കണ്ട ഒരു ഓർമ മനസ്സിലൂടെ പോയി. തുറന്നടഞ്ഞ ഷട്ടറിനിടയിലൂടെ എയറിൽ നിൽക്കുന്ന മയിലിനെയും പൂച്ചയെയും ഒന്നു കണ്ടു. പക്ഷേ, എന്റെ എല്ലാ പ്രതീക്ഷയെയും ആവേശത്തെയും കെടുത്തിയ സംഭവമാണ് പിന്നീട് ഉണ്ടായത് !  അതോടെ ക്യാമറ ഓഫായി, സ്കീനിൽ ഡിസ്പ്ലേ ഒന്നുമില്ല. പ്രിവ്യൂ പോലും കാണാനാകുന്നില്ല.  വണ്ടി പൂർണ്ണമായി നിൽക്കുന്നതിനു മുൻപേ ഇതെല്ലാം കഴിഞ്ഞു.  പടം കിട്ടിയെന്ന് ഉറപ്പുണ്ടങ്കിലും ഡോർ ഗ്ലാസിലൂടെ എടുത്തത് കൊണ്ട് ഫോക്കസ് എവിടെയാണന്നൊരു നിശ്ചയവുമില്ല.

 

ക്യാമറ ബാറ്ററി ചാർജ് തിർന്നതാണ് കാരണം, ഉച്ചയ്ക്ക് ഓഫിസിലെത്തി ലാപ്ടോപിലേക്ക് പകർത്തിയ ചിത്രങ്ങൾ നോക്കി, കൃത്യം 9 ഫ്രെയിമുകൾ പതിഞ്ഞു. സ്വപ്ന സമാനമായ ഒരു ചിത്രം കണ്ടു കൊണ്ടിരുന്നപ്പോൾ തോന്നിയത്  വിഷപ്പാമ്പുകളെ വീഴ്ത്തുന്ന ഉറച്ച കാലും കൊക്കുമുള്ള മയിലൊന്നു മുട്ടാൻ തിരിഞ്ഞു നിന്നിരുന്നങ്കിലോ...

 

ആദ്യത്തെ പൂച്ച : 

23 വർഷം മുൻപ്,  വേതന വർധവിനായി സർക്കാർ ജീവനക്കാർ നടത്തിയ 41 ദിവസത്തെ സമരത്തിനു ശേഷം ആലപ്പുഴ ജില്ലാ വ്യവവസായ കേന്ദ്രം തുറന്നപ്പോൾ കേരള സർക്കാർ എന്നെഴുതിയ ഫയലിൽ പ്രസവിച്ചു കിടന്ന പൂച്ച, ഓഫിസിൽ ആളനക്കം വന്നതറി‍ഞ്ഞ് കുഞ്ഞിനെയും കടിച്ചെടുത്ത് പോയതാണ് എന്റെ ആദ്യ അച്ചടിച്ചു വന്ന പൂച്ചപ്പടം.

 

Content Summary : Narrative behind a stunning picture by Russell Shahul. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com