ADVERTISEMENT

ഇന്ന് ദേശീയ ടൂറിസം ദിനം. യാത്രകൾ സ്വന്തം നാട്ടിൽ നിന്നു തുടങ്ങണമെന്ന് സന്ദേശം പരത്തുന്ന ടൂറിസം സങ്കൽപത്തിൽ തിരുവന്തപുരത്തെ യാത്ര എങ്ങനെ പ്ലാൻ ചെയ്യാം എന്നത് നോക്കാം. ലണ്ടനിലും പാരിസിലും ന്യൂയോർക്കിലും ഉള്ളതു പോലെ സിറ്റി ടൂർ തിരുവനന്തപുരത്ത് ഉണ്ടോ? 48 മണിക്കൂർ കൊണ്ട് തിരുവനന്തപുരം കാണാൻ ഒരു പ്ലാൻ.

കാസർകോട് നിന്ന്  വന്ന ഒരു സഞ്ചാരപ്രേമിയുടെ ഫോൺ കോളിൽ നിന്നാണ് ഈ യാത്ര യുടെ തുടക്കം. കേരള ടൂറിസം വകുപ്പ് തിരുവനന്തപുരം നഗരത്തിൽ നടത്തിയിരുന്ന സിറ്റി ടൂറിന്റെ വിശദാംശങ്ങൾ പറഞ്ഞു കൊടുത്തിട്ടും ആ ചെറുപ്പക്കാരൻ തൃപ്തനായില്ല. കാസർകോടു നിന്ന് തിരുവനന്തപുരം വരെ വന്നിട്ട് രണ്ടു ദിവസമെങ്കിലും അവിടെ തങ്ങിയില്ലെങ്കിൽ വണ്ടിക്കൂലി നഷ്ടമാകുമെന്ന് ആ ബ്രോ. ബ്രിട്ടീഷ് കൊളോണിയൽ നിർമിതികളാലും തിരുവിതാംകൂർ രാജഭരണശേഷിപ്പുകൾ കൊണ്ടും കാഴ്ചാസമ്പന്നമാണ് കേരളത്തിന്റെ തലസ്ഥാന നഗരം. നഗരക്കാഴ്ചകൾക്കൊപ്പം വേറെ ജില്ലയില്‍ കാനനക്കാഴ്ചകൾ കൂടി ഉൾപ്പെടുത്തിക്കൊണ്ട് ടൂർ രണ്ടു ദിവസത്തേക്ക് നീട്ടാൻ ആ സഞ്ചാരിയോടു പറഞ്ഞു. അതിനു വേണ്ടിയൊരു ലിസ്റ്റ് തയാറാക്കി.

ponmudi

പദ്മനാഭസ്വാമിക്ഷേത്രം, കുതിരമാളിക, ശംഖുമുഖം ബീച്ച്, വേളി ടൂറിസ്റ്റ് വില്ലേജ്, കോവളം, മ്യൂസിയം, കാഴ്ച ബംഗ്ലാവ്, മാജിക് പ്ലാനറ്റ് കണ്ടുകൊണ്ട് ആദ്യ ദിനം. രണ്ടാം ദിവസം നെയ്യാർ, പൊന്മുടി കാഴ്ചകൾക്ക് മാറ്റി വയ്ക്കാം. രണ്ടു ദിവസത്തെ കാഴ്ചകൾ കണ്ടു കണ്ട് തിരുവനന്തപുരം ട്രിപ്പ് ഗംഭീരമാക്കാം. ഒപ്പം അനന്തപുരിയുടെ ചില തനതു രുചികൾ നാവിനു പരിചയപ്പെടുത്താം. ഈ അവധിക്കാലത്ത് രണ്ടു ദിവസം തിരുവനന്തപുരം സിറ്റി ടൂർ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കായി ഇതാ വിശദ വിവരങ്ങൾ.

മ്യൂസിയം, മൃഗശാല

തിരുവനന്തപുരം നഗരത്തിൽ അൽപനേരം കാറ്റു കൊണ്ടിരിക്കാൻ എല്ലാവരും മ്യൂസിയം ഗ്രൗണ്ടിലേക്കാണ് പോകാറുള്ളത്. നേപ്പിയർ മ്യൂസിയത്തിന്റെ ചുറ്റുമുള്ള മരത്തണലും പുൽമേടയും മണ്ഡപങ്ങളും ഉച്ചവെയിലിന്റെ പൊരിച്ചിലിൽ ആശ്വാസം പകരുന്നു.ബ്രിട്ടീഷ് ഗവർണറായിരുന്ന നേപ്പിയറുടെ പേരിൽ അറിയപ്പെടുന്ന മ്യൂസിയം 1885 ലാണ് നിർമിച്ചത്. റോബർട്ട് ക്രിസോം എന്ന വാസ്തുവിദ്യാ വിദഗ്ധന്റെ രൂപ കൽപ്പനയാണ് മ്യൂസിയത്തിന്റെ സവിശേഷത. പുരാതന ആഭരണങ്ങൾ, മുഗൾ, ത‍ഞ്ചാവൂർ വംശങ്ങളുടെ ചിത്രങ്ങൾ, ആനക്കൊമ്പിലും ലോഹത്തിലും നിർമിച്ച കരകൗശല വസ്തുക്കൾ തുടങ്ങിയ തൊക്കെയാണ് മ്യൂസിയത്തിലുള്ളത്. വിശാലമായ പറമ്പിനുനടുവിലാണ് മ്യൂസിയം. ചെടികൾ വച്ചു പിടിപ്പിച്ച് തണൽ പടര്‍ന്നതോടെയാണ് നഗരമധ്യത്തിലെ സുപ്രധാനസ്ഥലമായി മ്യൂസിയം മാറിയത്.

trivandrum-trip

മ്യൂസിയത്തിന്റെ സമീപത്ത് റോഡിനപ്പുറത്തുള്ള മൃഗശാല എക്കാലത്തും സഞ്ചാരികളുടെ ഇഷ്ടപ്പെട്ട സ്ഥലമാണ്. കടുവ, സിംഹം, കരിങ്കുരങ്ങ്, കാണ്ടാമൃഗം, സീബ്ര, കാട്ടു പോത്ത് തുടങ്ങിയ വന്യ ജീവികളെ പാർപ്പിച്ചിട്ടുള്ള മൃഗശാല യിൽ അവധിക്കാലത്ത് ജനം തിങ്ങിനിറയുന്നു. തിരുവനന്തപുരം നഗരത്തിലൊരു മൃഗശാല സ്ഥാപിക്കുകയെന്നത് മഹാരാജാവിന്റെ സ്വപ്നമായിരുന്നു. 55 ഏക്കർ സ്ഥലത്ത് നിർമിച്ച മൃഗശാലയിലെ പടുകൂറ്റൻ മരങ്ങൾ ലോകത്ത് മറ്റേതു മൃഗശാലയേയും മറികടക്കാനുള്ള ഭംഗിയുണ്ട്. മൃഗശാലയുടെ സമീപത്തു തന്നെയാണ് രവിവർമയുടെ പെയിന്റിങ്ങുകള്‍ സൂക്ഷിച്ചിട്ടുള്ള ആർട് ഗാലറി.

മ്യൂസിയം സന്ദർശന സമയം– രാവിലെ 10– വൈകിട്ട് 4.45. ഫോൺ : 0471 231829.

മൃഗശാല സന്ദർശന സമയം – രാവിലെ 9–വൈകിട്ട് 5.15. ഫോൺ : 0471 2316275.

കുതിരമാളിക

പദ്മതീർഥക്കുളത്തിന് എതിർവശത്തായി രണ്ടു നിലയുള്ള കൊട്ടാരം നിർമിച്ച സ്വാതി തിരുനാൾ മഹാരാജാവ് അതിനു പുത്തൻ മാളികയെന്നു പേരിട്ടു. മരത്തിൽ കടഞ്ഞെടുത്ത 122 കുതിരകൾ മേൽക്കൂര താങ്ങുന്ന കൊട്ടാരം കുതിരമാളികയെന്നാണ് അറിയപ്പെടുന്നത്. കുതിര മാളിക ഇപ്പോൾ ചരിത്ര മ്യൂസിയമാണ്. നവരാത്രി സംഗീതോത്സവം അരങ്ങേറുന്ന സ്ഥലമാണു കുതിരമാളികയുടെ മുറ്റം. കൊട്ടാരത്തിനുള്ളിലെ പെയിന്റിങ്ങുകളുടെ വലുപ്പം അത്ഭുതപ്പെടുത്തും. സിംഹാസനങ്ങളാണ് മറ്റൊരു കാഴ്ച. കൊട്ടാരത്തിലെ അമൂല്യമായ ആഡംബരം സിംഹാസനങ്ങളാണ്. കൊട്ടാരത്തിനു മുന്നിൽ നിന്നു നോക്കിയാൽ വലതുഭാഗത്ത് ആദ്യത്തെ മണ്ഡപം. അതിന്റെ ഒന്നാം നില കടന്നാൽ ആഭരണങ്ങൾ സൂക്ഷിക്കുന്ന പേടകത്തിന്റെ രൂപത്തിൽ മേൽക്കൂരയുള്ള രണ്ടാം മണ്ഡപത്തിലെത്തുന്നു. അഷ്ടകോൺ മാതൃകയിലാണു നിർമിതി. 

മറ്റൊരു ഇടനാഴി താണ്ടിയാൽ മൂന്നാമത്തെ ഗോപുരത്തിലെത്താം. സ്വാതി തിരുനാളിന്റെ ധ്യാനമണ്ഡപമാണിത്. ഇവിടെയിരുന്നാണ് സ്വാതി തിരുനാൾ രാജാവ് കൃതികൾ രചിച്ചത്. ഈ ചെറിയ മുറിയിൽ നിന്നാൽ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ മുഖമണ്ഡപം തെളിഞ്ഞു കാണാം.

മൂന്നാമത്തെ ഗോപുരത്തിനു താഴെയാണ് ഒറ്റത്തടയിൽ കൊത്തിയെടുത്ത കഴുക്കോലും മേൽക്കൂരയും. മരത്തിൽ നിർമിച്ച മോതിരം ഇവിടെയാണ്. കുതിര മാളികയുടെ മുറ്റത്തു നിന്നു തെക്കോട്ടുള്ള വഴി ചെന്നെത്തുന്നത് കൃഷ്ണപുരം കൊട്ടാരത്തിനു മുന്നിലാണ്.

കളരിയുടെ മുന്നിൽ നിന്ന് അൽപ്പം മുന്നോട്ടു നടന്ന് ഇട ത്തോട്ടുള്ള വഴിയിലൂടെ നടന്നാൽ രംഗവിലാസം പാലസിനു മുന്നിലെത്താം. രാജാക്കന്മാരുടെ ഔദ്യോഗിക വസതികളാണ് കൃഷ്ണപുരവും രംഗവിലാസവും. ഇവിടെയാണ് ചിത്രാലയം ആർട് ഗാലറി. 

ponmudi-1

പൊന്മുടി

കൊടും വേനലിൽ മലയാളികൾ ആശ്രയിക്കുന്ന വിനോദ സഞ്ചാരകേന്ദ്രമാണ് പൊന്മുടി മലനിര. പുലർ കാലത്തിന്റെ മഞ്ഞും സായാഹ്നത്തിന്റെ കാറ്റും പൊന്മുടിയെ കുളിരിന്റെ സ്വർഗമാക്കി മാറ്റുന്നു. ഇരുപത്തിരണ്ടു ഹെയർപിൻ വളവുകളാണ് പൊന്മുടിയിലേക്കുള്ള പാത. ടോപ് സ്റ്റേഷനാണ് വിശ്രമ സ്ഥലം. നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മലഞ്ചെരിവുകളെ ക്യാമറയിൽ പകർത്തി തണുപ്പ് ആസ്വദിക്കാനാണ് ആളുകൾ ഇവിടെ എത്തുന്നത്. പൊന്മുടിയിൽ നിന്നു ട്രെക്കിങ് നടത്തുന്നവരുണ്ട്.  വരയാട്ടുമൊട്ട എന്ന സ്ഥലത്തേക്കാണ് ട്രെക്കിങ്. നവംബർ മുതൽ മേയ് വരെ യാണ് ട്രെക്കിങ്. ഇതിന് ഫോറസ്റ്റ് ഓഫിസിൽ നിന്ന് മുൻകൂട്ടി അനുമതി വാങ്ങണം. 

പൊന്മുടി: 0472 2890230 (ഗസ്റ്റ് ഹൗസ്) റൂം ബുക്കിങ്: 0471 2327366.

റൂട്ട് : തിരുവനന്തപുരത്തു നിന്ന് നെടുമങ്ങാട്, ചുള്ളിമാനൂർ, വിതുര, തേവിയോട്, ഗോൾഡൻ വാലി, ഹെയർപിൻ വളവുകൾ, പൊന്മുടി 67 കി.മീ.

kovalam

കോവളം

നോവലുകളിലൂടെ ചെറുപ്പക്കാരുടെ മനംകവർന്ന സ്ഥലമാണ് ഹവ്വാ ബീച്ച്. കോവളം കടൽത്തീരത്തിന്റെ ചെല്ലപ്പേരാണ് ഹവ്വാ ബീച്ച്. പണ്ടു കാലത്ത് കോവളത്തെത്തിയ വിദേശ വനിതകൾ മേൽവസ്ത്രമില്ലാതെ സൺബാത്ത് നടത്തിയതു കൊണ്ടാണ് ഈ തീരത്തിന് ഹവ്വാബീച്ചെന്നു പേരു വന്നത്. പത്തമ്പതു വർഷം മുൻപുള്ള കഥയാണത്. ഇപ്പോൾ മാന്യമായി വസ്ത്രധാരണം ചെയ്ത് നല്ല രീതിയിലാണ് അവിടെയെല്ലാവരും നീന്താനിറങ്ങുന്നത്. 

മലയാളികൾ യാത്ര ചെയ്തു ശീലിക്കുന്നതിനു മുൻപു ടൂറിസ്റ്റ് കേന്ദ്രമായി മാറിയ കോവളം ഇന്നും രാജ്യാന്തര തലത്തിൽ പ്രശസ്തമാണ്. ബീച്ച് അംബ്രല്ലകളും സൺബാത്തും കടലിൽ നീന്തലും വിനോദസഞ്ചാരികളെ തൃപ്തരാക്കുന്നു. സ്പീഡ് ബോട്ടിൽ കടലിൽ കറങ്ങലാണ് മലയാളികളെ സംബന്ധിച്ചിടത്തോളം കോവളം സ്പെഷൽ. പാറക്കെട്ടുകൾ നിറഞ്ഞ തീരം സായാഹ്നങ്ങളും പ്രഭാതങ്ങളും ആസ്വദിക്കാൻ സഞ്ചാരികൾക്ക് ഇരിപ്പിടമൊരുക്കുന്നു. പാറയുള്ള തീരമായ തിനാൽ തിരമാലകൾക്ക് ശക്തി കുറവാണ്. ധൈര്യത്തോടെ ഇറങ്ങി നീന്താം. അപകടം സംഭവിക്കാതിരിക്കാൻ മുഴുവൻ സമയം സന്നദ്ധരായി ലൈഫ് ഗാർഡുകൾ തീരത്തുണ്ട്.

തീരത്തു വെളിച്ചം പരത്താനായി ലൈറ്റ് ഹൗസ് ഉയർന്നു നിൽക്കുന്നു. ബീച്ചിലെത്തുന്നവർക്ക് ലൈറ്റ് ഹൗസിന്റെ ഭംഗിയും സൗന്ദര്യവും കയറിച്ചെന്ന് ആസ്വദിക്കാം. മസാജ് പാർലറുകളുടെ പേരിലും ഷോപ്പിങ് കേന്ദ്രങ്ങളാലും കോവളം പ്രശസ്തമാണ്. സായാഹ്നങ്ങളിലെ സംഗീത മേളകൾ സന്ദർ ശകരെ ആനന്ദിപ്പിക്കുന്നു. ഗോവയിലെ ബീച്ച് പോലെ രാത്രി വൈകിയും ഉണർന്നിരിക്കുന്ന ബീച്ചാണ് കോവളം. കോവളം ബീച്ച് : തിരുവനന്തപുരം നഗരത്തിൽ നിന്ന് 16കി.മീ. സീസൺ: സെപ്റ്റംബർ–മേയ്.

മാജിക് പ്ലാനറ്റ്

മജീഷ്യൻ മുതുകാട് ഗോപിനാഥിന്റെ സംരംഭമാണ് മാജിക് പ്ലാനറ്റ്. കഴക്കൂട്ടം കിൻഫ്ര ഫിലിം ആൻഡ് വിഡിയോ പാർക്കിലാണ് മാജിക് പ്ലാനറ്റ് സ്ഥിതി ചെയ്യുന്നത്. മാജിക്കിന്റെ ചരിത്രം പഠിക്കാൻ സഹായിക്കുന്ന ഹിസ്റ്ററി മ്യൂസിയമാണ് മാജിക് പ്ലാനറ്റിന്റെ ഒരു ഭാഗം. ജാലവിദ്യ തിയറ്റർ, സയൻസ് കോർണർ, തെരുവു ജാല വിദ്യ കോർണർ, ഭൂഗർഭ തുരങ്കം, ഓഡിറ്റോറിയം, ഷാഡോ പ്ലേ, ചിൽഡ്രൻസ് പാർക്ക്, മാജിക് ഷോർട് ഫിലിം എന്നിവയൊക്കെയാണ് മാജിക് പ്ലാനറ്റിൽ ആസ്വദിക്കാനുള്ളത്.

priyadarshini-planitorium

മാജിക് പ്ലാനറ്റ്: സന്ദർശന സമയം– രാവിലെ 10 – വൈകിട്ട് 5.

ഫോണ്‍: 9447014800

നെയ്യാർ

സിറ്റി ടൂറിന്റെ രണ്ടാം ദിനം ആഘോഷിക്കാൻ രാവിലെ നെയ്യാറിലേക്കു പുറപ്പെടാം. പത്തു മണിയാകുമ്പോഴേക്കും നെയ്യാർ അണക്കെട്ടിനു മുന്നിലെത്തണം. പാസ് എടുത്ത ശേഷം പാർ ക്കിലേക്കു കയറാം. ആദ്യം ചീങ്കണ്ണികളെ പാർപ്പിച്ചിട്ടുള്ള സ്ഥലത്തേക്കു പോകാം. ചീങ്കണ്ണികളെ സംരക്ഷിച്ചിട്ടുള്ള നെയ്യാർ ക്രൊക്കഡൈൽ പാർക്ക് ലോക പ്രശസ്തമാണ്. അരയ്ക്കൊപ്പം ഉയരമുള്ള സിമന്റ് ചുമരുകൾക്കു മീതെ ഇരുമ്പു വലകെട്ടി അതിനുള്ളിലാണ് ചീങ്കണ്ണികളെ സംരക്ഷിച്ചിട്ടുള്ളത്. 

neyyar

നെയ്യാർ അണക്കെട്ടിൽ നിന്നു പിടികൂടിയ ചീങ്കണ്ണികളെയാണ് ഇവിടെ പാർപ്പിച്ചിട്ടുള്ളത്. മലമ്പാമ്പുകളെ സംരക്ഷിച്ചിട്ടുള്ള ഒരു കൂടും തത്തമ്മകളെ വളർത്തുന്ന കൂടുമാണ് മറ്റൊരു കാഴ്ച.

ക്രൊക്കഡൈൽ പാർക്കിന്റെ എതിർവശത്താണ് ബോട്ട് ഹൗസ്. ഇവിടെ നിന്നു ലയൺസ് പാർക്കിലേക്കു ബോട്ട് സർവീസുണ്ട്. അണക്കെട്ടിനു നടുവിലെ ചെറു ദ്വീപിലാണ് സിംഹങ്ങളെ പാർപ്പിച്ചിട്ടുള്ളത്. നെയ്യാർ അണക്കെട്ടിന്റെ ചെരുവിൽ ആനയിറങ്ങുന്ന മലയുടെ താഴ്‍വരയിലൂടെ ബോട്ട് യാത്ര നടത്തിയാണ് ലയൺസ് പാർക്കിൽ എത്തിച്ചേരുക.

neyyar

നെയ്യാർ : തിരുവനന്തപുരത്തു നിന്ന് 32 കി.മീ (തിരുനെല്ലി, മലയിന്‍ കീഴ്, കാട്ടാക്കട, നെയ്യാർ). ഫോൺ: 0471 2360762. 0471 2272182 (ലയൺസ് പാർക്ക്).

ശംഖുമുഖം, വേളി ടൂറിസ്റ്റ് വില്ലേജ്

തിരുവനന്തപുരം നഗരത്തിന് ശംഖിന്റെ വെൺമ നൽകുന്ന കടൽത്തീരമാണ് ശംഖുമുഖം. പരന്നു കിടക്കുന്ന മണൽത്തിട്ട യിൽ നേരം ചെലവഴിക്കാൻ സന്ദർശകർ സായാഹ്നങ്ങൾ തിരഞ്ഞെടുക്കുന്നു. ശംഖുമുഖം സ്വദേശികൾക്കും വിദേശികൾക്കും പ്രിയപ്പെട്ട ലൊക്കേഷനാണ്. പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ചുള്ള ആറാട്ടുത്സവത്തിന് വേളി കടപ്പുറത്ത് പണ്ടു മുതൽ ജനപ്രളയം വന്നു പോകാറുണ്ട്. പ്രസിദ്ധമാണ് ഇവിടെയുള്ള മത്സ്യകന്യകയുടെ പ്രതിമ. 

shankumugham-beach

വേളി കായൽ അറബിക്കടലിൽ ലയിക്കുന്ന തീരമാണ് വേളി. ടൂറിസ്റ്റ് വില്ലേജായി വേളിയെ മാറ്റിയതോടെ എല്ലാ സായാഹ്നങ്ങളിലും സന്ദർശകർ നിറഞ്ഞു. കടലിനും കായലിനും ഇടയിലുള്ള പൊഴി കാണാനായി മാത്രം ഇവിടെയെത്തുന്ന വിദേശ സഞ്ചാരികൾ അനവധി. വാട്ടർ സ്പോർട്സ്, നീന്തല്‍ എന്നിവയാണ് ചെറുപ്പക്കാരെ ഇവിടേക്ക് ആകർഷിക്കുന്നത്. കുട്ടികളുടെ പാർക്കാണ് കുടുംബങ്ങളെ ആകർഷിക്കുന്നത്. വേളി കായലിലെ ബോട്ട് സവാരിയാണ് സായാഹ്ന വിനോദം. വായു സേനയുടെ വിമാനത്താവളം േവളി ടൂറിസ്റ്റ് വില്ലേജി നടുത്താണ്. കുട്ടികൾക്കുള്ള ഗതാഗത സിഗ്നൽ പാർക്ക് അടുത്ത കാലത്ത് കൂടുതൽ ആളുകളെ ആകർഷിക്കുന്നുണ്ട്. 

വാട്ടർ സ്കേറ്റിങ് പരിശീലിപ്പിക്കുന്ന വിദ്യാലയം വേളിയെ കൂടുതൽ ജനകീയമാക്കി. 

വ്യത്യസ്തമായ രുചികൾ ഒന്നിക്കുന്ന നക്ഷത്ര മത്സ്യഭക്ഷണ ശാല വേളിയിലെത്തുന്ന സഞ്ചാരികൾക്ക് സ്വാദിന്റെ പുതിയ ലോകം തുറന്നു നൽകുന്നു. 

വേളി ടൂറിസ്റ്റ് വില്ലേജ് സന്ദർശന സമയം: രാവിലെ 9 മുതൽ വൈകിട്ട് 6 വരെ. കൂടുതൽ വിവരങ്ങൾക്ക് : 0471 2500785. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് 8 കി.മീ.

സാഗരയിലെ സീഫുഡ്

കടലിന്റെ സ്വാദ് മൊത്തമായും ചില്ലറയായും ഏറ്റെടുത്ത റസ്റ്ററന്റാണ് സാഗര.

തേങ്ങയിൽ മാങ്ങയിട്ട് ചാലിച്ച കൊഞ്ച് കറി, കണവ പെരട്ട്, കണവ പൊരിച്ചത്, കണവ, അയല, പരവ, കൂന്തൾ, കരിമീൻ, ആവോലി, നത്തോലി....കടലിലുള്ള എല്ലാ മീനുകളും സാഗര യിലുണ്ട്. എല്ലാ ദിവസവും രാവിലെ പത്തു മണിയാകുമ്പോ ഴേക്കും ഇരുപതു തരം മീൻ കറി തയാറാകും. ഊണിനൊപ്പം മീൻ കഴിക്കുന്ന മധ്യ തിരുവിതാംകൂർ ശൈലിയിൽ നിന്നു വ്യത്യസ്തമാണ് സാഗരയിലെ സ്റ്റൈൽ. ദോശയ്ക്കും പൊറോട്ടയ്ക്കും വിവിധ തരം മീൻകറികൾ. കപ്പയും മലബാർ മീൻകറിയും അതിരാവിലെ തയാർ. ഫോൺ : 0471 2333434

നാലുമണിപ്പലഹാരം

നാലുമണിച്ചായയുടെ സംസ്കാരമുള്ള നഗരമാണ് തിരുവനന്ത പുരം. അതിന്റെ യഥാർഥ മുഖം കാണുന്നത് കിഴക്കേ കോട്ട യിലെ വടക്കടകളുടെ മുന്നിലാണ്. ചായയും വടയും വിൽക്കു ന്ന ചെറിയ കടകളുടെ മുന്നിൽ ജനക്കൂട്ടത്തെ കാണാം. ഉഴുന്നുവട, പരിപ്പുവട, മധുരവട, സുഖിയൻ, നെയ്യപ്പം എന്നി വയാണ് ചായയ്ക്കുള്ള ചെറുകടി. ലൈറ്റ് ചായ, മീഡിയം ചായ, സ്ട്രോങ് ചായ, കട്ടൻ ചായ, ചൂട് കാപ്പി, പൊടിക്കാപ്പി, വെള്ളം കുറച്ച് കടുപ്പത്തിലുള്ള കാപ്പി, കട്ടൻ കാപ്പി. ഇഷ്ട പ്രകാരം ഓർഡർ ചെയ്യാം.

നാരായണ ഭവനിലെ കൂൾ റൈസ്

സെക്രട്ടേറിയറ്റിനു സമീപത്ത് ചൂടോടെ നാടൻ വിഭവങ്ങൾ വിളമ്പുന്ന ഒരു സ്ഥാപനമുണ്ട്, നാരായണഭവൻ. മുള ബിരി യാണി, കൂൾ റൈസ് എന്നിവ കിട്ടുന്ന റസ്റ്ററന്റാണിത്. പഴങ്ക ഞ്ഞി സ്വാദിഷ്ടമായ സൈഡ് ഡിഷുകളോടെ ഒരുക്കിയതാണ് കൂൾ റൈസ്. ടച്ചിങ്സ് സ്പെഷൽ ചിക്കൻ വരട്ട്, ചിക്കൻ പെരട്ട്, പോത്ത് റോസ്റ്റ് എന്നിവയാണ് നാരായണ ഭവനിലെ മറ്റു വെറൈറ്റികൾ. ഫോൺ : 9447248923

അറിയാം

തിരുവനന്തപുരം നഗരത്തിലും സമീപത്തുമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ കൂട്ടിയിണക്കി ഇനി പറയും പ്രകാരം യാത്ര ചെയ്യാവുന്നതാണ്. ഗതാഗത സൗകര്യം, സമയലാഭം എന്നിവ നോക്കിയുള്ള യാത്രാ പദ്ധതിയാണിത്. 

∙ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം, കുതിര മാളിക, ശംഖുമുഖം ബീച്ച്, വേളി ടൂറിസ്റ്റ് വില്ലേജ്, മ്യൂസിയം, രാവിലെ എട്ടിനു പുറപ്പെട്ടാൽ ഉച്ചയ്ക്ക് ഒരു മണിക്ക് മടങ്ങിയെത്താം. 

∙മ്യൂസിയം, കാഴ്ചബംഗ്ലാവ്, ആർട് ഗാലറി, കുതിര മാളിക, കോവളം ബീച്ച്, പദ്മനാഭ സ്വാമി ക്ഷേത്രം. ഉച്ചയ്ക്ക് 1.30 ന് പുറപ്പെട്ടാൽ രാത്രി 7 ന് മടങ്ങിയെത്താം. 

∙പദ്മനാഭപുരം കൊട്ടാരം (തിങ്കളാഴ്ച സന്ദർശനമില്ല). ശുചീന്ദ്രം ക്ഷേത്രം, വിവേകാനന്ദപ്പാറ, കന്യാകുമാരി ക്ഷേത്രം, വാക്സ് മ്യൂസിയം. രാവിലെ 7 ന് പുറപ്പെട്ടാൽ രാത്രി 9 ന് മടങ്ങിയെത്താം. 

∙കോയിക്കൽ കൊട്ടാരം: മ്യൂസിയം (തിങ്കളാഴ്ച സന്ദർശന മില്ല), ഗോൾഡൻ വാലി, പൊന്മുടി. രാവിലെ 8.15 ന് പുറപ്പെ ട്ടാൽ വൈകിട്ട് 4 ന് മടങ്ങിയെത്താം.

∙നെയ്യാർ ഡാം, കാപ്പുകാട് ആനത്താവളം. തിങ്കളാഴ്ച അവധി. രാവിലെ 7.45 ന് പുറപ്പെട്ടാൽ ഉച്ചയ്ക്ക് 1.15 ന് മടങ്ങിയെത്താം. 

∙ശാന്തിഗിരി ആശ്രമം, ശിവഗിരി മഠം, വർക്കല ബീച്ച്. ഉച്ചയ്ക്ക് 2 ന് പുറപ്പെട്ടാൽ രാത്രി 8.30 ന് മടങ്ങിയെത്താം.

∙വിഴിഞ്ഞം തുറമുഖം, വ്യൂ പോയിന്റ്.

∙കോവളം ബീച്ച്, വൈകിട്ട് 4.30 ന് പുറപ്പെട്ടാൽ 7.30 ന് തിരിച്ചെത്താം.

English Summary:

Explore Trivandrum In 48 Hours

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com