ADVERTISEMENT

കണ്ണു നിറയെ കാടു കണ്ടൊരു യാത്ര, ഗവി യാത്രയിൽ കാടും മൃഗങ്ങളുമല്ലാതെ പ്രത്യേകിച്ചൊന്നും കാണാൻ ഇല്ല, എന്നാൽ യാത്രയെന്ന മനോഹര അനുഭവം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ വഴി തന്നെ തിരഞ്ഞെടുക്കാം. 100 കിലോമീറ്റർ ദൂരം 4 മണിക്കൂർ നീളുന്ന കാനന യാത്ര ആരെയും വിസ്മയിപ്പിക്കും. യാത്ര പോകുന്നത് പെരിയാർ ടൈഗർ റിസർവിന്റെ ഉള്ളിലൂടെയാണ്. വന്യമൃഗങ്ങൾ ധാരാളം ഉണ്ട്, നമ്മൾ കണ്ടില്ലെങ്കിലും അവർ നമ്മളെ കാണുന്നുണ്ട്. പോകുന്ന വഴി ആന, കാട്ടുപോത്ത്, കടുവ, പുലി... എന്തും പ്രതീക്ഷിക്കാം, ‘ചിലപ്പോൾ കാണും ചിലപ്പോൾ കാണില്ല’!. പ്രതീക്ഷയുടെ ഭാരമില്ലാതെ സഞ്ചരിക്കാൻ സാധിച്ചാൽ ഏറ്റവും നല്ലത്. ഇത്രയും യാത്ര ചെയ്ത് അവിടെ ഒരു ദിവസം താമസിക്കാതെ എങ്ങനെ തിരിച്ചു വരും? അതിനുള്ള വഴികൾ ആലോചിച്ചപ്പോഴാണ് ഗവിയിലെ പച്ചക്കാനം എസ്റ്റേറ്റിന് അകത്തുള്ള ഡൗൺ ടൗൺ ഹെറിറ്റേജ് ബംഗ്ലാവിനെക്കുറിച്ച് കേൾക്കുന്നത്. ‘‘ഹലോ... ബംഗ്ലാവല്ലേ’’ കാര്യം പറഞ്ഞു, യാത്രയ്ക്കുള്ള നിർദേശങ്ങളുമായി ബിനു വാഴമുട്ടവും ചേർന്നു. കാടും ഈ നാടും അറിയുന്നവർ കൂടെയുള്ളത് ഏറ്റവും നല്ലത്. ഇനിയുള്ള യാത്ര വിശേഷങ്ങൾ ദാ കണ്ടും കേട്ടും പോകാം...

ഗവിയിലേക്ക് എങ്ങനെ എത്താം?

ഗവി പത്തനംതിട്ട ജില്ലയിലെ വളരെ മനോഹരമായ ഭൂപ്രദേശമാണ്. പൂർണമായും വനത്തിലൂടെയുള്ള യാത്രയാണ്. ഗവിയിലേക്ക് പെട്ടെന്ന് എത്തിപ്പെടാമെന്നും ഗവിയിൽ ഒരുപാട് കാര്യങ്ങള്‍ കാണാൻ ഉണ്ട് എന്നുമാണ് എല്ലാവരും ധരിച്ചു വച്ചിരിക്കുന്നത്. ഗവി എന്ന സ്ഥലത്ത് ഒന്നും കാണാനുണ്ടാവില്ല. പക്ഷേ ഗവിയിലേക്കു പോകുന്ന യാത്രയാണ് വിസ്മയകരം.

pachakanam-gavi-morning
ഡൗൺ ടൗൺ എസ്റ്റേറ്റിലെ പുലർക്കാലം

സ്വന്തം വാഹനത്തിൽ ഗവിയിലേക്ക് എത്തണമെന്നുണ്ടെങ്കിൽ ആദ്യം ഓൺലൈനില്‍ ഒരു പാസ് റജിസ്റ്റർ ചെയ്യണം. പത്തനംതിട്ട ജില്ലയിലെ ആങ്ങമൂഴി ചെക്പോസ്റ്റിൽ നിന്നാണ് ആ പാസ് കിട്ടുന്നത്. ഇവിടെനിന്ന് മൂന്നു ദിവസം മുൻപ് പാസ് എടുത്തതിനു ശേഷം വേണം നമ്മൾ ആങ്ങമൂഴിയിലെ ചെക്പോസ്റ്റ് കടന്നു പോകേണ്ടത്. ആങ്ങമൂഴിയിൽ നിന്ന് ഏകദേശം 80 കിലോമീറ്ററുണ്ട് ഗവിക്ക്. ഗവിയിൽനിന്നു തിരിച്ച് ആങ്ങമൂഴിയിലേക്ക് യാത്ര അനുവദിക്കില്ല. ഗവിയിൽനിന്ന് പിന്നീടു പോകേണ്ടത് വള്ളക്കടവ് ചെക്പോസ്റ്റ് വഴിയാണ്. ചെക്പോസ്റ്റിൽ നിന്ന് പുറത്തിറങ്ങുമ്പോഴേക്കും നൂറു കിലോമീറ്റർ വരും. ഈ നൂറു കിലോമീറ്റർ ദൂരവും പൂർണമായും വനമാണ്. മൊബൈൽ റേഞ്ച് കിട്ടില്ല. ഭക്ഷണം കിട്ടില്ല. ഇതെല്ലാം മുന്നിൽ കണ്ടു വേണം യാത്ര ചെയ്യാൻ. ഒറ്റയ്ക്കുള്ള യാത്ര അനുവദിക്കില്ല. അതിനു ശ്രമിക്കുകയും ചെയ്യരുത്. പരമാവധി കൂട്ടമായി യാത്ര ചെയ്യുക. വാഹനം ഓടിക്കുമ്പോൾ ഒരുപാട് ശ്രദ്ധിക്കണം. ഓരോ വളവും ശ്രദ്ധിച്ചു വേണം യാത്ര ചെയ്യാൻ. കാരണം വന്യമൃഗങ്ങൾ ഉണ്ടാകും. രാവിലെ അവിടെനിന്ന് എട്ടര മണിക്കു മാത്രമേ കടത്തി വിടുകയുള്ളൂ. ഉച്ചയ്ക്ക് 12 മണി വരെയാണ് കടത്തിവിടുന്നത്. 12 മണി ആകാൻ കാത്തിരിക്കരുത്. കാരണം 12 മണിക്ക് ചെക്ക് പോസ്റ്റ് കടന്നാൽ അകത്തേക്കു പോകുന്തോറും സമയം വൈകും. വള്ളക്കടവ് ചെക്പോസ്റ്റ് കടക്കുമ്പോഴേക്കും സന്ധ്യ കഴിയും. അഞ്ചരയ്ക്കു മുന്‍പായിത്തന്നെ വള്ളക്കടവ് ചെക്ക് പോസ്റ്റ് കടന്നിരിക്കണം. പോകുന്ന വഴിയിൽ ഹോട്ടലുകളൊന്നും ഇല്ല. താമസ സൗകര്യം ഏർ‌പ്പാടാക്കിയിട്ടില്ലെങ്കിൽ ഭക്ഷണം കരുതണം. കുഞ്ഞുങ്ങളുണ്ടെങ്കിൽ അവർക്കുള്ള ഭക്ഷണവും വെള്ളവും കരുതണം. പ്ലാസ്റ്റിക്കും മറ്റും പുറത്തേക്ക് വലിച്ച് എറിയരുത്. താമസിക്കാനുള്ള സൗകര്യം ബുക്ക് ചെയ്തവർക്ക്  ഭക്ഷണവും വെള്ളവും ലഭ്യമാക്കും. ഞങ്ങൾ ഡൗൺ ടൗൺ ബംഗ്ലാവിൽ താമസം ബുക്ക് ചെയ്തിരിക്കുന്നതു കൊണ്ട് ആങ്ങമൂഴി ചെക്ക് പോസ്റ്റിൽനിന്നു ഗൈഡിനെക്കിട്ടി. ഡാമുകളും പുൽമേടുകളും കണ്ട് യാത്ര തുടങ്ങാം.

യാത്രയിൽ എന്തൊക്കെ കാണാം

ആങ്ങമൂഴി ചെക്ക് പോസ്റ്റിൽനിന്ന് മുന്നോട്ട് പോകുമ്പോൾ പൂർണമായും വനമേഖലയാണ്. ഈ വനത്തിന്റെ ഓരോ ഭാഗത്തും വന്യമൃഗങ്ങൾ ഉണ്ട്. അവിടെ വാഹനം നിർത്താന്‍ പറ്റുന്നത് മൂഴിയാർ ഡാമിലാണ്. മൂഴിയാര്‍ ഡാമില്‍ നല്ല കാഴ്ചകളുണ്ട്. പെൻസ്റ്റോക്ക് പൈപ്പ് ദൂരെ നിന്നേ കാണാം. ഇതു കഴിഞ്ഞ് മുന്നോട്ട് വരുമ്പോഴാണ് ശബരിഗിരി ഇലക്ട്രിക് പ്രോജക്ട്. മൂഴിയാർ ഡാം ശബരിഗിരി പദ്ധതിയുടെ ഭാഗമാണ്. മൂഴിയാർ ഡാം കഴിഞ്ഞു വരുന്നത് കക്കി ഡാം ആണ്. മനോഹരമായ കാഴ്ചകളാണ്, അതൊക്കെ വണ്ടി നിർത്തിത്തന്നെ കാണണം. (ആനത്താരകളിൽ മാത്രം വണ്ടി നിർത്തി ഇറങ്ങരുത്). ഇങ്ങനെ കാട് കണ്ടുകണ്ടു മുന്നോട്ടു വരുന്നതാണ് ഗവി യാത്ര.

കക്കി ഡാം
കക്കി ഡാം

കക്കി ഡാം

യാത്രയിലെ മാനോഹരമായ കാഴ്ചയാണ് കക്കി ഡാമിന്റെ ക്യാച്മെന്റ് ഏരിയ. മൂഴിയാർ പവർഹൗസിേലക്കു കൊണ്ടു പോകാൻ വേണ്ടി കക്കി ഡാമിൽ വെള്ളം തടഞ്ഞു നിർത്തിയിരിക്കുന്നതാണ്. വെള്ളം കുറവുള്ള സമയത്തു ദ്വീപുകൾ തെളിഞ്ഞു കാണാൻ പറ്റും. ഇതിനകത്തേക്കൊന്നും പ്രവേശനം ഇല്ല. റോഡിന്റെ അരികിൽനിന്നു വേണം കാണാൻ.  കൂടുതൽ താഴേക്ക് ഇറങ്ങരുത്. കാരണം തെന്നി താഴേക്കു വീഴാൻ സാധ്യത കൂടുതലാണ്. ഇതിന്റെ എതിർ വശത്ത് ആകാശം മുട്ടി നിൽക്കുന്ന പുൽമേടാണ്. ഈ പുൽമേടിനകത്ത് മ്ലാവ്, കാട്ടുപോത്ത്, ആനകൾ എന്നിവയുണ്ടാകും. 

എക്കോ പോയിന്റ്

കക്കി ഡാം കണ്ട് മുൻപോട്ട് വരുമ്പോഴാണ് എക്കോ പോയിന്റ്. കക്കി ഡാം പണിയാന്‍ വേണ്ടി പാറകൾ പൊട്ടിച്ചു കൊണ്ടു പോയ സ്ഥലമാണ് എക്കോ പോയിന്റ്. ഇവിടെനിന്ന് ശബ്ദം ഉണ്ടാക്കിയാൽ മൂന്ന് പ്രാവശ്യം എക്കോ ഉണ്ടാക്കും. ഇതിനു മുകളിലും കാട്ടുപോത്തൊക്കെ മേഞ്ഞു നടക്കുന്നതു കാണാം. ബഹളം വച്ചാൽ അവ മാറിപ്പോകും. ഉച്ചകഴിഞ്ഞാൽ എപ്പോഴും മഞ്ഞുമൂടിക്കിടക്കും. ഇവിടെ വന്ന് ആൾക്കാർ ചിത്രങ്ങളൊക്കെ എടുക്കുന്നതു പതിവാണ്. ഇതും വാഹനത്തിൽ നിന്നും ഇറങ്ങി കാണേണ്ട ഒരു കാഴ്ചയാണ്. മുന്നോട്ട് വരുമ്പോൾ ആനത്തോട് ഡാം.

ആനത്തോട് ഡാം...ഓർമയില്ലേ 2018

ആനത്തോട് ഡാം ശബരിഗിരി പദ്ധതിക്കു വേണ്ടി വെള്ളം കൊണ്ടുപോകുന്ന പ്രധാനപ്പെട്ട ഒരു ഡാമാണ്. ഈ ഡാമിനാണ് ഷട്ടർ ഉള്ളത്. 2018 െല വെള്ളപ്പൊക്കത്തിൽ നമ്മുടെ നാടും നഗരവും എല്ലാം പൂർണമായും വെള്ളത്തിൽ മുങ്ങിപ്പോയ കാലഘട്ടമായിരുന്നു. ഈ ഡാമിന്റെ ഷട്ടറാണ് അന്നു തുറന്നു വിട്ടത്. 980 അടിക്കു മുകളിലേക്ക് വെള്ളം എത്തിയപ്പോഴേക്കും രാത്രി തുറന്നു വിടേണ്ട സാഹചര്യം ഉണ്ടായി. ഈ വെള്ളം താഴേക്ക് ഒഴുകി പോകുന്നത് പമ്പ ത്രിവേണിയിലേക്കാണ്. അവിടെ നിന്നു പമ്പാ നദിയിലൂടെ ഈ വെള്ളം നാട്ടിൻപുറങ്ങളിലേക്കെത്തിയതാണ് വലിയൊരു പ്രളയത്തിന് ഇടയാക്കിയത്. 

ഇനി ഗവിയിലേക്ക്. ഗവി അടുക്കാറായപ്പോൾ ഒരു പുൽമേട്ടിനടുത്ത് വണ്ടി നിർത്തി, അവിടെ സാധാരണയായി ആനയെ കാണാറുള്ളതാണ്, എത്ര നോക്കിയിട്ടും ഒന്നും കാണുന്നില്ല, പുൽമേടുകളുടെ കുറച്ചു ചിത്രങ്ങൾ ഫൊട്ടോഗ്രഫർ എന്തിനോ വേണ്ടി എടുത്തു. (യാത്രയൊക്കെ കഴിഞ്ഞു വീട്ടിലെത്തി വെറുതെ ഒരു രസത്തിനു പടം സൂം ചെയ്തു നോക്കിയ ഫൊട്ടോഗ്രഫർ കണ്ടെത്തി, ആ പുൽമേട്ടിലൊരു ആനയെ!).

മലയണ്ണാൻ
മലയണ്ണാൻ

കാടാണ്. ആനത്താരകളിൽ വാഹനം നിർത്തി കാഴ്ച കാണാൻ ശ്രമിക്കരുത്...

സ്വന്തം വാഹനത്തിൽ വരുന്നവരാെണങ്കിൽ ഒരു കാരണവശാലും റോഡിൽ വണ്ടി നിർത്തി ഇറങ്ങരുത്. ചില പോയിന്റുകളുണ്ട്. ആ പോയിന്റുകളിൽ മാത്രമേ നിർത്താവൂ. കാരണം ആനത്താരകളുണ്ട്. ചിലപ്പോൾ വനത്തിലുള്ളിലേക്ക് വഴി കാണാം. ഈ വഴിയിലേക്ക് വണ്ടി കൊണ്ടുപോകുന്ന പലരുമുണ്ട്. അത് തെറ്റാണ്. ഫോറസ്റ്റുകാർ കണ്ടാൽ വണ്ടി പിടിച്ചെടുത്ത് കേസെടുക്കും. കാര്യം അനധികൃതമായി വനത്തിലേക്ക് പ്രവേശിക്കുന്നതാണ്. അതിനേക്കാളുപരി അത് അപകടകരമാണ്. ആനകൾ ഇറങ്ങി വരുന്ന ആനത്താരകളായിരിക്കും. അതിലെ നടന്നും പോകരുത്. ട്രക്കിങ് തുടങ്ങിയ കാര്യങ്ങളൊന്നും ഗവി റൂട്ടിൽ അനുവദിച്ചിട്ടില്ല. മെയിൻ റോഡിൽ കൂടി മാത്രമേ യാത്ര ചെയ്യാവൂ. മെയിൻ റോഡ് വിട്ട് ഒരു റോഡിേലക്കും പോകാൻ പാടില്ല എന്നുള്ളതാണ് പ്രധാന കാര്യം. പിന്നെ പ്ലാസ്റ്റിക് ഒരു കാരണവശാലും വലിച്ചെറിയരുത്. പ്ലാസ്റ്റിക് ഉണ്ടെങ്കിൽ അത് വണ്ടിക്കുള്ളിൽ തന്നെ ഇട്ട് തിരിച്ചു കൊണ്ടുപോകണം റോഡിലേക്ക് എറിയരുത്. എറിഞ്ഞാൽ പിഴ കിട്ടും. അതോടൊപ്പം തന്നെ ശ്രദ്ധിക്കേണ്ടത് ചെടികളൊന്നും നശിപ്പിക്കരുത്. െചടി ഒടിച്ചു കൊണ്ടു പോകുകയോ വണ്ടിയിലിട്ട് കൊണ്ടു പോകുകയോ ചെയ്യുന്നത് കുറ്റകരമാണ്. അങ്ങനെ ചെയ്താൽ ചെക്ക് പോസ്റ്റിൽ വച്ച് അത് കണ്ടുപിടിച്ച് തിരിച്ചെടുത്ത് കളയുകയും ചെയ്യും. പലരും അങ്ങനെ ചെയ്യാറുണ്ട്. ഈ പൂക്കളും ചെടികളുമാണ് മനോഹരമായ ഗവിയെ ഇങ്ങനെ നിലനിർത്തിക്കൊണ്ട് പോകുന്നത്.  

ഈ സ്ഥലങ്ങളൊക്കെ എങ്ങനെ കാണാൻ പറ്റും ?

കഴിയുമെങ്കിൽ ഗവി അറിയാവുന്ന ഒരാളുെട കൂടെ മാത്രമേ ഗവിയിലേക്കു യാത്ര ചെയ്യാവൂ. ഇല്ലെങ്കില്‍ നിങ്ങൾ ഒന്നും കാണാൻ കഴിയാതെ ഈ പ്രധാനപ്പെട്ട റോഡിൽ കൂടി മാത്രം യാത്ര ചെയ്ത് വള്ളക്കടവിൽ പോയി ഇറങ്ങും. ഞങ്ങളൊന്നും കണ്ടില്ല എന്നു പറയും. ഓരോ സ്പോട്ടിലും എവിടെ നിർത്തണം, എന്തൊക്കെയാണ് പ്രത്യേകത ഇതൊക്കെ പറഞ്ഞു തരാൻ കഴിയുന്ന ഒരാളുണ്ടായിരിക്കണം. അല്ലെങ്കിൽ അത് നന്നായിട്ട് അറിയാവുന്ന ഒരു ഡ്രൈവറായിരിക്കണം ഉണ്ടായിരിക്കേണ്ടത്. അല്ലാതെ ഗവിയിലേക്ക് പോയിട്ട് ഒരു കാര്യവും ഇല്ല. കാട്ടിൽക്കൂടി കുറേ യാത്ര ചെയ്തു എന്ന അനുഭവം മാത്രമേ കിട്ടൂ. പക്ഷേ 100 കിലോമീറ്റർ കാട്ടിൽക്കൂടി യാത്ര ചെയ്യുന്നതിനിടയ്ക്ക് ഒരു പാട് വിസ്മയകരമായ കാഴ്ചകൾ നമ്മുടെ മുന്നിലുണ്ട്. ആനയോ കാട്ടുപോത്തോ എവിടെയാണ് നിൽക്കുന്നതെന്ന് സ്ഥിരമായി യാത്ര ചെയ്യുന്നവർക്കറിയാം. അവിടെ വണ്ടി നിർത്തി ശാന്തമായി നോക്കിയാൽ അവയെ കാണാൻ സാധിക്കും. 

gavi-monsoon
മഴക്കാലത്തെ ഗവി യാത്ര...

ഗവിയിലൂടെ സഞ്ചരിക്കാൻ ഏതാണ് നല്ല സമയം

ഗവിക്ക് രണ്ടു മുഖമുണ്ട്. വേനൽക്കാലത്ത് നല്ല തെളിഞ്ഞ പ്രകൃതി ആയിരിക്കും. കാണാനും നല്ല രസമായിരിക്കും. മഴ പെയ്തു കഴിഞ്ഞാൽ കോട മഞ്ഞ് മൂടിക്കിടക്കും. യാത്രയിൽ നമ്മുടെ വണ്ടിക്കു മുൻപിൽ കോടമഞ്ഞായിരിക്കും. ഈ രണ്ടു കാലാവസ്ഥയിലും ഗവി സുന്ദരിയാണ്. വേനൽക്കാലത്ത് ഒരു മുഖവും മഴക്കാലത്ത് മറ്റൊരു മുഖവും. മഴക്കാലയാത്രകളാണ് എല്ലാവരും കൂടുതൽ ഇഷ്ടപ്പെടുന്നത്. ഗവിയിലെത്തുമ്പോൾ അവിടെ സെറ്റിൽമെന്റ് കോളനികളുണ്ട്. ശ്രീലങ്കയിൽനിന്ന് അഭയാര്‍ഥികളായി കെഎഫ്ഡിസിയുടെ ഏലത്തോട്ടത്തിലെ ജോലിക്കുവേണ്ടി ഇന്ദിരാഗാന്ധിയുടെ കാലത്ത് ഇവിടെ കൊണ്ടു വന്നതാണ്. അവരിപ്പോഴും അവിടെ താമസിക്കുന്നുണ്ട്. അവരല്ലാതെ മറ്റാരും ഗവിയില്‍ താമസിക്കുന്നില്ല. ഗവിയിലേക്ക് വരുന്ന വഴിയാണ് പൊന്നമ്പലമേട്ടിലേക്ക് പോകാനുള്ള വഴി ആരംഭിക്കുന്നത്. അവിടേക്ക് ആരെയും കയറ്റിവിടില്ല. പൂർണമായും നിയന്ത്രണമുള്ള സ്ഥലമാണ്. 

വള്ളക്കടവ് ചെക്ക് പോസ്റ്റിൽനിന്ന് ഗവിക്ക് വരാൻ പറ്റുമോ?

വള്ളക്കടവ് ചെക്ക് പോസ്റ്റിൽ നിന്നു ഗവിയിലേക്ക് കടത്തിവിടുകയില്ല. കടത്തിവിടണമെന്നുണ്ടെങ്കിൽ കെഎഫ്ഡിസിയുടെ പാക്കേജ് എടുക്കണം. പകല്‍ സമയം മാത്രം ഒരാൾക്ക്  1800 രൂപയാണ് റേറ്റ്. രാവിലെ വന്ന് ഉച്ചയ്ക്കു ശേഷം തിരിച്ചു പോകുന്ന പാക്കേജാണ് അവരുടേത്. അങ്ങനെ മാത്രമേ ഗവിയിലേക്ക് കയറാൻ പറ്റുകയുള്ളൂ. വള്ളക്കടവിൽനിന്ന് ഏകദേശം 20 കിലോമീറ്ററേ ഉള്ളൂ ഗവിയിലേക്ക്. ആങ്ങമൂഴിയിൽ നിന്നുള്ള 100 കിലോമീറ്റർ യാത്രയാണ് ശരിയായ ഗവിയുടെ അനുഭവം നൽകുന്നത്. ഗവിയിലേക്ക് കാടിന്റെ ഭംഗി ആസ്വദിക്കാൻ വരുന്നവർ ആങ്ങമൂഴിയില്‍ നിന്നുള്ള യാത്രയേ തിരഞ്ഞെടുക്കാവൂ. അതാണ് ഏറ്റവും മികച്ചത്. അങ്ങനെ ആസ്വദിച്ചു വേണം വരാൻ. ഗവിയിൽ കെഎഫ്ഡിസി (കേരള ഫോറസ്റ്റ് ഡവലപ്മെന്റ് കോർപറേഷൻ)യുടെ താമസ സൗകര്യവും ഉണ്ട്. രണ്ടും വ്യത്യസ്ത സൗകര്യങ്ങളാണ് നൽകുന്നത്. കെഎഫ്ഡിസിയിൽ താമസിക്കണമെങ്കിൽ വള്ളക്കടവ് ചെക്ക് പോസ്റ്റിൽ നിന്നാണ് വരേണ്ടത്.

ഡൗൺ ടൗൺ ഹെറിറ്റേജ് ബംഗ്ലാവ്
ഡൗൺ ടൗൺ ഹെറിറ്റേജ് ബംഗ്ലാവ്

ഗവി വനത്തിനുള്ളിലെ ഡൗൺ ടൗൺ ഹെറിറ്റേജ് ബംഗ്ലാവിലെ താമസം

വനത്തിനുള്ളിൽ ‘പക്ഷികളുടെയും മൃഗങ്ങളുടെയും ഇടയിൽ’ താമസം. ഗവിയിലെ പച്ചക്കാനം എസ്റ്റേറ്റിലെ ഡൗൺ ടൗൺ എന്ന ഹെറിറ്റേജ് ബംഗ്ലാവിലാണ് താമസം. ഇത് പഴയ ഒരു ബ്രിട്ടിഷ് ബംഗ്ലാവായിരുന്നു. പഴയകാലത്ത് ബ്രിട്ടിഷുകാരുടെ 500 ഏക്കറുള്ള ഏലത്തോട്ടം ആയിരുന്നു. ഈ തോട്ടത്തിനകത്ത് നിർമിച്ചിരിക്കുന്ന ബംഗ്ലാവാണിത്.  താമസിക്കാൻ വരുന്ന ആരും നിരാശരായി പോകില്ല. ചുറ്റും വനത്താൽ മൂടിക്കിടക്കുന്നതിനാൽ ഒരുപാട് പക്ഷികളെയും മൃഗങ്ങളെയുമൊക്കെ ഇതിന്റെ മുറ്റത്തു നിന്നാൽ കാണാൻ സാധിക്കും. കാട്ടൂഞ്ഞാലി, ചൂളക്കാക്ക, കാട്ടുമൈന, തീക്കുരുവി എന്നിവയൊക്കെ പാട്ടും പാടി പറന്നു നടക്കുന്നതു കണ്ടും കേട്ടും താമസ സ്ഥലത്ത് ഇരിക്കാം. ഫെൻസിങ് ചുറ്റോടുചുറ്റും ഇട്ടിട്ടുള്ളതു കൊണ്ട് പേടിയില്ലാതെ കാണാം. ഏലം സംസ്കരിച്ചെടുക്കുന്ന യൂണിറ്റ് താമസസ്ഥലത്തിനോട് ചേർന്നുണ്ട്. അത് ഡ്രൈ ആക്കി എടുക്കുന്നതൊക്കെ കാണാൻ പറ്റും. സംസ്ഥാന ടൂറിസം വകുപ്പിന്റെ ഡയമണ്ട് കാറ്റഗറിയിലുള്ള ഹോംസ്റ്റേയാണ്. നേരത്തേ വിളിച്ചു ബുക്ക് ചെയ്താൽ മാത്രമേ ഇവിടെ താമസം ലഭിക്കൂ.  

ചൂളകാക്ക
ചൂളകാക്ക

അച്ഛനും അമ്മയും രണ്ടു കുട്ടികളും അടക്കം നാലു പേരുളള ഫാമിലി ആണെങ്കിൽ അവർക്ക് 10,000 രൂപയാണ് നിരക്ക്. നാലു നേരം ഭക്ഷണവും ആങ്ങമൂഴിയിൽ കയറുവാനുള്ള പെർമിഷൻ പാസ്, കൂടെ ഒരു ഗൈഡ്, താമസം. പിറ്റേദിവസം പതിനൊന്നു മണിക്കു ശേഷം അവിെട നിന്ന് ഇറങ്ങിയാൽ മതിയാകും. ഫുൾ പായ്ക്കേജാണ്. യാത്രക്കാർ പാസിനെക്കുറിച്ചൊന്നും അറിയേണ്ട. 5 പേരുള്ള ഫാമിലിയാണെങ്കിൽ ഒരാൾക്ക് 4000 രൂപ വച്ച് ആയിരിക്കും പാക്കേജ് റേറ്റ്. ഈ പറഞ്ഞ എല്ലാ സൗകര്യങ്ങളും അതിലുണ്ടായിരിക്കും. 20 പേർക്കുവരെ താമസിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. രാത്രിയിൽ ക്യാംപ് ഫയർ, ബാർബിക്യൂ ഇതെല്ലാം ഇതിലുൾപ്പെട്ടതാണ്. വനത്തിന്റെ ഭംഗിയും വന്യമൃഗങ്ങളെയും ഇഷ്ടപ്പെടുന്നവർക്ക് ആസ്വദിക്കാൻ പറ്റിയ യാത്രയാണിത്. 

ബുക്കിങ് വിവരങ്ങൾക്ക്
greenforrestkerala@gmail.com
9400 314141

Content Summary : Gavi is a beautiful eco-tourism spot in Kerala, located in Periyar Tiger Reserve.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com