ADVERTISEMENT

ഒറ്റയ്ക്കൊരു യാത്ര എന്ന സ്വപ്നം മനസിൽ പച്ചയണിഞ്ഞു നിൽക്കുന്നുണ്ടോ? കുഞ്ഞുനാൾ മുതൽ ആഗ്രഹിച്ച ‘ഡ്രീം ഡെസ്റ്റിനേഷൻ’ നിങ്ങളെ കൊതിപ്പിക്കുന്നുണ്ടോ? സാമ്പത്തിക പരിമിതി യാത്ര എന്ന സ്വപ്നത്തെ പിന്നോട്ടടിക്കുന്നുണ്ടോ... വരൂ പെൺമണികളേ– ഇവിടെ നിങ്ങൾക്കായി ഒരു ട്രാവൽ ഫെലോഷിപ്പ്. എന്നു വച്ചാൽ ട്രാവൽ സ്കോളർഷിപ്പ് തന്നെ. ഏതു പ്രായത്തിലും പെട്ട, യാത്ര കൊതിക്കുന്ന പെൺകൂട്ടുകാർക്ക് ഒരു അവസരം തുറന്നിടുകയാണ് ‘അപ്പൂപ്പൻതാടി’ യാത്രാകൂട്ടായ്മയുടെ ‘പ്രയാണ’ ഫെലോഷിപ്പ്.

എന്താണ് പ്രയാണ

‘അപ്പൂപ്പൻതാടികൾ’ എന്ന ലേഡീസ് ഒൺലി ഫെയ്സ്ബുക് ട്രാവൽ കൂട്ടായ്മയുടെ ‘തല’ ആയ സജ്ന അലിയുടേതാണ് പ്രയാണ എന്ന ആശയം. സജ്നയുടെ സ്വപ്നങ്ങൾ യാത്രാവഴിയെ തിരിച്ചുവിട്ട പ്രിയപ്പട്ട ഉപ്പ അലിയുടെ ചരമവാർഷികമായിരുന്നു ഫെബ്രുവരി 21. ജീവിതത്തിലെ ഏറ്റവും ദു:ഖകരമായ ആ ദിവസം സന്തോഷമുള്ള എന്തെങ്കിലും ഓർമകൾ കൊണ്ട് നിറമുള്ളതാക്കണമെന്ന ആഗ്രഹമാണ് ‘പ്രയാണ’ എന്ന തീരുമാനത്തിലേക്കെത്തിച്ചത്. നിലവിൽ 5 പേർക്കാണ് യാത്രയ്ക്ക് അവസരമുള്ളത്. പോണ്ടിച്ചേരി, ഹംപി, ധനുഷ്കോടി, നെല്ലിയാമ്പതി, ഗോകർണ്ണ എന്നിങ്ങനെ അഞ്ചു ഡസ്റ്റിനേഷനുകളും. ഒരു കാര്യം പ്രത്യേകം ഓർക്കണം. പ്രയാണ ഒരു ലക്ഷ്വറി ട്രിപ്പല്ല ഉദ്ദേശിക്കുന്നത്. യാത്രകൾ സ്വയം പ്ലാൻ ചെയ്യണം. യാത്ര വ്യക്തികളെ ശാക്തീകരിക്കും, സ്വതന്ത്ര വ്യക്തികളായി കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കും. ഓരോരുത്തരും അവരവരുടെ പുറ്റുപാടുകൾ വിട്ട് പുറത്തേക്കു വരണം. അതാണ് ശാക്തീകരണം– അതാണ് പ്രയാണയുടെ ലക്ഷ്യവും. പോകുന്ന അഞ്ചുപേരും ടിക്കറ്റ് സ്വയം ബുക്ക് ചെയ്യണം ( ഈ തുക പിന്നീട് മടക്കിനൽകും) എങ്ങനെ സ്ഥലത്തെത്തണം, എന്തൊക്കെ കാണണം തുടങ്ങിയ കാര്യങ്ങൾ സ്വയം കണ്ടെത്തണം.

എങ്ങനെ അപേക്ഷിക്കാം

മാർച്ച് 10 വരെ അപേക്ഷ സമർപ്പിക്കാം. അപേക്ഷയ്ക്ക് രണ്ടു ഭാഗങ്ങളുണ്ടാകും. ഒന്നു വീഡിയോ തയാറാക്കൽ ആണു. തൊട്ടടുത്ത ഏതെങ്കിലും സ്ഥലത്തിന്റെയോ ചുറ്റുപാടുകളുടെയോ വീഡിയോ ആകാം. അതെങ്ങനെ അവതരിപ്പിക്കുന്നു എന്നതാണ് പ്രധാനം. രണ്ടാം ഭാഗം ഒരു രചനാ ഭാഗമാണ്. എന്തു കൊണ്ട് പ്രയാണയിൽ അപേക്ഷിക്കുന്നു എന്നു 200 വാക്കുകകളിൽ കുറയാത്ത കുറിപ്പ്. ഇതു രണ്ടും അപേക്ഷയോടൊപ്പം സമർപ്പിക്കണം. അപ്പൂപ്പൻ താടി ഒഫീഷ്യൽ പേജിൽ വിവരങ്ങൾ ലഭ്യമാണ്. സജ്നയുടെ യുട്യൂബ് ചാനലിലും വിവരങ്ങൾ ലഭിക്കും. സെലക്ഷൻ കഴിഞ്ഞ് എല്ലാവർക്കും അത്യാവശ്യം നിർദേശങ്ങൾ നൽകും. 5 പേരും യാത്ര കഴിഞ്ഞ് മടങ്ങിയെത്തുമ്പോൾ യാത്രാക്കുറിപ്പുകൾ ചേർത്ത് ട്രാവൽ ബ്ലോഗിനും പ്ലാൻ ഉണ്ട്. പ്രായ പരിധി അല്ല, യാത്ര ചെയ്യാനുള്ള താൽപര്യമാണ് പ്രധാനം. ‘ ഈ അ‍ഞ്ചു പേർ 500 പേരെ ഇൻസ്പയർ ചെയ്യാനുള്ളവരാണ്. ആത്മവിശ്വാസം കൊടുക്കേണ്ടവരാണ്– സജ്ന പറയുന്നു. അതാണ് പ്രയാണയുടെ ഉദ്ദേശവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com