ADVERTISEMENT

തണ്ണിത്തോട് ∙ കല്ലാറിന്റെ ഓളങ്ങളിൽ കുട്ടവഞ്ചികളിൽ ഉയർന്നു താണ് സഞ്ചാരികൾക്ക് ഇനി ദീർഘദൂര സവാരി നടത്താം. ഒരു വർഷത്തെ കാത്തിരിപ്പിനു ശേഷം കല്ലാറ്റിലെ മുണ്ടോംമൂഴി കടവിൽ നിന്നുള്ള ദീർഘദൂര കുട്ടവഞ്ചി സവാരി ഇന്നലെ പുനരാരംഭിച്ചു. അടവി ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി 2014 ഓഗസ്റ്റിലാണ് മുണ്ടോംമൂഴി ബംഗ്ലാവ് കടവിൽ നിന്ന് കുട്ടവഞ്ചി സവാരിക്ക് തുടക്കമിട്ടത്. കല്ലാറ്റിൽ ജലനിരപ്പ് കുറഞ്ഞാലും വർഷം മുഴുവൻ ഹ്രസ്വദൂര സവാരിയുണ്ടെങ്കിലും ജലസമൃദ്ധമായ മാസങ്ങളിലാണ് ദീർഘദൂര സവാരിയുള്ളത്.

വേനൽക്കാലത്ത് മണൽ നിറച്ച ചാക്കുകൾ അടുക്കി തടയണ നിർമിച്ചാണ് വർഷം മുഴുവൻ ഹ്രസ്വദൂര സവാരി നടത്തുന്നത്. കടവിൽ നിന്ന് ഒഴുക്കിനെതിരെ തുഴഞ്ഞു പാണ്ടിയാൻ കയവും കടന്ന് അര മണിക്കൂറോളം യാത്ര ചെയ്ത് അതേ കടവിൽ തിരികെയെത്തുന്നതാണ് ഹ്രസ്വദൂര സവാരി. എന്നാൽ ആറിന്റെ സ്വാഭാവിക ഒഴുക്കിൽ 2 കിലോമീറ്ററോളം സഞ്ചരിച്ച് പേരുവാലി കടവിൽ എത്തുന്ന വിധമാണ് ദീർഘദൂര സവാരി. 

കാടിനു നടുവിലെ കല്ലാറിന്റെ ഹരിതാഭ നുകർന്ന് ഓളങ്ങളിൽ അമ്മാനമാടി ത്രസിപ്പിക്കുന്ന യാത്രയാണിത്. ഭാഗ്യമുണ്ടെങ്കിൽ തീരങ്ങളിൽ കാട്ടുമൃഗങ്ങളെയും കാണാം. സാഹസികത ഇഷ്ടപ്പെടുന്നവർക്ക് മഴക്കാലത്തെ ആശ്രയിച്ചുള്ള ദീർഘദൂര സവാരിയാണ് ഏറെ പ്രിയം. ഇതു കാരണം ദീർഘദൂര സവാരിക്കായുള്ള സഞ്ചാരികളുടെ അന്വേഷണങ്ങളും ഏറെയാണ്. ഇന്നലെ 16 കുട്ടവഞ്ചികളിൽ ദീർഘദൂര യാത്ര നടന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com