ADVERTISEMENT

കോടമഞ്ഞു മൂടി നിൽക്കുന്ന പൂവാറൻതോട്. കപ്പേളയും പ്രകാശൻ പറക്കട്ടെയുമടക്കമുള്ള അനേകം സിനിമകളുടെ ലൊക്കേഷൻ. ഉള്ളിൽ തണുപ്പുനിറയ്ക്കുന്ന കാലാവസ്ഥയുള്ള കോഴിക്കോടൻ നാട്ടിൻപുറം. ഉറുമി വെള്ളച്ചാട്ടം കടന്ന് മലമുകളിലേക്ക് കയറുംതോറും മനസ്സിൽ സമാധാനം നിറയും. യുഎഇയിലെ സർക്കാർ ജോലി രാജിവച്ച് വടക കടമേരി സ്വദേശി വിനോദ് എടമനയും ഭാര്യ ജിഷയും ഈ നാട്ടിലേക്കുവന്നത് മനസ്സമാധാനത്തോടെ ജീവിക്കാനുള്ള ഇടം തേടിയാണ്. അവരുടെയുള്ളിലും മണ്ണിനോടും കൃഷിയോടുമുള്ള സ്നേഹമാണ് നിറഞ്ഞത്. മലമുകളിൽ ഫാം ടൂറിസവും ജൈവകൃഷിയുടെ മൂല്യവർധിത ഉത്പന്നവിപണനവുമൊക്കെയായി പുതിയ വിജയഗാഥ എഴുതുകയാണ് ഇവർ. ടൂറിസം വകുപ്പിന്റെ ഹോം സ്റ്റേ മൂല്യനിർണയത്തിൽ ഏറ്റവുമുയർന്ന ‘ഡയമണ്ട്’ കാറ്റഗറി അംഗീകാരമുള്ള ഹോം സ്റ്റേയും ജൈവകൃഷി ടൂറിസം കേന്ദ്രവുമാണ് വിനോദന്റെയും ജിഷയുടെയും ഡ്രീം ഏക്കേഴ്സ്.

poovaranthode-farm-travel-03
ചിത്രം: അബു ഹാഷിം/മനോരമ

കോഴിക്കോട് ജില്ലയുടെ ‘ജാതിക്കൃഷിഗ്രാമ’മാണ് പൂവാറൻതോട്. ഒരു തുള്ളി വെള്ളം കൃത്രിമമായി നനയ്ക്കണ്ട. ജാതിയങ്ങനെ പടർന്നുകിടക്കുകയാണ്. ഏക്കറുകളോളം ഭൂമിയിൽ ജാതിക്കൃഷി.  ഈ മണ്ണിലേക്കാണ് വിനോദനും ജിഷയും കുടിയേറിയത്.

വടകരക്കാരൻ വിനോദ് എടവന പഠനം കഴിഞ്ഞ് എറണാകുളം എഫ്എസിടിയിലും തുടർന്ന് മംഗലാപുരം റിഫൈനറീസിലും ജോലി ചെയ്തു. തുടർന്നാണ് യുഎഇയിൽ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള അബുദാബി നാഷനൽ ഓയിൽ കമ്പനിയിൽ ജോലിക്കുകയറിയത്. 20 വർഷം ജോലി ചെയ്തു. കോഴിക്കോട്ട് എവിടെയെങ്കിലും സ്വന്തമായി കുറച്ചുഭൂമി വാങ്ങി അവിടെ ജൈവകൃഷിരീതികളുമായി ജീവിക്കണമെന്നതായിരുന്നു വിനോദൻ എല്ലാക്കാലത്തും സ്വപ്നം കണ്ടത്. അങ്ങനെയാണ് കോടഞ്ചേരിയിലും കക്കാടംപൊയിലിലുമൊക്കെ അനേകം സ്ഥലങ്ങൾ പോയിക്കണ്ടു. പക്ഷേ ഒരു ഏപ്രിൽമാസത്തിൽ പൂവാറൻതോട് കല്ലൻപുല്ലിലെ പത്തേക്കർ സ്ഥലത്തെത്തിയപ്പോൾ‍ വിനോദനെ കാത്തിരുന്നത് കോടമഞ്ഞായിരുന്നു. അങ്ങനെ ഇവിടെ പത്തേക്കർ ഭൂമി വാങ്ങി. ജോലി ചെയ്തുണ്ടാക്കിയ പണത്തിന്റെ ചെറിയൊരു ശതമാനം ഉപയോഗിച്ച് ഇവിടെയൊരു വീടുണ്ടാക്കി. ആദ്യം പശുവളർത്തൽ തുടങ്ങി. നാട്ടുകാർ കൂടി സഹായിച്ചതോടെ ജൈവകൃഷി വിജയകരമായിത്തുടങ്ങി. ജാതിയും കാപ്പിയും മുതൽ ഏലം വരെയുള്ളവ നട്ടുമുളപ്പിച്ചു. പശുവിന്റെ ചാണകവും മൂത്രവുമൊക്കെ ഉപയോഗിച്ച് ജൈവവളം ഉണ്ടാക്കി. വീട് ഹോം സ്റ്റേയാക്കി മാറ്റാൻ തീരുമാനിച്ചു.

poovaranthode-farm-travel-02

ടൂറിസം വകുപ്പിന്റെ മാനദണ്ഡങ്ങൾ പഠിച്ചു. ഇതുപ്രകാരം ഹോം  സ്റ്റേയിൽ ഒരു മുറിയിലെങ്കിലും ഉടമസ്ഥൻ താമസിക്കുകയും അതിഥികൾക്ക് അവർക്കൊപ്പെ താമസിക്കാനും ഭക്ഷണം കഴിക്കാനുമുള്ള സൗകര്യവുമൊരുക്കണം. ഇങ്ങനെ സ്വന്തം വീട്ടിൽ അതിഥികൾക്കായി രണ്ടു മുറികൾ തയാറാക്കി. തുടർന്നാണ് മൂല്യനിർണയത്തിനായി ടൂറിസം വകുപ്പിനു അപേക്ഷ നൽകിയത്. വകുപ്പ് നിർദേശിച്ച 125 മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടെന്നു കണ്ടപ്പോഴാണ് ഡയമണ്ട് കാറ്റഗറി സർടിഫിക്കറ്റ് ലഭിച്ചത്.

മീൻവളർത്തലിനായി കുളം നിർമിച്ചപ്പോൾ ലഭിച്ച മണ്ണുപയോഗിച്ച് ഒരു കളിമൺവീടും ഇവിടെ നിർമിച്ചു. മണ്ണുകുഴച്ച് കട്ടകളുണ്ടാക്കി അവയുപയോഗിച്ച് വീടുണ്ടാക്കി. ചുമരുകൾ മണ്ണുപയോഗിച്ച് പ്ലാസ്റ്റർ ചെയ്തു. അകത്ത് കിടക്കാൻ ചൂടിക്കയറു കൊണ്ടുള്ള കട്ടിലുകളുണ്ടാക്കി. ഈ ചൂടുകാലത്തും വീടിനകത്ത് നല്ല തണുപ്പാണ്.

poovaranthode-farm-travel-04

ജാതിക്കൃഷി ഏറെയുള്ള പൂവാറൻതോട്ടിലെ കർഷകരുടെ കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്. ഇവിടെ ജാതിയുടെ മൂല്യവർധിത ഉത്പന്നങ്ങൾ‍ എങ്ങനെയുണ്ടാക്കാമെന്ന ചിന്തയും വിനോദനും ജിഷയും മുന്നോട്ടുവച്ചു. മൂഴിക്കൽ സുഗന്ധവിള ഗവേഷണകേന്ദ്രവുമായി (ഐഐഎസ്ആർ) ബന്ധപ്പെട്ടു. ജാതിയുടെ തോട് സംസ്കരിക്കുന്നതിനുള്ള സാങ്കേതികവിദ്യ പഠിച്ചു. ഐഐഎസ്ആറിന്റെ സഹായത്തോടെ ജാതിത്തോടു കൊണ്ടുള്ള സ്ക്വാഷ്, സിറപ്പ്, ജാതിത്തോട് മിഠായി, ജാതിത്തോട് അച്ചാർ തുടങ്ങിയവ ഉണ്ടാക്കി. ഇവ വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് ജിഷയും വിനോദനും. ഇതിനിടെ ജിഷ പരമ്പരാഗത പാചകരീതികളിൽ കോഴിക്കോട് വെള്ളയിലുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റിൽനിന്ന് സർടിഫിക്കറ്റ് കോഴ്സും പഠിച്ചു. പ്രദേശത്ത് തൊഴിലുറപ്പു ജോലികൾക്കു പോവുന്ന വീട്ടമ്മമാർ ജോലി കഴിഞ്ഞ് എത്തിയശേഷം ജാതിത്തോട് ഉത്പന്നങ്ങളുണ്ടാക്കാൻ ജിഷയെ സഹായിക്കുന്നുണ്ട്.

dream-land
പൂവാറൻതോടിൽ ഫാം ടൂറിസം പദ്ധതിയുടെ ഭാഗമായി നിർമിച്ച കളിമൺ വീട്. ചിത്രം: അബു ഹാഷിം/മനോരമ

വിനോദസഞ്ചാര വകുപ്പിനു കീഴിൽ ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായി രൂപീകരിച്ച കേരള അഗ്രി ടൂറിസം നെറ്റ്‌വർക്കിൽ അംഗത്വവുമെടുത്തു. 

നിലവിൽ വിരുന്നെത്തുന്ന അതിഥികൾക്ക് വീട്ടുകാർക്കൊപ്പം താമസിക്കാം. ഫാം ടൂറിസത്തിന്റെ ഭാഗമായി നാടൻ പശുക്കളുടെ പരിപാലനവും മത്സ്യംവളർത്തലും ജൈവകൃഷിയുമൊക്ക നേരിട്ട് കണ്ടനുഭവിക്കാം.  താൽപര്യമുണ്ടെങ്കിൽ മൺവീട്ടിൽ താമസിക്കുകയും ചെയ്യാം.

കോഴിക്കോട് ജില്ലാപഞ്ചായത്തിന്റെ ഫാം ടൂറിസം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കഴിഞ്ഞ ജൂലൈയിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തത് ഡ്രീം ഏക്കേഴ്സിൽ വച്ചായിരുന്നു. വേങ്ങേരി കാർഷിക കേന്ദ്രത്തിൽ കർഷകരുടെ പരിശീലനത്തിന്റെ ഭാഗമായി ഫാം ടൂറിസം സന്ദർശനം നടത്താനെത്തിയതും വിനോദന്റെയും ജിഷയുടെയും ഡ്രീം ഏക്കേഴ്സിലാണ്.

English Summary:

From UAE to Kozhikode: Couple's Inspirational Journey into Eco-friendly Farm Tourism

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com