ADVERTISEMENT

ശാന്തസുന്ദരമായ ഒരു ഗ്രാമം. അതിനു നടുവിലായി അധികം ആളുകളൊന്നും അറിയാത്തൊരിടം. ഗ്രാമത്തിന്റെ ശാന്തതയിൽ നിന്നും ആ പടവുകളിറങ്ങിച്ചെല്ലുന്നത് കാടിന്റെ വന്യതയിലേക്കാണ്. പച്ചകൾ കൊണ്ടു മൂടിയ ആകാശം (തലയുയർത്തി നോക്കിയാൽ പോലും മാനം മുട്ടെ പച്ചപ്പ്), വള്ളി പടർപ്പുകളാൽ പ്രകൃതി തീർത്ത വേലിക്കെട്ടുകൾ, കരിങ്കൽ കെട്ടിയ ചതുരക്കുളം, മാനം മുട്ടി നിൽക്കുന്ന മുത്തശ്ശി മരങ്ങൾക്കു പിന്നിലൊളിച്ചു നിൽക്കുന്ന രണ്ട് ഗുഹകൾ. വായിക്കുമ്പോൾ ഏതോ യക്ഷിക്കഥയിലെ കാവിനെപ്പറ്റി പറയുകയാണെന്നു തോന്നും. എന്നാൽ ഇതാണ് എറണാകുളം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രമായ കൊച്ചരീക്കൽ. 

കൊച്ചരീക്കലിലെ കാഴ്ചകൾ
കൊച്ചരീക്കലിലെ കാഴ്ചകൾ

എറണാകുളം ജില്ലയിലെ പിറവം ടൗണിൽ നിന്നും 12–കിലോമീറ്റർ മാത്രം ദൂരമുള്ള പിറമാടം എന്ന ഗ്രാമത്തിനു നടുവിലായി കുഴി പോലെ ഒരു പ്രദേശമുണ്ട്. അവിടെയാണ് കൊച്ചരീക്കൽ ഗുഹകളുള്ളത്. അവിടേക്ക് ഇറങ്ങാനായി നടകളുണ്ട് (പടവുകളുണ്ട്) അതിറങ്ങി ചെല്ലുന്നത് ഒരു കൊച്ചു കാട്ടിലേക്കാണ്. കേവലം രണ്ട് ഗുഹകള്‍ മാത്രമല്ല അതിനു ചുറ്റുമുള്ള പ്രക‍ൃതിയാണ് കൊച്ചരീക്കലിനെ അദ്ഭുതം നിറഞ്ഞതാക്കി തീർക്കുന്നത്. നടകൾ ഇറങ്ങുമ്പോൾത്തന്നെ രണ്ടു ഗുഹകളും കാണാം അതിനു താഴെയായി ഒരു തെളിനീരുറവയുണ്ട്. വേനൽക്കാലത്തും വറ്റാത്ത ഈ ഉറവയിലെ ജലമാണ് ഇവിടത്തുകാർ കുടിക്കാനുപയോഗിക്കുന്നത്. ഈ ജലം ഒഴുകിയെത്തുന്നത് താഴെയുള്ള ചതുരക്കുളത്തിലേക്കാണ് സൂര്യ പ്രകാശത്തിൽ കണ്ണാടി പോലെ തിളങ്ങുന്ന ആ കുളത്തിനടിയിലെ കരിങ്കല്ലുകൾ പോലും തെളിഞ്ഞു കാണാം. അധികം ആഴമില്ലാത്ത ഈ കുളം മഴക്കാലത്ത് തേടിയെത്തുന്നവര്‍ ഒരുപാടാണ്.

കൊച്ചരീക്കലിലെ കൗതുക ഗുഹകൾ
കൊച്ചരീക്കലിലെ കൗതുക ഗുഹകൾ

മാനം മുട്ടി വളർ‍ന്നു നിൽക്കുന്ന വടവൃക്ഷങ്ങളാണ് ഇവിടെത്തെ മറ്റൊരു പ്രത്യേകത. കൊച്ചരീക്കലിനു ഇത്രയും ഇരുട്ടും കാടിന്റെ ഭീകരതയും നൽകാൻ കാരണവും ഈ മരങ്ങൾ തന്നെ. സാധരണയായി വനങ്ങളിൽ കണ്ടു വരുന്ന ചീനി മരങ്ങളാണിവ. നാൽപത് മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ വൃക്ഷങ്ങളുടെ വേരുകൾ വളർന്ന് ഒരു ഗുഹപോലെ രൂപപ്പെട്ടിട്ടുണ്ട്.  ഈ ചീനി മരങ്ങളുടെ വേരുകളാണ് ഇവിടത്തെ രണ്ടു പുരാതന ഗുഹകളെയും സംരക്ഷിച്ചു നിർത്തുന്നത്. ഈ ഗുഹകളെക്കുറിച്ചു പറയുകയാണെങ്കിൽ കണ്ണാടി പോലെ വെള്ളം പരന്നു കിടക്കുന്ന ഒരു വെള്ളക്കെട്ടും അതിനരികിലായി ചിതറിക്കിടക്കുന്ന ഉരുളന്‍ പാറക്കല്ലുകളും. അവയ്ക്കു മുകളിലേക്കുയർന്നു നിൽക്കുന്ന ചീനിമരങ്ങൾ. അതിനു പിന്നിലായി ഒളിച്ചിരിക്കുകയാണ് രണ്ട് പുരാതന ഗുഹകൾ. ആദ്യത്തെതിൽ ഒരാൾക്കു നിവർന്നു നിൽക്കാൻ കഴിയില്ല. രണ്ടാമത്തെ ഗുഹ താരതമ്യേന വലുതാണ്. ഏകദേശം നാൽപത് ആളുകൾക്കു വരെ ഇതിനുള്ളിൽ കയറിയിരിക്കാൻ കഴിയും. പണ്ട് കാലത്ത് യുദ്ധ പോരാളികൾ ഒളിച്ചിരുന്ന ഗുഹകളാണെന്നും ഇതിനുള്ളിലേക്ക് 3 കിലോമീറ്റർ ദൂരമുണ്ടായിരുന്നുവെന്നുമാണ് കേട്ടുകേൾവി. ഈ ഗുഹക്കുള്ളിൽ നിന്നും പുറത്തേക്കുള്ള കാഴ്ച പറഞ്ഞറിയിക്കാന്‍ ആവാത്തത്ര വ്യത്യസ്ത അനുഭവമാണ്. 

കൊച്ചരീക്കലിൽ
കൊച്ചരീക്കലിൽ

വേനലിലും മഴയിലുമെല്ലാം കൊച്ചരീക്കലിനു‌ വ്യത്യസ്ത ഭാവങ്ങളാണ്. പൂത്തു തളിർത്ത ചെടികളും നീല നിറമുള്ള കുളവും നിറഞ്ഞൊഴുകുന്ന ചെറിയ അരുവികളുമാണ് മഴക്കാലത്തെ കാഴ്ചകളെങ്കിൽ തെളിഞ്ഞൊഴുകുന്ന നീരുറവയും ഇലകളാൽ മൂടിയ കൽപ്പാതകളും ഭീതി നിറക്കുന്ന ഗുഹാമുഖങ്ങളുമാണ് വേനലിലെ ഭാവം. പാതി ദിവസം ചെലവഴിക്കുകയാണെങ്കിൽ കൊച്ചരീക്കലിലെ കാഴ്ചകൾ മാത്രമല്ല, കാടിനുള്ളിലേക്കു കടന്നു ചെല്ലുമ്പോഴുണ്ടാകുന്ന അദ്ഭുതവും ഭീതിയുമൊക്കെയാണ് ഒരാൾക്ക് അനുഭവിക്കാനാവുക. എറണാകുളത്തു നിന്നും മൂന്നാർ യാത്രകൾ തിരഞ്ഞെടുക്കുന്നവർക്ക് ഉൾപ്പെടുത്താൻ പറ്റിയ സ്ഥലങ്ങളിലൊന്നാണ് കൊച്ചരീക്കൽ, എറണാകുളത്തെ പ്രശസ്തമായ വെള്ളച്ചാട്ടമായ അരീക്കലും പിറവത്തു തന്നയാണുള്ളത്. മഴക്കാലമാണെങ്കില്‍ കൊച്ചരീക്കലിലെ അദ്ഭുത കാഴ്ചകൾക്കൊപ്പം നിറഞ്ഞൊഴുകുന്ന അരീക്കൽ വെള്ളച്ചാട്ടവും കണ്ടു മടങ്ങാം

English Summary:

If you are looking for a quick weekend getaway near Kochi, this is the perfect spot.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com