ADVERTISEMENT

 ചെറുവത്തൂർ∙ മടക്കര മത്സ്യബന്ധന തുറമുഖത്തിനടുത്ത് പുഴയിലുള്ള  15ഏക്കറോളം വരുന്ന കൃത്രിമ ദ്വീപ് വിനോദ സഞ്ചാരികളെ ആകർഷിക്കും വിധം ഒരുക്കാൻ  ആലോചന. ഇതു സംബന്ധിച്ച് എം.രാജഗോപാലൻ എംഎൽഎ കലക്ടർ ഡോ.ഡി.സജിത്ത് ബാബുവിന് നൽകിയ നിവേദനത്തെ തുടർന്നാണ് നടപടി.  ഇതിന്റെ സാധ്യതാ പഠനം നടത്തി ദ്വീപിൽ വിനോദ സഞ്ചാരികളെ ആകർഷിക്കും വിധം ഒരുക്കേണ്ട കാര്യങ്ങൾ പഠിച്ച് റിപ്പോർട്ട് നൽകാൻ ഡിടിപിസി സെക്രട്ടറി ബിജു രാഘവനെ കലക്ടർ ചുമതലപ്പെടുത്തിയിട്ടുണ്ട്.

അടുത്തു തന്നെ ഡി‍‍ടിപിസിയുടെ ആർക്കിടെക്ടുകൾ സ്ഥലം സന്ദർശിച്ച് രൂപരേഖ തയ്യാറാക്കുമെന്ന് ഡിടിപിസി സെക്രട്ടറി പറഞ്ഞു. മലബാറിലെ നദികളേയും കായലുകളേയും ബന്ധിപ്പിച്ചു ടൂറിസം രംഗത്ത് നടപ്പാക്കുന്ന മലനാട്– മലബാർ ക്രൂസ് ടൂറിസം പദ്ധതി നടപ്പാകുന്നതോടെ ധാരാളം വഞ്ചിവീടുകൾ ഇതുവഴി വിനോദ സഞ്ചാരികളുമായി എത്തും. അവർക്ക് വിശ്രമത്തിനും ഉല്ലാസത്തിനുമുള്ള ഒരു ഇടത്താവളമാകും കൃത്രിമ ദ്വീപിലൊരുക്കുന്ന സംവിധാനങ്ങൾ. 

കോട്ടപ്പുറം കേന്ദ്രീകരിച്ചുള്ള 20ലധികം വഞ്ചിവീടുകൾ ഇപ്പോൾ തന്നെ ഇതുവഴി യാത്ര നടത്തുന്നുണ്ട്. മടക്കര മത്സ്യബന്ധന തുറമുഖത്ത് നിന്ന് ബോട്ടുകൾക്കും വള്ളങ്ങൾക്കും സുഗമമായി കടലിൽ പോകുന്നതിനും തിരിച്ചെത്തുന്നതിനും വേണ്ടി പുഴയിൽ  ബോട്ട് ചാനൽ നിർമിക്കാൻ ഡ്രജ് ചെയ്തെടുത്ത മണൽ ഉപയോഗിച്ചാണ് കൃത്രിമ ദ്വീപ് നിർമിച്ചത്. 3.69കോടി രൂപ ചെലവിൽ ഹാർബർ എൻജിനീയറിങ് വകുപ്പിന്റെ നേതൃത്വത്തിൽ ഡ്രജ് ചെയ്ത മണലുകൊണ്ട് ജിയോ ട്യൂബ് ഉപയോഗിച്ചുള്ള കൃത്രിമ ദ്വീപിന് 400 മീറ്റർ നീളവും 150 മീറ്റർ വീതിയുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com