ADVERTISEMENT

ലോക വിനോദ സഞ്ചാര ദിനത്തോട് അനുബന്ധിച്ച് കേരളത്തിലെ ടൂറിസം സാധ്യതകളെപ്പറ്റിയും ടൂറിസം മേഖല ഇപ്പോൾ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റിയും നല്ല ടൂറിസം സംസ്കാരം രൂപപ്പെടുത്തുന്നതിന്റെ പ്രാധാന്യത്തെപ്പറ്റിയും പൊതുമരാമത്ത്– ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് മനോരമ ഓൺലൈനോട് സംസാരിക്കുന്നു.

 

∙ കേരളത്തിലെ പല വിനോദ സഞ്ചാര കേന്ദ്രങ്ങളിലും അടിസ്ഥാന സൗകര്യങ്ങളില്ലെന്നു പരാതിയുണ്ട്. വാഗമണിലെ ഗ്ലാസ് ബ്രിജിൽ കയറാനുള്ള സഞ്ചാരികളുടെ നീണ്ട ക്യൂവും ടോയ്‌ലറ്റ് സൗകര്യം ഇല്ലാത്തതുമൊക്കെ വാർത്തയായിരുന്നല്ലോ. അത്തരം പ്രശ്നങ്ങൾ ടൂറിസം രംഗത്തിനു പോരായ്മയല്ലേ?

 

idukki-glass-bridge
വാഗമണ്ണിലെ ഗ്ലാസ് ബ്രിജ് ഉദ്ഘാടന ദിവസം

കേരളത്തിലെ ടൂറിസം മേഖല വലിയ കുതിപ്പിന്റെ പാതയിലാണ്. കോവിഡനന്തരം ലോകടൂറിസം ഭൂപടത്തില്‍ കേരളത്തെ കൂടുതല്‍ തെളിമയോടെ അടയാളപ്പെടുത്തി എന്നതാണ് നമ്മുടെ പ്രധാന നേട്ടം. ടൈം മാഗസിന്‍, ന്യൂയോര്‍ക്ക് ടൈംസ് തുടങ്ങിയ രാജ്യാന്തര മാധ്യമങ്ങള്‍ കേരളത്തെ അടയാളപ്പെടുത്തിയത് നമ്മള്‍ ടൂറിസം രംഗത്ത് നടപ്പാക്കിയ പദ്ധതികളെക്കുറിച്ചു പഠിച്ച ശേഷമാണ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള സഞ്ചാരികളെ വരവേല്‍ക്കുന്നതില്‍ നമ്മള്‍ ഉണ്ടാക്കിയ മുന്നേറ്റം ചരിത്രത്തില്‍ ഇടംനേടുന്നതാണ്. 2022 കേരള ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ആഭ്യന്തര സഞ്ചാരികള്‍ എത്തിയ വര്‍ഷമായിരുന്നു. 2023 ല്‍ ആദ്യ ആറു മാസത്തെ കണക്ക് മുന്‍വര്‍ഷത്തെ റെക്കോര്‍ഡുകള്‍ ഭേദിക്കുമെന്ന സൂചനയാണ് നല്‍കുന്നത്. നമുക്ക് വലിയ മുന്നേറ്റം ഇനിയും സാധ്യമാക്കാന്‍ കഴിയും. മാധ്യമങ്ങളില്‍ വന്ന ഒരു വാര്‍ത്ത ഇപ്പോള്‍ ഓര്‍ക്കുകയാണ്. ഗോവയിലെ ടൂറിസം മന്ത്രി ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തെ മാതൃകയാക്കണമെന്ന് പ്രസ്താവിച്ചുവെന്നായിരുന്നു അത്. കേരളത്തിന്റെ ടൂറിസം വളര്‍ച്ചയെ രാജ്യവും ലോകവും വളരെ സൂക്ഷ്മമായി വിലയിരുത്താന്‍ തുടങ്ങിയിരിക്കുന്നു. 

 

നൂതന പദ്ധതികള്‍, പുതിയ ഉൽപന്നങ്ങള്‍, അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ തുടങ്ങി വ്യത്യസ്തങ്ങളായ പ്രവര്‍ത്തനങ്ങളിലൂടെയാണ് നാം ഇത്തരം നേട്ടങ്ങളിലേക്ക് എത്തുന്നത്.  പുതിയ അനവധി പദ്ധതികള്‍ക്ക് തുടക്കമിട്ടുകഴിഞ്ഞു. കാരവന്‍ ടൂറിസം, സിനിമ ടൂറിസം, പാലങ്ങളുടെ അടിഭാഗം ഉപയോഗപ്പെടുത്തല്‍, ഫ്ലോട്ടിങ് ബ്രിജ്, സര്‍ഫിങ് അക്കാദമി, ലിറ്റററി സര്‍ക്യൂട്ട്, ഗ്ലാസ് ബ്രിജ്, സ്ട്രീറ്റ്, വാട്ടര്‍ സ്ട്രീറ്റ്, സ്ത്രീ സൗഹാര്‍ദ ടൂറിസം പദ്ധതി, ഫുഡ് സ്ട്രീറ്റ്, നൈറ്റ് ലൈഫ് ടൂറിസം, ഫെസ്റ്റിവല്‍ ടൂറിസം, അഗ്രി ടൂറിസം നെറ്റ്‌വര്‍ക്ക് തുടങ്ങി വൈവിദ്ധ്യമാര്‍ന്ന പദ്ധതികള്‍ ഈ രണ്ടു വര്‍ഷത്തിനകം നാം ആവിഷ്ക്കരിച്ചവയാണ്. ഇത്തരം പദ്ധതികളെല്ലാം ടൂറിസം അടിസ്ഥാന സൗകര്യവികസനം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ ടൂറിസം കേന്ദ്രങ്ങള്‍ കണ്ടെത്തി അടിസ്ഥാന സൗകര്യമൊരുക്കി അവയെ വികസിപ്പിക്കുക എന്നതാണ് ടൂറിസം വകുപ്പിന്റെ നയം. എല്ലാം പൂര്‍ണ്ണമായി എന്നല്ല, സാധ്യതകള്‍ക്ക് അനുസരിച്ച് ഘട്ടംഘട്ടമായി അവ വികസിപ്പിക്കുകയാണ് ചെയ്യുന്നത്.

അതിരപ്പിള്ളി വെള്ളച്ചാട്ടം
അതിരപ്പിള്ളി വെള്ളച്ചാട്ടം

 

വാഗമണ്ണിലെ വിഷയം സൂചിപ്പിച്ചതിനാല്‍ അതിനു കൂടി മറുപടി നല്‍കാം. ഗ്ലാസ് ബ്രിജ് ഉദ്ഘാടനം ചെയ്ത് ദിവസങ്ങൾക്കകം രാജ്യത്തു തന്നെ ശ്രദ്ധേയമായ സാഹസിക വിനോദ കേന്ദ്രമായി വാഗമൺ മാറി. നമ്മുടെ പ്രതീക്ഷകൾക്കുമപ്പുറം ജനങ്ങൾ എത്തി. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ 13,000 ല്‍ പരം ആളുകള്‍ ഗ്ലാസ് ബ്രിജില്‍ വന്നു. വാഗമണ്ണില്‍ ഗ്ലാസ് ബ്രിജ് ഉദ്ഘാടനത്തിന് പോയ സന്ദര്‍ഭത്തില്‍ പ്രത്യേക യോഗം ചേര്‍ന്ന് ഭൗതികസാഹചര്യങ്ങള്‍ വിലയിരുത്തിയിരുന്നു. വെയ്റ്റിങ് ഷെല്‍ട്ടർ, ടോയ്‌ലെറ്റ് എന്നീ വിഷയങ്ങള്‍ പ്രത്യേകമായി പരിശോധിച്ചു. ഇതിന്റെ തുടര്‍ച്ചയായി വാഗമണ്ണിൽ വെയ്റ്റിങ് ഷെല്‍ട്ടർ നിർമിച്ചുകഴിഞ്ഞിട്ടുണ്ട്. ടോയ്‌ലെറ്റിന്റെ നിർമാണം നടന്നുകൊണ്ടിരിക്കുന്നു. പ്രവേശന ടിക്കറ്റ് നല്‍കുമ്പോള്‍ തന്നെ ഗ്ലാസ് ബ്രി‍ജില്‍ കയറുന്നതിന് സമയക്രമവും നിശ്ചയിക്കുന്നുണ്ട്. ബ്രിജിന്റെ സ്റ്റെബിലിറ്റി ചെക്കിങ് ഇടക്കിടെ നടത്തണമെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

 

∙  രാജമല, ഇല്ലിക്കൽക്കല്ല്, പൊൻമുടി, അതിരപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലെ പ്രവേശന സമയത്തെകുറിച്ച് പരാതികളുണ്ട്. ഈ സ്ഥലങ്ങളിൽ പ്രവേശന സമയം നേരത്തെയാക്കിക്കൂടേ?

 

ചില ടൂറിസം കേന്ദ്രങ്ങളിൽ സമയക്രമം നിശ്ചയിച്ചിരിക്കുന്നത് മറ്റു വകുപ്പുകളുമായി ചേർന്നാണ്. ചോദ്യത്തിലുള്ള ഇടങ്ങളിൽ ചിലത് വനം വകുപ്പുമായി ബന്ധപ്പെട്ടതാണ്. നമ്മുടെ പരിസ്ഥിതിയെ കൂടി കണക്കിലെടുത്തുവേണം ഇത്തരം ഇടങ്ങളില്‍ സമയക്രമം നിശ്ചയിക്കാന്‍. എങ്കിലും പ്രായോഗികമായി എന്തൊക്കെ കാര്യങ്ങള്‍ ഇക്കാര്യത്തില്‍ ചെയ്യാനാകുമെന്ന് ബന്ധപ്പെട്ട വകുപ്പുകളുമായി കൂടിയാലോചിച്ച് അതു നടപ്പിലാക്കാം.

 

ടെന്റ് ടൂറിസം (Tent tourisam) സാധ്യതകൾ കേരളം ശരിയായ രീതിയിൽ ഉപയോഗിക്കുന്നുണ്ടോ?

ഗ്രാമീണ ജല ടൂറിസത്തിന്റെ ആകർഷണ മുഖവുമായി മലരിക്കൽ. ആമ്പൽ വസന്തം ആസ്വദിക്കാൻ വിവിധ സ്ഥലങ്ങളിൽ നിന്നും ആളുകൾ എത്തിത്തുടങ്ങി. പുലർച്ചെയാണ് പൂക്കൾ കൂടുതൽ മിഴിവേകുന്നത്. വഴി ഇങ്ങനെ, കോട്ടയത്തു നിന്ന് ഇല്ലിക്കൽ കവലയിൽ എത്തുക. തിരുവാർപ്പ് റോഡിൽ ഇടത്തോട്ട് തിരിയുക. കാഞ്ഞിരം ബോട്ട് ജെട്ടി റോഡിലൂടെ കാഞ്ഞിരം പാലം കയറി ഇറങ്ങുന്ന സ്ഥലമാണ് മലരിക്കൽ. കുമരകത്തു നിന്നെത്തുന്നവർ ഇല്ലിക്കലിൽ എത്തി വലത്തോട്ടു  തിരിഞ്ഞു തിരുവാർപ്പ് റോഡിലൂടെ വേണം പോകാൻ. 
ചിത്രം : അഭിജിത്ത് രവി ∙ മനോരമ
മലരിക്കൽ ചിത്രം : അഭിജിത്ത് രവി ∙ മനോരമ

 

ടെന്റ് ടൂറിസം കേരളത്തിൽ വ്യാപകമായി വരുന്നുണ്ട്. എന്നാൽ വലിയ മുന്നേറ്റം സാധ്യമാക്കി എന്നു പറയാൻ കഴിയില്ല. എങ്കിലും നമുക്ക് കൂടുതൽ ഉപയോഗപ്പെടുത്താൻ കഴിയുന്നതാണ് ടെന്റ് ടൂറിസം. ധാരാളം സ്വകാര്യ നിക്ഷേപകര്‍ ആ മേഖലയിലേക്ക് വരുന്നുണ്ട്. അവര്‍ക്ക് ആവശ്യമായ പിന്തുണ ടൂറിസം വകുപ്പ് നല്‍കും.

 

∙ ഏറ്റവും കൂടുതൽ യാത്ര ചെയ്യുന്നവർ ചൈനക്കാരാണ്. അവരിലേറെപ്പേരും ശ്രീലങ്ക സന്ദർശിക്കുന്നുണ്ട്. അവരെ കേരളത്തിലേക്ക് കൊണ്ടുവരാൻ എന്തൊക്കെ ചെയ്യാൻ പറ്റും?

 

ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ ഇടപെടലാണ് അവിടുത്തേക്ക് സഞ്ചാരികള്‍ എത്തുന്നതിനുള്ള ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കേരളത്തിന്റെ സാധ്യതകളെ ലോകത്തിനു മുന്നിൽ നമ്മൾ പരമാവധി തുറന്നിടുന്നുണ്ട്. നമുക്ക് നിലവിലുള്ള മാർക്കറ്റുകൾക്കൊപ്പം മറ്റു രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് ശ്രമം. കേരളത്തെ ഇഷ്ടപ്പെടുന്ന വലിയ ഒരു ജനവിഭാഗം പുറത്തുണ്ട്. അവർക്കു നമ്മുടെ നാട് അനുഭവവേദ്യമാകുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കും. ചൈനീസ് ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ പ്രത്യേക മാര്‍ക്കറ്റിങ് സ്ട്രാറ്റജി ആവിഷ്ക്കരിക്കുന്നതു പരിശോധിക്കും.

 

∙ ജി-20 ക്ക് ശേഷം ഉള്ള കേരള ടൂറിസത്തെപ്പറ്റി വിലയിരുത്താമോ?

 

ജി-20 നൽകിയ അവസരം ഏറ്റവും നന്നായി ഉപയോഗപ്പെടുത്താൻ നമ്മൾ ശ്രദ്ധിച്ചു. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽനിന്ന് എത്തിയ പ്രമുഖ വ്യക്തിത്വങ്ങൾക്ക് കേരളത്തെ അനുഭവിച്ചറിയാനുള്ള അവസരം അവിടെ ഒരുക്കി. എല്ലാവരും കേരള ടൂറിസത്തെ അഭിനന്ദിച്ചാണ് മടങ്ങിയത് എന്നത് നമുക്ക് അഭിമാനകരമാണ്. വിദേശ ടൂറിസ്റ്റുകളുടെ വരവ് സാധാരണ നിലയിലേക്കു മടങ്ങുന്നതേയുള്ളു. എങ്കിലും 2022 നെ അപേക്ഷിച്ച് അത് ഇരട്ടിയോളമായി. ജി-20 യിലെ അനുഭവം അതിന് ആക്കം കൂട്ടുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ ജി-20 ക്ക് മുൻപുതന്നെ കോവിഡനന്തര ടൂറിസത്തിൽ നമ്മൾ ശ്രദ്ധ നേടിത്തുടങ്ങിയിരുന്നു. 2022 ല്‍ ടൈം മാഗസിൻ, 2023 ല്‍ ന്യൂയോർക്ക് ടൈംസ് ഇവരൊക്കെ കേരളത്തെ മികച്ച ടൂറിസം കേന്ദ്രമാക്കി വിലയിരുത്തിയിരുന്നു. വിമ്പിള്‍ഡണ്‍ ടെന്നിസ് സംഘാടകരും ചെൽസി, മാഞ്ചസ്റ്റർ സിറ്റി തുടങ്ങിയ ഫുട്ബോൾ ക്ലബ്ബുകളും അവരുടെ സമൂഹമാധ്യമ പേജുകളിൽ കേരളത്തിന്റെ പ്രത്യേകത വിവിധ അവസരങ്ങളിൽ രേഖപ്പെടുത്തി. കേരളം ഇന്ന് ടൂറിസം രംഗത്ത് ആളുകളുടെ മനസ്സിൽ പതിയുന്ന ഇടമായി മാറിയിട്ടുണ്ട്. ജി-20 ഇക്കാര്യത്തിൽ നമുക്ക് നൽകുന്ന സംഭാവന കോൺഫറൻസ് ടൂറിസം ശക്തിപ്പെടുത്തുന്നു എന്നതാണ്. കോൺഫറൻസുകൾ കേരളത്തിലേക്ക് കൂടുതലായി തിരിച്ചെത്താൻ തുടങ്ങി.

 

∙ പ്രാദേശിക വിനോദ കേന്ദ്രങ്ങള്‍ വലിയ തോതിൽ ട്രെന്‍ഡാവുന്നുണ്ട്. കോട്ടയം ജില്ലയിലെ മലരിക്കൽ ഉദാഹരണമാണ്. അത്തരം പ്രദേശങ്ങളെ ടൂറിസം സ്പോട്ടുകളായി പ്രഖ്യാപിച്ച് സർക്കാർ തലത്തിൽ പ്രാഥമിക സൗകര്യങ്ങൾ ഒരുക്കാനാവില്ലേ?

 

കേരളത്തിലെ അറിയപ്പെടാത്ത ടൂറിസം കേന്ദ്രങ്ങൾ കണ്ടെത്തി സഞ്ചാരികൾക്കു മുന്നിൽ എത്തിക്കുക എന്നതും പ്രാദേശിക ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കുക എന്നതും ഈ സർക്കാരിന്റെ പ്രധാന പദ്ധതികളാണ്. ഇതിനായി പ്രത്യേക പദ്ധതിക്കു തന്നെ രൂപം നൽകി. ഡെസ്റ്റിനേഷൻ ചലഞ്ച് എന്ന പേരിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൂടി പങ്കാളിത്തത്തോടെ വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കുകയാണ്. ചെലവിന്റെ ഒരു ഭാഗം ടൂറിസം വകുപ്പ് നൽകും. നേരത്തേ, ടൂറിസം പദ്ധതികൾക്ക് പണം ചെലവഴിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്കു സാധിക്കുമായിരുന്നില്ല. തദേശ സ്വയംഭരണ വകുപ്പ് തദ്ദേശസ്ഥാപനങ്ങൾക്ക് അതിന് അനുമതി നൽകി. നിലവിൽ ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതികൾക്ക് അനുമതി നൽകിക്കൊണ്ടിരിക്കുന്നു. ഇപ്പോൾ എംഎൽഎ ഫണ്ടും അതിനായി ഉപയോഗപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. കൂടുതൽ മേഖലകളിൽ നമുക്ക് ആ പദ്ധതി നടപ്പിലാക്കാൻ ഇതിലൂടെ സാധിക്കും. നൂറോളം പുതിയ പ്രദേശങ്ങൾ ഇതിലൂടെ കണ്ടെത്തുകയും പദ്ധതികള്‍ക്ക് ഫണ്ട് അനുവദിച്ച് വികസിപ്പിക്കുകയും ചെയ്യുന്നു.

 

∙ ടൂറിസം കേന്ദ്രങ്ങളിൽ വിനോദ സഞ്ചാരികളുൾപ്പെടെ പലപ്പോഴും ചൂഷണം നേരിടുന്നുണ്ട്. ലോക രാജ്യങ്ങളുടെ മുന്നിൽ ഇത്തരം ‘പേരു കളയുന്ന’ പ്രവണതകൾ തടയാൻ എന്തു നടപടിയാകും എടുക്കുക?

 

നല്ല ടൂറിസം സംസ്കാരം രൂപപ്പെടുത്തുകയാണ് പ്രധാനം. കേരളത്തിലെ ജനങ്ങളുടെ സവിശേഷസ്വഭാവത്തെ എടുത്തുകാട്ടിയാണ് ന്യൂയോർക്ക് ടൈംസ് കേരളത്തെ അടയാളപ്പെടുത്തിയിരിക്കുന്നത്. ആതിഥ്യ മര്യാദ, മതസൗഹാര്‍ദ്ദ അന്തരീക്ഷം എന്നിവ നമ്മുടെ പ്രധാന ആകര്‍ഷകത്വമാണ്. 

 

ടൂറിസം നമ്മുടെ ജീവിതത്തെ സ്പർശിക്കണം. അതിനുള്ള ശ്രമമാണ് നടക്കുന്നത്. എല്ലാ മേഖലയിലും ഉള്ളവരെ ബോധവൽക്കരിക്കാൻ ശ്രമിക്കുന്നുണ്ട്. ഈ മേഖലയിൽ ചൂഷണം പരമാവധി ഒഴിവാക്കാൻ നൂതന സാങ്കേതികവിദ്യകൾ കൂടി നാം ഉപയോഗിക്കുന്നുണ്ട്. സന്ദർശകർക്ക് ബന്ധപ്പെടാൻ മായാ ചാറ്റ് ബോട്ട് ഉൾപ്പെടെ സജ്ജമാക്കി. ടൂറിസം വെബ്സൈറ്റും കൂടുതൽ ആകർഷകമാക്കിയിട്ടുണ്ട്. അതുവഴിയും കേരളത്തിന്റെ സവിശേഷതകളെപ്പറ്റി സഞ്ചാരികൾക്ക് അറിയാനാകും. അത് ഉപയോഗപ്പെടുത്തി കേരളത്തിലേക്ക് യാത്ര നടത്താനും അവർക്ക് കഴിയും. ഇക്കാര്യത്തിൽ ഒരു ജാഗ്രത പൊതുവേ ഉണ്ട്. നിരീക്ഷണ സംവിധാനങ്ങൾ ഉൾപ്പെടെ കൂടുതൽ കാര്യക്ഷമമാക്കും.

 

∙ രാത്രിനടത്തം പോലെയുള്ള പല പദ്ധതികളും മുന്നോട്ടു പോയില്ല. രാത്രിയും പകലും നമ്മുടെ ടൂറിസം സ്പോട്ടുകൾ സ്ത്രീസൗഹൃദപരമാക്കാനും സുരക്ഷിതമാക്കാനും എന്തു നടപടിയാകും സ്വീകരിക്കുക?

 

നൈറ്റ് ലൈഫ് ടൂറിസത്തിന്റെ സാധ്യതകളാണ് നമ്മൾ പരിശോധിക്കുന്നത്. തിരുവനന്തപുരം കനകക്കുന്നിൽ അതിനുള്ള ഒരുക്കങ്ങൾ നടക്കുന്നുണ്ട്. സുരക്ഷാക്രമീകരണങ്ങൾ പൂർണതോതിൽ സജ്ജമാക്കുന്നതോടെ നമുക്കത് യാഥാർഥ്യമാക്കാൻ കഴിയും. ഫെസ്റ്റിവൽ ടൂറിസത്തിന്റെ ഭാഗമായി നമ്മൾ നൈറ്റ് ലൈഫ് ടൂറിസം പരീക്ഷിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ഓണക്കാലത്ത് തലസ്ഥാനത്തെ വെളിച്ച സംവിധാനം 12 മണി വരെയാക്കി ദീർഘിപ്പിച്ചത് ഇതിന്റെ ഭാഗമായാണ്. ഘട്ടം ഘട്ടമായി നമുക്ക് നൈറ്റ് ലൈഫ് ടൂറിസം സാധ്യമാക്കാൻ കഴിയും.

 

ഇപ്പോൾ സ്ത്രീകൾ ഒറ്റയ്ക്കും കൂട്ടായും യാത്ര ചെയ്യുന്ന കാലമാണ്. സുരക്ഷിത യാത്രകൾക്കായി സ്ത്രീസൗഹാർദ്ദ ടൂറിസം പദ്ധതിക്ക് നമ്മൾ രൂപം നൽകിയിട്ടുണ്ട്. 

 

∙ നമ്മുടെ സംസ്കാരവും കാഴ്ചകളും ഭക്ഷണവും ആസ്വദിക്കാനെത്തുന്ന വിദേശികൾക്കായി പ്രഫഷനലായും എന്നാൽ തനിമ ചോരാതെയും കേരളീയ രീതിയിലുള്ള താമസ-ഭക്ഷണ രീതികളായിരിക്കില്ലേ കൂടുതൽ അഭികാമ്യം?

 

അനുഭവവേദ്യ ടൂറിസത്തിനാണ് ഇപ്പോൾ സഞ്ചാരികൾ എത്തുന്നത്. അതിനെ ഫലപ്രദമായി ഉപയോഗിക്കാനാണ് ശ്രമിക്കുന്നത്. ഉത്തരവാദിത്ത ടൂറിസം പദ്ധതികള്‍ ഇതിന്റെ ഭാഗമായാണ് നടപ്പാക്കുന്നത്. നമ്മുടെ നാടിനെ അനുഭവിച്ചറിയുക എന്നതാണ് ഇത്തരം പദ്ധതികളിലൂടെ സാധ്യമാകുന്നത്. നമ്മുടെ ഭക്ഷണം, ഗ്രാമീണ മേഖലകളിലെ ഹോംസ്റ്റേകളിലും മറ്റുമുള്ള താമസം, തൊഴില്‍, സംസ്കാരം എന്നിവ അനുഭവിച്ചറിയാൻ ഇപ്പോൾ അവസരം ഒരുക്കുന്നുണ്ട്. സ്ട്രീറ്റ് പോലുള്ള വ്യത്യസ്ത പദ്ധതികൾ നാം നടപ്പാക്കുന്നുണ്ട്. പ്രത്യേക ടൂറിസം പാക്കേജുകൾ ഈ മേഖലകളിലേക്ക് നടപ്പാക്കുന്നു. വിദേശ ടൂറിസ്റ്റുകൾ അടക്കം വളരെ താൽപര്യപൂർവം അത്തരം ടൂറിസം കേന്ദ്രങ്ങളിലേക്ക് എത്തുന്നുണ്ട്. ഈ പദ്ധതികൾ വ്യാപകമാക്കുക എന്നതാണ് നയം. അങ്ങനെ നടപ്പാക്കുമ്പോൾ അതിന്റെ ഗുണനിലവാരം ഉറപ്പാക്കാൻകൂടി ശ്രദ്ധിക്കും.

 

∙ നമ്മുടെ അയൽസംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ പലവിധ ചൂഷണങ്ങൾക്ക് വിധേയമാകുന്നുണ്ട്. സർക്കാർ തലത്തിൽ ഇത്തരം ആഭ്യന്തര യാത്രകളിലെ സുരക്ഷിതത്വവും ചൂഷണവും അവസാനിപ്പിക്കാനും ഇടപെടൽ നടത്താനാകുമോ?

 

എന്താണ് നമുക്ക് ചെയ്യാനാവുക എന്ന് പരിശോധിക്കാം.

 

Content Summary : World Tourism Day, Interview with Minister P. A. Mohammed Riyas of Tourism and Public Works Department.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com