ADVERTISEMENT

മുൻകൂട്ടി ബുക്ക് ചെയ്ത മിക്ക യാത്രകളും പലരും റദ്ദുചെയ്യുന്നതിനാൽ ട്രാവൽ ഏജൻസികൾ പ്രതിസന്ധിയിലായിരിക്കുകയാണ് ഇപ്പോൾ. കോടികളുടെ നഷ്ടമാണ് ഈ ദിവസങ്ങളിൽ ട്രാവൽ ഏജൻസികൾക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

മധ്യവേനലവധി തുടങ്ങാൻ ഇരിക്കുന്നതും യൂറോപ്യൻ രാജ്യങ്ങളിലടക്കം സീസൺ ആരംഭിക്കുന്നതും ഇപ്പോഴാണ്. എന്നാൽ കൊറോണാ വൈറസിന്റെ ഭീതിയിൽ മിക്കവരും ബുക്കുചെയ്ത യാത്രകൾ മാറ്റാൻ ശ്രമിക്കുകയാണ്. ചിലർ ടിക്കറ്റ് റദ്ദ് ചെയ്യുന്നു. ഈ സാഹചര്യം.വൻ സാമ്പത്തിക നഷ്ടത്തിലേക്കാണ് ട്രാവൽ ഏജൻസികളെ എത്തിച്ചിരിക്കുന്നത്.

പലരും മാസങ്ങൾക്കു മുമ്പേ തന്നെ ഗ്രൂപ്പായും കുടുംബമായും ഒക്കെ യാത്ര ചെയ്യാനായി ടിക്കറ്റ് ബുക്ക് ചെയ്ത് കാത്തിരിക്കുന്നവരായിരുന്നു. ഒന്നോ രണ്ടോ എയർലൈനുകൾ ഒഴികെ മറ്റ് എയർലൈനുകൾ ഒന്നുംതന്നെ ടിക്കറ്റ് തുക മടക്കി നൽകാനോ യാത്ര തീയതി മാറ്റികൊടുക്കാനോ തയാറാകുന്നില്ല. ഇതുമൂലം പ്രതിസന്ധിയിലാകുന്നത് ട്രാവൽ ഏജൻസികൾ ആണ്. പണം മുടക്കിയവർക്ക് യാത്ര ചെയ്യാനാവാത്തതുമൂലം ടിക്കറ്റ് തുക തിരിച്ചു നൽകേണ്ട അവസ്ഥയിലാണിപ്പോൾ ഏജൻസികൾ.

കഴിഞ്ഞ ദിവസം കോട്ടയത്ത് ഒരു ഏജൻസിക്ക് 12 ലക്ഷം രൂപയുടെ നഷ്ടമാണ് നേരിട്ടത്. ടിക്കറ്റ് തുക മടക്കി കൊടുക്കേണ്ട ബാധ്യത കൂടി ഏജൻസിയുടെ പിടലിയ്ക്ക് വന്നുവീണു. ഇതിന് പ്രധാനകാരണമായി ചൂണ്ടിക്കാണിക്കുന്നത് വിമാനക്കമ്പനികൾ പണം മടക്കി നൽകാത്തതാണ്. സിംഗപ്പൂർ എയർലൈൻസ്  ഒഴികെയുള്ള വിമാനക്കമ്പനികൾ ഒന്നും തന്നെ മുടക്കിയ പണം തിരിച്ചു നൽകാൻ ഒരുക്കമല്ല. കൂടാതെ യാത്ര മറ്റൊരു തീയതിയിലേക്ക് മാറ്റി കൊടുക്കാനും ഇവർ തയാറാകുന്നില്ല.

മുടക്കിയ പണം തിരിച്ചു കിട്ടില്ല എന്ന ഒറ്റകാര്യം ഓർത്ത് ചിലർ യാത്ര ചെയ്യാനും തയാറാകുന്നുണ്ട്. ഒരുവർഷം മുൻപ് ബുക്ക് ചെയ്തവർ വരെയുണ്ട് സഞ്ചാരികളുടെ ലിസ്റ്റിൽ. എന്നാൽ കൊറോണ ഭീതിയിൽ വിദേശയാത്രകളിൽ 85 ശതമാനവും റദ്ദായി. ചിലർ യാത്രകൾ പീന്നീടത്തേക്ക് മാറ്റി. കേരളത്തിലെ 80 ശതമാനം വിദേശയാത്രകളും ട്രാവൽ ഏജൻസികളുമായി സഹകരിച്ചാണ് നടത്തുന്നത്. തീയതി മാറ്റാനുള്ള പിഴയും യാത്രാനിരക്കിൽ വരുന്ന വ്യത്യാസവും വിമാനക്കമ്പനികൾക്കു ഏജൻസികൾ നൽകേണ്ട അവസ്ഥ കൂടി സംജാതമായി.

കൊച്ചിയിൽ മാത്രം ഏകദേശം 100 കോടിയുടെ ബിസിനസ് നടക്കുന്ന മേഖലയാണ് വിദേശയാത്രകൾ. കൊറോണാ പടരുന്ന സാഹചര്യത്തിൽ പല ട്രാവൽ ഏജൻസികളും അവരുടെ പ്രവർത്തനങ്ങൾ ഭൂരിഭാഗവും നിർത്തിവെച്ചിരിക്കുകയാണെന്ന് ട്രാവൽ ഏജൻസി നടത്തുന്ന ലാൻസി പറഞ്ഞു. ഏജൻസിയിലേക്ക് വരുന്ന മിക്ക കോളുകളും ടിക്കറ്റ് റദ്ദാക്കാൻ അല്ലെങ്കിൽ യാത്ര മാറ്റി വയ്ക്കാൻ വേണ്ടി മാത്രമുള്ളതായി മാറിയെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കൊറോണ ഭീതി എത്ര നാൾ നീണ്ടു നിൽക്കും എന്ന് അറിയില്ല. അതുകൊണ്ടുതന്നെ ട്രാവൽ ഏജൻസികളുടെ ഭാവിയും അനിശ്ചിതത്വത്തിലാവുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com