ADVERTISEMENT

വർഷാവസാന യാത്രകൾക്കു വലിയ പ്രാധാന്യമുണ്ട്. ക്രിസ്മസും പുതുവത്സരവും ഒരുമിച്ചു വരുന്ന ഈ സമയങ്ങളിൽ കുടുംബത്തിനൊപ്പം യാത്രകൾ പോകാൻ താൽപര്യപ്പെടുന്നവരാണ് മിക്കവരും. ആഘോഷത്തിനു ചെറുതും വലുതുമായ യാത്രകൾക്കു വലിയ പ്രാധാന്യമുണ്ട്. അവധി ആഘോഷിക്കുന്നതിനായി വിദേശങ്ങളിൽ നിന്നു മക്കളും കൊച്ചുമക്കളും ഒക്കെ നാട്ടിലെത്തുന്ന സമയം കൂടിയാണ് ഇത്. അപ്പോൾ നാട്ടിൽ തന്നെ കുടുംബമായി യാത്ര പോകാൻ പറ്റിയ ചില സ്ഥലങ്ങൾ നോക്കാം. തിരുവനന്തപുരത്ത് ഈ ക്രിസ്മസ് അവധിക്കാലത്ത് കുടുംബത്തോടെ ആഘോഷമാക്കാൻ പോകാൻ പറ്റിയ കുറച്ച് സ്ഥലങ്ങളിതാ.

Napier Museum.

പുൽക്കൂടുകളും ക്രിസ്മസ് ട്രീകളും പിന്നെ നഗര കാഴ്ചകളും

തിരുവനന്തപുരം നഗരത്തിലേക്ക് എത്തിയാൽ ആദ്യമായി എത്തുന്നവർക്ക് നഗരം തന്നെ കാണാനായിട്ടുണ്ട്. പദ്മനാഭ സ്വാമി ക്ഷേത്രവും നേപ്പിയർ മ്യൂസിയവും കവടിയാർ കൊട്ടാരവും  പഴവങ്ങാടി ക്ഷേത്രവും കുതിര മാളികയും അങ്ങനെ നഗരത്തിനുള്ളിൽ തന്നെ നിരവധി സ്ഥലങ്ങളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. കനകക്കുന്നും മ്യൂസിയവും ഈ സമയത്ത് ലൈറ്റുകളാൽ നിറഞ്ഞിരിക്കും. ഷോപ്പിങ് ആഗ്രഹിക്കുന്നവർക്ക് എല്ലാ തരത്തിലുമുള്ള ഷോപ്പിങ്ങിനുള്ള അവസരമാണ് നഗരം ഒരുക്കി വച്ചിരിക്കുന്നത്. ലോക്കൽ ഷോപ്പിങ് ഇഷ്ടപ്പെടുന്നവർക്കു ചാല മാർക്കറ്റിലേക്കു പോകാം. ബ്രാൻഡഡ് ഷോപ്പിങ് ആഗ്രഹിക്കുന്നവർക്ക് ലുലു മാളും മാൾ ഓഫ് ട്രിവാൻ‍ഡ്രവും ഒക്കെ തിരഞ്ഞെടുക്കാം. ഇവിടെയുള്ള ക്രിസ്മസ് അലങ്കാരങ്ങളും കാണേണ്ടതാണ്. ക്രിസ്മസ് സമയമായതു കൊണ്ട് പാളയം പള്ളി ഉൾപ്പെടെയുള്ള നഗരത്തിലെ ക്രിസ്ത്യൻ ദേവാലയങ്ങൾ അലങ്കരിച്ചിരിക്കുന്നതും അവിടെ ഒരുക്കിയിരിക്കുന്ന പുൽക്കൂടും ക്രിസ്മസ് ട്രീയുമെല്ലാം കാണാവുന്നതാണ്.

Vettucaud Church. Image Credit : SISYPHUS_zirix/shutterstock
Vettucaud Church. Image Credit : SISYPHUS_zirix/shutterstock

ശംഖുമുഖവും വെട്ടുകാട് ദേവാലയവും വേളി ടൂറിസ്റ്റ് വില്ലേജും അഞ്ചുതെങ്ങും

നഗരം വിട്ടാൽ ഏറ്റവും അടുത്തുള്ള മറ്റൊരു ടൂറിസ്റ്റ് സ്പോട്ട് ആണ് ശംഖുമുഖം. തിരുവനന്തപുരം വിമാനത്താവളത്തിന് അടുത്താണ് ശംഖുമുഖം ബീച്ച്.  ഏത് സമയത്തും ഇവിടം സന്ദർശിക്കാമെങ്കിലും സൂര്യാസ്തമയ സമയമാണ് ഏറ്റവും ഉചിതം.  ശാന്തമായി ഇരിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇവിടേക്ക് വരാവുന്നതാണ്. വേളി ടൂറിസ്റ്റ് വില്ലേജും തിരുവനന്തപുരത്തേക്ക് എത്തുന്നവർ കണ്ടിരിക്കേണ്ട ഒരു പ്രധാന സ്ഥലമാണ്. ഇവിടെ  ബോട്ടിങ്ങിനുള്ള അവസരം ഉണ്ട്. കുട്ടികൾക്ക് കളിക്കാൻ പ്ലേ ഏരിയയും കുതിര സവാരിക്കുള്ള അവസരവും ഉണ്ട്. അവധിദിനം റിലാക്സ് ചെയ്യാൻ വളരെ നല്ലൊരു സ്ഥലമാണ് വേളി ടൂറിസ്റ്റ് വില്ലേജ്.

kovalam-beach
കോവളം ബീച്ച്

കോവളം ബീച്ചും വിഴിഞ്ഞവും

നഗരത്തിൽ നിന്ന് 15 കിലോമീറ്റർ അകലെയാണ് കോവളം. രാജ്യത്തെ തന്നെ ഏറ്റവും പ്രശസ്തമായ ഹാങ് ഔട്ടുകളിൽ ഒന്നാണ് കോവളം ബീച്ച്. സ്വദേശികളേക്കാൾ നിരവധി വിദേശികളാണ് ഇവിടേക്ക് എത്തുന്നത്. മറ്റ് ബീച്ചുകളെ അപേക്ഷിച്ച് കോവളത്തിനുള്ള പ്രത്യേകത തെങ്ങുകളാൽ ചുറ്റപ്പെട്ടതാണ് എന്നതാണ്. ഏത് സമയത്തും ഇവിടേക്ക് സന്ദർശകർ എത്താറുണ്ടെങ്കിലും സൂര്യാസ്തമയ സമയത്ത് ആണ് കൂടുതൽ പേരും എത്താറുള്ളത്. വ്യത്യസ്ത തരത്തിലുള്ള ഭക്ഷണം ആസ്വദിക്കാനുള്ള അവസരവും കോവളത്തുണ്ട്. കോവളത്ത് നിന്ന് മൂന്ന് കിലോമാീറ്റർ കൂടി പോയാൽ വിഴിഞ്ഞം എത്തി. ബീച്ച് മാത്രമല്ല തെക്കേ ഇന്ത്യയിലെ ആദ്യ ഗുഹാക്ഷേത്രവും വിഴിഞ്ഞത്താണ്.

ഹിൽസ്റ്റേഷനാണോ പ്രിയം, പൊൻമുടിയിലേക്ക് പോകാം

ശാന്തതയും തണുപ്പുമൊക്കെയായി ഈ അവധിക്കാലം ആഘോഷമാക്കാൻ ആഗ്രഹിക്കുന്നവർക്ക് രണ്ടാമതൊന്ന് ആലോചിക്കാതെ പോകാൻ തിരഞ്ഞെടുക്കാവുന്ന സ്ഥലമാണ് പൊൻമുടി. തിരുവനന്തപുരത്ത് നിന്ന് പൊൻമുടിയിലേക്കുള്ള യാത്ര പോലും മനോഹരമാണ്. നഗരത്തിരക്കുകളിൽ നിന്ന് മാറി പച്ചപ്പും ഹരിതാഭയും കണ്ടൊരു യാത്ര. തിരുവനന്തപുരത്ത് നിന്ന് 61 കിലോമീറ്റർ ദൂരമുണ്ട് പൊൻമുടിക്ക്. ട്രെക്കിങ്ങിനും നീണ്ട നടത്തത്തിനും പറ്റിയ സ്ഥലമാണ് പൊൻമുടി. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1000 മീറ്റർ ഉയരത്തിലാണ് ഈ സ്ഥലം. സ്വസ്ഥമായി ഇരിക്കാനും മലനിരകകളുടെ ഭംഗി ആസ്വദിക്കാനും വളരെ മനോഹരമായ ഒരു ഇടമാണ് പൊൻമുടി.

ponmudi-trip3
ponmudi

വർക്കല ബീച്ചും ക്ലിഫും പിന്നെ ശിവഗിരിയും

വർക്കലയിലെ ഏറ്റവും വലിയ ആകർഷണം വർക്കല ക്ലിഫ് ബീച്ച് ആണ്. തിരുവനന്തപുരത്തു നിന്ന് 51 കിലോമീറ്റർ ദൂരെയാണ് വർക്കല. ബീച്ചുകൾക്കൊപ്പം ആയുർവേദ റിസോർട്ടുകളും ക്ഷേത്രങ്ങളും എല്ലാമുള്ള വർക്കലയിൽ വ്യത്യസ്തങ്ങളായ നിരവധി താമസ സൗകര്യങ്ങളുമുണ്ട്. ശിവഗിരി മഠവും വിഷ്ണു ക്ഷേത്രവും ആശ്രമവുമെല്ലാം വർക്കലയുടെ പ്രധാനപ്പെട്ട ആകർഷണ കേന്ദ്രങ്ങളാണ്. 2000 വർഷം പഴക്കമുണ്ടെന്നു വിശ്വസിക്കപ്പെടുന്ന ജനാർദ്ദന സ്വാമി ക്ഷേത്രവും വർക്കലയിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്.

വര്‍ക്കല ബീച്ച് (ഫയൽ ചിത്രം)
വര്‍ക്കല ബീച്ച് (ഫയൽ ചിത്രം)
English Summary:

Thiruvananthapuram travel destinations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com