ആനയാടിക്കുത്ത്, കാറ്റാടിക്കടവ്, ഇടുക്കി ഡാം... ഒറ്റ ദിവസം കൊണ്ട് ഇടുക്കി കണ്ടു വന്നാലോ?

HIGHLIGHTS
  • ഇടുക്കിയിലേക്കുള്ള ബൈക്ക് റൈഡ് വിശേഷങ്ങൾ
Idukki
SHARE

ആ ചോദ്യം ചെന്നു നിന്നത് തൊടുപുഴ ടൗണിലായിരുന്നു. ഇടുക്കിയിലെ കാഴ്ചകളെക്കാളുപരി ഒരുപാട് നാളുകള്‍ക്കു ശേഷമുളള ഒരു ബൈക്ക് റൈഡ് തന്നെയായിരുന്നു പ്രധാനം. തലയോലപ്പറമ്പിൽനിന്നു രണ്ടു ബൈക്കിലായി നാലു പേരായിരുന്നു യാത്ര ആരംഭിച്ചത്. രാവിലെ തന്നെ ചെറിയ ചാറ്റൽ മഴയുണ്ടായിരുന്നെങ്കിലും അതൊന്നും യാത്രയെ ബാധിക്കുന്നതായിരുന്നില്ല. തൊടുപുഴ വഴി ഇടുക്കിയിലെത്താനാണ് എളുപ്പം. അതുകൊണ്ട് ആദ്യ ഡെസ്റ്റിനേഷനും തൊടുപുഴയായിരുന്നു. രാവിലെ തന്നെ തൊടുപുഴയെത്തിയതിനാൽ ആദ്യം പോയത് ആനയാടിക്കുത്തിലേക്കാണ്. തൊടുപുഴയിലെ പ്രശസ്തമായ തൊമ്മൻകുത്തിന് ഒരു കിലോമീറ്റർ മാത്രം അകലെയുള്ള ആനയാടിക്കുത്ത് വെള്ളച്ചാട്ടത്തിലേക്ക്. വണ്ണപ്പുറം, കരിമണ്ണൂർ പഞ്ചായത്തുകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം സഞ്ചാരികൾക്കു പരിചിതമായി വരുന്നതേയുള്ളൂ. ടൂറിസം മേഖലയായി പ്രത്യേക പരിഗണനയൊന്നും ലഭിക്കാത്ത സ്ഥലമായതിനാൽ സൗകര്യങ്ങൾ പരിമിതമാണ്. ചെറിയ കടകളുടെ അരികിലാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ഇവിടെയുള്ളവരുടെ വരുമാന മാർഗങ്ങളിലൊന്നും അതു തന്നെ. കടകൾ ഇരിക്കുന്നിടത്തുനിന്നു താഴേക്കു നടന്നുവേണം വെള്ളച്ചാട്ടത്തിലേയ്ക്കെത്താൻ. (മഴ ശക്തിപ്പെട്ടിരിക്കുന്ന ഈ സമയത്ത്, വെള്ളത്തിൽ ഇറങ്ങുന്നത് അപകടമാണ്).  

IMG_20230614_132135

ഇറങ്ങിച്ചെല്ലുമ്പോൾ ആദ്യമെത്തുന്ന പാറയുടെ മുകളിൽനിന്നു പിന്നെയും താഴേക്കിറങ്ങണം. കൽപടവുകൾ ഇറങ്ങിച്ചെല്ലുന്നത് മരങ്ങൾക്കു പിന്നിലായി മറഞ്ഞു നിൽക്കുന്ന ആ പ്രകൃതി സൗന്ദര്യത്തിലേക്കാണ്. മറിച്ചൊന്നു ചിന്തിക്കാതെ എല്ലാവരും നേരെ വെള്ളത്തിലേക്കു ചാടി. രാവിലെ ആയതു കൊണ്ടാകാം ആളുകളുടെ തിരക്കു വളരെ കുറവായിരുന്നു. മഴക്കാലമായതുകൊണ്ട് മുകളിൽനിന്നു കുത്തിയൊലിക്കുന്ന വെള്ളത്തിന്റെ അളവും കൂടുതലായിരുന്നു. തൂവെള്ളനിറത്തിൽ പരന്നൊഴുകുന്ന ആ വെള്ളച്ചാട്ടത്തിൽനിന്നു തിരികെപ്പോരാൻ വലിയ താൽപര്യമൊന്നുമില്ലായിരുന്നെങ്കിലും, മുന്നിലുള്ള ഒരു ദിവസത്തിൽ ഒരുപാടു കാര്യങ്ങൾ കാണാനുള്ളതുകൊണ്ട് ഉച്ചയ്ക്കു മുൻപേ വെള്ളത്തിലെ കളി മതിയാക്കി ഞങ്ങൾ വണ്ടിയെടുത്തു. 

waterfall

ആനയാടിക്കുത്തിൽനിന്ന് ഇടുക്കിലേക്കു പോകാൻ നല്ല വഴികളുണ്ടെങ്കിലും മനസ്സിലേക്ക് ആദ്യം വന്നത് കാറ്റാടിക്കടവു വഴിയുള്ള ഓഫ് റോഡ് തന്നെയാണ്. തൊടുപുഴയിലെ വ്യൂ പോയിന്റുകളിൽ ഒന്നാണ് കാറ്റാടിക്കടവ്. വാഹനം ചെല്ലുന്നിടത്തു നിന്നും രണ്ടു കിലോമീറ്ററോളം ചെങ്കുത്തായ കയറ്റത്തിലൂടെ വേണം മുകളിലെത്താൻ. മുകളിലേക്കു നടന്നാൽ കാണാൻ കഴിയുന്നത് വാക്കുകളാൽ പറഞ്ഞറിയിക്കാൻ കഴിയാത്ത ഇടുക്കിയുടെ വശ്യഭംഗിയാണ്. 

IMG_20230614_183409
IMG_20230614_161949

രാവിലെയും വൈകുന്നേരങ്ങളിലുമാണ് കാറ്റാടിക്കടവിലെ കാഴ്ച കൂടുതൽ മനോഹരമാവുന്നത്. അടുത്ത മഴയ്ക്കു മുൻപേ ഇടുക്കിയിലെത്തണമെന്നുള്ളതു കൊണ്ട് കാറ്റാടിക്കടവിനു ബൈ പറഞ്ഞു ബൈക്ക് സ്റ്റാർട്ടാക്കി. ഉച്ചയൂണ് ഇടുക്കി ടൗണിൽ എത്തിയിട്ടു മതിയെന്ന തീരുമാനത്തോട് വിശപ്പു യോജിക്കാതെ വന്നതുകൊണ്ട് വഴിയരികിലെ ഒരു മുളയരിപ്പായസക്കട ഞങ്ങളെയെല്ലാവരെയും സന്തോഷിപ്പിച്ചു. പച്ചപ്പിനു നടുവിൽ പനയോലകൾക്കൊണ്ടു മേഞ്ഞ ആ കടയെപ്പോലെ തന്നെ മനോഹരമായിരുന്നു അവിടത്തെ പായസവും.  ഇനി 36 കിലോമീറ്റർകൂടി സഞ്ചരിച്ചാൽ ഇടുക്കി ടൗണിലെത്തുമെന്ന സന്തോഷത്തിൽ ഞങ്ങള്‍ വീണ്ടും യാത്ര തുടർന്നു.

IMG_20230614_133214

2 മണിയോടെ ചെറുതോണിയിലെത്തി ഉച്ചഭക്ഷണവും കഴിച്ചു നേരെ പോയതു കാൽവരി മൗണ്ടിലേക്ക്. രാവിലെ പെയ്ത മഴ പിന്നീട് പെയ്തതേയില്ല. അതുകൊണ്ടുതന്നെ പച്ചപ്പു നിറഞ്ഞ മലനിരകൾക്കിടയിലൂടെ പരന്നു കിടക്കുന്ന ഇടുക്കി ഡാമിനെ നോക്കിയിരിക്കാൻ പറ്റി. ചെറുതോണിയിൽ നിന്നു നോക്കുമ്പോൾ കാണുന്ന ആർച്ച് ഡാമിന്റെ ഭംഗി ആസ്വദിക്കണമെങ്കിൽ ഈ മലമുകളിലേക്കുതന്നെ വരണം. മങ്ങിയ വെയിലിൽ തിളങ്ങുന്ന മൺതിട്ടകൾ ഡാമിലെ വെള്ളത്തെയും മുകളിലെ പച്ചപ്പിനെയും വേർതിരിച്ചു നിർത്തിയിരുന്നു. ഇടുക്കിയുെട ഭംഗി ഇവിടെയും അവസാനിക്കുന്നതല്ല എന്ന തിരിച്ചറിവിൽ ഞങ്ങളുടെ ബൈക്കുകള്‍ വീണ്ടും ഓടിത്തുടങ്ങി. 

IMG_20230614_131213

മഴക്കാലത്തു മുളച്ചു പൊങ്ങുന്ന കൂണുകൾപോലെ നിരന്നു നിൽക്കുന്ന കാറ്റാടികളെ നോക്കി ‍ഞങ്ങൾ രാമക്കൽമേട്ടിലേക്കു നീങ്ങി. 6 മണിയോടെ രാമക്കൽ മേട്ടിലെത്തി അവിടത്തെ കടയിൽ നിന്നൊരു കട്ടൻ കാപ്പിയും വാങ്ങി കുറവൻകുറത്തി പ്രതിമയുടെ ചുവട്ടിലെത്തി. സഹ്യനെ കീറി മുറിച്ചു വീശുന്ന ആ തണുത്ത കാറ്റിൽ മനസ്സിനൊപ്പം കാപ്പിയും തണുത്തിരുന്നു. പാമ്പ് ഇഴയുംപോലെ കിടക്കുന്ന റോഡും മാനം നോക്കിക്കറങ്ങുന്ന കാറ്റാടിപ്പാടങ്ങളും മലനിരകളും കണ്ണിനെ വിസ്മയിപ്പിച്ചുകൊണ്ടേയിരുന്നു. കാഴ്ചയെ മറച്ചു കൊണ്ടു വീണ ഇരുട്ട് തിരികെ പോകാറായി എന്നു കൂടി ഓർമിപ്പിച്ചു. ഇനി യാത്ര തിരികെ വീട്ടിലേ്കാണ്. വന്ന വഴിയിലൂടെയുള്ള മടക്കയാത്രയേക്കാൾ എത്രയോ മനോഹരമായിരിക്കും പുതിയ വഴികൾ. അതുകൊണ്ട് വാഗമൺ വഴി തിരികെപ്പോകാനായിരുന്നു തീരുമാനം. ഇരുട്ടു വീണിരുന്നതിനാൽ രാമക്കൽ മേട്ടിൽ തന്നെ കാഴ്ചകൾ അവസാനിച്ചെന്നാണ് കരുതിയത്. പക്ഷേ വാഗമണ്ണിലെ റോഡിൽ വിശ്രമിക്കുന്ന പശുക്കിടാങ്ങൾ ഇരുട്ടിനെയും ഇല്ലാതാക്കുന്ന കാഴ്ചകളായിരുന്നു. റോഡിലൂടെ വരുന്ന വാഹനങ്ങളുടെ ശബ്ദമോ വെളിച്ചമോ ഒന്നു തന്നെ അവരുടെ വിശ്രമത്തെ ബാധിച്ചിരുന്നില്ല. 

IMG_20230614_154815

വാഗമണ്ണിലെ തണുപ്പിൽ ഒരു കാപ്പി കൂടി കുടിച്ചു യാത്ര തുടരുമ്പോൾ സമയം 9.00 കഴിഞ്ഞിരുന്നു. വീട്ടീലെത്തിയിട്ടേ ഇനി വിശ്രമമുള്ളെന്നുറപ്പിച്ചു വീണ്ടും ബൈക്ക് സ്റ്റാർട്ടാക്കി. എഴുപത് കിലോമീറ്റർ കൂടി സഞ്ചരിച്ചാൽ വീട്ടിലെത്തും അതുകൊണ്ടുതന്നെ വേഗത്തിൽ വണ്ടിയോടിക്കൊണ്ടിരുന്നു. വാഗമണ്ണിൽനിന്ന് ഈരാറ്റു പേട്ട വഴിയാണ് പാലായിലെത്തിയത് അവിടെനിന്നു കടുത്തുരുത്തി വഴി തലയോലപ്പറമ്പിലേക്കും. തണുത്ത കാറ്റിനെ പുറകിലാക്കി വീടിനെ ലക്ഷ്യം വച്ച് മുന്നോട്ടു പോകുമ്പോഴും മനസ്സിൽ ഇടുക്കി തിരികെ വിളിക്കുന്നുണ്ടായിരുന്നു, ഒരിക്കൽ കൂടി കാണാന്‍. 

IMG_20230614_121658

Content Summary : There are many different routes you can take to Idukki, so choose one that is appropriate for your fitness level and experience.

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS