ADVERTISEMENT

മലയടിവാരത്തിൽ നിന്ന് താമരശ്ശേരി ചുരം കയറിച്ചെന്നാൽ സഞ്ചാരികളുടെ സ്വർഗമായ വയനാട് എത്തി. ഒമ്പത് വളവുകളും കയറിച്ചെല്ലുമ്പോൾ ചുരം വ്യൂ പോയിന്റും പൂക്കോട് തടാകവും തേയിലതോട്ടങ്ങളും ഒക്കെയായി വയനാട് ഓരോ സഞ്ചാരിയെയും സ്വാഗതം ചെയ്യുകയാണ്. വയല്‍നാട്, വഴിനാട്, വനനാട്, വേയ് (മുള)നാട് എന്നിവയിൽ നിന്നെല്ലാമാണ് വയനാട് എന്ന പേരിലേക്ക് എത്തിച്ചേർന്നതെന്നാണ് ചരിത്രം പറയുന്നത്. വയനാട് വയലുകളുടെ നാടാണ്, ഒപ്പം വനത്തിന്റെയും മുളകളുടെയും നാടാണ്. പക്ഷേ, വഴിനാട് എന്നൊരു പേരുമുണ്ടായിരുന്നു. കോഴിക്കോടിനെയും മൈസൂരിനെയും ബന്ധിപ്പിച്ചിരുന്ന വഴിയായിരുന്നു ഇവിടം എന്നതിൽ നിന്നാണ് അത്തരമൊരു പേര് വന്നത്. എന്തൊക്കെയായാലും ഇന്ന് വയനാട് സഞ്ചാരികളുടെ സ്വപ്നഭൂമികയാണ്. താമസിക്കാൻ കാടിനോട് ചേർന്ന് കിടക്കുന്ന റിസോർട്ടുകളും വെള്ളച്ചാട്ടങ്ങളും സഞ്ചാരികളുടെ ഇഷ്ടതാവളമായി വയനാടിനെ മാറ്റിയിരിക്കുകയാണ്. മഴക്കാലത്ത് വയനാടിന്റെ സൗന്ദര്യം കുറച്ച് കൂടുതലാണ്. വയനാട്ടിലെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

 

പൂക്കോട് തടാകം

 

താമരശ്ശേരി ചുരം കയറിച്ചെല്ലുമ്പോൾ ചുരം വ്യൂ പോയിന്റെ കഴിഞ്ഞാൽ ഏറ്റവുമാദ്യത്തെ വിനോദസഞ്ചാര കേന്ദ്രമാണ് പൂക്കോട് തടാകം. സമുദ്രനിരപ്പിൽ നിന്ന് 2100 മീറ്റർ ഉയരത്തിലാണ് പൂക്കോട് തടാകം സ്ഥിതി ചെയ്യുന്നത്. ബോട്ട് യാത്ര ഇഷ്ടമുള്ളവർക്ക് പെ‍ഡൽ ബോട്ടുകളും ലഭ്യമാണ്. തടാകത്തിന് ചുറ്റും ഇടതൂർന്ന വനമാണ്. തടാകത്തെ ചുറ്റികിടക്കുന്ന നടപ്പാതയിലൂടെ ഒന്ന് നടന്നുവന്നാൽ ഇരട്ടി ഉന്മേഷമായി. 

 

എടക്കൽ ഗുഹകൾ

 

സുൽത്താൻ ബത്തേരിക്ക് അടുത്തുള്ള അമ്പുകുത്തി മലയിലെ പ്രകൃത്യാലുള്ള രണ്ട് ഗുഹകളാണ് എടക്കൽ ഗുഹകൾ എന്നറിയപ്പെടുന്നത്. ഈ ഗുഹയിൽ കാണപ്പെടുന്ന ശിലാലിഖിതങ്ങളാണ് ഇതിനെ ആകർഷകമാക്കുന്നത്. പശ്ചിമഘട്ടത്തിന്റെ ഭാഗമായ അമ്പുകുത്തിമലയുടെ മുകളിൽ ഒരു വലിയ പാറയിൽ  രൂപപ്പെട്ട വിള്ളലിൽ ഒരു പാറ വീണ് ഉറയ്ക്കുകയും അങ്ങനെ ഈ ഗുഹ സൃഷ്ടിക്കപ്പെടുകയുമാണ് ചെയ്തത്. പ്രാചീനമായ ചിത്രങ്ങളും പിൽക്കാലത്ത് രേഖപ്പെടുത്തിയ ലിപികളും കാണാം.

 

എൻ ഊര്

 

പൂക്കോടിന് സമീപത്തായാണ് എൻ ഊര് എന്ന് പേര് നൽകിയിരിക്കുന്ന ആദിവാസി പൈതൃക ഗ്രാമം സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ആദ്യത്തെ ഗോത്ര പൈതൃക ഗ്രാമമായാണ് എൻ ഊര് വിശേഷിപ്പിക്കപ്പെടുന്നത്.  ഗോത്രജനതയുടെ വൈവിധ്യങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്തി  അവരുടെ പൈതൃകത്തെക്കുറിച്ച് സഞ്ചാരികൾക്ക് ഒരു രൂപരേഖ നൽകാനാണ് എൻ ഊര് കൊണ്ട് ഉദ്ദേശിക്കുന്നത്. ഏകദേശം 25 ഏക്കർ സ്ഥലത്തായി വ്യാപിച്ചു കിടക്കുന്ന ഇവിടെ ആദിവാസി തനത് ഭക്ഷണം ലഭിക്കുന്ന കഫിറ്റീരിയകളും മറ്റുമുണ്ട്. എൻ ഊര് സന്ദർശിക്കുന്നതിലൂടെ ഗോത്ര വിഭാഗക്കാരുടെ പാരമ്പര്യവും സംസ്കാരവും സഞ്ചാരികൾക്ക് അറിയാൻ കഴിയും.

 

ബാണാസുര സാഗർ അണക്കെട്ട്

 

മണ്ണുകൊണ്ടുള്ള ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടും ഏഷ്യയിലെ രണ്ടാമത്തെ അണക്കെട്ടുമാണ് ബാണാസുര സാഗർ അണക്കെട്ട്. കബനി നദിയുടെ പോഷകനദിയായ കരമൻതോട് പുഴക്ക് കുറുകെ സ്ഥിതി ചെയ്യുന്ന അണക്കെട്ടാണ് ബാണാസുര സാഗർ.1979 ൽ നിർമിതമായ ഈ അണക്കെട്ട് ഒരു കിലോമീറ്റർ നീളത്തിൽ മണ്ണുകൊണ്ടാണ് നിർമിച്ചിരിക്കുന്നത്. വിനോദസഞ്ചാരികൾക്കായി അണക്കെട്ടിൽ ബോട്ടിംഗ് സൗകര്യവും സാഹസികത ഇഷ്ടപ്പെടുന്നവർക്ക് സിപ് ലൈനും ഉണ്ട്. സാഹസിക മലകയറ്റം ആരംഭിക്കാനുള്ള ഒരു ഉത്തമ ആരംഭസ്ഥാനം കൂടിയാണ് ഇത്.

 

സൂചിപ്പാറ, കാന്തൻപാറ, മീൻമുട്ടി, ചെതലയം വെള്ളച്ചാട്ടങ്ങൾ

 

വയനാട്ടിലേക്ക് എത്തിയാൽ നിർബന്ധമായും കണ്ടിരിക്കേണ്ട ഒന്നാണ് വെള്ളച്ചാട്ടങ്ങൾ. വയനാടിനെ ഊട്ടിയുമായി ബന്ധിപ്പിക്കുന്ന വഴിയിലാണ് മീൻമുട്ടി വെള്ളച്ചാട്ടം. ജില്ലയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ ഇതിന്റെ സൗന്ദര്യം മൂന്ന് തട്ടുകളായി താഴേക്ക് പതിക്കുന്നതാണ്. സുൽത്താൻ ബത്തേരിക്ക് സമീപമുള്ള ചെതലയം വെള്ളച്ചാട്ടം മീൻമുട്ടി വെള്ളച്ചാട്ടത്തിനേക്കാൾ ചെറുതാണെങ്കിലും സഞ്ചാരികളെ ആകർഷിക്കുന്നതാണ്. ഏകദേശം 30 മീറ്റർ മാത്രം ഉയരമുള്ള കാന്തൻപാറ വെള്ളച്ചാട്ടം മേപ്പാടിക്ക് അടുത്താണ്. മഴക്കാലത്താണ് വെള്ളച്ചാട്ടങ്ങളെല്ലാം അതിന്റെ പൂർണഭംഗിയും ശൗര്യവും ആർജിക്കുക. സാഹസിക മല കയറ്റക്കാർക്ക് വളരെയധികം ഇഷ്ടപ്പെടുന്ന ഒന്നാണ് സൂചിപ്പാറ വെള്ളച്ചാട്ടം.

 

ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം

 

വയനാട് ജില്ലയിലെ പ്രശസ്തമായ ക്ഷേത്രമാണ് തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം. സഹ്യമലക്ഷേത്രം എന്നും അറിയപ്പെടുന്ന തിരുനെല്ലി ക്ഷേത്രം ബ്രഹ്മഗിരി മലനിരകളിലെ കമ്പമല, കരിമല, വരഡിഗ മല എനിവയാൽ ചുറ്റപ്പെട്ട് കിടക്കുന്നതാണ്. വാസ്തുവിദ്യയുടെ ഒരു മഹത്തായ നിർമിതിയാണ് ഈ ക്ഷേത്രം. പുത്തരി, ചുറ്റുവിളക്ക്, നവരാത്രി, ശിവരാത്രി എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങൾ. ദക്ഷിണ ഗയ എന്നും ദക്ഷിണ കാശി എന്നും അറിയപ്പെടുന്ന ഈ ക്ഷേത്രം പിതൃബലിതർപ്പണത്തിനായുള്ള വടക്കേ മലബാറിലെ പ്രധാനപ്പെട്ട ഇടങ്ങളിലൊന്നാണ്.

 

പക്ഷിപാതാളം

 

ജില്ലയിലെ ഒരു പക്ഷിനിരീക്ഷണ കേന്ദ്രമാണ് പക്ഷിപാതാളം. തിരുനെല്ലിയിൽ വളരെ അടുത്തായാണ് പക്ഷിപാതാളം സ്ഥിതി ചെയ്യുന്നത്. കടൽനിരപ്പിൽ നിന്ന് 1740 മീറ്റർ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ചെങ്കുത്തായ മലകളും കാട്ടുചോലകളുമുള്ള ഇവിടം നിരവധി പക്ഷികളുടെ വാസസ്ഥലമാണ്. നിരവധി ഗുഹകളും ഈ പ്രദേശത്ത് കാണാം. ഈ ഗുഹകളിൽ പക്ഷികളും വന്യമൃഗങ്ങളും വസിക്കുന്നു. കാട്ടിലൂടെ ഏഴ് കിലോമീറ്റർ സഞ്ചരിച്ചാലാണ് പക്ഷിപാതാളത്തിൽ എത്തുക. പക്ഷിപാതാളത്തിൽ പോകാൻ ആഗ്രഹിക്കുന്നവർ നേരത്തെ തന്നെ വനം വകുപ്പിന്റെ അനുമതി വാങ്ങേണ്ടതാണ്. തിരുനെല്ലി ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് പക്ഷിപാതാളത്തിലേക്കുള്ള ട്രക്കിങ്ങ് ആരംഭിക്കുന്നത്.

 

ചെമ്പ്ര കൊടുമുടി

 

വയനാട് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് ചെമ്പ്ര കൊടുമുടി. പ്രകൃതിസ്നേഹികളും സാഹസിക മലകയറ്റക്കാരും ഇഷ്ടപ്പെടുന്ന ചെമ്പ്ര മേപ്പാടിക്ക് സമീപത്താണ്. കടൽനിരപ്പിൽ നിന്ന് 2100 മീറ്റർ ഉയരത്തിലാണ് കൊടുമുടി. വിനോദസഞ്ചാരികൾക്ക് മല കയറാനുള്ള സൗകര്യം വനം വകുപ്പ് ഒരുക്കിയിട്ടുണ്ട്. ഗൈഡിനെ ഒപ്പം കൂട്ടിയുള്ള മലകയറ്റം മാത്രമേ ഇവിടെ അനുവദിക്കൂ. ചെമ്പ്ര മലയ്ക്ക് മുകളിൽ ഹൃദയത്തിന്റെ ആകൃതിയിലുള്ള ഹൃദയസരസ്സ് തടാകമാണ് സഞ്ചാരികളെ ഇങ്ങോട്ടേക്ക് ആകർഷിക്കുന്ന പ്രധാനഘടകം.

 

കുറുവാദ്വീപ്

 

പ്രകൃതിയെ അറിഞ്ഞുള്ള ശാന്തമായ എന്നാൽ അൽപം സാഹസികമായ നടത്തം ഇഷ്ടപ്പെടുന്നവരാണ് കുറുവദ്വീപിലേക്ക് എത്തിച്ചേരുന്നത്.  ജില്ലയിലെ കബനി പുഴയുടെ നടുവിലുള്ള ഒരു കൂട്ടം തുരത്തുകളുടെ ഒരു സമൂഹമാണ് കുറുവദ്വീപ്. മുളകൾ കെട്ടിയുണ്ടാക്കിയ ചങ്ങാടങ്ങളിൽ പുഴയിലൂടെയുള്ള യാത്രയാണ് ഇവിടുത്തെ പ്രധാന ആകർഷണം. ഏകദേശം 950 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ഈ പ്രദേശം വൈവിധ്യമാർന്ന സസ്യജീവജാലങ്ങളാൽ സമൃദ്ധമാണ്. മാനന്തവാടിയിൽ നിന്ന് 17 കിലോമീറ്റർ അകലെയാണ് കുറുവാദ്വീപ്.

 

ഫാന്റം റോക്ക്

 

അമ്പലവയലിലെ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് ഫാന്റം റോക്ക്. മുഖംമൂടി അണിഞ്ഞെത്തുന്ന അമാനുഷിക ശക്തിയുള്ള കഥാപാത്രമായ ഫാന്റത്തിനെ എല്ലാവർക്കും അറിയാം. ആ ഫാന്റത്തിനെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് ഈ വലിയ പാറ. അക്കാരണം കൊണ്ടു തന്നെയാണ് ഇതിന് ഫാന്റം റോക്ക് എന്ന് പേര് വന്നതും. ചുരുക്കത്തിൽ പ്രകൃതിയൊരുക്കിയ കലാവിരുന്ന് ആസ്വദിക്കാൻ താൽപര്യമുള്ളവർക്ക് ധൈര്യമായി തെരഞ്ഞെടുക്കാവുന്ന സ്ഥലമാണ് ഫാന്റം റോക്ക്. ഇവിടെ നിന്ന് നോക്കിയാൽ അകലെയായി അമ്പുകുത്തിമല, കൊളഗപ്പാറ, ചീങ്ങേരിപ്പാറ എന്നീ സ്ഥലങ്ങൾ കാണാം. 

 

കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയം

 

കൽപ്പറ്റയിൽ നിന്ന് 15 കിലോമീറ്റർ അകലെയാണ് കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയം. ദക്ഷിണേന്ത്യയിലെ ആദ്യത്തേതും ഇന്ത്യയിലെ രണ്ടാമത്തേതുമായ ഹൈ ആൾട്ടിട്യൂ‍ഡ് സ്റ്റേഡിയമാണിത്.  സമുദ്രനിരപ്പിൽ നിന്ന് 2100 അടി ഉയരത്തിലാണ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്. വയനാട്ടിലെ പ്രകൃതിരമണീയമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്റ്റേഡിയത്തിനു പുറത്തായി ഒരു മലയും സ്ഥിതിചെയ്യുന്നു. കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഉടമസ്ഥതയിലാണ് ഈ സ്റ്റേഡിയം. 2013ലാണ് ക്രിക്കറ്റ് സ്റ്റേഡിയം രാജ്യത്തിന് സമർപ്പിച്ചത്.

 

മുത്തങ്ങ, തോൽപ്പെട്ടി വന്യജീവി സങ്കേതം

 

വയനാടിന്റെ അതിർത്തിയിൽ കർണാടകയും തമിഴ് നാടുമായി ചേരുന്നിടത്ത്  രണ്ടു ഭാഗങ്ങളിലായി ചിതറകിടക്കുന്ന വന്യജീവി സങ്കേതമാണ് മുത്തങ്ങ. വടക്കു കിഴക്കായി കിടക്കുന്ന തോൽപ്പെട്ടി, കുറിച്യാട് റേഞ്ചുകളും തെക്കു - കിഴക്കായി കിടക്കുന്ന സുൽത്താൻ ബത്തേരി, മുത്തങ്ങ റേഞ്ചുകളും ഉൾപ്പെടെ 345 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് ഈ സംരക്ഷിത വനപ്രദേശം. മൂന്ന് സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചു കിടക്കുന്ന ആനത്താര ഉള്ളതിനാൽ ഈ പ്രദേശം പ്രൊജക്ട് എലിഫന്റിന്റെ ഭാഗമാണ്. മുത്തങ്ങയുടെ വന്യജീവി സൗന്ദര്യം ആസ്വദിക്കാൻ നിരവധി വിനോദസഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്.

 

വയനാട് ഹെറിറ്റേജ് മ്യൂസിയം

 

അമ്പലവയലിലാണ് വയനാട് ഹെറിറ്റേജ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ആണ് ഇത് പരിപാലിക്കുന്നത്. ഇവിടെയുള്ള പ്രദർശന വസ്തുക്കൾ വയനാടിന്റെ പരമ്പരാഗത ഗോത്ര പാരമ്പര്യത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ സന്ദർശകർക്ക് നൽകുന്നു. കേരളത്തിലെ ഏറ്റവും മികച്ച ഹെറിറ്റേജ് മ്യൂസിയമായ ഇത് അമ്പലവയലിലാണ് സ്ഥിതി ചെയ്യുന്നത്.  വീരസ്മൃതി, ഗോത്രസ്മൃതി, ദേവസ്മൃതി, ജീവനസ്മൃതി എന്നീ നാലു പേരുകളിലാണ് പ്രദർശന വസ്തുക്കൾ തിരിച്ചിരിക്കുന്നത്. 

 

പഴശ്ശിയുടെ ശവകുടീരം

 

കേരളവർമ പഴശ്ശിരാജ അന്ത്യവിശ്രമം കൊള്ളുന്ന ശവകുടീരം മാനന്തവാടിയിലാണ്. പുരാവസ്തു വകുപ്പ് സംരക്ഷിത സ്മാരകമായി ഇത് പ്രഖ്യാപിച്ചിട്ടുണ്ട്. 1996ലാണ് ഇത് ഒരു മ്യൂസിയമായി മാറ്റിയത്. കുടീരത്തിന്റെ താഴ്​വാരത്തു കൂടിയാണ് കബനിനദി ഒഴുകുന്നത്. സഞ്ചാരികളെ ആകർഷിക്കുന്നതിനായി മ്യൂസിയം പരിസരത്ത് ഒരു ഉദ്യാനവും ക്രമീകരിച്ചിട്ടുണ്ട്. ഇവിടെയുള്ള മ്യൂസിയത്തിൽ പഴശ്ശി ഗ്യാലറി, ട്രൈബല്‍ ഗ്യാലറി, പൈതൃക ഗ്യാലറി, നാണയ ഗ്യാലറി എന്നിങ്ങനെ നാല് ഗാലറികളും ക്രമീകരിച്ചിട്ടുണ്ട്. 

 

ജൈനക്ഷേത്രം വയനാട്

 

നിലവിൽ കേന്ദ്ര പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലാണ് ബത്തേരി ജൈനക്ഷേത്രം. കൽപ്പറ്റയിൽ നിന്ന് 24 കിലോമീറ്റർ അകലെയാണ് ഈ ജൈനക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പതിമൂന്നാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന ഈ ജൈനക്ഷേത്രം ഹിന്ദു ക്ഷേത്രമായും വാണിജ്യകേന്ദ്രമായും ടിപ്പുവിന്റെ ആയുധ സൂക്ഷിപ്പ് കേന്ദ്രമായുമെല്ലാം പ്രവർത്തിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു. കേരളത്തിന്റെ മഹത്തായ സാംസ്കാരിക പാരമ്പര്യത്തിന്റെ ഒരു അടയാളം കൂടിയാണ് ഈ ക്ഷേത്രം. വിജയനഗര സാമ്രാജ്യത്തിന്റെ കാലത്ത് പതിമൂന്നാം നുറ്റാണ്ടിൽ പണി കഴിപ്പിച്ചതാണ് ഈ ക്ഷേത്രമെന്നാണ് പറയപ്പെടുന്നത്.

 

Content Summary: Here are some tourism destinations in Wayanad district, Kerala, India.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com