ADVERTISEMENT

കോട്ടയത്തുനിന്ന് എളുപ്പം ചെലവു കുറഞ്ഞൊരു യാത്ര ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമാണ് ആലപ്പുഴയ്ക്കുള്ള ലൈൻ ബോട്ട്. കോട്ടയത്തുനിന്ന് അതിരാവിലെയുള്ള ബോട്ടിൽ മുൻപ് പോയിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ഉച്ചയ്ക്കുള്ള യാത്ര. ഒരു മണിക്കു പുറപ്പെടുന്ന ബോട്ട് പിടിയ്ക്കാൻ 12.40 ന് കോടിമത ബോട്ട് ജെട്ടിയിൽ സകുടുംബം ഹാജർ വച്ചു. ബോട്ട് ജെട്ടിയിൽ ഇഷ്ടം പോലെ പട്ടിക്കുട്ടികൾ കറങ്ങി നടക്കുന്നതു കുട്ടികൾക്ക് ഇഷ്ടമായി. ഒരു മണിക്കു തന്നെ ബോട്ട് എത്തില്ലേ? തിരിച്ചു ബോട്ട് എപ്പോൾ? എന്നിങ്ങനെ എല്ലാ ചോദ്യങ്ങൾക്കും അവിടുത്തെ ഓഫിസിൽനിന്ന് ഉത്തരം കിട്ടി. ഈ പോകുന്ന ബോട്ടിൽത്തന്നെ 5.15 ന് ആലപ്പുഴയിൽനിന്നു തിരിച്ചു വരാം, രാത്രി 8 മണിയാകുമ്പോൾ കോട്ടയത്തെത്തും. ബോട്ട് യാത്ര പകുതിയിൽ നിർത്തി വഴിയിലിറങ്ങിയാൽ 5.30 ന്റെ ബോട്ടിനു തിരിച്ചെത്താം.

Boat-Time-Kottayam-Alappuzha

അങ്ങനെ ബോട്ടും നോക്കി നിൽക്കുമ്പോൾ ‘ശ്യാമ മേഘമേ നീ യദുകുല സ്നേഹ ദൂ‍തുമായ് വാ...’ പാട്ട് അത്യാവശ്യം നല്ല ഉച്ചത്തിൽ അടുത്തേക്കു വരുന്നു. ഇത് എവിടുന്ന്... അവിടെയും ഇവിടെയും മൊബൈലും നോക്കി കുത്തിയിരിക്കുന്ന യോ യോ ബോയ്സ് അങ്ങോട്ടും ഇങ്ങോട്ടും നോക്കുന്നു. ഒരു ക്യൂട്ട് അപ്പൂപ്പൻ പുഞ്ചിരിയോടെ നടന്നു വരുന്നുണ്ട്. ചുറ്റും നോക്കുന്നതു കണ്ടിട്ടാണെന്നു തോന്നുന്നു, പോക്കറ്റിൽനിന്നു ബ്ലൂ ടൂത്ത് സ്പീക്കർ കാണിച്ചു ചിരിച്ചു കൊണ്ടു നടന്നുപോയി.

കൃത്യം ഒരു മണിക്കു തന്നെ ബോട്ട് റെഡി. ഏറ്റവും മുൻപിലത്തെ സീറ്റ് തന്നെ കിട്ടി. ഞായറാഴ്ചയുടെ അവധിയാകാം, അധികം തിരക്കില്ല. കൊടുരാറ് – പുത്തൻതോട് – പള്ളിക്കായൽ – ആർ ബ്ലോക്ക് – പുന്നമട – വഴി ആലപ്പുഴയാണ് റൂട്ട്. രണ്ടര മണിക്കൂർ നീണ്ട യാത്രയായതു കൊണ്ടുതന്നെ കുടി വെള്ളം, സ്നാക്സ് എന്നിവ കയ്യിൽ കരുതാം. പോകുന്ന ജലവഴിയിൽ നടപ്പാലങ്ങൾ ബോട്ടിന്റെ നീണ്ട ഹോൺ കേൾക്കുമ്പോൾ ആളുകൾ‍ കയറുകൊണ്ടു വലിച്ച് ഉയർത്തി മാറ്റുന്നത് ഒരു കാഴ്ചയാണ്. ഉച്ചവെയിലിനു കാഠിന്യം കുറവാണ് കായൽക്കാറ്റ് കൂടി ചേരുമ്പോൾ ചെറിയൊരു ഉറക്കമൊക്കെ വരും. പക്ഷേ ഇരുവശത്തുമുള്ള കാഴ്ചകൾ കണ്ടു കണ്ടങ്ങു പോകാം. വെട്ടിക്കാട്ടുനിന്നു പള്ളിക്കായലിലേക്കു കയറുമ്പോൾ കാഴ്ചകൾക്ക് ആഴവും പരപ്പും കൂടും.

Kottayam Alappuzha
ബോട്ട് യാത്രയിലെ കാഴ്ചകൾ. Image Credit : Jimmy Kamballur

ആർ ബ്ലോക്ക് എത്തുമ്പോൾ അങ്ങിങ്ങായി ഹൗസ് ബോട്ടുകൾ കാണാം. കുട്ടികൾ രണ്ടു പേരും ആദ്യത്തെ ആവേശമൊക്കെ കഴിഞ്ഞപ്പോൾ ‘ഇറങ്ങാറായോ?’ എന്ന ചോദ്യം തുടങ്ങി. അങ്ങനെ ചുറ്റും നോക്കി എന്തോ കാഴ്ച കണ്ടു കണ്ണും മിഴിച്ചു മകൾ ഓടി വന്നു ചെവിയിൽ പറഞ്ഞു – ദേ പുറകോട്ടു നോക്കിക്കെ, നോക്ക് നോക്ക്...ഒരു മയത്തിൽ തിരിയാമെന്നു വച്ചാൽ സമ്മതിക്കില്ല. തല പിടിച്ചു തിരിക്കുവല്ലേ! ഒരു പേർഷ്യൻ ക്യാറ്റ്, വൗ... ആരും നോക്കിപ്പോകും. വീട്ടുകാരുടെയൊപ്പം സഞ്ചാരത്തിനു വന്നതാണെന്നു തോന്നുന്നു. കോട്ടയത്തുനിന്നു കക്ഷി ബോട്ടിൽ ഉണ്ടായിരുന്നു. കുട്ടയ്ക്ക് അകത്തായിരുന്നു. കുട്ടികളുടെ ബോറടി മാറി. സൈറ എന്നാണ് പൂച്ചക്കുട്ടിയുടെ പേര്, വീട്ടുകാരോടൊപ്പം ആലപ്പുഴയ്ക്കുള്ള യാത്രയിലാണ്.

alappuzha-kottayam
Image Credit : Jimmy Kamballur

ആലപ്പുഴ അടുക്കുമ്പോൾ ഹൗസ് ബോട്ടുകളുടെ എണ്ണം കൂടും. അതുപോലെ തന്നെ ഓരോ ബോട്ടു ജെട്ടിയുടെ പേരും രസകരമാണ്. മംഗലശ്ശേരി, പുഞ്ചിരി ബോട്ട് ജെട്ടി. രണ്ടര മണിക്കൂറു കൊണ്ട് ആലപ്പുഴയിൽ എത്തി. ജെട്ടിയിൽ ഇറങ്ങി 100 മീറ്റർ വലത്തേക്കു നടന്നപ്പോൾ അശോക ബേക്കറി കണ്ടു, നല്ല തിരക്കുണ്ട്. അവിടുത്തെ സ്പെഷൽ കസ്റ്റാഡ്, ഐസ്ക്രീം, പരിപ്പുവട, ചായ എല്ലാം ഓരോ പ്ലേറ്റ്. തിരിച്ചു ബോട്ട് ജെട്ടിയിൽ 4.15 ന് എത്തി. വന്ന ബോട്ടിലെ ജീവനക്കാരെക്കണ്ടപ്പോൾ അവർ പറഞ്ഞു, ‘‘ഇപ്പോൾ ഞങ്ങൾ വന്ന ബോട്ട് മംഗലശ്ശേരിക്കു പോകുന്നുണ്ട്, അവിടെ കായലിന്റെ തീരത്ത് നല്ല ഭംഗിയാണ്. നിങ്ങൾ അവിടെ ഇറങ്ങി കാഴ്ചകൾ കണ്ടോളൂ, ഞങ്ങൾ തിരിച്ചു കോട്ടയത്തിന് 5.45 ആകുമ്പോൾ ആ വഴി തന്നെയാണ് വരുന്നത്. ആ സമയമാകുമ്പോൾ ബോട്ട് ജെട്ടിയിൽ വന്നു നിന്നാൽ മതി.’’ ആലപ്പുഴ പട്ടണത്തിൽ കറങ്ങുന്നതിനേക്കാൾ മംഗലശ്ശേരി എന്ന പേര് ‘ഹഠാദാകർഷിച്ചു’ എന്നു പറഞ്ഞാൽ മതിയല്ലോ.

മംഗലശ്ശേരി
മംഗലശ്ശേരി

മംഗലശ്ശേരി ബോട്ട് ജെട്ടിയിൽനിന്നു വലത്തേക്കുള്ള ബണ്ട് റോഡിലൂടെ വെറുതെ നാലുമണിക്കാറ്റേറ്റു നടന്നു. വഞ്ചിവീടുകൾ, ഗെസ്റ്റുകൾ, അവർക്കു വേണ്ട നല്ല പിടയ്ക്കുന്ന ഞണ്ടിനെ വെട്ടി വൃത്തിയാക്കുന്ന വീട്ടമ്മമാർ, കൃഷിയിടങ്ങൾ... ഗ്രാമക്കാഴ്ചകൾ കണ്ട് അരമണിക്കൂർ നേരത്തേ ബോട്ട് ജെട്ടിയിൽ തിരിച്ചെത്തി. 5.45 ന് ബോട്ട് എത്തി. അവിടെനിന്നു നേരെ കോട്ടയത്തേക്ക്.

അങ്ങോട്ടു പോയ വഴി തന്നെയാണു തിരിച്ചുള്ള യാത്രയെങ്കിലും വ്യത്യസ്തമായ കാഴ്ചൾ. ആകാശത്തിനൊരുവശം ഇളം ചുവപ്പിൽ. മറുവശം കാർമേഘ മൂടലിൽ. ഹെഡ്സെറ്റ് വച്ച് ചാർളി എന്ന സിനിമയിലെ ‘ചിത്തിരത്തിര എത്തിരാ തിരാ ചിത്തെറിയുന്ന തിരാ... ഇത്തിരിത്തിരാ ഒത്തിരിത്തിരാ മുത്തെറിയുന്ന തിരാ...’എന്ന പാട്ടും കേട്ടിങ്ങു പോരാം. രാവുകളിലാകാശം ഈ കടലിലൊന്നാകെ (കായലിലൊന്നാകെ)... താരമണി നാളങ്ങൾ മിന്നുമൊളി പാകുന്നൂ... ഇടനെഞ്ചിൽ ചേർന്നലിയും....; ഇളം കാറ്റുണ്ട്, അങ്ങിങ്ങായി വലയിടാൻ പോകുന്ന ചെറുവള്ളങ്ങളിലെ വെളിച്ചം. വീടിനോടു ചേർന്നുള്ള വലയിൽ കുടുങ്ങിയ മീൻ വലിച്ചെടുക്കുന്ന വീട്ടുകാർ. മസാലയിൽ പൊരിച്ചെടുക്കുന്ന മീനിന്റെ മണവും ആ കാറ്റിലുണ്ട്. പകൽ യാത്ര കഴിഞ്ഞു മടങ്ങിയെത്തുന്ന പ്രിയപ്പെട്ടവരെ കാത്തിരിക്കുന്ന വീടുകൾ. ഏഴു മണിക്കൂർ മാറ്റിവയ്ക്കാനുണ്ടെങ്കിൽ വീട്ടുകാരും കൂട്ടുകാരുമൊത്ത് ഈ യാത്ര നല്ലൊരു അനുഭവമാകും. ബോട്ടിന്റെ കൂടുതൽ വിവരങ്ങൾക്ക് – മുജീബ് : 9747737839

 

 

Content Summary : The Kerala government runs a boat service in this route; the fare is unbelievably low.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com